നെല്ലിന്റെ സംഭരണ വില കർഷകർക്ക് നേരിട്ട് വേഗത്തിൽ നൽകുന്നതിനായി ബാങ്കുകളുടെ കൺസോർഷ്യവുമായി സപ്ലൈകോ കരാർ ഒപ്പിട്ടു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(State Bank Of India)യുടെ നേതൃത്വത്തിൽ കാനറ ബാങ്ക് (Canara Bank), ഫെഡറൽ ബാങ്ക് (Federal Bank) എന്നിവ ചേർന്നു രൂപീകരിച്ച കൺസോർഷ്യമാണ് സപ്ലൈകോ (Supplyco)യുമായി കരാറിൽ ഒപ്പിട്ടത്.
കരാർ പ്രകാരം 6.9 ശതമാനം പലിശ നിരക്കിൽ 2500 കോടി രൂപയാണ് സപ്ലൈകോക്ക് കൺസോർഷ്യം വായ്പ നല്കുക. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നേരത്തെയുള്ള PRS വായ്പാ പദ്ധതി പ്രകാരം ബാങ്കുകളിൽ നിന്ന് കടമെടുക്കുന്നതിന് 8.5 ശതമാനമായിരുന്നു പലിശ. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ കൺസോർഷ്യം വായ്പയിലൂടെ പ്രതിവർഷം 21 കോടി രൂപയുടെ ബാധ്യത സപ്ലൈകോയ്ക്ക് കുറയും.
നെല്ല് കർഷകർക്ക് പിആർഎസ് വായ്പ പദ്ധതി
പിആർഎസ് വായ്പ സംബന്ധിച്ച് കർഷകർക്കുണ്ടായിരുന്ന വിവിധ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ പുതിയ ക്രമീകരണം സഹായകമാകും. നെല്ല് സംഭരിച്ച ശേഷം കർഷകർക്ക് അക്കൗണ്ടിലേക്ക് പണം വേഗത്തിൽ നൽകുന്നതിനാണ് പി.ആർ.എസ് വായ്പ പദ്ധതി നേരത്തെ സപ്ലൈകോ നടപ്പാക്കിയത്.
സപ്ലൈകോയുടെ ജാമ്യത്തിൽ കർഷകർക്ക് നൽകുന്ന വായ്പയിലൂടെ നെല്ലിന്റെ വില നൽകുകയാണ് ചെയ്തിരുന്നത്. പിന്നീട് സപ്ലൈകോ ബാങ്കുകൾക്ക് പണം നല്കുമ്പോൾ വായ്പ അടച്ചു തീർത്തതായി കണക്കാക്കും. ഒരു വർഷത്തിനകം പലിശ സഹിതം തുക തിരിച്ചടയ്ക്കേണ്ടിയിരുന്ന വായ്പയായിരുന്നു ഇത്.
PRS വായ്പ പദ്ധതിയിൽ തിരിച്ചടവ് വൈകുന്ന സാഹചര്യമുണ്ടായാൽ കർഷകൻ വായ്പയുടെ തിരിച്ചടവ് മുടങ്ങിയവരുടെ പട്ടികയിലാവുകയും കർഷകന്റെ സിബിൽ സ്‌കോർ കുറയുകയും ചെയ്യും. വായ്പാ പലിശയായ 8.5 ശതമാനത്തിന് പുറമെ തിരിച്ചടവ് മുടങ്ങുമ്പോഴുള്ള പിഴപ്പലിശയായ രണ്ടു ശതമാനവും സപ്ലൈകോ ബാങ്കുകൾക്ക് നൽകേണ്ടി വന്നിരുന്നു.
ഈ സാഹചര്യത്തിലാണ് പിആർഎസ് വായ്പയ്ക്ക് പകരമായി കുറഞ്ഞ പലിശ നിരക്കിൽ കൂടുതൽ തുക വായ്പയായി എടുക്കുന്നതിന് തീരുമാനിച്ചത്. സർക്കാർ ജാമ്യം നില്കുന്നതിന്റെ അടിസ്ഥാനത്തിലാണ് എസ്.ബി.ഐ (SBI), കാനറാ ബാങ്ക് (Canara Bank), ഫെഡറൽ ബാങ്ക് (Federal Bank) എന്നിവ അവരുടെ കൺസോർഷ്യം മുഖാന്തിരം സപ്‌ളൈകോയ്ക്ക് 2500 കോടി രൂപ കുറഞ്ഞ പലിശ നിരക്കിൽ നല്കുന്നത്. 0.75 ശതമാനം ഗാരന്റി കമ്മീഷൻ സപ്ലൈകോ സർക്കാരിന് നൽകും. കൺസോർഷ്യം മുഖേനയുള്ള വായ്പയ്ക്ക് പിഴപ്പലിശയില്ല എന്ന മെച്ചവും ഉണ്ട്.
കൺസോർഷ്യത്തെ പ്രതിനീധികരിച്ച് എസ്ബിഐ അസിസ്റ്റന്റ് ജനറൽ മാനേജർ ഡോ. എസ്. പ്രേംകുമാർ, കനറാ ബാങ്ക് ചീഫ് മാനേജർ ജി. പ്രഭാകർ രാജു, ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് അജിത് വി. മാത്യു എന്നിവരും സപ്ലൈകോ ഫിനാൻസ് വിഭാഗം അഡീഷണൽ ജനറൽ മാനേജർ ആർ എൻ സതീഷും കരാറിൽ ഒപ്പുവച്ചു.
സപ്ലൈകോ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ സഞ്ജീബ് പട്‌ജോഷിയും എസ്.ബി.ഐ എറണാകുളം ഡെപ്യൂട്ടി ജനറൽ മാനേജർ എസ്. ഹരിഹരനും സന്നിഹിതരായിരുന്നു. സപ്ലൈകോ നെല്ല് സംഭരണ വിഭാഗം മാനേജർ ബി. സുനിൽകുമാർ, എസ്.ബി.ഐ ക്രെഡിറ്റ് അനലിസ്റ്റ് എഫ്.ജി നോയൽ, കാനറാബാങ്ക് സീനിയർ മാനേജർ നിധിൻ സതീഷ് , ഫെഡറൽ ബാങ്ക് സീനിയർ മാനേജർ വിഷ്ണു എം. തുടങ്ങിയവരും പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: കേരള സർക്കാർ സ്ഥാപനമായ സപ്ലൈകോ ഇൽ അവസരം