റബ്ബറുത്പാദനവും ഉത്പാദനക്ഷമതയും കൂട്ടി പ്രകൃതിദത്തറബ്ബറിന്റെ കാര്യത്തില്‍ രാജ്യത്തെ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ റബ്ബര്‍ബോര്‍ഡ് നടത്തുന്ന തീവ്രപ്രചാരണപരിപാടി (കാംപെയ്ന്‍ 2021) റബ്ബര്‍ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എന്‍. രാഘവന്‍ ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ സ്വയംപര്യാപ്തതയിലെത്തിക്കുന്നതിനായി ഉത്പാദനവും ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കാന്‍ ചെറുകിട റബ്ബര്‍കര്‍ഷകര്‍ തയ്യാറാകണമെന്ന് ഡോ. കെ.എന്‍. രാഘവന്‍ പറഞ്ഞു. നിലവില്‍ രാജ്യത്തെ റബ്ബറുത്പാദനം ഉപഭോഗത്തേക്കാള്‍ കുറവാണ്. ടയര്‍-ടയറിതര വ്യവസായമേഖലകള്‍ കൂടുതല്‍ കരുത്താര്‍ജിച്ചുകൊണ്ടിരിക്കുന്നു. വരും നാളുകളില്‍ ഉപഭോഗത്തില്‍ ഉണ്ടാകാവുന്ന വര്‍ദ്ധന വലിയതോതിലുള്ള ഇറക്കുമതിക്ക് കാരണമായേക്കാം. ഈ സാഹചര്യം ഒഴിവാക്കണമെങ്കില്‍ സാധ്യമായ മാര്‍ഗ്ഗങ്ങളിലൂടെ ഉത്പാദനവും ഉപഭോഗവും തമ്മിലുള്ള അന്തരം കുറച്ചുകൊണ്ടുവരണം.
വിളവ് കൂട്ടുന്നതിനായി റബ്ബര്‍ബോര്‍ഡ് നിര്‍ദ്ദേശിക്കുന്ന ദീര്‍ഘ-ഹ്രസ്വകാലപദ്ധതികള്‍ അടിയന്തിരമായി നടപ്പാക്കുന്നതില്‍ കര്‍ഷകര്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'സ്വയംപര്യാപ്ത ഭാരതത്തിനായി റബ്ബര്‍കൃഷിയുടെ ഉജ്ജീവനം' എന്നതാണ് ഇത്തവണത്തെ പ്രചാരണവിഷയം. ഒക്‌ടോബര്‍ 25 മുതല്‍ 2022 മാര്‍ച്ചു വരെയുള്ള കാലയളവില്‍ പരമ്പരാഗതമേഖലകളിലും വടക്കുകിഴക്കന്‍ പ്രദേശങ്ങളിലുമായി 2500 യോഗങ്ങളിലൂടെ 50000 റബ്ബര്‍കര്‍ഷകരിലേക്ക് ഈ സന്ദേശം എത്തിക്കുന്നതിനാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ആവശ്യമായ പരിശീലനങ്ങളും പ്രസ്തുത കാലയളവില്‍ നല്‍കും .
പുതുക്കൃഷിയും ആവര്‍ത്തനക്കൃഷിയും നടത്തുക, പ്രായം ചെന്നതും ആദായം കുറഞ്ഞതുമായ മരങ്ങള്‍ മുറിച്ചുമാറ്റി ഉത്പാദനക്ഷമത കൂടിയ ഇനങ്ങള്‍ വെച്ചുപിടിപ്പിക്കുക, കൃഷിസ്ഥലത്തിന്റെ ലഭ്യത കൂടുതലുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ യോജിച്ച റബ്ബറിനങ്ങള്‍ കൃഷിചെയ്യുക തുടങ്ങിയവയാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബോര്‍ഡ് ലക്ഷ്യമിടുന്നത്.
ആട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്റെയും നബാര്‍ഡിന്റെയും സഹകരണത്തോടെയുള്ള വായ്പാധിഷ്ഠിത റബ്ബര്‍കൃഷി വികസനപദ്ധതിക്ക് വടക്കുകിഴക്കന്‍ മേഖലയില്‍ തുടക്കം കുറിച്ചു. മെച്ചപ്പെട്ട കൃഷിസമ്പ്രദായങ്ങള്‍, റെയിന്‍ഗാര്‍ഡിങ്, രോഗപ്രതിരോധ നടപടികള്‍, നിയന്ത്രിത കമിഴ്ത്തിവെട്ട് തുടങ്ങിയവ നടപ്പാക്കുക, വിളവെടുക്കാത്ത തോട്ടങ്ങളില്‍ ടാപ്പിങ് നടത്തുന്നതിനായി തോട്ടം ദത്തെടുക്കല്‍ പദ്ധതി പ്രോത്സാഹിപ്പിക്കുക, ടാപ്പിങ്ങിലെ അപാകങ്ങള്‍ പരിഹരിക്കുക തുടങ്ങി ഉത്പാദനം മെച്ചപ്പെടുത്താനുതകുന്ന ഹ്രസ്വകാലപദ്ധതികളും തീവ്രബോധന പരിപാടിയിലെ വിഷയങ്ങളാണ്.
കോവിഡ് പ്രോട്ടോക്കോള്‍ നിബന്ധനകള്‍ പാലിച്ചുകൊണ്ട് നേരിട്ടുള്ള മുഖാമുഖം പരിപാടികള്‍, ഓണ്‍ലൈന്‍ യോഗങ്ങള്‍ തുടങ്ങിയവയിലൂടെ ആയിരിക്കും വിഷയങ്ങള്‍ കര്‍ഷകരിലെത്തിക്കുക.
കൂടുതൽ ആദായം കിട്ടുന്ന റബ്ബറിന്റെ ഇടവിളകൾ ഏവ ?
മഴ തുടർന്നതോടെ ഉത്പാദനം കുറഞ്ഞു. റബ്ബറിന്റെ വില കൂടുന്നു.