ബോക് ചോയ് കേരളത്തില്‍ എളുപ്പത്തില്‍ കൃഷിചെയ്യാം. നീര്‍വാര്‍ച്ചയുള്ള മണ്ണും ആര്‍ദ്രതയുള്ള അന്തരീക്ഷവുമാണ് ഇതിന് യോജിച്ചത്. പൂര്‍ണമായി ശീതകാല വിളയല്ലെങ്കിലും പകല്‍ താപനില 36 ഡിഗ്രി സെന്റിഗ്രേഡിന് മുകളിലാകുന്നത് വളര്‍ച്ചയ്ക്ക് അത്ര യോജിച്ചതല്ല. വിത്ത് നേരിട്ട് ഉപയോഗിച്ചും കിളിര്‍പ്പിച്ച് നട്ടും കൃഷിചെയ്യാം. വിളവെടുപ്പുവരെ 45 ദിവസംമതി. വിത്തിടുമ്പോള്‍ ചെടികള്‍ തമ്മില്‍ 15-20 സെന്റിമീറ്റര്‍ അകലവും വരികള്‍ തമ്മില്‍ 25 സെന്റിമീറ്റര്‍ അകലവും മതി. ഗ്രോബാഗുകളിലും കൃഷിചെയ്യാം. വിത്തുകള്‍ വ്യാപകമല്ലെങ്കിലും ഓണ്‍ലൈനില്‍ ലഭിക്കുന്നുണ്ട്. രാത്രി താപനില 25 ഡിഗ്രി സെല്‍ഷ്യസ് ആകുന്ന ഡിസംബര്‍, ജനുവരി മാസങ്ങള്‍ നടാന്‍ അനുകൂലമാണ്.
പോക്ഷകാംശങ്ങളുടെ ധാരാളിത്തത്തില്‍ ക്രുസിഫെറസ് പച്ചക്കറി കുടുംബത്തിലെ മറ്റെല്ലാ അംഗങ്ങളെയും പിന്നിലാക്കുന്ന ബോക്‌ചോയിയില്‍ 21 പോക്ഷകങ്ങളും 71 ലധികം ആന്റി ഓക്‌സിഡെന്റ്റുകളു മുള്ളതായി കണക്കാക്കുന്നു. ഇരുമ്പ്, കാത്സ്യം, മാംഗനീസ്, ഫോസ്ഫറസ്, നാരുകള്‍, പ്രോട്ടീന്‍, ചോലിന്‍, മഗ്‌നീസ്യം, നിയാസിന്‍, ചെമ്പ്, ഒമേഗ-3 ഫാറ്റി ആസിഡ്‌സ്, സിങ്ക്, പന്റൊതെനിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി1, ബി2, ബി6, ഫ്‌ലേവനോയിഡ്‌സ് എന്നിവയൊക്കെയാണ് ബോക്‌ചോയി എന്ന വിശിഷ്ടാഹാരത്തിലെ പ്രാധാന പോക്ഷക ഘടകങ്ങള്‍.
കൃഷി രീതി
നിഷ്പ്രയാസം കൃഷി ചെയ്യാവുന്നൊരു ഇലക്കറിയാണ് ബോക്‌ചോയി. ഇന്ത്യയിലുടനീളം കൃഷി ചെയ്യാന്‍ യോജിച്ചൊരു വിളയാണിത്. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണും ഭാഗിക തണലും ആര്‍ദ്രതയുള്ള അന്തരീക്ഷവും ഇഷ്ടപ്പെടുന്നൊരു ചെടിയാണിത്. വിത്തുകളുപയോഗിച്ചാണ് കൃഷി. പാകി കിളിര്‍പ്പിച്ച തൈകള്‍ ഇളക്കി നടുമ്പോള്‍ 6-8 ഇഞ്ച് അകലത്തില്‍ നടാവുന്നതാണ്. വരികള്‍ തമ്മില്‍ 18-30 ഇഞ്ച് അകലം പാലിക്കണം. ഒരു ചെടിയില്‍ നിന്നും പല തവണ വിളവെടുക്കമെന്നുള്ളത് ഇതിന്റെ പ്രത്യേകതയാണ്.
ഒറ്റത്തവണമാത്രം വളംചെയ്താല്‍ മതി. അടിവളമായി ജൈവവളം കൊടുക്കാം. ചെടിയൊന്നിന് 200 ഗ്രാം ചാണകപ്പൊടിയോ 100 ഗ്രാം കടലപ്പിണ്ണാക്ക് പൊടിച്ചതോ നല്‍കാം. മണ്ണിരക്കമ്പോസ്റ്റാണെങ്കില്‍ ചെടിയൊന്നിന് 50 ഗ്രാം മതി. മിതമായ തോതില്‍ നനയ്ക്കണം. ഇടയ്ക്കിടെ മണ്ണ് കയറ്റിക്കൊടുക്കണം. കാര്യമായ രോഗങ്ങളോ കീടങ്ങളോ ആക്രമിക്കുന്നതായി കണ്ടിട്ടില്ല.
സ്വാദിഷ്ടമായ ധാരാളം വിഭവങ്ങളിലെ പ്രധാന ചേരുവയായി ബോക്‌ചോയി ഉപയോഗിച്ച് വരുന്നു. ബോക്‌ചോയ് കൊണ്ട് മെഴുക്കുപുരട്ടി, തോരന്‍, സൂപ്പ്, സാലഡ്, സ്വാസ് എന്നിവയൊക്കെയുണ്ടാക്കാം