പേവിഷബാധ നിര്‍മ്മാര്‍ജനത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. ഈ വിഷയത്തില്‍ പുരോഗതി വിലയിരുത്തി തുടര്‍നടപടികള്‍ സ്വീകരിയ്ക്കുന്നതിന് 15.09.2022 ന് മൃഗസംരക്ഷണവകുപ്പു മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥരുടേയും യോഗം കൂടുകയും തുടര്‍ നടപടികള്‍ സമയബന്ധിതമായി കൈകൊള്ളുന്നതിന് തീരുമാനിയ്ക്കുകയും ചെയ്തു. സെപ്തംബര്‍ മാസം പേവിഷ പ്രതിരോധ മാസമായാണ് ആചരിയ്ക്കുന്നത്. വാര്‍ഡുതലത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് വളര്‍ത്തുനായ്ക്കള്‍ക്ക് മൃഗസംരക്ഷണ വകുപ്പ് റാബീസ് ഫ്രീ കേരള പദ്ധതി പ്രകാരം, പ്രതിരോധ കുത്തിവയ്പ് നടത്തി വരുന്നു.
2022 വര്‍ഷം ഏപ്രില്‍ മുതല്‍ നാളിതു വരെ വളര്‍ത്തു നായ്ക്കളില്‍ 2,00,000 പേവിഷ പ്രതിരോധ കുത്തിവയ്പ് ഇപ്രകാരം നടത്തിയിട്ടുണ്ട്. ഇതു കൂടാതെ 1.2ലക്ഷം പേവിഷ പ്രതിരോധ കുത്തിവെയ്പുകള്‍ കടിയേറ്റ മൃഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. .ഈ വിഷയത്തില്‍ 26.07.2022 ന് നടന്ന വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓര്‍ഡിനേഷൻ കമ്മിറ്റിയില്‍ വളര്‍ത്തുനായ്ക്കള്‍ക്ക് നിര്‍ബന്ധിത പേവിഷ പ്രതിരോധകുത്തിവെപ്പും ലൈസൻസും നിര്‍ബന്ധമാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പ് ഈ വിഷയത്തില്‍ സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും ഉദ്യോഗസ്ഥരുടെ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
പേവിഷബാധ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് സന്നദ്ധ സംഘടനകള്‍,റസിഡൻസ് അസോസിയേഷനുകള്‍ എന്നിവയുമായി ചേര്‍ന്നു കൊണ്ട് സ്ക്കൂളുകള്‍ ഉള്‍പ്പെടെ വ്യാപകമായ ബോധവല്‍ക്കരണ ക്യാമ്പെയിന്‍ സംഘടിപ്പിച്ചു വരുന്നു. മൃഗസംരക്ഷണ വകുപ്പിന്റെ കൈവശമുളള ആറ് ലക്ഷം ഡോസ് വാക്സിന്‍ എല്ലാ മൃഗാശുപത്രികള്‍ക്കും കൈമാറിയിട്ടുണ്ട്. ഇനിയും നാലു ലക്ഷത്തോളം വാക്സിനുകളാണ് ജില്ലകളില്‍ നിന്നും ആവശ്യപ്പെട്ടിട്ടുളളത്. അവ വാങ്ങി വിതരണം ചെയ്യുന്നതിനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
തെരുവുനായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെയ്പ്
സംസ്ഥാനത്ത് തെരുവുനായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെയ്പ് സെപ്തംബര്‍ 20 മുതല്‍ ആരംഭിയ്ക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.ഇതിനു വേണ്ടി ഹോട്ട് സ്പോട്ടുകള്‍ മൃഗസംരക്ഷണ വകുപ്പ് പഞ്ചായത്തു തലത്തില്‍ കണ്ടെത്തിയിട്ടുണ്ട്.സൗജന്യമായി വാക്സിൻ മൃഗസംരക്ഷണ വകുപ്പ് വിതരണം ചെയ്യും.ഡോഗ് ക്യാച്ചര്‍മാര്‍,വാഹനം എന്നിവയുമായി ബന്ധപ്പെട്ട ചെലവുകള്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കുന്നതാണ്. സംസ്ഥാനാടിസ്ഥാനത്തില്‍ നിലവില്‍ 78 ഡോഗ് ക്യാച്ചര്‍മാരെ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.കൂടുതല്‍ ഡോഗ് ക്യാച്ചര്‍മാരെ കണ്ടെത്തി വകുപ്പിന്റെ പരിശീലന കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിച്ചു വരുന്നു.
അനിമല്‍ ഷെല്‍ട്ടര്‍
തെരുവുനായ്ക്കളെ പുനരധിവസിപ്പിയ്ക്കുന്നതിന് പ്രാദേശികതലത്തില്‍ അനിമല്‍ ഷെല്‍ട്ടര്‍ ആരംഭിയ്ക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ മൃഗക്ഷേമ പ്രവര്‍ത്തകരുടെ സഹകരണത്തോടെയായിരിയ്ക്കും ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിയ്ക്കുന്നത്.
തെരുവുനായ നിയന്ത്രണം
സംസ്ഥാനത്ത് 2017 മുതല്‍ തെരുവുനായ നിയന്ത്രണ പദ്ധതി 8 ജില്ലകളില്‍ (തിരുവനന്തപുരം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,തൃശ്ശൂര്‍,എറണാകുളം,വയനാട്) കുടുംബശ്രീ മുഖേനയാണ് നടപ്പിലാക്കിയിരുന്നത്. മറ്റുളള ജില്ലകളില്‍ മൃഗസംരക്ഷണ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നു കൊണ്ടാണ് പദ്ധതി നടപ്പിലാക്കിയിരുന്നത്. കുടുംബശ്രീയ്ക്ക് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ അംഗീകാരം ഇല്ലാത്തതിനാല്‍ ഹൈക്കോടതിയില്‍ നിലവിലുള്ള WP(C) No. 13204/2021 തീയതി 19/07/2021 ലെ ഇടക്കാല വിധി പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കുടുംബശ്രീ മുഖാന്തിരം ABC പദ്ധതി നടപ്പിലാക്കുന്നത് തടഞ്ഞുകൊണ്ട് ഉത്തരവുണ്ടായിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച 27/12/2021ലെ സ.ഉ. (സാധാ) നം. 474/2021/AHD നമ്പര്‍ ഉത്തരവ് പ്രകാരം കുടുംബശ്രീ മുഖേനയുള്ള ABC പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നിര്‍ത്തിവയ്ക്കുകയുണ്ടായി. 2017 മുതല്‍ 2021 വരെയുളള കാലയളവില്‍ കുടുംബശ്രീ മുഖാന്തിരം 79,426 നായ്ക്കളില്‍ വന്ധീകരണം നടത്തുകയുണ്ടായി.
തുടര്‍ന്ന് കുടുംബശ്രീ ഈ വിഷയത്തില്‍ ഇടപെടുകയും അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇൻഡ്യയ്ക്ക് അപേക്ഷ നേരിട്ട് നല്കുകയും ചെയ്തു. തൃശൂര്‍, എറണാകുളം ജില്ലകളിലെ കുടുംബശ്രീയുടെ എ. ബി. സി കേന്ദ്രങ്ങള്‍ അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ നിന്നുള്ള സംഘം നേരിട്ട് പരിശോധിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കാരണം പ്രസ്തുത കുടുംബശ്രീ എ. ബി. സി. യൂണിറ്റുകള്‍ക്ക് അംഗീകാരം ലഭിച്ചിട്ടില്ല. കൂടാതെ ഈ വിഷയം ബഹു.ഹൈക്കോടതിയുടെ പരിഗണനയിലുമാണ്.
സംസ്ഥാനത്ത് നിലവില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിയ്ക്കുന്ന സ്ടീറ്റ് ഡോഗ് വാച്ച് എന്ന മൃഗക്ഷേമ സംഘടനയ്ക്ക് മാത്രമാണ് കേരളത്തില്‍ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇൻഡ്യയുടെ അനുമതി എ ബി സി പദ്ധതിക്കായി ലഭിച്ചിട്ടുളളത്.
നിലവില്‍ സംസ്ഥാനത്ത് എബിസി ചെയ്യുന്നതിന് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇൻഡ്യയുടെ അനുമതിയുളള സംഘടനകള്‍ ആവശ്യത്തിന് ഇല്ലാത്തതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നേരിട്ട് പദ്ധതി നടപ്പിലാക്കാവുന്നതാണ്. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുളള ആശുപത്രികളിലെ അടിസ്ഥാന സൗകര്യം ഉപയോഗിച്ചുകൊണ്ടും കരാറടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടര്‍മാര്‍, ഡോഗ് ക്യാച്ചര്‍മാര്‍,അറ്റന്‍ഡന്റ് എന്നിവരെ നിയോഗിച്ചു കൊണ്ട് പദ്ധതി നടപ്പിലാക്കാവുന്നതാണ്.ഇതു സംബന്ധിച്ച തീരുമാനം 26.07.2022 ന് നടന്ന വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓര്‍ഡിനേഷൻ കമ്മിറ്റിയില്‍ ഉണ്ടായിട്ടുണ്ട്.ഈ വിഷയത്തില്‍ 23.08.2022 ന് തദ്ദേശസ്വയംഭരണ വകുപ്പ് സ.ഉ(സാധാ)നമ്പര്‍. 2065/2022/LSGD ഉത്തരവ് പുറപ്പെടുവിയ്ക്കുകയുണ്ടായി.
മുൻ കാലങ്ങളില്‍ ജില്ലാ പഞ്ചായത്തുകളും,കോര്‍പ്പറേഷനുകളും ഇപ്രകാരം പദ്ധതി നടപ്പിലാക്കിയിരുന്നു. നിലവില്‍ സംസ്ഥാനത്ത് കൊല്ലം,പാലക്കാട്, കോഴിക്കോട്,വയനാട്, കണ്ണൂര്‍ ജില്ലകളില്‍ മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തുക വിനിയോഗിച്ച് എബിസി പ്രവര്‍ത്തനം നടത്തി വരുന്നു.2021 വര്‍ഷത്തില്‍ ഈ അഞ്ചു ജില്ലകളിലായി 18,550 തെരുവുനായ്ക്കളെ വന്ധീകരിച്ചിട്ടുണ്ട്.ഈ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ മറ്റു ജില്ലകളിലേയ്ക്കും വ്യാപിപ്പിയ്ക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ നിലവിലുളള എബിസി സെന്ററുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി കൊണ്ട് പദ്ധതി കൂടുതല്‍ കാര്യക്ഷമമായി നടത്തുന്നതിനാണ് ഉദ്ദേശിയ്ക്കുന്നത്.
ഇപ്രകാരം സര്‍ക്കാര്‍ നേരിട്ട് പദ്ധതി നടപ്പിലാക്കുന്നതിന് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ അനുമതി ആവശ്യമായി വരുന്നില്ല.ഇതിനായി വേണ്ടുന്ന തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതി വിഹിതത്തില്‍ വകയിരുത്തണം.ജില്ലാ/ബ്ലോക്ക് പഞ്ചായത്തുകള്‍ ജില്ലയിലുളള എബിസി കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി തുക വകയിരുത്തണം. അതോടൊപ്പം ജില്ലയില്‍ ആവശ്യമായ വെറ്ററിനറി ഡോക്ടര്‍മാര്‍,ഡോഗ് ക്യാച്ചര്‍മാര്‍,മൃഗപരിപാലകര്‍ എന്നിവരെ മൃഗസംരക്ഷണ വകുപ്പ് ഇന്റര്‍ വ്യൂ ചെയ്ത് എംപാനല്‍ ചെയ്യുന്നതിന് നടപടി സ്വീകരിച്ചു വരുന്നു. ഓരോ എബിസി യൂണിറ്റിന്റേയും പരിധിയില്‍ വരുന്ന ഗ്രാമ പഞ്ചായത്തുകള്‍,മുൻസിപ്പാലിറ്റികള്‍ എന്നിവ തങ്ങളുടെ പ്രദേശത്തെ തെരുവുനായ്ക്കളുടെ എണ്ണത്തിനനുസരിച്ചുളള തുക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രോജക്ട് സമര്‍പ്പിയ്ക്കേണ്ടതാണ്. പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിന് എബിസി ഡോഗ് റൂള്‍ പ്രകാരമുളള ഒരു മോണിറ്ററിംഗ് സമിതിയും ഓരോ എബിസി യൂണിറ്റിലും പ്രവര്‍ത്തിയ്ക്കണം.
ഈ വിഷയത്തില്‍ 20.08.2022 ന് മൃഗസംരക്ഷണ വകുപ്പ് എല്ലാ ജില്ലാ തല ഉദ്യോഗസ്ഥരുടോയും യോഗം വിളിച്ചു കൂട്ടുകയും പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. ആയതു പ്രകാരം ഓരോ ജില്ലയിലും എബിസി പദ്ധതി ആരംഭിയ്ക്കുന്നതിനുളള കേന്ദ്രങ്ങള്‍ ജില്ലകളില്‍ കണ്ടെത്തുന്നതിന് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.പ്രസ്തുത കേന്ദ്രങ്ങളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ എന്തൊക്കെയാണെന്നും ആയതിന് ആവശ്യമായ തുക ജില്ലാ പഞ്ചായത്തിന്റെ വിഹിതത്തിലുള്‍പ്പെടുത്താൻ വേണ്ട നടപടികള്‍ കൈകൊള്ളാൻ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.ഈ വിഷയത്തില്‍ പുരോഗതി വിലയിരുത്തി തുടര്‍നടപടികള്‍ സ്വീകരിയ്ക്കുന്നതിന് 15.09.2022 ന് മൃഗസംരക്ഷണവകുപ്പു മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥരുടേയും യോഗം കൂടുകയും തുടര്‍ നടപടികള്‍ സമയബന്ധിതമായി കൈകൊള്ളുന്നതിന് തീരുമാനിയ്ക്കുകയും ചെയ്തു.സംസ്ഥാനത്ത് 37 എബിസി സെന്ററുകള്‍ പ്രവര്‍ത്തിപ്പിയ്ക്കുന്നതിന് ആവശ്യമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.2ബ്ലോക്കുകള്‍ക്ക് ഒരു എബിസി കേന്ദ്രം എന്ന നിലയില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ ആരംഭിയ്ക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
സംസ്ഥനത്ത് 340 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എബിസി ചെയ്യുന്നതിനായി 7.7 കോടിയോളം രൂപ മാറ്റി വച്ചിട്ടുണ്ട്.കൂടുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഈ പദ്ധതി ഏറ്റെടുക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശം നല്‍കുന്നതിന്, ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍മാര്‍ക്ക് വകുപ്പില്‍ നിന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.