1. കർഷകർക്ക് താങ്ങായി പ്രധാനമന്ത്രി കിസാൻ മാൻ ധൻ യോജന. കർഷകർക്കുള്ള സാമൂഹിക ക്ഷേമ പെൻഷൻ പദ്ധതിയാണിത്. പദ്ധതിയിലൂടെ 60 വയസ് പൂർത്തിയായവർക്ക് പ്രതിമാസം 3,000 രൂപ പെൻഷൻ ലഭിക്കും. മാസം 55 രൂപ ചെലവിൽ 36,000 രൂപ വാർഷിക പെൻഷൻ നേടാം. 2 ഹെക്ടർ വരെ കൃഷി ഭൂമിയുള്ള ചെറുകിട ഇടത്തരം കർഷകർക്കാണ് പെൻഷൻ ലഭിക്കുക. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ഈ പെൻഷന് അപേക്ഷിക്കാം. 18 മുതൽ 40 വയസ് വരെയാണ് അപേക്ഷിക്കാനുള്ള പ്രായ പരിധി. കൃഷി മന്ത്രാലയം, കര്‍ഷക ക്ഷേമ വകുപ്പ്, എല്‍ഐസി എന്നിവയാണ് പദ്ധതി നടപ്പിലാക്കുന്നത്. പൊതു സേവന കേന്ദ്രങ്ങൾ വഴി പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം.
ബന്ധപ്പെട്ട വാർത്തകൾ: പ്രായം കൂടുന്നത് നോക്കണ്ട; ചർമ്മം നിലനിർത്താൻ ചില വഴികൾ
2. ഈ അധ്യയന വർഷത്തെ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിന് 126 കോടി രൂപ സംസ്ഥാന ബഡ്ജറ്റിൽ നിന്ന് അനുവദിച്ചതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. കേന്ദ്ര വിഹിതം ലഭിക്കുന്നതിൽ കാലതാമസം നേരിട്ടതിനാൽ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായാണ് സംസ്ഥാന ബഡ്ജറ്റിൽ നിന്ന് തുക അനുവദിച്ചതെന്നും മന്ത്രി അറിയിച്ചു. ജൂൺ, ജൂലൈ മാസങ്ങളിലേക്ക് സ്‌കൂളുകൾക്കുള്ള പാചക ചെലവ്, പാചകത്തൊഴിലാളികളുടെ വേതനം എന്നീ ഇനങ്ങൾക്കാണ് ഈ തുക അനുവദിച്ചത്. ഓഗസ്റ്റ് 3 മുതൽ വിതരണം തുടങ്ങി.
3. ദേശീയ കൈത്തറി വികസന പരിപാടിക്ക് കീഴിൽ സംസ്ഥാനങ്ങൾക്കും, സംസ്ഥാന ഏജൻസികൾക്കും 16,854.84 ലക്ഷം രൂപ ധനസഹായം. കേരളത്തിന് ലഭിച്ചത് 493.25 ലക്ഷം രൂപ. അടിസ്ഥാന സൗകര്യ വികസനം, പുത്തൻ തറികളും അനുബന്ധ ഉപകരണങ്ങളും വാങ്ങൽ, സോളാർ ലൈറ്റിംഗ് യൂണിറ്റുകൾ, പണിപ്പുരകളുടെ നിർമാണം, നൂതന രൂപകൽപന, ഉൽപന്ന വികസനവും വൈവിധ്യവൽക്കരണവും, ശേഷി വികസനം, കൈത്തറി ഉൽപന്നങ്ങളുടെ വിപണനം, കുറഞ്ഞ നിരക്കിൽ മുദ്ര വായ്പകൾ തുടങ്ങി വിവിധ സഹായങ്ങൾ പദ്ധതിയിൽ ഉൾപ്പെടുന്നു. സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും ലഭിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതി നിർവഹണം.
4. കർഷകദിനാഘോഷവുമായി ബന്ധപ്പെട്ട് ഒരു ലക്ഷം കൃഷിയിടങ്ങളിൽ വിവിധ കാർഷിക പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി.പ്രസാദ്. ഇതിന്റെ ഭാഗമായി ഒരു ലക്ഷം പ്രാദേശികതല ഉദ്ഘാടനങ്ങളും നടക്കും. കാലാവസ്ഥയും പ്രദേശത്തിന്റെ സാധ്യതകളും കണക്കിലെടുത്ത് കൃഷി തെരഞ്ഞെടുക്കാം. മികച്ച രീതിയിൽ കർഷക ദിനാഘോഷം സംഘടിപ്പിക്കുന്ന കൃഷി ഭവനുകളെ ബ്ലോക്ക് തലത്തിൽ തിരഞ്ഞെടുക്കുമെന്നും മന്ത്രി അറിയിച്ചു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് കൃഷി കൂട്ടങ്ങൾ രൂപീകരിച്ചിട്ടുണ്ട്. ഈ കൃഷി കൂട്ടങ്ങളുടെയും മറ്റു കർഷകരുടേയും നേതൃത്വത്തിലായിരിക്കും പുതുതായി കൃഷിയിറക്കുക.
5. സംസ്ഥാനത്ത് കഴിഞ്ഞ വിള സീസണിൽ സപ്ലൈകോ സംഭരിച്ചത് 7.48 ലക്ഷം ടൺ നെല്ല്. ഇതിന്റെ ഭാഗമായി 20,62 കോടി രൂപ 2,48,237 കർഷകർക്ക് വിതരണം ചെയ്തു. ജൂലൈ 22 വരെയുള്ള കണക്കുകൾ അനുസരിച്ച് ഏറ്റവും കൂടുതൽ നെല്ല് സംഭരിച്ചത് പാലക്കാട് ജില്ലയാണ്. 1,22,454 കർഷകരിൽ നിന്നായി ജില്ലയിൽ 980 കോടി രൂപയുടെ നെല്ലാണ് സംഭരിച്ചത്. ആലത്തൂർ, ചിറ്റൂർ, പാലക്കാട്, മണ്ണാർക്കാട്, ഒറ്റപ്പാലമടക്കമുള്ള താലൂക്കുകളിൽ നിന്ന് 3,50,008 ടൺ നെല്ല് സംഭരിച്ചിട്ടുണ്ട്. 405 കോടി രൂപയുടെ 1,44,997.358 ടൺ നെല്ല് സംഭരിച്ച ആലപ്പുഴ ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 40,650 കർഷകരിൽ നിന്നായി 1,02,939.927 ടൺ നെല്ല് 288 കോടി രൂപയ്ക്ക് സംഭരിച്ച തൃശൂർ ജില്ലയാണ് മൂന്നാം സ്ഥാനത്ത്. അയൽ സംസ്ഥാനങ്ങളെക്കാൾ ഏറ്റവുമധികം വിലയും പ്രോത്സാഹന ബോണസും നൽകിയാണ് കേരളത്തിൽ നെല്ല് സംഭരിക്കുന്നത്.
6. ആലപ്പുഴ തൈക്കാട്ടുശേരിയില്‍ കൃഷിപ്പണി ചെയ്യാൻ സ്വന്തമായി കര്‍മസേന രൂപീകരിച്ചു. പഞ്ചായത്തും കൃഷിവകുപ്പും സംയുക്തമായി 20 സ്ത്രീകളെയും അഞ്ച് പുരുഷന്മാരെയും ഉള്‍പ്പെടുത്തിയാണ് കര്‍മസേനയ്ക്ക് രൂപം നല്‍കിയത്. കര്‍മസേനാംഗങ്ങള്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള ആദ്യഘട്ട പരിശീലനം നല്‍കി. കർഷകരുടെ ആവശ്യ പ്രകാരം മിതമായ നിരക്കിൽ അംഗങ്ങൾ കാർഷിക പ്രവർത്തികൾ ചെയ്യും. സേവനങ്ങൾ ലഭിക്കാൻ 9072311404 എന്ന നമ്പറിൽ ബന്ധപ്പെടാം.
7. ശക്തമായ മഴയും ഉരുൾപൊട്ടലും മൂലം കണ്ണൂരിൽ വ്യാപക കൃഷി നാശം. ഇതുവരെ 68.56 ഹെക്ടറിൽ 4.23 കോടി രൂപയുടെ കൃഷിനാശം സംഭവിച്ചു. ഏറ്റവും കൂടുതൽ നാശനഷ്ടം നേരിടേണ്ടി വന്നത് വാഴ കർഷകരാണ്. 14.23 ഹെക്ടറിൽ 551 കർഷകരുടെ വാഴകൃഷി നശിച്ചു. റബ്ബർ കർഷകർക്ക് 63.70 ലക്ഷം രൂപയുടെ നഷ്ടവും, കേര കർഷകർക്ക് 64.40 ലക്ഷം രൂപയുടെ നഷ്ടവും കണക്കാക്കുന്നു. 20,840 കുലച്ച വാഴകളും 9,235 കുലക്കാത്ത വാഴകളും നശിച്ചു. 175 കർഷകരുടെ 3,560 റബ്ബർ മരങ്ങൾ നശിച്ചു. ഇതിൽ 2,060 ടാപ്പ് ചെയ്ത റബ്ബറും, 1,500 ടാപ്പ് ചെയ്യാത്തതും ഉൾപ്പെടും. ആകെ 63.70 ലക്ഷം രൂപയുടെ നഷ്ടം റബ്ബർ കർഷകർക്കുണ്ടായി.
8. തിരുവനന്തപുരം നെടുമങ്ങാട് നിർമിച്ച ആധുനിക പോളി ഹൗസിൻ്റെ ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി.ആർ അനിൽ നിർവഹിച്ചു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെയും, നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് പരിപാടി നടന്നത്. ഉത്പാദനരംഗത്തേക്ക് കുടുംബങ്ങളെ നയിക്കേണ്ടത് നഗരസഭകളുടെ ഉത്തരവാദിത്തമാണെന്നും നെടുമങ്ങാട് മണ്ഡലത്തിലെ ജനങ്ങളെ വലിയരീതിയിൽ കൃഷിയിലേക്ക് കൊണ്ടുവരാൻ സാധിച്ചിട്ടുണ്ടെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു.
9. കാർഷിക മേഖലയിലെ അവാർഡ് ജേതാക്കളെയല്ല, മറിച്ച് പുതുതായി കൃഷിയിലേക്ക് ഇറങ്ങുന്നവർക്കാണ് പ്രോത്സാഹനം നൽകേണ്ടതെന്ന് നീരജ് പ്രജാപതി. ബിടെക് കരിയർ ഉപേക്ഷിച്ചാണ് നീരജ് പ്രജാപതി കാർഷിക മേഖലയിലേക്ക് തിരിഞ്ഞത്. 1,11,111 കിലോമീറ്റർ താണ്ടുക എന്ന ലക്ഷ്യത്തോടെ സൈക്കിളിൽ ഇന്ത്യയൊട്ടാകെയുള്ള കർഷകരുമായി സംവദിക്കാൻ സഞ്ചരിക്കുകയാണ് അദ്ദേഹം. ഏകദേശം 45,000 കിലോമീറ്റർ ഇതിനോടകം നീരജ് താണ്ടിക്കഴിഞ്ഞു. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ‘ഹർ ഘർ തിരംഗ'യുടെ ഭാഗമായി നീരജ് പ്രജാപതി കൃഷി ജാഗരൺ സന്ദർശിക്കുകയും യാത്രാ വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.
10. പരിസ്ഥിതി, കാർഷിക വിഷയങ്ങളിൽ പ്രത്യേക പഠന, ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കാനൊരുങ്ങി ഷാർജ. വിഷയത്തിൽ മെൽബൺ യൂണിവേഴ്സിറ്റി അധികൃതരുമായി ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ആൽഖാസിമി ചർച്ച നടത്തി. ഷാർജയുടെ വിവിധ മേഖലകളിൽ സീഡ് ബാങ്ക്, മരുഭൂ പഠന കേന്ദ്രം, പ്രത്യേക ഫാമുകൾ, മൃഗസംരക്ഷണം, കൃഷി, പരിസ്ഥിതി, എന്നീ വിഷയങ്ങൾക്ക് പ്രത്യേക കേന്ദ്രങ്ങൾ രൂപീകരിക്കുന്നത് സംബന്ധിച്ചാണ് ചർച്ച നടന്നത്. ഷാർജയിലെ വിദ്യാഭ്യാസ രംഗത്ത് ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റി നൽകിയ സംഭാവനകളും അദ്ദേഹം ചൂണ്ടിക്കാട്ടി.
11. സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലയും പ്രകൃതി ദുരന്ത സാധ്യത പ്രദേശങ്ങളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. കേരള- ലക്ഷദ്വീപ്- കര്‍ണാടക തീരങ്ങളിലും മുന്നറിയിപ്പുള്ള മറ്റ് പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് അറിയിപ്പുണ്ട്.