ഭൗമസൂചിക പദവിയുളള ഉൽപ്പന്നങ്ങള്‍ക്കായി ഒരു e-commerce portal കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കണമെന്നു പറയുന്നതിൻറെ ആവശ്യകതയെക്കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നത്. ഭൗമസൂചിക പദവി (Geographical Indications-GI) കിട്ടിയ നൂറുകണക്കിന് ഉത്പ്പന്നങ്ങളുണ്ട് ഇന്ത്യയില്‍.
ഈ ഉത്പ്പന്നങ്ങളുടെ പേരില്‍ ഒട്ടേറെ വ്യാജനുകളും ഇറങ്ങുന്നതിനാല്‍ ഉപഭോക്താക്കള്‍ പലപ്പോഴും തട്ടിപ്പുകളില്‍ പെടുന്നു. GI പദവി കിട്ടിയവര്‍ക്ക് ലഭ്യമായ പദവിയുടെ ഗുണം പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ലഭിക്കാതെയും പോകുന്നു.
ഇതിന് പരിഹാരം എന്ന നിലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ വാണിജ്യ മന്ത്രാലയമോ അതിന് കീഴിലുള്ള ഏതെങ്കിലും ഏജന്‍സികളോ GI ഉത്പ്പന്നങ്ങളുടെ ഒരു e-commerce പോര്‍ട്ടല്‍ തുടങ്ങിയിരുന്നെങ്കില്‍ നന്നായിരുന്നു.
പോര്‍ട്ടല്‍ നടത്തിപ്പിനുള്ള ഒരു ചെറിയ കമ്മീഷന്‍ എടുത്തുകൊണ്ട്, പരമാവധി പ്രയോജനം ഉത്പ്പാദകര്‍ക്ക് ലഭ്യമാക്കാന്‍ ഇതിലൂടെ കഴിയും. ഉപഭോക്താക്കള്‍ക്ക് പൂര്‍ണ്ണ വിശ്വാസത്തോടെ ഉത്പ്പന്നം വാങ്ങുകയും ചെയ്യാം.
ഉത്പ്പാദകരുടെ വിലാസവും ബന്ധപ്പെടേണ്ട നമ്പരും കൂടി പോര്‍ട്ടലില്‍ നല്‍കിയാല്‍ വലിയ പര്‍ച്ചേയ്‌സുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗുണപ്പെടുകയും ചെയ്യും. വില്‍പ്പന കഴിഞ്ഞാല്‍ ഉത്പ്പാദകര്‍ക്ക് തുക ലഭിക്കുന്നതിന് ചുവപ്പുനാടയുടെ കെട്ടുകള്‍ ഉണ്ടാവാതെ നോക്കണം.
വില്‍പ്പന നടക്കുമ്പോള്‍ തന്നെ ഉത്പ്പാദകന് ഒരു SMS ലഭിക്കുകയും ഒരു ദിവസത്തിനുള്ളില്‍ വില്‍പ്പന തുക ബാങ്ക് അക്കൗണ്ടില്‍ ലഭിക്കുകയും ചെയ്യുന്ന വിധം മികച്ചതാകണം e-commerce portal. കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തിലൊരു ശ്രമം നടത്തുമെന്നു പ്രതീക്ഷിക്കാം.
കരകൗശലക്കാരുടെ പ്രത്യേക skill- ന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കപ്പെടുന്ന പയ്യന്നൂര്‍ പവിത്രമോതിരം,ആറന്മുള കണ്ണാടി, തഴപ്പായ, കൂത്താമ്പുള്ളി സെറ്റുമുണ്ട്, ബാലരാമപുരം കൈത്തറി, ചേന്ദമംഗലം കൈത്തറി,കാസര്‍ഗോഡ് സാരി, പാലക്കാട് മദ്ദളം, ചിരട്ടയിലെ കരകൗശല ഉത്പ്പന്നങ്ങള്‍ തുടങ്ങിയവ കേരളത്തിന്റെ GI കളാണ്.
മണ്ണും കാലാവസ്ഥയും വിത്തും ഒക്കെയായി ബന്ധപ്പെട്ടു നില്‍ക്കുന്ന കാര്‍ഷിക ഉത്പ്പന്നങ്ങളും GI ഉളളവയാണ്. ചെങ്ങാലിക്കോടന്‍ ഏത്തനും ആലപ്പുഴ ഏലവും വാഴക്കുളം പൈനാപ്പിളും നവര നെല്ലും ജീരകശാല നെല്ലും പൊക്കാളി നെല്ലും കൈപ്പാട് നെല്ലും പാലക്കാടന്‍ മട്ടയും ഓണാട്ടുകര എള്ളും മലബാര്‍ കുരുമുളകും തിരൂര്‍ വെറ്റിലയും വയനാട് റോബസ്റ്റ കാപ്പിയും നിലമ്പൂര്‍ തേക്കും മധ്യതിരുവിതാംകൂറിലെ ശര്‍ക്കരയും മറയൂര്‍ ശര്‍ക്കരയും ആലപ്പുഴ കയറുമൊക്കെ ഇത്തരത്തില്‍ പ്രാധാന്യം നേടിയവയാണ്. മികച്ച വ്യാപാരം അന്താരാഷ്ട്ര തലത്തില്‍ ലഭിക്കാന്‍ കഴിയുന്നവയുമാണ് ഇവയെല്ലാം.
സംസ്ഥാന ടൂറിസം വകുപ്പിനും GI ടൂറിസത്തെക്കുറിച്ച് ചിന്തിക്കാവുന്നതാണ്. ആലപ്പുഴയില്‍ വരുന്ന വിനോദസഞ്ചാരികള്‍ക്ക് അവിടത്തെ കയര്‍ പരിചയപ്പെടുത്താനും ആലപ്പുഴ ഏലം വാങ്ങാനുമൊക്കെ സംവിധാനമൊരുക്കാം. മധ്യതിരുവിതാംകൂറിലെ ശര്‍ക്കര നിര്‍മ്മാണം പരിചയപ്പെടുത്താം. പാലക്കാട്ടെത്തുന്നവരെ മദ്ദളം നിര്‍മ്മിക്കുന്നത് കാട്ടിക്കൊടുക്കാം,
പയ്യന്നൂരിലെ പവിത്രമോതിര നിര്‍മ്മാണം എന്നിങ്ങനെ. GI തരുന്ന വലിയ സാധ്യതകള്‍ വാണിജ്യപരമായി പ്രയോജനപ്പെടുത്താന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. ഇനിയും ഏറെ GI നേടിയെടുക്കാനും കഴിയേണ്ടതുണ്ട്. ഇതിനുളള അപേക്ഷ സമര്‍പ്പിക്കേണ്ട രീതിയും മറ്റും അറിയാന്‍ http://www.ipindia.nic.in/registered-gls.htm ഈ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.