Vegetables

മഴക്കാലം കഴിഞ്ഞു ചീരകൃഷിചെയ്യാം

കേരളത്തിലെ കാലാവസ്ഥയിൽ ഏതുകാലത്തും ഉണ്ടാകുന്ന പച്ചക്കറിയാണ് ചീര എന്നാൽ മഴക്കാലം ചീരയുടെ ശത്രുവാണ് മഴക്കാലത്ത് ചീരകൃഷി നന്നല്ല. ഇനിയിപ്പോൾ മഴയുടെ കാഠിന്യം  കുറഞ്ഞതോടെ ചീരകൃഷിക്ക് തുടക്കം കുറിക്കാം. നല്ലയിനം ചീരയുടെ വിത്ത് പാകി തൈകൾപറിച്ചുനട്ടു ചീര കൃഷി ചെയ്യാം. അരുൺ, മോഹിനി, കൃഷി ശ്രീ, റെനുശ്രീ, സി .ഓ 1, കണ്ണാറ നാടൻ എന്നിവയാണ് മികച്ചയിനം ചീരയിനങ്ങൾ .  പച്ചയും ചുവപ്പും ചീരയും ഇടകലർത്തിനടുന്നത് കീടരോഗബാധ തടയും. അടുക്കളയിലും, അടുക്കളത്തോട്ടത്തിലും, സ്ഥലപരിമിതിയുള്ളവർക്ക് മട്ടുപ്പാവിലുമെല്ലാം കൃഷി ചെയ്യാവുന്ന മികച്ച പച്ചക്കറിയിനമാണ് ചീര. 

വിവിധ നിറങ്ങളില്‍ വീട്ടു വളപ്പിലും തോട്ടങ്ങളിലും കണ്ടു വരുന്നു. മണ്ണില്‍ തടമുണ്ടാക്കിയും കവറിലോ ചാക്കിലോ ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കും ചേര്‍ത്തും ചീര നടാം. വിത്ത് വിതയ്ക്കുമ്പോള്‍ നേരത്തെ ശേഖരിച്ച വിത്ത് മണലും ചാണകപ്പൊടിയും കലര്‍ത്തി വിതയ്ക്കണം. ട്രൈകോഡര്‍മ്മ ചേര്‍ത്ത ജൈവവളം വിതയ്ക്കുന്ന തടത്തില്‍ചേര്‍ക്കാം. നട്ടയുടനെ ചെറു നന നല്ലതാണ്. തടത്തില്‍ 25-30 ദിവസം വരെ പ്രായമായ ചീരതൈകള്‍ 20 സെമി അകലത്തിൽ  വേരോടെ പറിച്ചെടുത്ത് നടണം. പറിച്ചുനട്ട തൈകള്‍ 20 ദിവസം കൊണ്ട് മുറിച്ച് ഉപയോഗിക്കാം. വെള്ളം കെട്ടികിടക്കാന്‍ അനുവദിക്കരുത്. 25 -30 ദിവസം കൊണ്ട് ചീര പൂര്‍ണ വളര്‍ച്ചയെത്തും. 

തണ്ടില്‍ നിന്ന് ആവശ്യത്തിന് ഇലമാത്രം മുറിച്ചെടുത്ത് ഉപയോഗിക്കാം. വീണ്ടും പുതിയ തളിരുകള്‍ വന്നു കൊണ്ടേയിരിക്കും. രണ്ടു മൂന്നു മാസത്തോളം എപ്പോഴും ചീര ലഭിക്കും. ചാണകപ്പാൽ / ബയോഗ്യാസ് സ്ലറി  ൪ ലിറ്റർ വെള്ളവുമായി ചേർത്ത് അല്ലെങ്കിൽ ഗോമൂത്രം/ വെർമി വാഷ് 8  ഇരട്ടി വെള്ളവുമായി ചേർത്ത്, 4 കിലോ വെർമി കമ്പോസ്റ്റ് / കോക്സിവളം, കടലപ്പിണ്ണാക്ക് 4 ലിറ്റർ വെള്ളത്തിൽ ചേർത്ത് ഇതിൽ ഏതെങ്കിലും വളം 8 -10 ദിവസത്തെ ഇടവേളയിൽ തളിച്ച് കൊടുക്കേണ്ടതാണ്. ഓരോ വിളവെടുപ്പ് കഴിയുമ്പോളും  നേർപ്പിച്ച വെര്മിവാഷ് തളിച്ചു കൊടുക്കണം. മഴക്കാലത്ത് മണ്ണുകൂട്ടികൊടുക്കണം നന വേണ്ട. 

ഇലപ്പുള്ളി രോഗമാണ് ചീരയെ ബാധിക്കുന്ന പ്രധാന പ്രശ്‌നം. ഇലകളിൽ അടിവശത്തും മുകൾ പരപ്പിലും ഒരുപോലെ വെളുത്ത പുള്ളികൾ കാണപ്പെടുന്ന രോഗാവസ്ഥയാണിത് ചുവന്ന ചീരയിലാണിത് കൂടുതലായി കാണുന്നത്ഇ. ഇതിനെതിരെ പ്രതിരോധ ശേഷിയുള്ള സി ഓ 1 എന്നയിനം ചീര കൃഷി ചെയ്യുക. മറ്റു ചീരകളുടെ  ഇടയിൽ സി ഓ 1 നട്ടു കൊടുക്കുകയും ചെയ്യാം. 1 ഗ്രാമ അപ്പക്കാരം 4 ഗ്രാൻ മഞ്ഞൾ പൊടി എന്നിവ ഒരു ലിറ്റർ പാൽകയത്തിൽ ചേർത്ത് ഇലയുടെ രണ്ടു വശത്തും തളിക്കണം.   

ഓല ചുരുട്ടിപ്പുഴു ചീരയെ ആക്രമിക്കുന്ന പ്രധാനിയാണ്. ഇതിനെ അകറ്റുന്നതിനായി ജീവാണു കീടനാശിനികളോ, കൊങ്ങിണി ഇല, കമ്മ്യൂണിസ്റ്റ് പച്ചയില എന്നിവയുടെ സത്തെടുത്ത് ഇലയില്‍ തളിക്കുന്നത് നല്ലതാണ്.
മനുഷ്യ ശരീരത്തിന് ചീരയില്‍ നിന്നു ലഭിക്കുന്ന ഗുണം വിവരണാതീതമാണ്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ് എന്നിവ ചീരയില്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ അനീമിയയെ നിയന്ത്രിക്കാനും കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാനും ചീര ഫലപ്രദമാണ്. ചര്‍മ്മ സൗന്ദര്യം, എല്ലുകളുടെ ആരോഗ്യം എന്നിവയ്ക്കും ക്യാന്‍സറിനെ പ്രതിരോധിക്കാനും ചീര സഹായിക്കുന്നു. ബീറ്റ കരോനിന്‍, മഗ്നീഷ്യം എന്നിവ ശ്വാസസംബന്ധമായ അസുഖങ്ങള്‍ക്കും ഫലപ്രദമാണ്. തിമിരം, ഷോര്‍ട്ട് സൈറ്റ് , ലോംങ്ങ് സൈറ്റ് എന്നീ രോഗങ്ങളെ ചീരയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ ഫലപ്രദമായി നിയന്ത്രിക്കുന്നു.  

Share your comments