1. News

പ്രകാശന്‍റെ മരുന്നുതോട്ടം ---ദിവാകരൻ ചോമ്പാല

ആരോഗ്യസംരക്ഷണത്തിന് അനിവാര്യമായ അത്യപൂർവ്വ ഔഷധച്ചെടികളും ഔഷധ ഫലവൃക്ഷതോട്ടവും സംരക്ഷിക്കുകയാണ് പ്രമുഖ പരിസ്ഥിതി പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ ചോമ്പാല സ്വദേശി പാറേമ്മൽ പ്രകാശൻ. തികച്ചും ജൈവരീതിയിലാണ് പ്രകാശന്റെ കൃഷി. മഹാത്മാ ദേശസേവാ ട്രസ്റ്റിൻറെ സെക്രട്ടറിയും ഹരിതാമൃതത്തിൻറെ മുൻനിരപ്രവർത്തകനും കൂടിയായ പ്രകാശൻറെ വീടിനോട്ചേർന്നാണ് ചെറുതോതിലുള്ള പുഷ്പ- ഔഷധ -ഫലവൃക്ഷ സസ്യ പരിപാലനകേന്ദ്രം .( Harithamrutham active member and mahatma desaseva trust secretary Prakasan is the guardian of medicinal plants ,trees and flowers)

ദിവാകരൻ ചോമ്പാല
ഹരിതാമൃതം പ്രകാശനും പേരക്കുട്ടിയും വിരലിലെ മുറിവിൽ ചുരക്കള്ളിയുടെ നീര് ഇറ്റിക്കുന്നു.  ഒപ്പം ചുരക്കള്ളിയുടെ തണ്ടിൽ നിന്നും ലഭിക്കുന്ന   നേരിയഫിലിം പോലുള്ള പശ കൊണ്ട് പ്ലാസ്റ്റർ പോലെ മുറിവ് ചുറ്റിക്കെട്ടുന്നു
ഹരിതാമൃതം പ്രകാശനും പേരക്കുട്ടിയും വിരലിലെ മുറിവിൽ ചുരക്കള്ളിയുടെ നീര് ഇറ്റിക്കുന്നു. ഒപ്പം ചുരക്കള്ളിയുടെ തണ്ടിൽ നിന്നും ലഭിക്കുന്ന  നേരിയഫിലിം പോലുള്ള പശ കൊണ്ട് പ്ലാസ്റ്റർ പോലെ മുറിവ് ചുറ്റിക്കെട്ടുന്നു

 

 

ആരോഗ്യസംരക്ഷണത്തിന്  അനിവാര്യമായ അത്യപൂർവ്വ ഔഷധച്ചെടികളും  ഔഷധ ഫലവൃക്ഷതോട്ടവും സംരക്ഷിക്കുകയാണ്  പ്രമുഖ പരിസ്ഥിതി പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ ചോമ്പാല സ്വദേശി പാറേമ്മൽ പ്രകാശൻ. തികച്ചും ജൈവരീതിയിലാണ് പ്രകാശന്‍റെ കൃഷി. മഹാത്മാ ദേശസേവാ ട്രസ്റ്റിൻറെ  സെക്രട്ടറിയും ഹരിതാമൃതത്തിൻറെ മുൻനിരപ്രവർത്തകനും കൂടിയായ പ്രകാശൻറെ വീടിനോട്ചേർന്നാണ്  ചെറുതോതിലുള്ള  പുഷ്‌പ- ഔഷധ -ഫലവൃക്ഷ സസ്യ പരിപാലനകേന്ദ്രം .( Harithamrutham active member and mahatma desaseva trust secretary Prakasan is the guardian of medicinal plants ,trees and flowers)

Star fruits to welcome

ചോമ്പാല ഹാർബ്ബറിന്‌ സമീപം കറപ്പക്കുന്നിൻറെ നിറുകയിലെ ഫലഭൂയിഷ്ഠമായ മണ്ണിൽ , വേലിയോ മതിൽക്കെട്ടോ ഇല്ലാത്ത വീട്ടുമുറ്റവും പറമ്പുമാണ് കൃഷിത്തോട്ടം. ഉൾനാടൻ ഗ്രാമത്തിൻറെ നാട്ടുപച്ചയും ഉണർവ്വും കുളിർമ്മയും  ഉന്മേഷവും പകരുന്ന ഗൃഹാന്തരീക്ഷം . ഹരിതകാന്തിയുടെ അഴക് പകർന്ന പ്രവേശനകവാടത്തത്തിന് തണലും വിളവും നൽകിക്കൊണ്ട്  തലയെടുപ്പോടെ സ്റ്റാർ ഫ്രൂട്ടിന്റെ വലിയ മരം .വിളഞ്ഞുപാകമായി മൂത്തുപഴുത്ത് നിറംപകർന്ന ധാരാളം സ്റ്റാർഫ്രൂട്ടുകൾ  അലങ്കാരവിളക്കുകൾപോലെ ചില്ലകളിൽ താഴേക്ക് തൂങ്ങിനിൽക്കുന്നു .(Prakasan's farm near Chompala harbour is lush green,and provides cool and fresh climate to the visitors. In the front, there one can see star fruits hanging like beautiful stars)

Kitchen garden is another attraction

സ്ഥലപരിമിതിക്കിടയിലും മുറ്റത്തിൻറെ വശങ്ങളിൽ  ഞെങ്ങിഞെരുങ്ങിയനിലയിൽ ചെറിയ അടുക്കളത്തോട്ടം .

വെളുത്ത സുന്ദരിയുടെ ഉടലഴകിനെ ഓർമ്മിപ്പിക്കുന്ന പാൽചീര ,പച്ചച്ചീര ,സുന്ദരിച്ചീര ,മയിൽ‌പ്പീലി ചീര,അഗത്തിച്ചീര അങ്ങിനെ നീളുന്നു ചീരച്ചെടികളുടെ വലിയ നിര .ഇളവൻ ,മത്തൻ,കുമ്പളം തുടങ്ങിയവയുടെ ഉശിരുള്ള നീണ്ടപടലുകൾ അതിരടയാളങ്ങൾ വകവെയ്‌ക്കാതെ  തൊട്ടടുത്ത തൊടിയിലേക്കുവരെ പടർന്നുകയറി താവളമുറപ്പിച്ചിരിക്കുന്നു .

പറമ്പ് നീളെ അവിടവിടെയായി ചുരങ്ങ ,പടവലം ,അമര, കയ്പ്പക്ക  തുടങ്ങിയവയ്‌ക്കായി നാട്ടുരീതിയിൽ ചെറുചെറു പന്തലുകൾ .(The land has a good kitchen garden with variety of vegetables)

Medicinal plants provide a healthy atmosphere

15 വർഷങ്ങൾക്ക് മുമ്പ് പ്രകാശനും  ജ്യേഷ്‌ഠനും ചേർന്ന്  നട്ടുവളർത്തിയ  താനിമരത്തിന് ഇന്ന് സാമാന്യം നല്ല വണ്ണവും ഉയരവും .ഇടക്കെപ്പോഴൊക്കെയോ  ഔഷധനിർമ്മാണത്തിന് തൊലിയിളക്കിക്കൊണ്ടുപോയ മുറിപ്പാടുകൾ കാലം കരിച്ചുണക്കിയത് താനി മരത്തിന്റെ  തടിയിൽ കാണാം .പൂച്ചട്ടികളിലും ഗ്രോബാഗുകളിലും തറയിലുംവിവിധയിനം ചെടികൾ .ഇവയിൽ ഒട്ടുമുക്കാലും ഔഷധച്ചെടികൾ .ഓരോ ചെടിയും തൊട്ടുകാണിച്ചുകൊണ്ട്  പേരുകൾ പറഞ്ഞുതരുന്നതോടൊപ്പംതന്നെ അതിന്റെ ഔഷധഗുണങ്ങളും ഉപയോഗക്രമവും പ്രകാശന് മനഃപ്പാഠം .

സ്‌കൂൾകുട്ടികളും ആയുർവ്വേദ ഗവേഷണ വിദ്യാർത്ഥികളും സന്ദർശനത്തിയാൽ ഓരോ ചെടിയെക്കുറിച്ചും വിശദവും വിപുലവുമായ  അറിവുകളായിരിക്കും പ്രകാശനിൽനിന്നും ഗ്രഹിക്കാനാവുക .കെട്ടിട നിർമ്മാണമേഖലയിലെ  സജീവസാന്നിദ്ധ്യം എന്നതിലുപരി  ഹരിതകാന്തിയുട്രെ കാവലാൾ എന്നപേരിലാവും പ്രകാശനെ ജനങ്ങൾ കൂടുതലറിയുന്നത് .

( Prakasan planted many medicinal plants and he has the knowledge of its medicinal uses and how to apply to cure diseases)

Magical medicine

വടകര ടൗൺ ഹാളിൽ വർഷാവർഷം നടക്കുന്ന ഹരിതാമൃതം പരിപാടിയിൽ പതിനൊന്നാമത് വർഷവും ഔഷധ ചെടികളെ പരിചയപ്പെടുത്താൻ ,മൺചട്ടികളും ,ജൈവ പച്ചക്കറികളും ജൈവവളക്കൂട്ടുകളുടെ  വിതരണത്തിനുമായി ഇത്തവണയും പ്രകാശന്റെ പ്രത്യേക പവലിയനിൽ സന്ദർശകരുടെ വൻതിരക്ക് .ഇദ്ദേഹത്തിൻറെ  ഔഷധത്തോട്ടത്തിൽ ഏറെ ശ്രദ്ധേയമായി തോന്നിയവയിൽ വിശല്യകരണി ,ഗരുഡപ്പച്ച ,ചുരക്കള്ളി ,വിഷചികിത്സയിൽ ഉപയോഗിക്കുന്ന അത്യുത്തമ ഔഷധഗുണമുള്ള ഈശ്വരമൂലി അഥവാ   ഗരുഡക്കൊടി തുടങ്ങിയ ഔഷധച്ചെടികളുടെ വിപുലമല്ലാത്ത ചെറു വിശദീകരണം വായനക്കാർക്കായിപങ്കുവയ്ക്കുന്നു.

വിശല്യകരണി അഥവാ മൃതസഞ്ജീവനി( visalya karani/ mritha sanjeevani)

എത്രപഴകിയ തലവേദനയും ക്ഷണനേരംകൊണ്ട് സുഖപ്രാപ്തിയിലെത്തിക്കുന്ന  ഈ അത്യപൂർവ്വ ഔഷധച്ചെടിയെ കാണാൻ കൂടി വേണ്ടിയായിരുന്നു പ്രകാശൻറെ  ഔഷധത്തോട്ടത്തിലെത്തിയത്‌ .മൃതസഞ്ജീവനി എന്ന പേരിനു പുറമെ വിഷപ്പച്ച  , അയ്യപ്പാന ,ചുവന്ന കയ്യോന്നി ,ശിവമൂലി , മുറിവുകൂട്ടി ,ഈശ്വരമൂലി ,നാഗവെറ്റില തുടങ്ങിയ പല പേരുകളിലും ഈ ചെടി  അറിയപ്പെടുന്നു . ബ്രസ്സീലിൽനിന്നും  വന്നെത്തിയ Asteracea കുടുംബത്തിൽ പെട്ട ഈ അത്യമൂല്യ ഔഷധച്ചെടി സംസ്കൃതത്തിൽ അജപർണ്ണ(ajaparna)എന്നപേരിലാണ് അറിയപ്പെടുന്നത് .ശക്തമായ തലവേദനയും മൈഗ്രേനും നിമിഷങ്ങൾകൊണ്ട് ഇല്ലാതാക്കാൻ ഈ ചെടിയുടെ ഏതാനും ഇലകൾ അരച്ച് അതിൻെറ നീരെടുത്ത് നെറ്റിയിൽ പുരട്ടിയാൽ മതിയത്രെ .

Good for Psoriasis

ഹൃദയാഘാതം വന്ന്  ബോധം നഷ്ടപ്പെട്ട ആളിന് മൃതസഞ്ജീവനിയുടെ അഥവാ വിശല്യകരണിയുടെ ഏതാനും ഇലകൾ നല്ലപോലെ ചതച്ചെടുത്ത്  മണപ്പിച്ചാൽ നഷ്ടപ്പെട്ട ബോധം വീണ്ടുകിട്ടുമെന്നും വിദഗ്ധ വൈദ്യന്മാർ സാക്ഷ്യപ്പെടുത്തുന്നു ,

മുക്കം സ്വദേശിയും മുക്കത്തെ അനശ്വരപ്രണയനായികയായ കാഞ്ചനമാലയുടെ അടുത്തകൂട്ടുകാരിയുമായ ചെടിയമ്മ എന്നപേരിലറിയപ്പെടുന്ന അന്നമ്മച്ചേടത്തി എന്ന വന്ദ്യവയോധിക സോറിയാസിസ് (psoriasis) രോഗത്തിന് വിശല്യകരണി ഉത്തമമാണെന്ന് അനുഭവത്തിൻറെ വെളിച്ചത്തിൽ സാധൂകരിക്കുന്നു .

Cure for  poisonous biting

കൊതുക് കുത്തിയാൽ ഇലപറിച്ചു വെറുതെ ഉരസിയാൽ ശമനമുണ്ടാക്കുന്നതുപോലെ തേൾ  ,കടന്നൽ ,തേനീച്ച ,പഴുതാര തുടങ്ങിയവയുടെ കടിയേറ്റാലും വിഷചികിത്സയിലും വിശല്യകരണി ബഹുദൂരം  മുന്നിൽ തന്നെ . അർശസ്സിന് വെറും വയറ്റിൽ മൂന്നോ നാലോ ഇല വെറുതെ ചവച്ചു നീരിറക്കിയാൽ മതിയെന്നുമറിയുന്നു .ഈ ചെടി നിൽക്കുന്നിടത്ത് പാമ്പുകളുടെ സമ്പർക്കമുണ്ടാവില്ലെന്നവിശ്വാസത്തിനും പിൻബലക്കാർ ഏറെ .

Nagavettila  for mouth soar

വായ്പ്പുണ്ണുള്ളവർ നാഗവെറ്റില എന്ന ഈ ചെടിയുടെ മൂന്നോ നാലോ ഇലകൾ വെറുതെ വായിലിട്ട് ചവച്ചുതുപ്പിയാൽ രണ്ടുമൂന്നുദിവസങ്ങൾക്കകം സുഖപ്രാപ്തിയിലെത്തുമെന്നും  അനുഭവസ്ഥർ വ്യക്തമാക്കി . മുറിവുണക്കുന്നതിനും മുറിവിൽ അണുബാധ ഒഴിവാക്കുന്നതിനും സഹായിക്കുന്ന ഇതിന്റെ ഇലച്ചാറെടുത്ത് മുറിവിനു മുകളിൽ തേച്ചുപിടിപ്പിച്ചാൽ മുറിവ് എത്ര വലുതാണെങ്കിലും വളരെപ്പെട്ടെന്ന്  കരിയുന്നതുകൊണ്ടാണ്  മുറിവ്കൂട്ടി എന്നപേരുവീണതെന്നു വേണം  കരുതാൻ .

