Flowers

ഉദ്യാനത്തിലെ അലങ്കാര പാല പ്ലുമേറിയ 

plumeria
പാലമരത്തിൻറെ ഇലകളോടും പൂക്കളോടും സാദൃശ്യമുള്ള   ഒരു അലങ്കാര സസ്യമാണ് തെക്കേ അമേരിക്കന്‍ സ്വദേശിയായ പ്ലുമേറിയ. ചെമ്പകം,  അലങ്കാര പാലമരം എന്നെല്ലാം നാടന്‍ വിളിപ്പേരുകലുള്ള ഒരു ചെടിയാണിത്. ചുവപ്പ് , മഞ്ഞ ,പിങ്ക്, ഓറഞ്ച് എന്നീ നിറങ്ങളിൽ കാണപെടുന്നുണ്ടെങ്കിലും  വെള്ളപ്പൂങ്കുലകളുള്ള ഇനമാണ് ഏറ്റവും പ്രചാരത്തിലുള്ളത്. കൂടാതെ കുറ്റിച്ചെടിയിനത്തിലും മറ്റുമായി  വര്‍ണമിശ്രിതങ്ങളിലുമായി മുന്നൂറില്‍പരം ഇനങ്ങള്‍ ഇപ്പോള്‍ കിട്ടാനുണ്ട്. ഇലകള്‍ കൂട്ടമായി ശിഖരങ്ങളുടെ അഗ്രഭാഗത്തു കാണപ്പെടുന്ന പ്ലുമേറിയയുടെ തണ്ടിന്‍റെ പുറംഭാഗം മിനുസമുള്ളതും ഉരുണ്ടതുമാണ്. ഒരേ ആകൃതിയില്‍ അഞ്ച് ഇതളുകളോടുകൂടിയ പൂക്കള്‍ മനശാസ്ത്ര ചികില്‍സാരീതിയില്‍ മാനസിക പിരിമുറക്കം കുറയ്ക്കുവാന്‍ ഉപയോഗിക്കുന്നുമുണ്ട്. പ്ലുമേറിയയുടെ പൂക്കളെ ‘ഫ്ളവര്‍ ഓഫ് പെര്‍ഫെക്ഷന്‍’ എന്നാണ് വിശേഷിപ്പിക്കാറ്. ഇതളുകളുടെ വിന്യാസം തന്നെ ഇതിനു കാരണം.

വളർന്നു ചെറിയ ഒരു വൃക്ഷത്തിൻറെ സ്വഭാവം കൈവരിക്കുന്ന പ്ലുമേറിയ ചെടിച്ചട്ടികളിൽ വളർത്തുന്നതിനേക്കാൾ  പൂന്തോട്ടങ്ങളിൽ നിലത്തു വളർത്താനാണ് ഇവ അനുയോജ്യം. നല്ല നീര്‍വാര്‍ച്ചയുള്ളതും നേരിട്ടു സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലമാണ് പ്ലുമേറിയയ്ക്കു യോജിച്ചത്. ഇതിനായി ഒന്നരയടി സമചതുരത്തില്‍ കുഴിയെടുത്ത് ചുവന്ന മണ്ണും കംപോസ്റ്റും 3:1 എന്ന അനുപാതത്തില്‍ തയാറാക്കിയ മിശ്രിതം നിറച്ച് അതിലേക്കു നാഡിൽ വസ്തു നട്ടുകൊടുകാം .ഒരു വര്‍ഷമെങ്കിലും മൂപ്പെത്തിയ  തണ്ടിന്‍റെ ഒന്നരയടി നീളമുള്ള അഗ്രഭാഗമാണ് നടീല്‍വസ്തുവായി ഉപയോഗിക്കുക. തണ്ടിന്‍റെ മുറിപ്പാട് ഉണങ്ങുന്നതിനായി മൂന്നാഴ്ചക്കാലം തണലത്ത്  സൂക്ഷിക്കണം.

ഈ സമയത്ത് മൂപ്പെത്തിയ ഇലകള്‍ കൊഴിഞ്ഞുപോയില്ലെങ്കില്‍ നീക്കം ചെയ്യുന്നത് നന്നായിരിക്കും  ഇതിനുശേഷം നടാനെടുക്കാം.പ്ലുമേറിയയുടെ ചില സങ്കരയിനങ്ങള്‍ക്കു പതിവയ്ക്കല്‍ രീതിവഴി മാത്രമേ തൈയുണ്ടാക്കാന്‍ സാധിക്കൂ. വളരെ അപൂര്‍വമായി മാത്രമെ പ്ലുമേറിയയില്‍ കായ്കളും വിത്തും ഉണ്ടാകാറുള്ളൂ. ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് പ്ലുമേറിയ നട്ടുവളര്‍ത്താന്‍ യോജിച്ചത്. പ്രാരംഭദശയില്‍ നേരിയ തോതില്‍ നന മതിയാകും. നടീല്‍വസ്തുവില്‍നിന്നു പുതിയ നാമ്പും ഇലകളും ഉണ്ടാകുവാന്‍ ഒരു മാസം വരെ കാലതാമസമെടുക്കാറുണ്ട്. വേനല്‍ക്കാലത്ത് മൂന്നു ദിവസത്തിലൊരിക്കല്‍ നനയ്ക്കുക. മഴക്കാലത്തു നന പൂര്‍ണമായി ഒഴിവാക്കുകയും ചെടിക്കു ചുറ്റും നല്ല നീര്‍വാര്‍ച്ചയുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഒരു വർഷത്തിൽ പലവട്ടം  പൂവിടുമെങ്കിലും  മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണ് കൂടുതൽ പൂക്കള്‍ ഉണ്ടാകുക  രണ്ടാഴ്ചവരെ  പൂക്കൾ വാടാതെ ചെടിയില്‍ നില്‍ക്കും. 

Share your comments