1. Flowers

കുമാരനാശാൻറെ കപോതപുഷ്പം

ഈ പൂവിന്റെ കൃത്രിമപരാഗണം വിജയകരമായി നടത്തിയത് പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ (TBGRI) ശാസ്ത്രജ്ഞരാണ്. ‘കറന്റ് സയൻസ്’ എന്ന ഇംഗ്ലീഷ്ശാസ്ത്രജേണലിൽ ഇതെക്കുറിച്ച് പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ ഗവേഷകർ കുമാരനാശാന്റെ ഒരു ചിത്രത്തോടൊപ്പം ആണ് ഡവ് ഓർക്കിഡിന്റെ ചിത്രവും വച്ചിരിക്കുന്നത്.

Suresh Muthukulam
പ്രാവിനെ പോലെ പറക്കാൻ തയ്യാറായി നിൽക്കുന്ന പൂക്കൾ വിടർത്തുന്നത് കൊണ്ടാണ് ഈ പൂവിന് ഡവ് ഓർക്കിഡ് (Dove Orchid) എന്ന് പേരു കിട്ടിയത്
പ്രാവിനെ പോലെ പറക്കാൻ തയ്യാറായി നിൽക്കുന്ന പൂക്കൾ വിടർത്തുന്നത് കൊണ്ടാണ് ഈ പൂവിന് ഡവ് ഓർക്കിഡ് (Dove Orchid) എന്ന് പേരു കിട്ടിയത്

മലയാളത്തിന്റെ കവിത്രയത്തിൽ പ്രമുഖനായ മഹാകവി കുമാരനാശാൻ ഒരു നൂറ്റാണ്ട് മുൻപ് തന്നെ ഒരു ഓർക്കിഡ് പുഷ്പത്തെക്കുറിച്ച് അതിമനോഹരമായ കവിത എഴുതി – ‘കപോതപുഷ്പം’ എന്ന ഓർക്കിഡ് പൂവിനെക്കുറിച്ചായിരുന്നു അത്. ‘കപോതം’ എന്നാൽ പ്രാവ്; പ്രാവിനെ പോലെ പറക്കാൻ തയ്യാറായി നിൽക്കുന്ന പൂക്കൾ വിടർത്തുന്നത് കൊണ്ടാണ് ഈ പൂവിന് ഡവ് ഓർക്കിഡ് (Dove Orchid) എന്ന് പേരു കിട്ടിയത്. വാസ്തവത്തിൽ 1900 മുതൽ കേരളത്തിൽ വളർത്തിയിരുന്ന ഡവ് ഓർക്കിഡിന്റെ പ്രജനനം നടത്താൻ ശാസ്ത്രലോകത്തിന് പ്രേരകമായത് കുമാരനാശാന്റെ ഈ കവിതയായിരുന്നു എന്നതാണ് വാസ്തവം. 

ഡവ് ഓർക്കിഡ് എന്ന പേരിൽ പ്രസിദ്ധമായ ഈ ഓർക്കിഡിന്റെ ജന്മദേശം കോസ്റ്റാറിക്ക, പനാമ, വെനുസില, കൊളംബിയ എന്നീ രാജ്യങ്ങളാണ്.  പൂവിന്റെ സവിശേഷമായ രൂപവും അത്യാകർഷകമായ തൂവെള്ള നിറവും നിമിത്തം ഓർക്കിഡ് പ്രേമികൾക്ക് ഇത് കിട്ടുന്നിടത്തുനിന്ന് പരമാവധി ശേഖരിക്കുക ഒരു ഹരമാണ്.  ഇത്തരത്തിൽ ഓർക്കിഡ്ഭ്രമം (orchid mania) പരിധി വിട്ടപ്പോൾ പാവം ഡവ് ഓർക്കിഡ് ഇന്ന് വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുന്നു.

1916-ൽ ‘ആത്മപോഷിണി’ മാസികയിലാണ് കുമാരനാശാൻ തന്റെ ‘കപോതപുഷ്പം’ എന്ന കവിത പ്രസിദ്ധീകരിക്കുന്നത്. മഹാകവി തന്റെ കവിതയോടൊപ്പം കൊടുത്തിരിക്കുന്ന അടിക്കുറിപ്പിൽ ഉള്ളിൽ ഒരു പ്രാവിന്റെ രൂപവും അഭൗമമായ സുഗന്ധവുമുള്ള ഒരു പൂവിനെ കുറിച്ചാണ് തന്റെ കവിത എന്ന് സൂചിപ്പിക്കുന്നുണ്ട്. എന്തായാലും കവിയുടെ പ്രേരണ ഉൾക്കൊണ്ട് ടി ബി ജി ആർ ഐ യിലെ ശാസ്ത്രജ്ഞർ ഏതാണ്ട് 5000ത്തിലധികം തൈകൾ ഉത്പാദിപ്പിച്ച് പുഷ്പ പ്രേമികൾക്ക് നൽകി എന്നത് വസ്തുത.  കേരളത്തിലെ പല വീട്ടുദ്യാനങ്ങളിലും ഈ ഓർക്കിഡ് എത്തിയത് അങ്ങനെയാണ്.

‘പെരിസ്റ്റേറിയ ഇലേറ്റ’ എന്ന് സസ്യനാമം. ‘പെരിസ്റ്റേറിയോൺ’ എന്ന ഗ്രീക്ക്പദത്തിന് ‘കുട്ടിപ്രാവ്’ എന്നാണർത്ഥം.  പെരിസ്റ്റേറിയ എന്ന ജനുസ്സിൽ 11 ഓളം ഇനങ്ങളിൽ പെട്ട ചെടികൾ ഉണ്ട്. പനാമയുടെ ദേശീയപുഷ്പവുമാണ് ഡവ് ഓർക്കിഡ്. ചെടിയുടെ ചുവട്ടിൽ നിന്ന് വശങ്ങളിലേക്ക് ചരിഞ്ഞു വളരുന്ന വീതിയുള്ള ഇലകളാണിതിന്റെത്. പൂങ്കുലകൾ ബൾബിൽ നിന്ന് നേരെ മുകളിലേക്ക് വളരുന്നു. പൂക്കൾക്ക് വെളുത്ത നിറം പോലെ തന്നെ നല്ല സുഗന്ധവും ഉണ്ട്. ചെടിച്ചുവട്ടിൽ നിന്ന് വളർന്നു പൊങ്ങുന്ന പൂത്തണ്ടിന് 15 മുതൽ 120 സെന്റീമീറ്റർ വരെ നീളം ആകാം. ഇതിൽ പരമാവധി 20 പൂമൊട്ടുകൾ വരെ കാണും. ഒരു പൂത്തണ്ടിലെ എല്ലാ പൂമൊട്ടുകളും പൂർണമായി വിടർന്ന് വരാൻ മൂന്നുമാസം വരെ വേണം.

ജൂൺ മുതൽ ഒക്ടോബർ വരെ ഡവ് ഓർക്കിഡിൽ പൂക്കൾ വിടരുന്ന കാലമാണ്. ഒപ്പം പരിസരമാകെ ഇതിന്റെ സുഗന്ധവും പരക്കും. പൂവിന് സവിശേഷ സുഗന്ധം നൽകുന്ന രാസഘടകം പ്രധാനമായും സിനിയോൾ (cineole) ആണെങ്കിലും കൂടാതെ ഫിനൈൽ എഥനോൾ, ഫിനൈൽ  ഈഥൈൽ അസറ്റേറ്റ് തുടങ്ങിയ ചേരുവകളും പൂവിന് സുഗന്ധം നൽകുന്നതിൽ പ്രത്യേക പങ്കുവഹിക്കുന്നു.

ആദ്യമായി ഡവ് ഓർക്കിഡിനെ കുറിച്ച് രേഖപ്പെടുത്തിയത് 1831ൽ വില്യം ഹുക്കർ എന്ന ഇംഗ്ലീഷ് സസ്യശാസ്ത്രജ്ഞൻ ആയിരുന്നു.  ഹുക്കർ ആണ് പൂക്കൾക്ക് പ്രാവിനോടുള്ള സാമ്യം നിമിത്തം ഗ്രീക്ക് പദമായ പെരിസ്റ്റേറിയ എന്ന പേര് നൽകിയത്. പൂവിന്റെ അടിസ്ഥാന നിറം തൂവെള്ളയാണെങ്കിലും അതിൽ പിങ്കോ ചുവപ്പോ നിറത്തിൽ ചെറിയ കുത്തുകൾ കാണാറുണ്ട്.   നൈസർഗികമായ സാഹചര്യങ്ങളിൽ  ഡവ് ഓർക്കിഡ് മലമുകളിലെ വനപ്രദേശങ്ങളിലോ തറനിരപ്പിൽ നിന്ന് 100 മുതൽ 700 മീറ്റർ വരെ ഉയരമുള്ള തണൽ വീണ പുൽമേടുകളിലെ മോസ് പായൽ  മൂടിയ മരക്കൊമ്പുകളിലോ ആണ് വളർന്നുകാണുന്നത്.  ചൂടുകൂടുന്ന വേനൽക്കാലത്താണ് ഇത് സമൃദ്ധമായി  പുഷ്പിക്കുക.  ഒരു പൂത്തണ്ടിൽ തന്നെ 10 മുതൽ 20 പൂക്കൾ വരെ കാണും.  ഒരു തണ്ടിലെ പൂക്കൾ എല്ലാം വിടരാൻ സമയം ഏറെ എടുക്കും.  എങ്കിലും നാലു മുതൽ 6 വരെ പൂക്കൾ സദാ വിടർന്ന് നിൽപ്പുണ്ടാകും. രാത്രിയും പകലും തമ്മിൽ കാര്യമായ ഊഷ്മവ്യതിയാനം, നല്ല വായുസഞ്ചാരം, ചെടിയുടെ പരിസരത്ത് നിലനിൽക്കുന്ന ആർദ്രത തുടങ്ങിയ ഘടകങ്ങൾ ചെടി പുഷ്പിക്കാൻ അവശ്യം വേണ്ടതു തന്നെ.

വീട്ടിലും മറ്റും വളർത്തുമ്പോൾ ചെറുതായി നുറുക്കിയ മരക്കഷണങ്ങൾ കോർക്ക് കഷണങ്ങൾ കരിക്കട്ട എന്നിവ ക്രമീകരിച്ചാണ് പോട്ടിംഗ് മിശ്രിതം ഒരുക്കേണ്ടത്. വായുസഞ്ചാരവും നീർവാർചയും ഉറപ്പാകും വിധം വേണം ഇവ വയ്ക്കാൻ. ആവശ്യത്തിനുമാത്രം നനയ്ക്കുക. അമിതനന ഇത് ഇഷ്ടപ്പെടുന്നില്ല. പ്രത്യേകിച്ച് വേരുകളിൽ വെള്ളം തങ്ങാനിടയാകരുത്.

പുഷ്പിക്കാറായ ഒരു ഡവ് ഓർക്കിഡ് ചെടിക്ക് 1000 രൂപയ്ക്ക് അടുത്ത് വിലയുണ്ട്. ഇതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം. മോഹവില എന്ന നിലയ്ക്കാണ് പലരും ഡവ് ഓർക്കിഡ്  ചെടി വില്പന നടത്തുന്നത്. ചെറിയ തൈക്കാകട്ടെ 450 രൂപയും.

ഓർക്കിഡ് പ്രേമികളുടെ അമിതമായ ഇടപെടൽ നിമിത്തം ഡവ് ഓർക്കിഡ് ഇന്ന് വംശനാശത്തിന്റെ വക്കിലാണ്. അതുകൊണ്ടുതന്നെ നൈസർഗികമായ സാഹചര്യങ്ങളിൽ നിന്ന് ഇത് ശേഖരിക്കുന്നതും വിൽപന നടത്തുന്നതും ഒക്കെ നിയമം വഴി പല രാജ്യങ്ങളിലും തടഞ്ഞിരിയ്ക്കുകയാണ്.

English Summary: Have you heard about Dove Orchids

Like this article?

Hey! I am Suresh Muthukulam. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds