Cash Crops

പ്രതീക്ഷയ്ക്കായി കൊക്കോ

cocoa

തെക്കെ അമേരിക്കയിലെ ആമസോണ്‍ നദീതടത്തില്‍ പിറന്ന കൊക്കൊ പാനീയവിളയായി ആദ്യം തിരിച്ചറിഞ്ഞത് 'മായന്‍' എന്ന മെക്‌സിക്കന്‍ ആദിവാസി ഗോത്രവര്‍ഗ്ഗക്കാരാണ്. ഇന്നാകട്ടെ കൊക്കൊ 40 മുതല്‍ 50 ദശലക്ഷം ജനങ്ങള്‍ക്ക് ജീവിതമാര്‍ഗമായി മാറിയിരിക്കുന്നു. 58 രാജ്യങ്ങളിലായി കൊക്കൊ കൃഷി വ്യാപിച്ചിരിക്കുന്നു. എങ്കിലും ആഗോള കൊക്കൊ ഉദ്പാദനത്തിന്റെ 70 ശതമാനവും ആഫ്രിക്കന്‍ രാജ്യങ്ങളുടെ സംഭാവനയാണ്.
കൊക്കൊ1887-ലാണ് ഇന്ത്യയില്‍ എത്തിയത്. എന്നാല്‍ കാര്യമായി കൃഷി ആരംഭിച്ചത് 1960 കളിലാണ്. അന്ന് കൊക്കൊ സംഭരിക്കാന്‍ ഒരേ ഒരു കമ്പനി മാത്രമെ നിലവിലുണ്ടായിരുന്നുളളൂ. ഈ കമ്പനി പ്രവര്‍ത്തന രഹിതമായതോടെ കൊക്കൊ സംഭരണവും നിലച്ചു. കര്‍ഷകന്‍ വന്‍ വിലത്തകര്‍ച്ച നേരിട്ടു. കൊക്കൊ ഒരു ദു:ഖകഥാപാത്രമായി. എന്നാല്‍ ഇന്ന് സ്ഥിതി പാടേ മാറിയിരിക്കുന്നു. ഇന്ത്യന്‍ കൊക്കൊ സംഭരിക്കാന്‍ പല അന്താരാഷ്ട്ര കമ്പനികളും നോട്ടമിട്ടിരിക്കുന്നു. അന്താരാഷ്ട്ര വിപണിയിലുളള വിലയെക്കാള്‍ വിലനല്‍കി സംഭരിക്കാനും ഇവര്‍ തയ്യാറാണിന്ന്. മാറിയ സാഹചര്യങ്ങള്‍ കൊക്കൊ കര്‍ഷകന് ഇന്ന് പ്രതീക്ഷയാകുന്നു. അതുകൊണ്ടു തന്നെ ശാസ്ത്രീയ കൊക്കൊ കൃഷി പ്രോത്സാഹിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്.
കൃഷിയും പരിചരണവും
നല്ല വളക്കൂറുളള വനമണ്ണാണ് കൊക്കൊ കൃഷിയ്ക്ക് അനുയോജ്യം. നമ്മുടെ നാട്ടിലെ മണല്‍ കലര്‍ന്ന പശിമരാശി മണ്ണിലും കൊക്കൊ നന്നായി വളരും. തെങ്ങിനും കവുങ്ങിനും അനുയോജ്യമായ ഇടവിളയാണ് കൊക്കൊ. 3 മീറ്റര്‍ അകലത്തിലാണ് കൊക്കോ നടേണ്ടത്. 10 വര്‍ഷത്തിനു മേല്‍ പ്രായമായ തെങ്ങിന്‍ തോപ്പില്‍ 2 വരി തെങ്ങിനിടയില്‍ ഒത്ത നടുവിലായി 3 മീറ്റര്‍ അകലത്തില്‍ ഒരു വരി കൊക്കൊ നടാം. കൂടാതെ തെങ്ങിന്റെ വരിയില്‍ രണ്ടു തെങ്ങിന്റെ നടുവിലായി ഓരോ കൊക്കോ വീതവും നടാം. കവുങ്ങിന്‍ തോപ്പിലാണെങ്കില്‍ രണ്ടു വരി കവുങ്ങുകളുടെ ഒന്നിടവിട്ട വരികളില്‍ 4 കവുങ്ങുകളുടെ ഒത്ത നടുവിലായി ഒരു കൊക്കൊ എന്ന തോതില്‍ നടാം. കൂടാതെ ഇപ്പോള്‍ റബ്ബര്‍ തോട്ടങ്ങളിലും കൊക്കോ നട്ടുവരുന്നു. ഒന്നിടവിട്ട വരികളില്‍ 4 റബ്ബര്‍ മരങ്ങള്‍ നടുക്ക് ഒരു കൊക്കോ എന്നതാണ് തോത്.
50 സെ.മീ. നീളം, വീതി, ഉയരമുളള കുഴികള്‍ വാഴയുടെ തുടക്കത്തോടെ മെയ്-ജൂണ്‍ മാസം തയ്യാറാക്കാം. കുഴിയെടുത്തതിനുശേഷം മേല്‍മണ്ണും ചാണകവും ഉപയോഗിച്ച് മൂടുക. ഒത്ത നടുവിലായി ഒരു ചെറു കുഴിമൂടുക. ഒത്ത നടുവിലായി ഒരു ചെറു കുഴി കുത്തി തൈ നടാം. ആറു മാസം പ്രായമായ കൊക്കൊ തൈയാണ് നടുക.

നട്ടാലുടൻ  മഴക്കാലമായതിനാല്‍ കടയ്ക്കല്‍ വെളളം കെട്ടിനില്‍ക്കാതിരിക്കാന്‍ മണ്ണ് കൂട്ടി കൊടുക്കണം. ആദ്യകാലങ്ങളില്‍ കളനിയന്ത്രണം നിര്‍ബന്ധം. കളകള്‍ വീശി പുതയിടാനെടുക്കാം. ഇത് ഈര്‍പ്പം നിലനിര്‍ത്താനും സഹായിക്കും. വേനല്‍ തുടങ്ങുന്നതോടെ തണല്‍ കുറഞ്ഞ ഇടങ്ങളില്‍ ചെടികളെ ഓലകൊണ്ടോ ഷെഡ് നെറ്റ് കൊണ്ടോ പൊതിഞ്ഞ് സംരക്ഷിക്കണം. കൂടാതെ താല്‍ക്കാലിക തണലിന് വാഴ, ചേമ്പ്, എന്നിവയും നടാം.
തടം നിറച്ച് നനയ്ക്കുന്നതാണ് സാധാരണ രീതി. കാര്യക്ഷമമായി ജലസേചനത്തിന് തുളളിനന (ഡ്രിപ്പ് ഇറിഗേഷന്‍) അവലംബിക്കണം. എങ്ങനെയായലും ആഴ്ചയില്‍ രണ്ടു തവണയെങ്കിലും 125 ലിറ്റര്‍ ജലം വേണം. നന സൗകര്യം കുറഞ്ഞ തോട്ടങ്ങളില്‍ മഴക്കുഴി തീര്‍ത്തും തൊണ്ടടുക്കിയും ഈര്‍പ്പം നിര്‍ത്താം.
ചെടി നട്ട് ഒന്നര-രണ്ടു വര്‍ഷമാകുമ്പോള്‍ ശിഖരങ്ങള്‍ നാലഞ്ചു ഫാന്‍ കൊമ്പുകള്‍ വശങ്ങളിലേക്കും വളരും. തുടര്‍ന്ന് ഉണ്ടാകുന്ന മുളകളെല്ലാം അപ്പോള്‍ തന്നെ നീക്കി ചെടി ഒറ്റത്തട്ടായി നിര്‍ത്തുകയാണ് നമ്മുടെ കാലവസ്ഥയ്ക്ക് അനുയോജ്യം. നന്നായി പരിപാലിച്ച് വരുന്ന കൊക്കൊ ചെടി രണ്ടാം വഷം പകുതിയോടെ പൂത്ത് കായ്ക്കാന്‍ തുടങ്ങും.

വളം, വളപ്രയോഗം
ആണ്ടില്‍ ഏകദേശം 50 മുതല്‍ 60 കായ്വരെ ഉല്‍പ്പാദിപ്പിക്കുന്ന ഒരു ചെടിയ്ക്ക് 100:40:140 ഗ്രാം വീതം നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ നല്കണം. 60-ല്‍ കൂടുതല്‍ വിളവു തരുന്ന ചെടി ഇരട്ടി വളം നല്‍കണം. ചെടിയ്ക്ക് ഇരട്ടി വളം നല്‍കണം. തൈ നട്ട് ആദ്യവര്‍ഷം ശുപാര്‍ശിത രാസവളത്തിന്റെ മൂന്നിലൊരുഭാഗവും രണ്ടാം വര്‍ഷം മൂന്നില്‍ രണ്ടുഭാഗവും മാത്രം നല്‍കിയാല്‍ മതി.മഴയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുന്ന തോട്ടങ്ങളില്‍ ശുപാര്‍ശിത രാസവളങ്ങള്‍ രണ്ടു ഗഡുക്കളായി വീതിച്ച് മെയ്-ജൂണിലും, സെപ്തംബര്‍-ഒക്ടോബറിലും മഴയുടെ തുടക്കത്തില്‍ നല്‍കാം. നനയ്ക്കുന്ന തോട്ടങ്ങളില്‍ ഇത് നാല് ഗഡുക്കളായി ഭാഗിച്ച് നല്‍കണം.

പ്രൂണിങ്
പ്രൂണിങ് അഥവാ കൊമ്പ് കോതല്‍ ഇടയ്ക്കിടെ ചെയ്തില്ലെങ്കില്‍ ചെടി 8 മുതല്‍ 12 മീറ്റര്‍ വരെ ഉയര്‍ന്ന് നാലഞ്ചു തട്ടുകളിലായി വളരും. ഇടവിളകൃഷിയില്‍ ഇത് ഒഴിവാക്കി കൊക്കൊ ഒറ്റത്തട്ടായി നിലനിര്‍ത്തുന്നതാണ് ഉത്തമം. ഇതിന് ആദ്യത്തെ തട്ടുണ്ടായി കഴിഞ്ഞാല്‍ പിന്നീട് തട്ടുകളുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. മഴക്കാലത്ത് ജോര്‍ക്കറ്റ് ഭാഗത്തുനിന്നും വളരുന്ന അധിക ചില്ലക്കൊമ്പുകള്‍ മാറ്റി ചെടിയുടെ തായ്ത്തടിയില്‍ സൂര്യരശ്മി പതിക്കുംവിധം ഒരുക്കണം. വേനല്‍കാലത്ത് കുട നിവര്‍ത്തിയ ആകൃതി പോലെ കമ്പുകള്‍ കോതി ചെടിയൊരുക്കണം. ഇങ്ങനെയായാല്‍ ചൂടുളള സൂര്യരശ്മികള്‍ തായ്ത്തടിയില്‍ പതിക്കാതെ ചെടിയെ സംരക്ഷിക്കാം.

സസ്യസംരക്ഷണം

രോഗങ്ങള്‍
കറുത്ത കായ് രോഗം
കൊക്കൊ കൃഷി ഉളളിടത്തെല്ലാം ഫൈറ്റോഫ്‌തോറ കുമിള്‍ വരുത്തുന്ന കറുത്തകായ് രോഗവുമുണ്ടാകും. ജൂലൈ-ആഗസ്റ്റ് മാസമാണ് ഈ രോഗം മാരകമാകുക. ഇത് ഏകദേശം 40 ശതമാനത്തോളം വിള നഷ്ടം വരുത്തും. കായ്കളില്‍ തവിട്ടുനിറത്തില്‍ ചെറിയ പൊട്ടുകള്‍ ഉണഅടായി അവ പിന്നീട് വലുതായി കറുത്ത് കായുടെ പുറംന്തോടാകെ വ്യാപിക്കും. തോട്ടത്തില്‍ നല്ല നീര്‍വാര്‍ച്ച ഉറപ്പാക്കുക എന്നതാണ് രോഗ നിയന്ത്രണത്തിനുളള ആദ്യപടി.
കൂടാതെ, ചെടികള്‍ നന്നായി പ്രൂണ്‍ ചെയ്ത് ആവശ്യത്തിന് സൂര്യപ്രകാശവും വായു സഞ്ചാരവും ഉറപ്പാക്കണം. രോഗബാധിതമായ കായ്കള്‍ നശിപ്പിക്കുക. ഒരു ശതമാനം ബോര്‍ഡോ മിശ്രിതം മൂന്നാഴ്ച ഇടവിട്ട് തളിക്കുകയും വേണം.
കീടങ്ങള്‍

എലി, അണ്ണാന്‍ തുടങ്ങിയവ വളരെ ശല്യം ചെയ്യുന്നുണ്ട്. മൂത്ത കായ്കള്‍ യഥാസമയം വിളവെടുക്കുകയാണ്. ഇവയുടെ ആക്രമണത്തില്‍ നിന്ന് രക്ഷനേടാനുളള ഉത്തമ മാര്‍ഗം എലികളെ സിങ്ക് ഫോസ്‌ഫൈഡ് പോലെയുളള തീവ്രവിഷങ്ങള്‍ വച്ചോ റാറ്റോള്‍, റോബാന്‍ കേക്ക് എന്നിവ കടലാസില്‍ പൊതിഞ്ഞ് മരത്തില്‍ കെട്ടി വച്ചും കുടുക്കാം. പത്തു മരത്തിന് ഒരു കഷ്ണം റോബാന്‍ കേക്ക് എന്നതാണ് തോത്.
വിളവ്
രണ്ടാം വര്‍ഷം അവസാനം കായ്ച്ചു തുടങ്ങുന്ന കൊക്കൊ നാലഞ്ച് വര്‍ഷം കൊണ്ടേ സ്ഥിര വിളവിലെത്തിച്ചേരുകയുളളൂ. ശാസ്ത്രീയ കൃഷിയില്‍ ഒരുചെടി 100 മുതല്‍ 200 കായ വരെ തരും. ഒരു ഏക്കര്‍ തെങ്ങിന്‍ തോപ്പില്‍ ഇടവിളയായി വളര്‍ത്തിയാല്‍ ശരാശരി 30,000 രൂപയോളം അധിക വരുമാനം ലഭിക്കുമെന്ന് കണക്കാക്കിയിരിക്കുന്നു. നമ്മുടെ നിലവിലെ തെങ്ങിന്‍ തോട്ടങ്ങളിലെ പത്തു ശതമാനത്തിലെങ്കിലും കൊക്കൊ ഇടവിളയായി വളര്‍ത്തിയാല്‍ കൊക്കൊ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാനാകും എന്ന് പറയേണ്ടതില്ലല്ലോ.
ഡോ. സുമ.ബി
പ്രൊഫസര്‍ & ഹെഡ്, കൊക്കൊ റിസര്‍ച്ച് സെന്റര്‍
കേരള കാര്‍ഷിക സര്‍വകലാശാല
ഫോണ്‍ : 0487 2438451


English Summary: Cocoa farming

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine