Vegetables

കാബേജും കോളിഫ്ളവറും കൃഷി ചെയ്യാം

ശീതകാല പച്ചക്കറി കൃഷിക്ക് കേരളത്തില്‍ പ്രചാരം ഏറിവരുന്നു. കാബേജ്, കോളിഫ്ളവര്‍, ബീറ്റ്‌റൂട്ട് മുതലായ മഞ്ഞുകാല പച്ചക്കറികള്‍ മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടവയാണ്. കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും നവംബര്‍ മുതല്‍ ഫിബ്രവരിവരെയുള്ള സമയത്ത് ഇവ വിജയകരമായി കൃഷിചെയ്യുന്നത്.

തൈ നട്ട് ഏകദേശം രണ്ടേകാല്‍ മാസംകൊണ്ട് വിളവെടുക്കാന്‍ സാധിക്കും. നവംബര്‍ മാസത്തില്‍ കൃഷി ആരംഭിക്കാം. നഴ്‌സറികളിലോ പ്രോട്രേകളിലോ വിത്ത് പാകി തൈകള്‍ ഉത്പാദിപ്പിച്ച് 20-25 ദിവസം പ്രായമാകുമ്പോള്‍ പറിച്ച് നട്ടാണ് കാബേജും കോളിഫ്‌ലവറും കൃഷിചെയ്യുന്നത്. കരുത്തുറ്റ നല്ല തൈകള്‍ പ്രോട്രേകളില്‍ ഉത്പാദിപ്പിക്കുന്നതാണ് നല്ലത്.

cabbage


പ്രോട്രേകളില് ചകിരി കമ്പോസ്റ്റ്, വെര്‍മികുലൈറ്റ് പെര്‍ലൈറ്റ് എന്നിവ 3:1:1 എന്ന അനുപാതത്തില്‍ ചേര്‍ത്ത് നിറയ്ക്കണം. ട്രേയിലെ ഓരോ കുഴിയിലും ഓരോ വിത്ത് വീതം പാകണം. 4-5 ദിവസംകൊണ്ട് വിത്ത് മുളയ്ക്കും. മിശ്രിതം നിറച്ച് വിത്തുപാകിയ ട്രേകള്‍ കീടരോഗബാധ ഏല്‍ക്കാത്തവിധത്തില്‍ 20-25 ദിവസം വെള്ളവും വളവും നല്‍കി പരിചരിക്കണം.    
രോഗങ്ങള് നിയന്ത്രിക്കാനും വളര്‍ച്ച ത്വരപ്പെടുത്താനും സുഡോമോണസ് ലായനി തളിച്ചുകൊടുക്കണം. കൂടാതെ വെള്ളത്തില്‍ അലിയുന്ന രാസവളക്കൂട്ടുകള്‍ ജൈവവളക്കൂട്ടുകള്‍ എന്നിവ നേര്‍പ്പിച്ച് ഒഴിച്ചുകൊടുക്കണം.

20-25 ദിവസമാകുമ്പോള്‍ തൈകള്‍ പറിച്ചുനടാം. ഇപ്പോള്‍ ആരോഗ്യമുള്ള നല്ല തൈകള്‍ കൃഷിവകുപ്പിന്റെ ഫാമുകള്‍, കേരള കാര്‍ഷിക സര്‍വകലാശാല, കൃഷിവിജ്ഞാനകേന്ദ്രം, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ എന്നീ സ്ഥാപനങ്ങളിലൂടെ ലഭ്യമാകുന്നുണ്ട്.    

cabbage

നല്ല വെയിലും നീര്‍വാരച്ച‍യുമുള്ള സ്ഥലങ്ങളാണ് കാബേജ്, കോളിഫ്‌ലവര്‍ കൃഷിക്ക് അനുയോജ്യം. ഒരടി വീതിയിലും താഴ്ചയിലും ചാലുകള്‍ നിര്‍മിക്കണം. ചാലുകള്‍ തമ്മില്‍ രണ്ടടി അകലം വേണം. ചാലുകളില്‍ മേല്‍മണ്ണും ജൈവവളവും (ഒരു സെന്റിന് 100 കി.ഗ്രാം എന്നതോതില്‍) ചേര്‍ത്ത് ചാലുകള്‍ മുക്കാല്‍ ഭാഗത്തോളം മൂടണം. ഈ തയ്യാറാക്കിയ ചാലുകളില്‍ രണ്ടടി അകലത്തില്‍ തൈകള്‍ നടാം. തൈകള്‍ നട്ട് 3-4 ദിവസത്തേക്ക് തണല്‍ നല്‍കണം. (അമ്ലാംശം കൂടുതലുള്ള പ്രദേശമാണെങ്കില്‍ നിലമൊരുക്കുമ്പോള്‍ സെന്റിന് 45 കിലോഗ്രാം കുമ്മായമോ 34 കി.ഗ്രാം. ഡോളമൈറ്റോ ചേര്‍ക്കണം ). 

തൈകൾ നട്ട് 10 ദിവസം പ്രായമാകുമ്പോള്‍ തൈ ഒന്നിന് എട്ട് ഗ്രാം യൂറിയ, 10 ഗ്രാം മസൂറിഫോസ്, എട്ട് ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചേര്‍ക്കണം. 30 ദിവസം പ്രായമാകുമ്പോഴും 45 ദിവസം പ്രായമാകുമ്പോഴും ഈ വളപ്രയോഗം ആവര്‍ത്തിക്കണം. കൂടാതെ മണ്ണിരക്കമ്പോസ്റ്റ് കടലപ്പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക് മുതലായ ജൈവവളങ്ങള്‍ തുല്യ അളവില്‍ കൂട്ടിക്കലര്‍ത്തി മൂന്നാഴ്ച പ്രായമാകുമ്പോള്‍ തൈ ഒന്നിന് 50 ഗ്രാം വീതം നല്‍കിയതിനുശേഷം മണ്ണ് കയറ്റിക്കൊടുക്കണം. 

cauliflower
           
ആഴ്ചതോറും ചാണകം, കടലപ്പിണ്ണാക്ക്, ഗോമൂത്രം എന്നിവ ചേര്‍ത്ത് പുളിപ്പിച്ച മിശ്രിതം നാല് ഇരട്ടി നേര്‍പ്പിച്ച് ചെടിയുടെ ചുവട്ടില്‍ കൊടുക്കുന്നത് ചെടിയുടെ വളര്‍ച്ച ത്വരപ്പെടുത്തും. തൈകള്‍ നട്ട് 1-1.5 മാസം കൊണ്ട് കോളിഫ്‌ലവറില്‍ കാര്‍ഡും രണ്ടു മാസംകൊണ്ട് കാബേജില്‍ ഹെഡും കണ്ടുതുടങ്ങും. കാര്‍ഡുകളും ഹെഡുകളും 10-15 ദിവസംകൊണ്ട് പൂര്‍ണ വളര്‍ച്ചയെത്തും. 

ഭംഗിയുള്ള കോളിഫ്‌ളവറും കാബേജും ലഭിക്കുന്നതിന് പകുതി മൂപ്പെത്തുമ്പോള്‍ അവ ചെടിയുടെതന്നെ ഇലകള്‍കൊണ്ട് പൊതിഞ്ഞും നിര്‍ത്തണം. ഇവയിൽ രോഗങ്ങളും കീടങ്ങളും പൊതുവേ കുറവാണ്. ഇലതീനിപ്പുഴുക്കളുടെ ആക്രമണം കാണുകയാണെങ്കില്‍ ജൈവകീടനാശിനിയായ ഡൈപെന്‍ ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുകയോ വേപ്പിന്‍കുരു സത്ത് ഉപയോഗിക്കുകയോ ചെയ്യാം.

Cauiflower


രണ്ടാഴ്ച കൂടുമ്പോള്‍ രണ്ടുശതമാനം വീര്യത്തില്‍ സുഡോമൊണാസ് ലായനി ചെടികളില്‍ തളിച്ചുകൊടുക്കുന്നത് അഴുകല്‍ രോഗത്തില്‍നിന്ന് ചെടികളെ സംരക്ഷിക്കും. കൂടാതെ വളര്‍ച്ച ത്വരപ്പെടുത്തുകയും ചെയ്യും. ശ്രദ്ധയോടെ പരിചരിച്ചാല്‍ കീടനാശിനി വിമുക്തമായ കാബേജും കോളിഫ്‌ളവറും സ്വന്തം കൃഷിയിടത്തില്‍ നമുക്ക് ഉത്പാദിപ്പിക്കാം...

English Summary: cabbage and cauliflower farming

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine