കേരള സംസ്ഥാന സർക്കാർ - കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ കാർഷികോത്സവത്തിന്റെ ഭാഗമായി, വിദ്യാർത്ഥികൾ, സ്റ്റാർട്ടപ്പുകൾ, പ്രൊഫഷണലുകൾ,കർഷകർ തുടങ്ങിയ പൊതു ജനങ്ങളെ പങ്കെടുപ്പിച്ചു നടത്തപ്പെടുന്ന കേരളത്തിന്റെ കാർഷിക രംഗത്തെ ഏറ്റവും വലിയ ഹാക്കത്തോൺ മത്സരമാണ് “വൈഗ - അഗ്രിഹാക്ക് 2021”.
കൃഷി, ബന്ധപ്പെട്ട ഭരണ നിർവ്വഹണ രംഗം, കാർഷിക മേഖലയിലേക്ക് കൂടുതൽ യുവജന പങ്കാളിത്തം തുടങ്ങിയ മേഖലകളിൽ നിലവിലുള്ള വിഷയങ്ങൾക്ക് സാങ്കേതികവും അല്ലാതെയുമുള്ള പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുക എന്ന ലക്‌ഷ്യത്തോടെയാണ് കേരള സംസ്ഥാന കൃഷി വകുപ്പ് വൈഗ -അഗ്രിഹാക്ക് 2021 അവതരിപ്പിക്കുന്നത്.
സ്‌കൂൾ വിദ്യാർഥികൾ, ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികൾ,കർഷകർ, സ്റ്റാർട്ട് അപ്പുകൾ, പൊതുജനങ്ങൾ തുടങ്ങിയവർക്ക് പ്രോബ്ലം സ്റ്റേറ്റ്മെന്റുകൾ തിരഞ്ഞെടുത്തു പ്രശ്ന പരിഹാര മത്സരത്തിൽ പങ്കാളികളാകാൻ അവസരം നൽകുന്നു.
www.vaigaagrihack.in എന്ന ഔദ്യോഗിക വെബ്സൈറ്റ് മുഖേന ടീമുകൾക്ക് ജനുവരി 22 മുതൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. തുടർന്ന് ജനുവരി 31 വരെ പ്രോബ്ലം സ്റ്റേറ്റ്മെന്റുകൾ തിരഞ്ഞെടുത്ത് അവയ്ക്കുള്ള പരിഹാരം നിർദ്ദേശിക്കാവുന്നതാണ്. രണ്ടു മുതൽ അഞ്ചു പേര് വരെ അടങ്ങുന്നതായിരിക്കും ഒരു ടീം. വിദഗ്ധരടങ്ങുന്ന ജൂറി പാനൽ ഏറ്റവും മികച്ച 20 ടീമുകളെ വീതം ഓരോ കാറ്റഗറിയിൽ നിന്നും തെരഞ്ഞെടുക്കുന്നു.
ഇത്തരത്തിൽ തെരെഞ്ഞെടുക്കപ്പെട്ട ടീമുകൾ 2021 ഫെബ്രുവരി 11 മുതൽ 13 വരെ തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ വച്ച് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരക്കുന്നതായിരിക്കും. മത്സരാർത്ഥികൾ, അവർ നിർദ്ദേശിച്ച പ്രശ്ന പരിഹാരം (സൊല്യൂഷൻ) പ്രായോഗിക തലത്തിലേക്ക് എത്തിക്കാവുന്ന വിധം വികസിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യണം.
വിത്യസ്ത ഘട്ടങ്ങളായി നടക്കുന്ന വിലയിരുത്തലിൽ മികച്ച 10 ടീമുകളെ വീതം പവർ ജഡ്ജ്മെന്റ് എന്ന അവസാന റൗണ്ടിലേക്ക് കണ്ടെത്തുന്നു. പവർ ജഡ്ജെമെന്റ് എന്നറിയപ്പെടുന്ന ഈ റൗണ്ടിലെ വിജയികളാകും ഹാക്കത്തോൺ വിജയികൾ. പ്രായോഗികത, സാമൂഹിക പ്രസക്തി, സുതാര്യത,സാങ്കേതിക മികവ്, ചിലവ് തുടങ്ങിയവ കണക്കിലെടുത്തായിരിക്കും വിദഗ്ദ്ധരടങ്ങുന്ന ജൂറി വിജയികളെ തെരെഞ്ഞെടുക്കുന്നത്.
ഓരോ വിഭാഗത്തിലെയും ആദ്യ മൂന്നു സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസ്, സർട്ടിഫിക്കറ്റുകൾ എന്നിവ നൽകുന്നു. ഫെബ്രുവരി 14 നു സമ്മാനദാനം നിർവ്വഹിക്കപ്പെടും. തെരഞ്ഞെടുക്കുന്ന നൂതനമായ ആശയങ്ങളടങ്ങിയ പരിഹാര മാർഗ്ഗങ്ങൾ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിൽ വരുത്തുന്നതിന് ശ്രമിക്കുകയും ചെയ്യും.