വിശല്യകരണി എന്ന ചെടിയും രാമായണകഥയും തമ്മിൽ കെട്ടുപിണഞ്ഞ ഒരു ബന്ധമുണ്ട് .ഇന്ദ്രജിത്തിൻറെ ബ്രഹ്മാസ്ത്രമേറ്റ്‌ പ്രാണൻ പിടയുന്ന ലക്ഷ്മണൻറെ ജീവൻ രക്ഷിക്കാൻ ജാംബവാന്റെ നിർദ്ദേശാനുസരണം ഹനുമാൻ കൈലാസഗിരിയുടെ സമീപത്തുള്ള ഔഷധീപർവ്വതം എന്ന മലയിലെ അഞ്ച് അമൂല്യ ഔഷധചെടികളുടെടെ സമാഹരണത്തിനായി യാത്ര തിരിച്ചു

മരിച്ചവരെ ജീവിപ്പിക്കുന്ന മൃതസഞ്ജീവനി , ചെറുതും വലുതുമായ മുറിവുകൾ  എളുപ്പത്തിൽ ഉണക്കുന്ന വിശല്യകരണി ,മുറിവുകളുടെ പാടുകൾ അശേഷം കാണാത്ത നിലയിൽ ശരീരത്തിന് സുവർണ്ണ ശോഭ പ്രദാനം ചെയ്യുന്ന സുവർണ്ണകരണി , വിശപ്പും ദാഹവും എന്തെന്നറിയാത്ത പൈദാഹശമിനി ,യുദ്ധരംഗത്തും മറ്റും സജീവമാകുന്നവർക്ക് പൂർവ്വാധികം ഉത്സാഹവും ഊർജ്ജസ്വലതയും പ്രദാനം ചെയ്യുന്ന ഉന്മേഷകരണിതുടങ്ങിയ അഞ്ചു മരുന്നുചെടികളടങ്ങുന്ന ഔഷധീപർവ്വതം ഹനുമാൻ ഹിമാലയത്തിൽ നിന്നും പൊക്കിക്കൊണ്ടുവരുമ്പോൾ ൾ മലയുടെ ചില ചെറിയ അംശങ്ങൾ താഴേക്കു അടർന്നു വീണെന്നും അടർന്നുവീണ മലയുടെ അംശങ്ങളിൽ  ഒന്നാണ് കണ്ണൂർ ജില്ലയിലെ ഏഴിമലയെന്നും ഇവിടങ്ങളിൽ ഇത്തരം ഒഷധച്ചെടികൾ കണ്ടുവരുന്നതായും ഐതീഹ്യമുണ്ട് .ഒപ്പം വയനാടൻ കുന്നുകളിലും ഈ ചെടികൾ കണ്ടുവരുന്നുണ്ടത്രെ .

Elithadi for kidney problems

വൃക്കരോഗത്തിന് സിദ്ധൗഷധമായി ഉപയോഗിക്കുന്ന എലിത്തടി എന്ന ചെടി,വിഷഭദ്ര , കാട്ട് നീർവ്വാളം   എന്നീ പേരുകളിൽ കൂടി അറിയപ്പെടുന്ന  ചുരക്കള്ളി ( Jatropha Maltifida ).ഇതിന്റെ വിത്തും എണ്ണയുമാണ് മുഖ്യ ഉപയോഗമെങ്കിലും ഇതിന്റെ ഇലഞെട്ടിൽ നിന്നും ഇറ്റിവീഴുന്ന പശ  മുറിവ് ,തീപ്പൊള്ളൽ എന്നിവയ്ക്ക് അനാദികാലം  മുതൽ ചികിത്സാ മരുന്നായി ഉപയോഗിച്ചിരുന്നതായിപറയപ്പെടുന്നുവെന്നും പ്രകാശൻ വിവരിച്ചുതരികയുണ്ടായി .

Traditional knowledge

പത്തറുപത്തി അഞ്ചു വർഷങ്ങൾക്ക് മുമ്പ്  രണ്ടിലോ മൂന്നിലോ പഠിക്കുന്ന പ്രായം.ആയുർവ്വേദ ചികിത്സനായിരുന്ന അച്ഛന്റെ കൈയ്ക്ക്  പിടിച്ച്  നാട്ടിടവഴികളിലൂടെ നടക്കുമ്പോൾ   വഴികളിൽ കാണുന്ന മരുന്ന് ചെടികളെ വലതുകൈയ്യിലെ ശീലക്കുടയുടെ കാലറ്റംകൊണ്ട്  തൊട്ടുകാണിക്കും .ഇത് ആനച്ചവിട്ടടി,പാണൽ ,കീഴാർനെല്ലി ,അവിൽപ്പൊരി അങ്ങിനെ എത്രയോ ചെടികൾ .ഓരോന്നിന്റെ പേരും അതിന്റെ ഉപയോഗവും എൻറെ കുഞ്ഞുമനസ്സിൽ അച്ഛൻ സന്നിവേശിപ്പിച്ചിരുന്നു .എന്തിനുവേണ്ടിയോ ആവോ ? അച്ഛനിന്നില്ലെങ്കിലും അറിയാതെ ഓർത്തുപോയെന്നുമാത്രം .

kaipamruthu for diabetes

തൊട്ടടുത്തുതന്നെ  മറ്റൊരു ചെടി ഗരുഡക്കൊടി ,ഗരുഡപ്പച്ച ,സോമലത(somalatha) അതിനുമപ്പുറം പ്രമേഹരോഗികൾക്കുള്ള കൈപ്പമൃത് വള്ളി ചുറ്റിപ്പിണഞ്ഞുകയറിയ പേരയ്ക്കാമരം അങ്ങിനെയങ്ങിനെ എത്രയോ ചെടികൾ .''ആഹാരം നന്നായാൽ ആരോഗ്യം നന്നായി'' - പതിരില്ലാത്ത പഴഞ്ചൊല്ല് പറഞ്ഞുകൊണ്ട്  പ്രകാശൻ എല്ലാം ചുറ്റിക്കാണിച്ചു തന്നു.

Good food is good medicine

ബുദ്ധിപരവും മാനസികവുമായ വികാസത്തിന്‌ ഒഴിച്ചുകൂടാനാവാത്തതാണ്  ഭക്ഷണം. മാരക കീടനാശികളും രാസപദാർത്ഥങ്ങളും അനുവദനീയമായ അളവിലധികം  വിതറിയും തളിച്ചും വിളയിച്ചെടുക്കുന്ന ഭക്ഷ്യവസ്തുക്കളാണ് വിഷം തിന്നാൻ വിധിക്കപ്പെട്ട മലയാളിയുടെ മുഖ്യാഹാരം .കമ്പോളങ്ങളിൽ ലഭിക്കുന്ന ഭക്ഷ്യവസ്‌തുക്കളിൽ ബഹുഭൂരിഭാഗവും അമിത ഉത്പാദനം ലക്ഷ്യമിട്ട് കീടനാശികൾക്കും  രാസപദാർത്ഥങ്ങൾക്കും പുറമെ  മായം ചേർന്നതാണെന്നുമാണ് പ്രകാശന്റെ ഭാഷ്യം ,  രോഗം വന്ന് ചികിൽസിക്കുന്ന ആധുനിക സമ്പ്രദായത്തേക്കാൾ അഭികാമ്യം രോഗം വരാതെ സൂക്ഷിക്കലാണെന്നും ഇത്തരം ഭക്ഷണങ്ങളുടെ സ്ഥിരമായ ഉപയോഗം  മാരകമായ രോഗങ്ങൾക്ക് കാരണമാകുന്നതായും പഠനറിപ്പോർട്ടുകളുടെ പിൻബലത്തിൽ പ്രകാശൻ  സാധൂകരിക്കുകയുണ്ടായി .

മില്ലറ്റുകൾ(Millet) അഥവാ ചെറുധാന്യമണികൾ

മലയാളികൾ മുഖ്യാഹാരമായി അരി സ്വീകരിച്ചതോടെ പാചകപ്പുരകളുടെ പടിക്കുപുറത്തായ ചെറുധാന്യങ്ങളായ  മില്ലറ്റുകളുടെ വിതരണ ശൃംഖലയുടെ പ്രാദേശിക വിതരണത്തിൻറെ  മുഖ്യ അമരക്കാരൻകൂടിയാണ് പ്രകാശൻ എന്ന ചോമ്പാലക്കാരൻ

ഗുണമേന്മയറിയാതെ നമ്മൾ ഉപേക്ഷിച്ച ആഹാരം ഇന്ന് ലോകം സ്വീകരിക്കുകയാണെന്നും ഭക്ഷ്യ കാർഷിക സംഘടന പോലും മില്ലറ്റുകളെ ഭാവിയുടെ ഭക്ഷണം എന്നാണ് വിശേഷിപ്പിക്കുന്നതെന്നും ഇദ്ദേഹം അവകാശപ്പെടുന്നു .സേവനം എന്നനിലയിൽ തുച്ഛമായ ലാഭമെടുത്തുകൊണ്ടാണ്  മില്ലറ്റുകൾ ഇദ്ദേഹം ആവശ്യക്കാരിലെത്തിക്കുന്നത് .

Fox Tail Millet ,Proso Millet ,Kodo Millet ,Little Millet, Perl Millet ,Browntop Millet ,D Sprour Millet ,Finger Millet തുടങ്ങിയ ചെറുധാന്യമണികളടങ്ങിയ  മില്ലറ്റുകൾക്കാണിവിടെ ആവശ്യക്കാരേറെ .പ്രമേഹരോഗികൾക്ക്  മില്ലറ്റ് കഞ്ഞി ഏറെ നല്ലതാണെന്നും പുതിയ അറിവ് . നാടൻ പശുവിനെ വളർത്തുന്നതിന് പുറമെ കർഷകർക്കാവശ്യമായ   ജീവാണുവളം ,പഞ്ചഗവ്യം തുടങ്ങിയവ നിർമ്മിച്ചുനൽകുന്നതും ഇദ്ദേഹത്തിന്റെ കുടിൽ വ്യവസായരീതികളിൽ ഏറെ ശ്രദ്ധേയം. ജീവാമൃതം  ലിറ്ററിന് 10 രൂപ .പക്ഷികൾക്കും പാറ്റകൾക്കും ചെറുകിട ഇഴജീവികൾക്കും  സ്വാഭാവിക  ആവാസവ്യവസ്ഥ ഒരുക്കുന്നതിനായി വീടിനോട് ചേർന്ന് ഉയരങ്ങളിൽ  കാട്ടുവള്ളികൾ പടർന്നുകയറിയ ഏതാനും സെന്റ് സ്ഥലം മാറ്റിവെച്ചിരിക്കുന്നു ഈ  പരിസ്ഥിതിസ്‌നേഹി . കാഴ്ച്ചയിൽ കാടിന് സമാനമായ അന്തരീക്ഷം.പലേടങ്ങളിലും ചിതൽപ്പുറ്റുകളും  പൊന്തക്കാടുകളും പടുമരങ്ങളും.ചെറുതേൻ .പെരുന്തേൻ ശേഖരിക്കുന്നതിലും  തേനീച്ചവളർത്തലിലും നായ്ക്കുരണപ്പൊടിയുടെ നിർമ്മാണത്തിലും വെർജിൻ ഓയിൽ അഥവാ വെന്ത വെളിച്ചെണ്ണയുടെ നിർമ്മാണത്തിലും വരെ  ശ്രദ്ധകേന്ദ്രീകരിക്കാൻ  തിരക്കിനിടയിലും ഇദ്ദേഹം സമയം കണ്ടെത്തുന്നു .കൂടുതൽ വിവരങ്ങൾക്ക് പ്രകാശൻ  പാറേമ്മൽ -ഫോൺ 9746539227

-------------------------------------------------------------------------------

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഭക്ഷണ നിര്‍മ്മാണ വിതരണ സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍

English Summary: Harithamrutham Prakasan- the guardian of medicinal plants

Like this article?

Hey! I am ദിവാകരൻ ചോമ്പാല. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds