പൊതുജനങ്ങൾക്ക് പാമ്പുപിടിത്തത്തിന്റെ ടെക്നിക്കുകൾ വനംവകുപ്പ് പറഞ്ഞുകൊടുത്തു; ഭയമില്ലെങ്കിൽ ഇനി രംഗത്തിറങ്ങാം. ചെറിയ സഞ്ചിയും പി.വി.സി. പൈപ്പും ഉപയോഗിച്ച് പാമ്പുകളെ കീഴ്പെടുത്തുന്നതാണ് വിദ്യ, രണ്ടാം ഘട്ട പാമ്പുപിടിത്ത പരിശീലനത്തിൽ അറുനൂറ്റിമുപ്പതുപേരാണ് പങ്കെടുത്തത് 495 പേർ പ്രാക്റ്റിക്കൽ പാസായി പാമ്പുപിടിത്തത്തിനുള്ള യോഗ്യത നേടി.
നേരത്തെ വനം വകുപ്പിലെ ജീവനക്കാർക്ക് നൽകിയ പരിശീലനത്തിൽ 318 പേർ പാമ്പുപിടിത്തത്തിനുള്ള യോഗ്യത നേടിയിരുന്നു. ഒരു ദിവസത്തെ തിയറി പ്രാക്ടിക്കൽ പരിശീലനത്തിൽ പലരും പരാജയപ്പെട്ടത് പ്രാക്ടിക്കലിലാണ്. പൊതു ജനങ്ങൾക്കും ഇക്കാര്യത്തിൽ പരിശീലനം ലഭിച്ചതോടെ സംസ്ഥാനത്ത് 803 അംഗീകൃത പാമ്പുപിടിത്തക്കാരായി.
സംസ്ഥാനത്തെ 14 ജില്ലകളിലും പാമ്പുപിടിത്ത പരിശീലനം നൽകുന്നതിന് ക്‌ളാസുകൾ സംഘടിപ്പിച്ചിരുന്നു.സാമൂഹിക വനവത്കരണ വിഭാഗം മുഖാന്തരമാണ് അപേക്ഷകൾ ക്ഷണിച്ചിരുന്നത്.നവംബർ ആദ്യം തിരുവനന്തപുരം ജില്ലയിലാണ് പൊതുജനങ്ങൾക്കായി പാമ്പുപിടിത്ത ക്‌ളാസ് തുടങ്ങിയത്. കഴിഞ്ഞ ദിവസം നിലമ്പൂരിൽ സമാപിച്ചു. മലപ്പുറം ജില്ലയിൽ നിന്നാണ് പാമ്പുപിടിത്തം പഠിക്കാൻ കൂടുതൽ പേരെത്തിയത്. 111 പേർ .പത്തനംതിട്ട ജില്ലക്കാർ പാമ്പുപിടിത്തത്തിൽ വലിയ താത്പര്യം കാട്ടിയില്ല.
എട്ടു പേരെ പങ്കെടുത്തുള്ളൂ. ആലപ്പുഴ ജില്ലയിൽനിന്നു ഇരുപതുപേർ പങ്കെടുത്തു. ഈ രണ്ടു ജില്ലക്കാർക്കുംകൂടി കോന്നി ആനത്താവളത്തിൽ ആയിരുന്നു ക്ലാസ് നടത്തിയത്. പാമ്പുപിടിത്തത്തിനു സംസ്ഥാന സർക്കാർ സർട്ടിഫിക്കറ്റ് നേടണം എന്ന നിബന്ധന െവച്ചതോടെയാണ് വനം വകുപ്പ് പരിശീലനം തുടങ്ങിയത് അഞ്ചൽ ഉത്ര വധക്കേസും, വർക്കലയിൽ പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചതുമാണ് പാമ്പുപിടിത്തത്തിനു സർട്ടിഫിക്കറ്റ് ഏർപ്പെടുത്താൻ വനം വകുപ്പിനെ പ്രേരിപ്പിച്ചത്.
വനം വകുപ്പിന്റെ സ്നേക്ക് റെസ്ക്യൂ ട്രെയിനിങ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ക്ലാസുകൾ നടത്തിയത്. സ്നേക്ക് റെസ്ക്യൂ ട്രെയിനിങ് പ്രോഗ്രാമിന്റെ നോഡൽ ഓഫീസർ എ.സി.എഫ്. വൈ. മുഹമ്മദ് അൻവർ, കെ.എഫ്.ആർ. ഐയിലെ സന്ദീപ് ദാസ്. ബയോളജിസ്‌റ്റ് വിഷ്ണു, കെ.ടി. സന്തോഷ്, കാസർകോട് റെസ്ക്യൂയർ സി.ടി. ജോജു എന്നിവരാണ് ക്‌ളാസുകൾ നയിച്ചത്.