1. Farm Tips

കോവൽകൃഷി ഇങ്ങനെ ചെയ്‌താൽ നല്ല കായ്‌ഫലം ലഭ്യമാക്കാം

മിക്കവരും നിസ്സാരമായി കാണുന്ന ഒരു പച്ചക്കറിയാണ് കോവയ്ക്ക. പക്ഷെ ഇത് ധാരാളം പോഷകങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ്. അധികം പരിചരണമൊന്നും കൂടാതെ തന്നെ എളുപ്പത്തിൽ വളർന്ന് കായ്ക്കാൻ തുടങ്ങുന്നതുകൊണ്ട്, ഏതു കാലാവസ്ഥയിലും ചെയ്യാവുന്ന ആദായകരമായ കൃഷിയാണിത്‌.

Meera Sandeep
Ivy guard farming can be done like this to get a good yield!
Ivy guard farming can be done like this to get a good yield!

മിക്കവരും നിസ്സാരമായി കാണുന്ന ഒരു പച്ചക്കറിയാണ് കോവയ്ക്ക. പക്ഷെ പോഷകങ്ങളുടെ കലവറയാണ് ഈ പച്ചക്കറി.  അധികം പരിചരണമൊന്നും കൂടാതെ തന്നെ എളുപ്പത്തിൽ വളർന്ന് കായ്ക്കാൻ തുടങ്ങുന്നതുകൊണ്ട്, പച്ചക്കറി കൃഷി ആരംഭിക്കാൻ താൽപര്യം ഉള്ള ഒരാൾക്ക്‌ ഏറ്റവും ആദ്യം തിരഞ്ഞെടുക്കാവുന്ന കൃഷിയാണ് കോവൽ കൃഷി.  ഏതു കാലാവസ്ഥയിലും ചെയ്യാവുന്ന ആദായകരമായ കൃഷിയാണിത്‌.

കോവൽ കൃഷി, വള്ളി പടർത്തി പന്തലുകെട്ടി പരിചരിക്കുന്നതാണ് ഏറ്റവും നല്ലത്. ഉദ്യാനത്തിലും മട്ടുപ്പാവിലും കൃഷി ചെയ്യാൻ എടുക്കുന്നതിന്റെ പകുതി ചെലവും പരിശ്രമവും മതി പോഷക സമ്പുഷ്ടമായ കായ്കൾ തരുന്ന ഒരു കോവൽ പന്തൽ ഉണ്ടാക്കാൻ. നല്ലനീർവാർച്ചയുള്ള മണ്ണിലും മട്ടുപ്പാവിലാണെങ്കിൽ ചാക്കിലും ചെടിച്ചട്ടിയിലും കോവൽ വളർത്താം. നല്ലവളക്കൂറുള്ള മണ്ണാണെങ്കിൽ കൃത്യമായ പരിചരണം കിട്ടിയാൽ കോവൽ വള്ളികൾ 60 മുതൽ 75 ദിവസം കൊണ്ട്‌ കായ്ക്കും.

കോവൽ കൃഷി ചെയ്യുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് തൈ തയ്യാറാക്കലാണ്‌. വീട്ടാവശ്യത്തിനായി  കൃഷി ചെയ്യുകയാണെങ്കിൽ ചെറിയ കവറുകളിൽ ആദ്യം വേരു പിടിപ്പിച്ച ശേഷമാണ്‌ മാറ്റി നടേണ്ടത്‌. ഉണക്കച്ചാണകപ്പൊടി, മണൽ, മേൽമണ്ണ്‌ എന്നിവ സമം ചേർത്ത്‌ ഉണക്കി ചെറിയ പോളിത്തീൻ കവറിൽ മുക്കാൽ ഭാഗം നിറച്ചു നടീൽ മിശ്രിതം തയ്യാറാക്കാം. നല്ല കായ്കൾ കിട്ടുന്ന മൂത്ത വള്ളികളിൽ നിന്നാണ്‌ നടീൽ വള്ളികൾ ശേഖരിക്കേണ്ടത്‌. നാല്‌ മുട്ടുകളുള്ള വള്ളിയാണ്‌ നടിലിനായി മുറിക്കേണ്ടത്‌. മുക്കാൽഭാഗം മിശ്രിതം നിറച്ച പ്ലാസ്റ്റിക്‌ കവറിൽ പാത്രത്തിൽ രണ്ട്‌ മുട്ടുകൾ താഴുന്ന രീതിയിലാണ്‌ വള്ളി കുത്തേണ്ടത്‌. വള്ളികുത്തുമ്പോൾ മൂടും തലയും മാറിപ്പോകരുത്‌. എന്നിട്ട്‌ ഇവ തണലിൽ സൂക്ഷിക്കണം. ആവശ്യത്തിനുമാത്രമേ നനയ്ക്കാൻ പാടുള്ളു.

ബന്ധപ്പെട്ട വാർത്തകൾ: വൃക്കകളിൽ ഉണ്ടാകുന്ന കല്ല് പൊടിഞ്ഞു പോകും കോവയ്ക്ക ഇങ്ങനെ ഉപയോഗിച്ചാൽ

നാമ്പുകൾ വന്ന്‌ കഴിഞ്ഞാൽ 20 മുതൽ 25 ദിവസം കൊണ്ട്‌ മാറ്റിനടാം. ഓരോ വള്ളിയും മാറ്റിനടാൻ ഓരോ കുഴിയൊരുക്കണം. മൂന്നടിവീതിയും നീളവും മൂന്നടി താഴ്ചയുമുള്ള കുഴിയാണ്‌ തിരഞ്ഞെടുക്കേണ്ടത്‌. നാലുചട്ടി മേൽമണ്ണ്‌ ഒരു ചട്ടി മണൽ, അരക്കിലോ കുമ്മായം, 250ഗ്രാം വേപ്പിൻ പിണ്ണാക്ക്‌ എന്നിവ ചേർത്ത്‌ കലർത്തിയ മിശ്രിതമാണ്‌ കുഴികളിൽ നിറയ്ക്കേണ്ടത്‌. ഇത്‌ വള്ളി നടുന്നതിന്‌ മൂന്നു ദിവസം മുമ്പ്‌ തയ്യാറാക്കി കുഴിയിൽ ഇടുന്നതാണ്‌ നല്ലത്‌. ഇതിനോടുകൂടെ രണ്ടുചട്ടി ഉണക്കചാണകവും ചേർക്കാൻ മറന്നു പോകരുത്‌. വേരു പിടിച്ചാൽ ഒരാഴ്ചയ്ക്കകം വള്ളി പടർന്നു തുടങ്ങും അപ്പോൾ പന്തൽ തയ്യാറാക്കി വള്ളി കയറ്റി വിടണം. മട്ടുപ്പാവിലാണ്‌ കൃഷി ചെയ്യുന്നതെങ്കിൽ ചാക്കായാലും ഗ്രോബാഗായാലും അൽപം വലുതാണ്‌ നല്ലത്‌. ഇതിലേക്ക്‌ നടീൽ മിശ്രിതം നിറച്ച്‌ മാറ്റി നടാം.

വള്ളികൾ പന്തലിൽ കയറ്റി വിട്ടാൽ മേൽ വളപ്രയോഗങ്ങൾ നടത്താം. കടലപ്പിണ്ണാക്ക്‌ പുതർത്തി ഒരു കിലോയിൽ പത്ത്‌ ലിറ്റർ ചാണകവെള്ളം ചേർത്ത്‌ നേർപ്പിച്ചത്‌, വെർമിവാഷ്‌, ഗോമൂത്രം ഒരു ലിറ്റർ പത്ത്‌ ലിറ്റർ വെള്ളത്തിൽ കലക്കി രണ്ടാഴ്ചയ്ക്കൊരിക്കൽ തടത്തിലൊഴിച്ച്‌ കൊടുക്കാം. മാസത്തിൽ കുറഞ്ഞത്‌ മൂന്ന്‌ തവണയെങ്കിലും ചുവട്‌ നന്നായി ഇളക്കിക്കൊടുക്കണം. മാസത്തിലൊരിക്കൽ ഉണങ്ങിയ ചാണകപ്പൊടി, ചാരം, എല്ലുപൊടിയെന്നിവ ചുവടിന്‌ (ചാരം 500ഗ്രം, ചാണകപ്പൊടി രണ്ട്‌ കിലോ, എല്ലു പൊടി 500 ഗ്രം) എന്നിങ്ങനെ ചേർത്ത്‌ കൊടുക്കാം. 45 മുതൽ 65 ദിവസത്തിനുള്ളിൽ കോവൽ പന്തൽ നന്നായി പൂക്കുകയും കായ്പിടിക്കാൻ തുടങ്ങുകയും ചെയ്യും. ഇടയ്ക്ക്‌ ആവശ്യത്തിന്‌ നനയും നൽകിയാൽ നിറയെ കോവയ്ക്കയാൽ പന്തൽ നിറയും. നന്നായി മൂത്തകായ്കളാണ്‌ ഭക്ഷ്യയോഗ്യം. ഇളം കായ്കൾ പറിച്ച്‌ പച്ചയ്ക്ക്‌ തിന്നാനും നല്ലതാണ്‌.

English Summary: Ivy guard farming can be done like this to get a good yield!

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds