1. ക്രിസ്മസ് - പുതുവത്സര ദിനങ്ങൾ പടിവാതിൽക്കൽ എത്തിയിട്ടും കോഴിയിറച്ചി വില താഴോട്ട് തന്നെ. ഓണം സീസണിൽ 150 രൂപയ്ക്ക് മുകളിലെത്തിയ കോഴിയ്ക്ക് ഇപ്പോൾ വില 100 രൂപയിലും താഴ്ന്നു. ഇടനിലക്കാർക്കും ചില്ലറ വ്യാപാരികൾക്കും കിട്ടുന്ന ലാഭം ഒഴിച്ചാൽ കോഴി കർഷകർക്ക് 45 രൂപയോളം നഷ്ടമാണ് സംഭവിക്കുന്നത്, മൊത്തക്കച്ചവടക്കാർക്കും വൻലാഭം. വിലയിടിവ് സംഭവിക്കുമ്പോഴും കോഴിക്കർഷകർക്ക് ഉദ്പാദന ചിലവ് 110 രൂപയോളം വരും. ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇറച്ചിക്കോഴികളെ വൻതോതിൽ ഇറക്കുമതി ചെയ്യുന്നതും കേരളത്തിലെ കർഷകർക്ക് തിരിച്ചടിയായി. കോഴിവളർത്തൽ മേഖലയിൽ വിലയിടിവ് തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ നിന്നും നിരവധി കർഷകരാണ് കൃഷി ഉപേക്ഷിച്ചത്.
2. ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മഹീന്ദ്ര ട്രാക്ടേഴ്സ് മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ്സിന് നാളെ തിരി തെളിയും. ഡിസംബർ 8 വരെ ന്യൂഡൽഹിയിലെ IARI Mela Ground Pusaയിലാണ് അവാർഡ് ദാനം നടക്കുക. 20ഓളം വിഭാഗങ്ങളിൽ നൂറിലധികം നോമിനേഷനുകളാണ് അവാർഡ്ദാന ചടങ്ങിൽ പരിഗണിയ്ക്കുക. കേന്ദ്ര ഫീഷറീസ് മന്ത്രി പർഷോത്തം രൂപാല, കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ഫോർ റൂറൽ ഡെവലപ്മെന്റ് ഓഫ് ഇന്ത്യ, സദവി നിരൻജൻ ജ്യോതി തുടങ്ങി നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. അവാർഡ്സിനെക്കുറിച്ച് കൂടുതൽ അറിയാനും വിസിറ്റേഴ്സ് പാസ് ലഭിക്കുന്നതിനും millionairefarmer.in സന്ദർശിക്കാം.
കൂടുതൽ വാർത്തകൾ: ക്രിസ്മസ് സ്പെഷ്യൽ അരി വിതരണം; വെള്ള റേഷൻ കാർഡുടമകൾക്ക് 6 കിലോ അരി
3. റബ്ബർ ടാപ്പിംഗ് എന്ന വിഷയത്തിൽ 2 ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. റബ്ബർ ബോർഡിന്റെ പുതുപ്പള്ളിയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിംഗിൽ വച്ച് ഡിസംബർ 12, 13 തീയതികളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെയാണ് പരിശീലനം നടക്കുക. പരിശീലന പരിപാടിയിൽ റബ്ബർ ടാപ്പിംഗ്, ആധുനിക ടാപ്പിംഗ് രീതികൾ, യന്ത്രവൽകൃത ടാപ്പിംഗ്, വിവിധ തരം ടാപ്പിംഗ് കത്തികൾ, ഉത്തേജക മരുന്നുകളുടെ പ്രയോഗം, നിയന്ത്രിത കമിഴ്ത്തി വെട്ട് എന്നിവ പരിചയപ്പെടുത്തും. റബ്ബർ കർഷകർക്കും തോട്ടം മേഖലയിലെ താൽപ്പര്യമുള്ളവർക്കും അപേക്ഷിക്കാം. 1180 രൂപയാണ് ഫീസ്. രജിസ്ട്രേഷനും ഓൺലൈൻ വഴി പേയ്മെന്റ് ചെയ്യുന്നതിനും റബ്ബർബോർഡിന്റെ വെബ്സൈറ്റ് സന്ദർശിക്കാം. രജിസ്ട്രേഷനും ഓൺലൈൻ വഴി പേയ്മെന്റ് ചെയ്യുന്നതിനും സന്ദർശിക്കുക: https://training.rubberboard.org.in/online/?SelCourse=NDA3 അല്ലെങ്കിൽ https://training.rubberboard.org.in/
ഫോൺ: 9447710405, 04812351313
4. കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഡിസംബര്‍ 7ന് കാട വളര്‍ത്തലിൽ പരിശീലനം നല്‍കുന്നു. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ താല്‍പര്യമുള്ള കര്‍ഷകർ പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 04972 763473.
5. കൂർക്കയ്ക്ക് വില കുറഞ്ഞതോടെ പാലക്കാട് കല്ലൂരിലെ കർഷകർ ദുരിതത്തിൽ. കിലോയ്ക്ക് 40 രൂപ വരെ വില ലഭിച്ചിരുന്ന സ്ഥാനത്ത് പകുതി വിലയാണ് ഇപ്പോൾ ലഭിക്കുന്നത്. 1 ഏക്കർ കൂർക്ക കൃഷി ചെയ്യാൻ 1 ലക്ഷം രൂപ വരെ ചിലവ് വന്നതായി കർഷകർ പറയുന്നു. കല്ലൂരിൽ മാത്രമായി 100 ഏക്കറോളം സ്ഥലത്താണ് കൂർക്ക കൃഷി ചെയ്യുന്നത്. തൃശൂർ, എറണാകുളം ജില്ലകളിൽ കൂർക്കയ്ക്ക് ആവശ്യക്കാർ ഏറെയാണ്. നിധി, ശ്രീധര, സുഫല എന്നീ ഇനങ്ങളാണ് പ്രദേശത്ത് കൃഷി ചെയ്യുന്നത്. കാലവർഷം വൈകിയതോടെ ആഗസ്റ്റിലാണ് നടീൽ അവസാനിച്ചത്. എന്നാൽ വിലക്കുറവ് കർഷകർക്ക് തിരിച്ചടിയായി.