പതിനാറാം നൂറ്റാണ്ടില്‍ വാസ്‌കോ ഡ ഗാമയ്ക്കൊപ്പമാണ് മുളകും ഇന്ത്യയിലേക്ക് എത്തുന്നത്. മരച്ചീനിയും കാപ്പിയും കശുവണ്ടിയും പോലെ വിദേശിയായ മുളകിനെ പിന്നെ നമ്മളും നമ്മുടെ മണ്ണും സ്വീകരിച്ചുതുടങ്ങി. മുളക് വരുന്നതിന് മുൻപ് ഇവിടുള്ളവർ ഉപയോഗിച്ചിരുന്നത് കുരുമുളക് ആണെന്നും പറയുന്നുണ്ട്.
എന്തായാലും വിദേശികൾക്കൊപ്പം ഇന്ത്യൻ മണ്ണിൽ വേരുറപ്പിച്ച മുളകിന്റെ പല പല ഇനങ്ങളെ കൃഷി ചെയ്യാൻ തുടങ്ങി. മുളകിന്റെ എരിവിനെ അടിസ്ഥാനമാക്കി ഒട്ടേറെ വിഭവങ്ങളും തീൻ മീശയിൽ ഇടംപിടിക്കുകയും ചെയ്തു. ഇന്ന് മുളകിന്റെ ലോകത്തിലെ ഏറ്റവും വലിയ ഉൽപാദകർ ഇന്ത്യയാണ്. തീരുന്നില്ല പച്ചമുളകിന്റെയും ഉണക്ക മുളകിന്റെയും മുളക് പൊടിയുടെയും ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതിക്കാരും എന്ന നേട്ടവും നമ്മുടെ രാജ്യത്തിന് തന്നെ സ്വന്തം.
ആഗോളതലത്തിൽ മുളക് ഉൽപാദനത്തിന്റെ 25 ശതമാനം ഇന്ത്യയുടെ സംഭാവനയാണ്. ആന്ധ്രാ പ്രദേശാണ് ഏറ്റവും കൂടുതൽ മുളക് ഉൽപാദിപ്പിക്കുന്ന ഇന്ത്യയിലെ സംസ്ഥാനം. തൊട്ടുപിന്നാലെ, മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളും ഉൽപാദനത്തിൽ മുന്നിട്ട് നിൽക്കുന്നു.
ആരോഗ്യഗുണങ്ങളാൽ സമൃദ്ധമാണ് മുളക്. കൊളസ്ട്രോൾ ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് മുളക് പരിഹാരമാണെന്നും പറയാം. ഉപയോഗത്തിലെ വൈവിധ്യം പോലെ മുളകിന്റെ ഇനത്തിലും വൈവിധ്യമുണ്ട്. ലോകമൊട്ടാകെ ഏകദേശം 400ലധികം മുളക് ഇനങ്ങളുണ്ടെന്നാണ് കണക്കുകൾ പറയുന്നതും.
ഇന്ത്യൻ ഭക്ഷണത്തിൽ പോലും അതിപ്രാധാന്യമുള്ളതാണ് മുളക്. ഇന്ത്യയിലെ കണക്കെടുക്കുകയാണെങ്കിൽ, സ്പൈസസ് ബോര്‍ഡിന്റെ റിപ്പോർട്ട് പ്രകാരം ഏകദേശം 18 വ്യത്യസ്ത ഇനത്തിലുള്ള മുളകുകള്‍ കണ്ടെത്തിയിട്ടുണ്ട്.
ഭൂത മുളക്, ഗുണ്ടൂര്‍ മുളക്, ടോര്‍പിഡോ മുളക്, കശ്മീരി മുളക്, ജ്വാല മുളക്, കാന്താരി മുളക്, ബ്യാദഗി മുളക്, രാമനാട് അഥവാ ഗുണ്ടുമുളക്, തക്കാളി മുളക്, മദ്രാസ് പുരി, ധനി മുളക്, ഡല്ലേ ഖുര്‍സാനി എന്നിങ്ങനെ വൈവിധ്യമാർന്ന മുളകുകൾ കർണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലും വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളിലുമെല്ലാം കൃഷി ചെയ്തു വരുന്നു. എല്ലാ മുളകുകളും കേരളത്തിൽ കൃഷി ചെയ്യാൻ അനുയോജ്യമല്ലെങ്കിലും മാർക്കറ്റുകളിൽ തിരഞ്ഞാൽ ഇവയൊക്കെ വിപണനത്തിന് എത്തുന്നുണ്ടെന്നത് മനസിലാക്കാം.
ഇക്കൂട്ടത്തിൽ കേരളത്തിൽ കൃഷി ചെയ്യുന്ന മുളക് ഇനങ്ങളാണ് കാന്താരി, ഉജ്ജ്വല, ജ്വാലാ മുഖി, അനുഗ്രഹ, ജ്വാലാ സഖി എന്നിവ.
ഉജ്ജ്വല
കടും ചുവപ്പ് നിറത്തിൽ നീളത്തിൽ കാണുന്ന മുളകാണ് ഇത്. അലങ്കാര ചെടിയായി ചട്ടിയിലും മറ്റും ഉജ്ജ്വാലയെ നട്ടുവളർത്താനാകും. നല്ല എരിവുള്ള ഇനം കൂടിയാണിത്. ഒരു കുലയിൽ തന്നെ പത്തോളം കായ്കള്‍ ഉണ്ടാകാറുണ്ട്.
ജ്വാലാ മുഖി
ഗുജറാത്തിലാണ് ഏറ്റവും കൂടുതലായി ജ്വാല മുളക് ഉൽപാദിപ്പിക്കുന്നത്. കീഴോട്ട് തൂങ്ങിക്കിടന്ന് വളരുന്ന ജ്വാലാ മുഖി ആദ്യം പച്ച നിറത്തിലും, പഴുക്കുമ്പോള്‍ നല്ല ചുവപ്പായും മാറും. എരിവ് കുറവുള്ള ഇനമാണെങ്കിലും നല്ല തുളച്ചു കയറുന്ന ഗന്ധമാണ് ഇവയ്ക്ക്.
അനുഗ്രഹ
നീളമുള്ള ഒറ്റയായ ചുവന്ന നിറമുള്ള കായ്കളാണ് ഈ ഇനത്തിൽപെട്ട മുളകിന്റേത്. അത്യുൽപാദന ശേഷിയും ഇവയ്ക്ക് അധികമായുണ്ട്. നട്ട് 25 ദിവസമാകുമ്പോള്‍ അനുഗ്രഹ പുഷ്പിക്കുന്നു. രണ്ട് മാസമാകുമ്പോഴേക്കും ഇവ വിളവെടുക്കാനും അനുയോജ്യമാകുന്നു.
ജ്വാലാ സഖി
അത്യുല്പാദന ശേഷിയുള്ള മറ്റൊരിനമാണ് ജ്വാലാ സഖി. താരതമ്യേന ഈ പച്ചമുളകിന് എരിവ് കുറവാണ്. അറ്റം കൂര്‍ത്ത മിനുസമുള്ള കായ്കളാണ് ഇവയ്ക്ക്. ഓരോ ചെടിയിൽ നിന്നും ശരാശരി അൻപതിലധികം കായ്കളും ലഭിക്കും.
മുളകിന് അഭികാമ്യമായത് നല്ല നീർവാർച്ചയുള്ള മണ്ണാണ്. അതായത് വെള്ളം കെട്ടിനില്‍ക്കുന്നതും ഈര്‍പ്പം കൂടുതലുള്ളതുമായ മണ്ണില്‍ മുളക് തൈകള്‍ നശിച്ചുപോകാൻ സാധ്യത അധികമാണ്. ഇത് കൂടി പരിഗണിച്ചുവേണം മുളക് കൃഷി ചെയ്യാനുള്ള സ്ഥലം തെരഞ്ഞെടുക്കേണ്ടത്.