1. News

വികസന പദ്ധതികളിൽ പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും മുന്തിയ പരിഗണന

സംസ്ഥാന സര്‍ക്കാര്‍ വികസനരംഗത്ത് നിര്‍ണ്ണായകമായ കാല്‍വയ്പ്പുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ സ്ഥായിയായ സാമ്പത്തികവളര്‍ച്ചയ്ക്ക് അടിത്തറ പാകുന്ന ഭൗതിക, സാമൂഹിക പശ്ചാത്തലസൗകര്യ വികസനത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ അവ മാനുഷികമുഖത്തോടെയാകണമെന്ന കാര്യത്തിലും സര്‍ക്കാരിന് നിഷ്‌ക്കര്‍ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Saranya Sasidharan
Prioritize rehabilitation and livelihood protection in development projects
Prioritize rehabilitation and livelihood protection in development projects

വികസന പദ്ധതികളിൽ പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതുവരെയുള്ള എല്ലാ വികസന പദ്ധതികളിലും സര്‍ക്കാര്‍ ഇക്കാര്യം ഉറപ്പുവരുത്തിയിട്ടുമുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കാര്യത്തിലും ഈ സമീപനം തന്നെയാണ് സര്‍ക്കാരിനുള്ളതെന്ന് ചട്ടം 300 അനുസരിച്ച് നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ മുഖ്യമന്ത്രി പറഞ്ഞു.

പ്രസ്താവനയിലേക്ക്

സംസ്ഥാന സര്‍ക്കാര്‍ വികസനരംഗത്ത് നിര്‍ണ്ണായകമായ കാല്‍വയ്പ്പുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ സ്ഥായിയായ സാമ്പത്തികവളര്‍ച്ചയ്ക്ക് അടിത്തറ പാകുന്ന ഭൗതിക, സാമൂഹിക പശ്ചാത്തലസൗകര്യ വികസനത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ അവ മാനുഷികമുഖത്തോടെയാകണമെന്ന കാര്യത്തിലും സര്‍ക്കാരിന് നിഷ്‌ക്കര്‍ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സാമ്പത്തിക-വാണിജ്യ രംഗങ്ങളില്‍ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കാന്‍ സാധ്യതയുള്ളതാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി. ഭൂമിശാസ്ത്രപരമായ സവിശേഷതകളും വ്യാപാരബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള അനുയോജ്യതയുമാണ് ഈ തുറമുഖ പദ്ധതിയെ അനന്യമാക്കുന്നത്. വിഴിഞ്ഞം തീരത്തുനിന്നും 10 നോട്ടിക്കല്‍ മൈല്‍ അകലത്തിലൂടെയാണ് അന്താരാഷ്ട്ര കപ്പല്‍ പാത കടന്നുപോകുന്നത്. തീരത്തുനിന്നും ഒരു നോട്ടിക്കല്‍ മൈല്‍ അകലം വരെ 24 മീറ്റര്‍ പ്രകൃതിദത്ത ആഴം ഉണ്ട് എന്നുള്ളത് വിഴിഞ്ഞം തുറമുഖത്തിന്റെ സവിശേഷതയാണ്. ചരിത്രപരമായിത്തന്നെ, അന്താരാഷ്ട്ര പ്രസിദ്ധി ലഭിച്ച തുറമുഖം എന്ന പ്രത്യേകതയും വിഴിഞ്ഞത്തിനുണ്ട്.

വിഴിഞ്ഞം തുറമുഖനിര്‍മ്മാണം 80 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. ഈ ഘട്ടത്തില്‍ ചില കോണുകളില്‍ നിന്നും ആശങ്കകള്‍ ഉയര്‍ന്നുവരികയും തുറമുഖ പ്രദേശത്ത് ആഗസ്റ്റ് 16 മുതല്‍ പ്രതിഷേധ പരിപാടികള്‍ ആരംഭിക്കുകയുമുണ്ടായി. സമരസമിതി പ്രധാനമായും ഏഴ് ആവശ്യങ്ങളാണ് മുന്നോട്ടുവച്ചത്. ഇതില്‍ തുറമുഖനിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യമൊഴികെ മറ്റ് ആവശ്യങ്ങളെക്കുറിച്ച് സമരസമിതിയുമായി തുറന്ന മനസ്സോടെ സര്‍ക്കാര്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തി. ഇതിനായി ഒരു മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തുകയുമുണ്ടായി. ആഗസ്റ്റ് 19 മുതല്‍ ഈ മന്ത്രിസഭാ ഉപസമിതി സമരസമിതി നേതാക്കളുമായി വിവിധ തീയതികളില്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തി. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഒഴികെ മറ്റെല്ലാ ആവശ്യങ്ങളും സംബന്ധിച്ച് ഉപസമിതിയുമായുള്ള ചര്‍ച്ചയില്‍ത്തന്നെ ധാരണയായിരുന്നു. സമരം അവസാനിക്കാത്തതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറി തലത്തിലും തുടര്‍ചര്‍ച്ചകള്‍ നടക്കുകയുണ്ടായി.

ചില ഘട്ടങ്ങളില്‍ സമരം അക്രമാസക്തമാകുന്ന ദൗര്‍ഭാഗ്യകരമാകുന്ന സ്ഥിതിവിശേഷവുമുണ്ടായി. ക്രമസമാധാനപാലനത്തിനായി വിന്യസിക്കപ്പെട്ട സംസ്ഥാന പോലീസ് സേന തികഞ്ഞ സംയമനത്തോടെയാണ് ഈ സ്ഥിതിവിശേഷത്തെ നേരിട്ടത്. അനിഷ്ടസംഭവങ്ങള്‍ നിയന്ത്രണാതീതമായി പോകാതിരിക്കാന്‍ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായ ഈ സമീപനം ഏറെ സഹായകമായി.സമരസമിതിയുമായി ചര്‍ച്ചകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ അവര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്കുള്ള പരിഹാര നിര്‍ദ്ദേശങ്ങളില്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും അവ നടപ്പാക്കിവരികയുമാണ്. സമരസമിതി ഉയര്‍ത്തിയ പ്രധാന ആവശ്യങ്ങള്‍ക്കു മേല്‍ ഇന്നലെ (06.12.2022) നടത്തിയ ഉന്നതതല ചര്‍ച്ചകളില്‍ തീരുമാനമാവുകയും സമരം അവസാനിപ്പിക്കാന്‍ സമരസമിതി തയ്യാറാവുകയുമുണ്ടായി. തീരുമാനങ്ങളുടെ വിശദാംശങ്ങള്‍ ഈ സഭയെ അറിയിക്കുകയാണ്.

മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി രണ്ടാഴ്ചയ്ക്കുള്ളില്‍ പൂനെ സെന്‍ട്രല്‍ വാട്ടര്‍ & പവര്‍ റിസര്‍ച്ച് സ്റ്റേഷനു (CWPRS)മായും മത്സ്യത്തൊഴിലാളി പ്രതിനിധികളുമായും ഫിഷറീസ് വകുപ്പ് ചര്‍ച്ച സംഘടിപ്പിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. ഈ സമരം രമ്യമായി അവസാനിപ്പിക്കാന്‍ മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ മേജര്‍ കര്‍ദ്ദിനാള്‍ മാര്‍ബസേലിയോസ് ക്ലിമ്മിസ് ബാവ തീരുമേനി എടുത്ത മുന്‍കൈയും ഇടപെടലും പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നു.

ആപത്ഘട്ടങ്ങളില്‍ ജനസമൂഹത്തിന്റെ സംരക്ഷണത്തിനായി സ്വന്തംജീവന്‍ പണയപ്പെടുത്തി രംഗത്തുവന്നിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ട് നാടിന്റെ വികസനത്തിനുള്ള സുപ്രധാന പദ്ധതിയായ വിഴിഞ്ഞം തുറമുഖനിര്‍മ്മാണം മുന്നോട്ടുകൊണ്ടുപോകാനുള്ള നടപടികളാണ് എല്ലാ ഘട്ടത്തിലും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. പദ്ധതി സംബന്ധിച്ച് ഉയര്‍ന്നുവന്ന ആശങ്കകളെ അര്‍ഹിക്കുന്ന ഗൗരവത്തോടെ സമീപിച്ച് പരിഹാരനിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്. ഭാവിയില്‍ പദ്ധതിയോടുള്ള പൂര്‍ണ്ണ സഹകരണം എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

English Summary: Prioritize rehabilitation and livelihood protection in development projects

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters