വൈഗ 2023 - നോടുനുബന്ധിച്ചു വെള്ളായണി കാർഷിക കോളേജിൽ ഫെബ്രുവരി 25, 26, 27 ദിവസങ്ങളിൽ നടത്തിയ “വൈഗ - അഗ്രി ഹാക്കത്തോൺ” സമാപിച്ചു. കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് ആധുനിക സാങ്കേതിക വിദ്യയിലൂടെ പരിഹാരം കണ്ടെത്തുകയെന്നതായിരുന്നു ഹാക്കത്തോണിന്റെ പ്രധാന ലക്‌ഷ്യം.
കൃഷി വകുപ്പ് തിരഞ്ഞെടുത്തു നൽകിയ പതിനഞ്ചു പ്രശ്നങ്ങൾക്ക് പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിച്ച 101 ടീമുകളിൽ നിന്നും പ്രാഥമിക വിലയിരുത്തലിലൂടെ തെരഞ്ഞെടുത്ത 30 ടീമുകളാണ് കാർഷിക കോളേജിൽ ഗ്രാന്റ്ഫിനാലയിൽ പങ്കെടുത്തത്. ഇതിൽ നിന്നും തെരഞ്ഞെടുത്ത 17 ടീമുകൾക്ക് അവസാനഘട്ട പവർ ജഡ്ജ്മെന്റിൽ പ്രവേശിക്കാനായി. പ്രശ്നപരിഹാര മാർഗങ്ങൾ ഓപ്പൺ ഫോറത്തിന് മുൻപായി അവതരിപ്പിച്ചു. കൃഷിയുടെ വിവിധ ഘട്ടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് വൈവിധ്യമാർന്ന നൂതന ആശയങ്ങളും പരിഹാരമാർഗ്ഗങ്ങളുമാണ് അവതരിപ്പിക്കപ്പെട്ടത്. ജഡ്ജിങ്ങ് പാനലിനു പുറമേ ജനപ്രതിനിധികൾ, കൃഷി വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ, കാർഷിക സർവകലാശാലാ പ്രധിനിധികൾ, മീഡിയ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. കോളേജ്, സ്റ്റാർട്ടപ്പ്, പൊതുവിഭാഗം എന്നിങ്ങനെ 3 വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. പവർ ജഡ്‌ജിമെന്റിൽ വിജയികളായവരുടെ ആശയങ്ങൾ കാർഷിക മേഖലക്ക് മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോളേജ് വിഭാഗത്തിൽ ഒന്നാം സമ്മാനം ടീം മാക്സ് ക്യൂ (ഫോൺ: നവനീത് – 8281765037)വിനാണ് ലഭിച്ചത്. കാലാവസ്ഥയുടെ വിവിധ ഘടകങ്ങൾ പരിശോധിച്ച് മുഞ്ഞ ബാധ ഉണ്ടായേക്കാവുന്ന സാഹചര്യം മുൻകൂട്ടി കണ്ട് കർഷകർക്ക് മുന്നറിയിപ്പ് നൽകുന്നതിനും, റിമോട്ട് സെൻസിംഗ് ഇമേജുകൾ, ഡ്രോൺ ക്യാമറ എന്നിവ ഉപയോഗിച്ച് എടുക്കുന്ന നെൽപ്പാടങ്ങളുടെ ചിത്രങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ വിശകലനം ചെയ്തു മുഞ്ഞ (BPH) ന്റെ ആക്രമണത്തെക്കുറിച്ചുള്ള വിശദശാംശങ്ങളും, പ്രതിരോധ മാർഗ്ഗങ്ങളും കർഷകരെ അറിയിക്കുന്നതിനും രാസവളങ്ങളും, കീടനാശിനികളും ആവശ്യമായ സ്ഥലത്തും, അളവിലും പ്രയോഗിക്കുന്നതിനും സഹായകമായ സംവിധാനം തയ്യാറാക്കി. കീടബാധ പ്രതിരോധിക്കുന്നതിനും, കൃത്യമായ പ്രതിരോധ പ്രവർത്തനങ്ങൾ കൈകൊള്ളുന്നതിനും സാധിക്കുന്നത് വഴി, വിള സംരക്ഷണം, മെച്ചപ്പെട്ട വിളവ്, കൂടുതൽ ആദായം എന്നിവ കർഷകർക്ക് നേട്ടമുണ്ടാക്കും.
സ്റ്റാർട്ടപ്പ് വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയത് ടീം ഫ്യൂസിലേജ് ഇന്നോവേഷൻസാണ് (ഫോൺ: നിതിൻ ഗീവർഗീസ് – 8089898046). ഡ്രോണുകളുടെ സഹായത്തോടെ വന്യമൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്തി പ്രതിരോധിക്കുന്നതിനുളള ആധുനിക സങ്കേതം. കൃഷിയിടങ്ങളിൽ എത്തുന്ന വിവിധയിനം വന്യമൃഗങ്ങളെ തിരിച്ചറിയുന്നതിനും അതിന്റെ അടിസ്ഥാനത്തിൽ സ്ഥലവാസികൾക്കു അറിയിപ്പുകൾ നൽകുന്നതിനും, ഒപ്പം പ്രത്യേക തരം അൾട്രാസോണിക് ശബ്ദതരംഗങ്ങൾ പുറപ്പെടുവിച്ച് വിവിധയിനം വന്യമൃഗങ്ങളെ തുരത്തുന്നതിനുമുള്ള സങ്കേതം തയ്യാറാക്കി. കേരളത്തിലുടനീളം, വന്യമൃഗങ്ങളുടെ ആക്രമണം മൂലം കൃഷിക്കും, മനുഷ്യനും നാശനഷ്ട മുണ്ടാകുന്ന സാഹചര്യത്തിൽ, ഫലപ്രദമാക്കാവുന്ന സ്വയം പ്രവർത്തിക്കുന്ന ആധുനിക സംവിധാനം കർഷകരുടെ ജീവനും കൃഷിക്കും ആശ്വാസമേകുന്നതാണ്.
പൊതു വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയത് ടീം കൊക്കോ ബോട്ട് (ഫോൺ: അഷിൻ പി കൃഷ്ണ – 9847429917) ആണ്. റോബോട്ടിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന, നാളികേരം വിളവെടുക്കുന്ന സംവിധാനം. ഏതു തരം തെങ്ങിൻ തടിയിലൂടെയും നീങ്ങി, തെങ്ങിന്റെ മണ്ടയിൽ എത്തി, നാളികേരം, നിറം എന്നിവ തിരിച്ചറിഞ്ഞു മൂപ്പെത്തിയ നാളികേരം മാത്രം റോബോട്ടിക് കൈ ഉപയോഗിച്ച് അടർത്തിയെടുക്കാൻ കഴിയുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സങ്കേതങ്ങൾ ഉപയോഗപ്പെടുത്തികൊണ്ടുള്ള വയർലസ് സംവിധാനം തയ്യാറാക്കി. നാളികേരം വിളവെടുക്കുന്നതിന്, തൊഴിലാളികളെ ലഭ്യമാകാത്ത സാഹചര്യത്തിൽ ഫലപ്രദമായി ഈ സംവിധാനം ഉപയോഗപ്പെടുത്താം.
കോളേജ് വിഭാഗത്തിൽ രണ്ടാം സമ്മാനം നേടിയത് ടീം ബിജാസ് (ഫോൺ: സജിൻ ജോർജ് സോണി – 8078194032) ആണ്. ഹൈഡ്രോപോണിക്സ് കൃഷിയുടെ സമഗ്രമായ നിർവഹണത്തിന് സഹായകരമായ ഓട്ടോമാറ്റിക് സങ്കേതം. സെൻസറുകൾ ഐഒടി സാങ്കേതികവിദ്യകൾ എന്നിവ സംയോജിപ്പിച്ചുകൊണ്ട് മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന സംവിധാനം. ഹൈഡ്രോപോണിക്സ് സംവിധാനം ഫലപ്രദമായി നിയന്ത്രിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും സഹായിക്കും.
സ്റ്റാർട്ടപ്പ് വിഭാഗത്തിൽ രണ്ടാം സമ്മാനം നേടിയത് ഡീപ് ഫ്ലോ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് (ഫോൺ: അത്രി ആനന്ദ് – 9895386159) ആണ്. മണ്ണ് ശാസ്ത്രീയമായി പരിപാലിക്കുന്നതിനും പാക്കേജ് ഓഫ് പ്രാക്ടീസ് അനുസരിച്ചുള്ള സമീകൃത വളപ്രയോഗത്തിനും സഹായിക്കുന്ന സങ്കേതം. മണ്ണിന്റെ വിവിധ സൂചകങ്ങൾ വിവരങ്ങൾ സെൻസറുകളുടെ സഹായത്തോടെ ശേഖരിച്ച് വിശകലനം ചെയ്യുന്നതിനും മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്നതിനും കഴിയുന്നു. മണ്ണിന്റെ ഫലപ്രദമായ ഉപയോഗവും സംരക്ഷണവും പരിപാലനവും സാധ്യമാക്കുന്നതിന് കർഷകരെയും ഉദ്യോഗസ്ഥരെയും സഹായിക്കുന്നു.
പൊതു വിഭാഗത്തിൽ രണ്ടാം സമ്മാനം നേടിയത് ഫാം ഫ്ലയർ (ഫോൺ: എബിൻ കെ ജോൺ - 9961427615) ആണ്. നെല്ലിന്റെ പൊടി വിതയ്ക്ക് അനുയോജ്യമായ ഡ്രോൺ അധിഷ്ഠിത സാങ്കേതികവിദ്യ. ഡ്രോണിന്റെ സഹായത്തോടെ സീഡ് പെല്ലറ്റുകൾ നേരിട്ട് നെൽപ്പാടങ്ങളിൽ വിതയ്ക്കുവാനുള്ള സംവിധാനം തയ്യാറാക്കി. നിലവിലുള്ള മറ്റു മാർഗ്ഗങ്ങളേക്കാൾ ചെലവ് കുറഞ്ഞ സാങ്കേതികവിദ്യ. മനുഷ്യ വിഭവിശേഷി ലഭ്യമല്ലാത്ത അവസരത്തിലും മറ്റു പ്രതികൂല സാഹചര്യങ്ങളിലും സുഗമമായ വിത്തുകൾ സാധ്യമാക്കാം.
കോളേജ് വിഭാഗത്തിൽ മൂന്നാം സമ്മാനം നേടിയത് ഇന്നോവേറ്റീവ് അഗ്രോ സൊല്യൂഷൻ ലിമിറ്റഡ്(ഫോൺ: റിതുജ സുരേഷ് - 9072718041) ആണ്. വിവിധയിനം ആധുനിക സെൻസറുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുടെ സഹായത്തോടെ നെല്ലിലെ മുഞ്ഞ (BPH) എന്ന കീടത്തിന്റെ ആക്രമണത്തെ സംബന്ധിച്ച് മുൻകൂറായി കർഷകർക്കും, കൃഷി ഓഫീസർമാർക്കും വിവരം നൽകാൻ കഴിയുന്ന സംവിധാനം തയ്യാറാക്കി. പ്രതിരോധ മാർഗ്ഗങ്ങൾ കൃത്യതയോടെ, ആവശ്യമായ സ്ഥലങ്ങളിൽ മാത്രം നൽകുന്നതിനും അതിലൂടെ, വിള സംരക്ഷണം, മികച്ച വിളവ്, കുറഞ്ഞ കീടപ്രതിരോധ ചെലവ് എന്നിവ പ്രാവർത്തികമാക്കാനും കഴിയും.
സ്റ്റാർട്ടപ്പ് വിഭാഗത്തിൽ മൂന്നാം സമ്മാനം നേടിയത് ടീം ഐവിസ് (ഫോൺ: പ്രത്യാശ് ജെ ബിനു - 9846602003) ആണ്. കൃഷിയിടങ്ങളിലെത്തുന്ന വന്യമൃഗങ്ങളെ തിരിച്ചറിഞ്ഞ്, പ്രദേശവാസികൾക്കും കർഷകർക്കും മുന്നറിയിപ്പ് നൽകുന്ന സംവിധാനം തയ്യാറാക്കി. ജിയോ ഫെൻസിങ് ചെയ്ത കൃഷിയിടങ്ങളിൽ, മൃഗത്തിന്റെ സാനിധ്യവും സ്ഥാനവും തിരിച്ചറിഞ്ഞ് ശബ്ദ തരംഗങ്ങൾ പുറപ്പെടുവിച്ച് മൃഗങ്ങളെ അകറ്റുന്നതിന് സാധിക്കുന്നു. നിലവിലെ സാഹചര്യത്തിൽ ആനയുടെ ആക്രമണം ഫലപ്രദമായി തടയാൻ കഴിയും.
പൊതു വിഭാഗത്തിൽ മൂന്നാം സമ്മാനം നേടിയത് സിബ്.ലിംഗ്സ് (ഫോൺ: കിഷോർ വി ഗോപാൽ - 9188628722) ആണ്. ചക്ക വിളവെടുക്കുന്നതിനായി രൂപപ്പെടുത്തിയിട്ടുള്ള യന്ത്ര സംവിധാനം പ്ലാവിന്റെ ഉയരം അനുസരിച്ച് നിയന്ത്രിക്കാവുന്നതും, ചക്കയുടെ ഗുണനിലവാരം ഉറപ്പാക്കാൻ കഴിയുന്നതുമായ സംവിധാനം. ചക്ക വിളവെടുപ്പ് സുഗമവും കാര്യക്ഷമമാക്കുന്നതിനും ഇതുവഴി സാധിക്കും.