പലിശനിരക്കുകള്‍ കൂടുന്നത് വായ്പയെടുക്കുന്നവരെ സംബന്ധിച്ച് സന്തോഷകരമായ വാര്‍ത്തയല്ല. എന്നാല്‍ പണം ഫിക്‌സഡ് ഡെപ്പോസിറ്റായി നിക്ഷേപിക്കുന്നവരിലേക്ക് വരുമ്പോള്‍ ചിത്രം മാറും. കാലം കുറച്ചായി റിസര്‍വ് ബാങ്ക് പലിശനിരക്ക് കൂട്ടുന്നതും കാത്ത് ഇക്കൂട്ടര്‍ ഇരിക്കാന്‍ തുടങ്ങിയിട്ട്. എന്തായാലും വൈകാതെ പലിശനിരക്കുകള്‍ കൂട്ടുമെന്ന് റിസര്‍വ് ബാങ്ക് സൂചിപ്പിച്ചുകഴിഞ്ഞു.
ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍ക്കുള്ള കുറഞ്ഞ പലിശനിരക്ക് നിക്ഷേപകരുടെ പ്രധാന ആശങ്കയാണ്. രാജ്യത്തെ വലിയ ശതമാനം മുതിര്‍ന്ന പൗരന്മാരും ഫിക്‌സഡ് ഡിപ്പോസിറ്റുകളെ ആശ്രയിച്ചാണ് വാര്‍ധക്യകാലത്ത് സ്ഥിരവരുമാനം കണ്ടെത്തുന്നത്. എന്തായാലും പലിശനിരക്ക് കൂടുമ്പോള്‍ ഫിക്‌സഡ് ഡിപ്പോസിറ്റകളില്‍ കിട്ടിക്കൊണ്ടിരിക്കുന്ന പലിശവരുമാനം വര്‍ധിക്കും.
ഇതേസമയം, ഭവന വായ്പ, വാഹന വായ്പ, സ്വകാര്യ വായ്പ, വിദ്യാഭ്യാസ വായ്പ എടുത്തവര്‍ക്കൊക്കെ പലിശയിനത്തില്‍ കൂടുതല്‍ അടവ് വരുമെന്ന കാര്യവും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം.
നിലവില്‍ വായ്പാനയം റിസര്‍വ് ബാങ്ക് പുതുക്കിയിട്ടില്ല. അതായത് പലിശനിരക്ക് മാറിയിട്ടില്ലെന്ന് സാരം. എന്നാല്‍ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട കരുതല്‍ പണത്തിന്റെ അനുപാതം (ക്യാഷ് റിസര്‍വ് റേഷ്യോ) രണ്ടു ഘട്ടമായി പുനഃസ്ഥാപിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചിട്ടുണ്ട്.
മാര്‍ച്ച് 27 മുതല്‍ ക്യാഷ് റിസര്‍വ് റേഷ്യോ 3.5 ശതമാനമായിരിക്കും. മെയ് 22 മുതല്‍ ഇത് 4 ശതമാനമായി നിജപ്പെടും. ഈ സാഹചര്യത്തില്‍ രാജ്യത്തെ ബാങ്കുകളുടെ കൈവശമുള്ള പണലഭ്യത കുറയും. അതായത് വായ്പയും മറ്റും അനുവദിക്കാന്‍ ബാങ്കുകളുടെ കയ്യില്‍ പണം പോരാതെ വരും. ഈ പ്രശ്‌നം തരണം ചെയ്യാന്‍ പലിശനിരക്ക് കൂട്ടുകയേ ബാങ്കുകള്‍ക്ക് മുന്നിലുള്ള ഉപാധി.
2013 ഫെബ്രുവരി മുതല്‍ 2020 ജനുവരി വരെ ക്യാഷ് റിസര്‍വ് റേഷ്യോ 4 ശതമാനമായിരുന്നു. കഴിഞ്ഞവര്‍ഷം കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് രാജ്യത്തെ ബാങ്കുകളുടെ കരുതല്‍ പണ അനുപാതം വെട്ടിക്കുറച്ചത്. ക്യാഷ് റിസര്‍വ് റേഷ്യോ പഴയ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാനൊരുങ്ങുന്ന സാഹചര്യത്തില്‍ മുന്നോട്ട് പലിശനിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്കിന് ഉദ്ദേശമില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. ബാങ്കുകളും വരാനിരിക്കുന്ന യോഗങ്ങളില്‍ ഇക്കാര്യം പരിഗണിക്കും.
കോവിഡിന് മുന്‍പ്, Cash reserve ratio 4% മായിരുന്ന കാലത്ത് SBI Fixed Deposit കള്‍ക്ക് 6% പലിശനിരക്കാണ് വാഗ്ദാനം ചെയ്തിരുന്നത്. Cash reserve ratio 5.4 വെട്ടിക്കുറച്ചതിന് പിന്നാലെ Fixed Deposit കളുടെ പലിശനിരക്ക് 5.4% മായാണ് കുറഞ്ഞതും.