1. News

PM Kisan; നടപടികൾ പൂർത്തിയായി, അടുത്ത ഗഡു ഉടൻ

ഇകെവൈസി അപ്ഡേഷൻ, ബാങ്ക് അക്കൗണ്ട്-ആധാർ ലിങ്കിങ് തുടങ്ങിവ പൂർത്തീകരിക്കാനുള്ള സമയപരിധിയാണ് കഴിഞ്ഞത്

Darsana J

1. പിഎം കിസാൻ സമ്മാൻ നിധിയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ട സമയം അവസാനിച്ചു. ഇകെവൈസി അപ്ഡേഷൻ, ബാങ്ക് അക്കൗണ്ട്-ആധാർ ലിങ്കിങ് തുടങ്ങിവ പൂർത്തീകരിക്കാനുള്ള സമയപരിധിയാണ് കഴിഞ്ഞത്. 13-ാം ഗഡു ലഭിക്കാനായി ഈ മാസം 15 വരെയാണ് കർഷകർക്ക് ആധാർ ബന്ധിപ്പിക്കാൻ സമയം നൽകിയിരുന്നത്. പോസ്റ്റ് ഓഫീസുകളിൽ നിന്നും അക്കൗണ്ട് തുറക്കാനും ആധാറുമായി ബന്ധിപ്പിക്കാനും സാധിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു.

അതേസമയം ധനസഹായത്തിന്റെ അടുത്ത ഗഡു ഈ മാസം 24ന് ലഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം നൽകിയിട്ടില്ല. രാജ്യത്തെ കർഷകർക്ക് സാമ്പത്തിക സഹായം നല്‍കുക എന്ന ഉദ്ദേശത്തോടെ 2018 ഡിസംബറിലാണ് പ്രധാനമന്ത്രി കിസാൻ കിസാൻ സമ്മാൻ നിധി ആരംഭിച്ചത്. നിലവിൽ 4 മാസത്തിലൊരിക്കലാണ് ധനസഹായം കർഷകർക്ക് ലഭിക്കുന്നത്.

കൂടുതൽ വാർത്തകൾ: രണ്ടാം വിള നെല്ലും സപ്ലൈകോ സംഭരിക്കണമെന്ന് കർഷകർ..കൂടുതൽ വാർത്തകൾ

2. കേരളത്തിൽ നിന്ന് ഇസ്രായേലിലേക്ക് ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച സംഘത്തിൽ നിന്ന് ഒരാളെ കാണാനില്ല. കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനെയാണ് കാണാതായത്. നല്ല ഉദ്ദേശത്തോടെയാണ് കർഷക സംഘത്തെ ഇസ്രായേലിലേക്ക് അയച്ചതെന്നും ആസൂത്രിതമായി ബിജു കുര്യൻ സംഘത്തിൽ നിന്ന് മുങ്ങിയതാണെന്നും കൃഷ മന്ത്രി പി പ്രസാദ് പ്രതികരിച്ചു. 27 പേരടങ്ങുന്ന സംഘത്തെയാണ് പരിശീലനത്തിനായി കൃഷിവകുപ്പ് ഇസ്രായേലിലേക്ക് അയച്ചത്. ഇതിനിടെ താൻ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ട കാര്യമില്ലെന്നും അറിയിച്ച് ബിജുവിന്റെ സന്ദേശം ലഭിച്ചതായി ബന്ധുക്കൾ പറയുന്നു.

3. സംസ്ഥാനത്തെ മികച്ച നഗരസഭകളിൽ തിരൂരങ്ങാടി മുന്നിൽ. സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് നഗരസഭകൾക്ക് ഏർപ്പെടുത്തിയ സ്വരാജ് പുരസ്ക്കാരം തദ്ദേശമന്ത്രി എം‌.ബി. രാജേഷ് വിതരണം ചെയ്തു. രണ്ടാം സ്ഥാനം വടക്കാഞ്ചേരിയും മൂന്നാം സ്ഥാനം ബത്തേരി നഗരസഭയും സ്വന്തമാക്കി. ബത്തേരി നഗരസഭയ്ക്കുള്ള പുരസ്ക്കാരം നഗരസഭ ഭരണസമിതി, സെക്രട്ടറി എന്നിവർ ചേർന്നു സ്വീകരിച്ചു. കേരളത്തിലെ 87 നഗര സഭകളിൽ നിന്നാണ് മികച്ചവയെ തെരഞ്ഞെടുത്ത് പുരസ്കാരങ്ങൾ നൽകിയത്.

4. മലപ്പുറം മൂത്തേടം ഗ്രാമ പഞ്ചായത്തിൽ കേരഗ്രാമം പദ്ധതിയ്ക്ക് തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം പി.വി അൻവർ MLA നിർവഹിച്ചു. 200ൽ അധികം കേരകർഷകർ പരിപാടിയിൽ പങ്കെടുത്തു. കൃഷിഭവന്റെ നേതൃത്വത്തിൽ ഓരോ വാർഡിലും കേരകർഷകരുടെ കമ്മിറ്റികളും പഞ്ചായത്തുതല കേര സമിതിയും രൂപീകരിച്ചിട്ടുണ്ട്. ഒരു ഹെക്ടറിന് 175 തെങ്ങ് എന്ന നിലയിൽ 100 ഹെക്ടറിലായി 17,500 തെങ്ങുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

5. കൊല്ലം ജില്ലയിൽ പച്ചക്കറിയ്ക്ക് വൻക്ഷാമം. വേനൽ സജീവമായതോടെ തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറി ഇറക്കുമതി കുറഞ്ഞു. ഇതാണ് ക്ഷാമത്തിന് കാരണമായത്. വെണ്ടയ്ക്ക, അമരയ്ക്ക, പടവലം, ചുരയ്ക്ക എന്നിവ മാർക്കറ്റിൽ കിട്ടാനില്ലെന്ന് പൊതുജനങ്ങൾ പറയുന്നു. ദിവസങ്ങൾക്ക് മുമ്പ് വെണ്ടയ്ക്കയുടെ വില താഴ്ന്ന അവസ്ഥയിൽ തമിഴ്നാട്ടിലെ പല കർഷകരും കൃഷി നിർത്തിയിരുന്നു. ഇത് വിലക്കയറ്റത്തിനും കാരണമായി. ഇതോടെ ചില്ലറ വ്യാപാര കേന്ദ്രങ്ങളിൽ പച്ചക്കറി കിറ്റ് നൽകുന്നത് നിർത്തി. വീട്ടമ്മമാരെയും ഹോട്ടൽ ഉടമകളെയും പച്ചക്കറി ക്ഷാമം കാര്യമായി ബാധിച്ചു.

6. വേനൽ കനത്തതോടെ കൊല്ലം ജില്ലയിൽ മത്സ്യവില ഉയരുന്നു. ചൂട് മൂലം ഉൽപാദനം കുറഞ്ഞതാണ് വില വർധിക്കാൻ കാരണം. ഇതോടെ അയൽ സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന മത്സ്യമാണ് വിപണിയിൽ കൂടുതൽ വിറ്റഴിക്കുന്നത്. തീരക്കടലിൽ ചൂട് വർദ്ധിച്ചതോടെ മത്സ്യങ്ങൾ കൂട്ടത്തോടെ ആഴക്കടലിലേക്ക് നീങ്ങിയതാണ് ലഭ്യത കുറയാൻ കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ ഇത്തരത്തിൽ ഉൽപാദനം കുറയുന്നത് സാധാരണയാണ്.

7. സംസ്ഥാനത്തെ കാപ്പി ഉൽപാദനത്തിൽ ഇടിവ്. വയനാട്ടിലും മറ്റ് മേഖലകളിലും വിളവെടുപ്പ് 90 ശതമാനം പൂർത്തിയായി. മുൻ വർഷത്തെ അപേക്ഷിച്ച് ഉൽപാദനത്തിൽ 50 ശതമാനത്തോളം ഇടിവ് ഉണ്ടായതായി കർഷകർ പറയുന്നു. അപ്രതീക്ഷിതമായി പെയ്ത മഴയാണ് നടപ്പ് സീസണിനെ ബാധിച്ചത്. നിലവിൽ 1 കിലോ കാപ്പിയ്ക്ക് 188 രൂപയാണ് വില.

8. രാജ്യത്ത് വീണ്ടും വിലക്കയറ്റ ഭീഷണി. ജനുവരിയിലെ നാണ്യപ്പെരുപ്പ നിരക്ക് 6.52 ശതമാനമായി ഉയർന്നു. ഡിസംബറിൽ 5.72 ശതമാനമായിരുന്നു നിരക്ക്. 2 മാസത്തിന് ശേഷമാണ് നിരക്ക് വീണ്ടും 6 ശതമാനത്തിന് മുകളിലെത്തിയത്. വിലക്കയറ്റം നിയന്ത്രിക്കാൻ റിസർവ് ബാങ്ക് ഏർപ്പെടുത്തിയ പലിശ വർധന ഇനിയും തുടരുമെന്നാണ് സൂചന. പച്ചക്കറി ഒഴികെയുള്ള ഉൽപന്നങ്ങളുടെ വില അനിയന്ത്രിതമായി ഉയരുകയാണ്. ഇവയുടെ വില വർധനവാണ് തോത് വീണ്ടും ഉയർത്തിയത്.

9. തദ്ദേശീയ കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കാനായി ബെഹ്റൈനിലെ ബുദയ്യയിൽ നടക്കുന്ന കാർഷിക മേള വൻ വിജയം. നാ​ഷ​ന​ൽ ഇ​നീ​ഷ്യേ​റ്റി​വ്​ ഫോ​ർ അ​ഗ്രി​ക​ൾ​ച്ച​റിൻറെ സ​ഹാ​യ​ത്തോ​ടെ മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക മ​ന്ത്രാ​ല​യമാണ് മേള സം​ഘ​ടി​പ്പി​ച്ചത്. കാ​ർ​ഷി​ക​മേ​ള​യി​ൽ 32 ക​ർ​ഷ​ക​രും കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ നാ​ലു​ ക​മ്പ​നി​ക​ളും അ​ഞ്ചു ന​ഴ്​​സ​റി​ക​ളുമാണ് പങ്കെടുക്കുന്നത്. സ്വദേശികളെയും വിദേശികളെയും ഒരുപോലെ ആകർഷിക്കുന്നതിനായി 11 ആഴ്ചയായി മേള തുടരുകയാണ്.

10. കേരളത്തിൽ പകൽച്ചൂട് കനക്കുന്നു. രാത്രി മുതൽ പുലർച്ചെ വരെ മഞ്ഞും പകൽ സമയങ്ങളിൽ അസഹനീയ ചൂടുമാണ് അനുഭവപ്പെടുന്നത്. ആലപ്പുഴ ജില്ലയിൽ ദിവസങ്ങളായി പകൽച്ചൂട് 30 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. മിക്ക ജില്ലകളിലും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥ വ്യതിയാനം മനുഷ്യരെ പോലെ പക്ഷി-മൃഗാധികളെയും സാരമായി ബാധിക്കാറുണ്ട്. കൂടാതെ താപനില കൂടുമ്പോൾ അഗ്നിബാധയ്ക്കുള്ള സാധ്യതയും കൂടുതലാണ്.

English Summary: PM Kisan updates Proceedings completed next installment soon

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds