1. News

പിങ്ക്, മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് പ്രത്യേക ആനുകൂല്യം..കൂടുതൽ വാർത്തകൾ

കേരളത്തിലെ റേഷൻ കടകളിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ കിട്ടിയില്ലെങ്കിൽ പണം തിരികെ ലഭിക്കും

Darsana J
പിങ്ക്, മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് പ്രത്യേക ആനുകൂല്യം..കൂടുതൽ വാർത്തകൾ
പിങ്ക്, മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് പ്രത്യേക ആനുകൂല്യം..കൂടുതൽ വാർത്തകൾ

1. കേരളത്തിലെ റേഷൻ കടകളിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ കിട്ടിയില്ലെങ്കിൽ പണം തിരികെ ലഭിക്കും. പിങ്ക്, മഞ്ഞ കാർഡ് ഉടമകൾക്കാണ് ആനുകൂല്യം ലഭിക്കുക. ഭക്ഷ്യ ഭദ്രതാ നിയമപ്രകാരമുള്ള ഭക്ഷ്യ ഭദ്രതാ അലവൻസാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. ഇ-പോസ് മെഷീൻ തകരാർ മൂലം കേരളത്തിലുടനീളം റേഷൻ കിട്ടുന്നില്ലെന്ന് വ്യാപകമായി പരാതി ഉയരുന്നുണ്ട്. മെഷീൻ തകരാറോ, വ്യാപാരികളുടെ അശ്രദ്ധ മൂലമോ അനുവദിച്ചിട്ടുള്ള റേഷൻ ലഭിച്ചില്ലെങ്കിൽ അലവൻസിന് അപേക്ഷിക്കാം. അതത് ജില്ലയിലെ എഡിഎമ്മിനാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷ നൽകി 3 ആഴ്ചയ്ക്കുള്ളിൽ പണം ലഭിക്കും. 2013ലാണ് നിയമം പ്രാബല്യത്തിൽ വന്നത്.

കൂടുതൽ വാർത്തകൾ: പിഎം കിസാൻ; 13-ാം ഗഡു ലഭിക്കാത്തവർക്ക് പരാതി നൽകാം..കൂടുതൽ വാർത്തകൾ

2. വേനൽച്ചൂട് വർധിച്ചതോടെ കേരളത്തിലെ തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ചു. ഏപ്രില്‍ 30 വരെയുള്ള സമയം പുന:ക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിറക്കി. പകല്‍ സമയം ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമം നൽകണം. രാവിലെ 7 മണി മുതല്‍ വൈകുന്നേരം ഏഴുവരെയുള്ള സമയത്തിനുള്ളില്‍ ജോലി സമയം എട്ടുമണിക്കൂറായി കുറച്ചു. ഷിഫ്റ്റ് വ്യവസ്ഥയിലുള്ളവർ ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന രീതിയിലും വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന രീതിയിലും ജോലി ചെയ്യണം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ തൊഴിലുടമകള്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. 

3. തൃശൂർ ജില്ലയിൽ 2587 മുൻഗണനാ കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റുമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് അറിയിച്ചു. ജില്ലയിലെ ഏഴ് താലൂക്കുകളിൽ നിന്നും പിടിച്ചെടുത്ത കാർഡുകൾ ഏപ്രിൽ 30 നകം മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റും. കൂടാതെ വളരെ നാളുകളായി റേഷൻ വിഹിതം കൈപ്പറ്റാത്ത ആളുകൾ കൃത്യമായ കാരണം അറിയിച്ചില്ലെങ്കിൽ കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റുമെന്നും മുന്നറിയിപ്പുണ്ട്. ഓപ്പറേഷൻ യെല്ലോ പദ്ധതി വഴി ജില്ലയിൽ ഇതുവരെ 6882 കാർഡുകളാണ് പൊതുവിഭാഗത്തിലേക്ക് മാറ്റിയത്.

4. നാലാമത് വനിതാ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ ആലപ്പുഴ കൈരളി, ശ്രീ തീയറ്ററുകളിലായി ഈ മാസം 17,18,19 തിയതികളിലാണ് മേള നടക്കുക. ഇന്റർനാഷണൽ, ഇന്ത്യൻ, മലയാളം വിഭാഗങ്ങളിലായി 25 ഓളം ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. മേളയുടെ ലോഗോ പ്രകാശനം സംവിധായകൻ ഫാസിൽ നിർവഹിച്ചു. മേളയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ഈ മാസം 10 മുതൽ ആരംഭിക്കും. പൊതുജനങ്ങൾക്ക് 300 രൂപയും വിദ്യാർഥികൾക്ക് 150 രൂപയുമാണ് രജിസ്‌ട്രേഷൻ ഫീസ്.

5. ആലപ്പുഴ ജില്ലയിലെ ആര്യാട് പഞ്ചായത്തിൽ കേരഗ്രാമം പദ്ധതിക്ക് തുടക്കം. തെങ്ങ് കൃഷി പ്രോത്സാഹിപ്പിക്കുക, നാളികേരത്തിന്റെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. കൂടാതെ സംയോജിത പോഷക പരിപാലനം, ഇടകൃഷിയുടെ പ്രോത്സാഹനം, ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, ഗുണനിലവാരമുള്ള വിത്ത് ലഭ്യത, ഹ്രസ്വകാലവിളവ് ഉൽപാദനം തുടങ്ങി വിവിധ ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്.

6. പത്തനംതിട്ടയിൽ കാര്‍ഷിക സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. കര്‍ഷകരുടെയും കാര്‍ഷികമേഖലയുടെയും പുരോഗമനം ലക്ഷ്യമിട്ട് 11-ാ മത് കാര്‍ഷിക സെന്‍സസിന്റെ പ്രവര്‍ത്തനങ്ങളാണ് ജില്ലയിൽ നടക്കുന്നത്. ഭാവിയില്‍ കാര്‍ഷിക സര്‍വേ നടത്തുന്നതിന് ആവശ്യമായ ചട്ടക്കൂട് തയാറാക്കുന്നതിന് സെന്‍സസിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗപ്പെടുത്തും. സംസ്ഥാനത്ത് സാമ്പത്തിക സ്ഥിതി വിവരണക്കണക്ക് വകുപ്പാണ് സെൻസസ് നടപ്പിലാക്കുന്നത്. ഡെപ്യൂട്ടി ഡയറക്ടര്‍ക്കാണ് ജില്ലാ തലത്തിലെ പ്രവര്‍ത്തനങ്ങളുടെ ചുമതല.

7. വേനൽക്കാലം കഠിനമായതോടെ കണ്ണിമാങ്ങയ്ക്ക് പ്രിയമേറുന്നു. മാങ്ങ സീസൺ കൂടി ആരംഭിച്ചതോടെ കണ്ണി മാങ്ങക്ക് കേരളത്തിൽ വൻ ഡിമാൻഡാണ്. വിപണിയിൽ കണ്ണിമാങ്ങ കിലോയ്ക്ക് 120 രൂപ മുതൽ 200 രൂപ വരെയാണ് വില. ഗുണമേന്മയും വലിപ്പവും കണക്കിലെടുത്താൽ ഇനിയും വില ഉയരും. അച്ചാർ നിർമാണ കമ്പനികളും, മറ്റ് സംരംഭകരും മൊത്ത കച്ചവടക്കാരിൽ നിന്നാണ് കണ്ണിമാങ്ങ വാങ്ങുന്നത്.

8. പാലക്കാട് പ​ട്ടാ​മ്പിയിലെ നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ ത​ണ്ടു​തു​ര​പ്പ​നും ല​ക്ഷ്മി​രോ​ഗ​വും വ്യാപിക്കുന്നു. ക​തി​ർ മുളയ്ക്കുന്ന സമയത്താണ് ത​ണ്ടു​തു​ര​പ്പ​ന്റെ ആക്രമണം ശക്തമാകുന്നത്. മ​ഞ്ഞ, വെ​ള്ള നി​റ​ങ്ങ​ളി​ലു​ള്ള ശ​ല​ഭ​ങ്ങ​ൾ നെല്ലോലകളിൽ മുട്ടയിട്ട് അവ പുഴുക്കളായി നെൽച്ചെടിയുടെ തണ്ട് തുരക്കുകയാണ് ചെയ്യുന്നത്. നെൽച്ചെടികളെ ബാധിക്കുന്ന കുമിൾ രോഗമാണ് ലക്ഷ്മിരോഗം.

9. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി യു.എ.ഇ.യും ഒമാനും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. യു.എ.ഇ. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രിയുടെ ഒമാൻ സന്ദർശനത്തിനിടെയാണ് ധാരണാപത്രം ഒപ്പിട്ടത്. പരിസ്ഥിതി സംരക്ഷണം, വായു ഗുണനിലവാരം, ജൈവവൈവിധ്യ സംരക്ഷണം, മലിനീകരണ തോത് കുറയ്ക്കുക എന്നീ മേഖലകളുമായി ബന്ധപ്പെട്ട ഗവേഷണ പഠനങ്ങൾ ഇരുരാജ്യങ്ങളും തമ്മിൽ കൈമാറാനും ധാരണയായി.

10. കേരളത്തിൽ വേനൽ ചൂട് കനക്കുന്നു. പാലക്കാട് എരുമയൂരിൽ 41 ഡിഗ്രി സെൽഷ്യസും, ഇടുക്കി തൊടുപുഴയിൽ 40.3 ഡിഗ്രി സെൽഷ്യസുമാണ് താപനില രേഖപ്പെടുത്തിയത്. അതേസമയം വരുംദിവസങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

English Summary: Special benefit for pink and yellow ration card holders in kerala

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds