തിരുവള്ളൂർ ജില്ലയിലെ വരദരാജപുരത്തിന്റെ ഊർജവും വെളിച്ചവും ഒരു കുട്ടം പശുക്കളിൽ നിന്നാണ് ഇപ്പോൾ ഉത്ഭവിക്കുന്നത്. വരദരാജപുരത്തെ റോഡുകളിലും ജലാശയങ്ങളിലും തള്ളിയിരുന്ന ചാണകത്തെ വൈദ്യുതിയാക്കി മാറ്റി പ്രദേശത്തെ മുഴുവൻ തെരുവുവിളക്കുകളും കത്തിക്കുകയാണു തിരുവള്ളൂർ ജില്ലാ ഭരണകൂടം, തിരുവള്ളൂർ ജില്ലാ ഗ്രാമവികസന ഏജൻസിയുമായി ചേർന്നു സ്മാർട്ടപ്പ് കമ്പനി നിർമിച്ച ബയോഗ്യാസ് പ്ലാന്റിൽ നിന്നാണു ചാണകം വൈദ്യുതിയും വളവുമാക്കി മാറ്റുന്നത്.
ഗ്രാമത്തിലെ നാനൂറിലേറെ പശുക്കളുടെ ചാണകമാണ് ഇതിനായി ഉപയോഗിക്കുന്നത്.
അതു കൊണ്ടു തന്നെ ഗ്രാമത്തിലെ പറമ്പുകളിലും വഴിയരികിലും ചാണകം കണ്ടാൽ ഗ്രാമീണരുടെ മുഖം ഇപ്പോൾ പ്രകാശിക്കും; ഗ്രാമത്തിന്റെയൊന്നാകെ വെളിച്ചമാണ് വഴിയരികിൽ വീണു കിടക്കുന്നത്.
920 വീടുകളും 4,300 ജനങ്ങളുമുള്ള ഈ ഗ്രാമത്തിൽ നാനൂറോളം പശുക്കളുണ്ട്. പാൽ വിൽപനയാണു ഗ്രാമീണരുടെ പ്രധാന വരുമാനം. പക്ഷേ, സ്ഥലം ലഭ്യമല്ലാത്തതിനാൽ ജലാശയങ്ങളിലും മറ്റുമാണു ചാണകം തള്ളിയിരുന്നത്. ഇതോടെ ജലാശയങ്ങൾ മലിനമാകാനും കടുത്ത ദുർഗന്ധം വമിക്കാനും തുടങ്ങി.
എന്നാൽ ഇപ്പോൾ ജലാശയങ്ങൾ ശുദ്ധമായെന്നു മാത്രമല്ല, ശുദ്ധമായ ഊർജം കൂടി ഈ ഗ്രാമത്തിനു ലഭിക്കുന്നു. 60 ലക്ഷം രൂപ ചെലവിൽ നിർമിച്ച ബയോഗ്യാസ് പ്ലാന്റിൽ നിന്നു 200 യൂണിറ്റ് വൈദ്യുതിയാണു ദിനംപ്രതി ഉൽപാദിപ്പിക്കുന്നത്. ഗ്രാമത്തിലെ മുഴുവൻ തെരുവു വിളക്കുകളും കത്തിക്കാൻ ഇതു ധാരാളം. മാത്രമല്ല ഒരു ലക്ഷത്തോളം രൂപ വൈദ്യുതിയിനത്തിൽ ലാഭിക്കാനും സാധിക്കുന്നു.
ഇടയ്ക്കൊന്നു വേഗം കുറഞ്ഞ പദ്ധതി, മലയാളിയായ ഡോ.ആൽബി ജോൺ കലക്ടർ പദവി ഏറ്റെടുത്തതോടെ കൂടുതൽ മികച്ച രീതിയിൽ പ്രകാശിക്കാൻ തുടങ്ങി. വീഥികളിൽ വെളിച്ചം വിതറുന്നതിനു പുറമേ ഗ്രാമത്തിന്റെ കാർഷിക അഭിവൃദ്ധിക്കു കാരണവും ഈ ബയോഗ്യാസ് പ്ലാന്റും ചാണവുമാണ്.
പ്ലാന്റിൽ നിന്നു ചാണകം വളമാക്കി മാറ്റി ജില്ലയിലെ രണ്ട് ഏക്കറോളം കൃഷിക്കും ഉപയോഗപ്പെടുത്തുന്നു. ജൈവ കൃഷി ചെയ്യുന്ന നൂറോളം കർഷകർക്കു വലിയ സഹായമായി മാറുകയാണ് ഈ സംവിധാനം. "ചാണകം വഴിയരികിൽ വീണു കിടക്കുന്നതു മൂലമുള്ള ബുദ്ധിമുട്ട് പരിഹരിക്കാൻ ഗ്രാമത്തിൽ നിന്നു തന്നെ വന്ന ആശയമാണിത്.
അതു മികച്ച രീതിയിൽ നടപ്പാക്കിയപ്പോൾ എല്ലാവർക്കും ഉപകാരപ്രദമായി. ഇടയ്ക്ക് എന്തൊക്കെയോ കാരണങ്ങൾ കൊണ്ടു മുടങ്ങിക്കിടന്ന പദ്ധതിയെ ഒന്ന് ഉഷാറാക്കിയെടുത്തെന്നു മാത്രം.'