Vegetables

സ്വാദിഷ്ടമായ ചതുരപ്പയർ കൃഷിചെയ്യാം

മഴക്കാലത്ത് നടാന്‍ ഏറ്റവും അനുയോജ്യമായ പച്ചക്കറിയാണ് ചതുരപ്പയര്‍. പ്രത്യേകിച്ചും ജൂലൈ, ആഗസ്ത് മാസങ്ങളില്‍. ജൂലൈ, ആഗസ്ത് മാസത്തില്‍ നട്ടാല്‍ ഒക്ടോബര്‍, നവംബറില്‍ പുഷ്പിക്കുന്നതിന് തീര്‍ത്തും അനുയോജ്യമായ കാലാവസ്ഥ ലഭിക്കും. അതേസമയം ജനുവരിയില്‍ നട്ട് ചതുരപ്പയര്‍ എത്ര വളര്‍ന്നാലും ഒക്ടോബറിലേ പൂക്കൂ. കാലാവസ്ഥ അവസരത്തിനൊത്ത് കൃഷി ചെയ്താൽ 60 ദിവസംകൊണ്ട്‍ ചതുരപ്പയര്‍ പൂക്കുകയും 75 ദിവസത്തിനുള്ളിൽ വിളവ് ലഭിച്ച് തുടങ്ങുകയും ചെയ്യും. ഇവയുടെ പ്രകാശസംവേദന സ്വഭാവം തിരിച്ചറിയാത്തവരിൽ നിന്നും കായ്ക്കുന്നില്ലയെന്ന പഴി പലപ്പോഴും ചതുരപ്പയറിന് കേള്‍ക്കേണ്ടിവരുന്നു. വള്ളി അമര കൃഷിക്കും അനുയോജ്യമായ സമയമാണിപ്പോൾ.

മറ്റ് പയർ വർഗ്ഗങ്ങളെ അപേക്ഷിച്ച് വിത്തുകൾ മുളച്ച് വരാൻ കൂടുതൽ സമയമെടുക്കും. വിത്തിട്ട് പത്തു ദിവസം കഴിഞ്ഞു മാത്രമേ ഇവ മുളയ്ക്കാറുള്ളൂ. ഒരു ദിവസം വെള്ളത്തിൽ കുതിർത്ത് വയ്ക്കുകയാണെങ്കിൽ വേഗത്തിൽ വിത്ത് മുളയ്ക്കും. ശക്തമായ മഴയിