പോലീസ് എന്ന വാക്ക് കേൾക്കുമ്പോൾ കൊമ്പൻ മീശയും മർദ്ദനവുമൊക്കെ മനസ്സിൽ ഓടി വരുന്ന ഒരു കാലമുണ്ടായിരുന്നു. ഈയടുത്തകാലത്ത് വച്ച് പോലീസ് എന്ന സങ്കൽപം തന്നെ വളരെയധികം മാറിക്കഴിഞ്ഞിട്ടുണ്ട്. ജനമൈത്രി പോലീസ് സ്റ്റേഷനുകൾ നിലവിൽ വന്നപ്പോൾ തന്നെ ഇതിൻറെ ആരംഭം പ്രകടമായിരുന്നു. പിന്നീട് കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി പുതിയ ഉത്തരവാദിത്വങ്ങൾ പോലീസിനെ തേടിയെത്തിയപ്പോൾ അവരുടെ കർമ്മമണ്ഡലം അതിർവരമ്പുകളില്ലാത്ത ഒന്നായി മാറി.
ലോക് ഡൗൺ കാലത്ത് അനാവശ്യമായി പുറത്തിറങ്ങുന്നവരെ 'പണി' കൊടുത്തു അകത്തു ഇരുത്തി കൊറോണയുടെ സാമൂഹ്യ വ്യാപനം പിടിച്ചുനിർത്തുന്നതിൽ ആരോഗ്യ പ്രവർത്തകരോടൊപ്പം തോളോട് തോൾ ചേർന്ന് മഹാമാരിയോട് യുദ്ധം പ്രഖ്യാപിച്ച പോലീസുകാർ കാരുണ്യ പ്രവർത്തനങ്ങളിലും കലാവേദിയിലും തങ്ങൾ ആരുടെയും പിന്നിലല്ലെന്ന് ഈ കാലഘട്ടത്തിൽ അസന്നിഗ്ദമായി പ്രഖ്യാപിച്ചു കഴിഞ്ഞു.
പ്രകൃതിദുരന്തമായാലും മഹാമാരിയായാലും ഇന്ന് വിളിപ്പുറത്ത് പോലീസുകാർ ഉണ്ട്. സ്ത്രീ സുരക്ഷ, കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം , വയോജനങ്ങളുടെ സുരക്ഷ എന്നിവയ്ക്കെല്ലാം മുന്തിയ പരിഗണന ഇന്ന് പോലീസ് നല്കുന്നുണ്ട്. എന്നാൽ ഇനി പറയാൻ പോകുന്നത് ഒരു പോലീസ് സ്റ്റേഷനും കൃഷിയുമായി ബന്ധപ്പെട്ടതാണ്.
താനൂർ പോലീസ് സ്റ്റേഷനിലെ സി. ഐ . പി പ്രമോദ് ആണ് താനൂർ പോലീസ് സ്റ്റേഷനിൽ ഒരു ഔഷധോദ്യാനം തുടങ്ങുക എന്ന ആശയവുമായി മുന്നോട്ടു വന്നത്. ഈ ആശയം സ്റ്റേഷൻ പരിധിയിൽ വലിയ സ്വീകാര്യതയാണ് ഉണ്ടാക്കിയത്. ഔഷധോദ്യാനം കാണാനും പഠിക്കാനും ആവശ്യമെങ്കിൽ ഔഷധച്ചെടികൾ വീട്ടിലേക്ക് കൊണ്ടുപോകാനും പോലീസുകാർ ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. പുതിയ ഔഷധ ചെടികൾ കൊണ്ട് സ്റ്റേഷൻ സമ്പന്നമാക്കാൻ നാട്ടുകാരും മുന്നോട്ടുവന്നിട്ടുണ്ട്.
ഇവിടെയുള്ള ഔഷധച്ചെടികൾ കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ നിന്നും കൊണ്ടുവന്ന് നട്ടതാണ്. ആടലോടകം , കറ്റാർവാഴ, പൂവാംകുറുന്തല്, എരിക്ക് തുടങ്ങിയ ഒട്ടുമുക്കാലും ഔഷധച്ചെടികൾ സ്റ്റേഷനടുത്ത് സ്ഥാനം പിടിച്ചു കഴിഞ്ഞു. സാധാരണക്കാർക്ക് ഔഷധങ്ങളുടെ ആവശ്യത്തിനായി താനൂർ പോലീസ് സ്റ്റേഷനെ ഇപ്പോൾ സമീപിക്കാം.
ഇതു വായിക്കുമ്പോൾ പോലീസുകാർ സ്റ്റേഷനിൽ കൃഷി ചെയ്തു സമയം ചിലവഴിക്കുകയാണെന്ന് ധരിച്ചെങ്കിൽ തെറ്റുപറ്റി. കൃത്യസമയത്ത് തന്നെ പരാതികൾ തീർപ്പുകൽപ്പിച്ച് കൊണ്ട് തന്നെയാണ് സ്റ്റേഷൻ പ്രവർത്തനം മുന്നോട്ടു പോകുന്നത്.മലപ്പുറം ജില്ലയിൽ ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ഒരു സ്റ്റേഷനാണ് താനൂർ പോലീസ് സ്റ്റേഷൻ. മികച്ച പ്രവർത്തനത്തിലൂടെ സി .ഐ .പി പ്രമോദ് സംഘവും മേലുദ്യോഗസ്ഥരുടെ അഭിനന്ദനങ്ങൾ പലപ്പോഴായി നേടിയിട്ടുണ്ട്.
ഔഷധോധ്യാനത്തിലൂടെയും മറ്റ് ജനകീയ പ്രവർത്തനങ്ങളിലൂടെയും കുറ്റങ്ങളുടെയും കുറ്റവാളികളുടെയും എണ്ണം കുറയ്ക്കാനുളള ശ്രമത്തിലാണ് ഈ പോലീസ് കർഷകസംഘം.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
വയലുടമകൾക്ക് 2000 രൂപ വാർഷിക ധനസഹായം
'സുഭിക്ഷ കേരള'ത്തിൽ ട്രാവൻകൂർ ടൈറ്റാനിയത്തിന്റെ മത്സ്യകൃഷി വിളവെടുപ്പ്
നെൽകൃഷിയുടെ സമഗ്രവികസനത്തിന് റൈസ് ടെക്നോളജി പാർക്ക്
തറവിലക്ക് പിന്നാലെ സംഭരണശാലകൾ തുടങ്ങാൻ സർക്കാർ നീക്കം
പാചകവാതക ബുക്കിങ്ങിന് ഇനി ഏകീകൃത നമ്പർ
നെല്ല് സംഭരണത്തിന് മില്ലുടമകളുടെ പച്ചക്കൊടി
നെല്ല് സംഭരണത്തിൽ പൂർവ്വസ്ഥിതി തുടരാൻ സപ്ലൈകോ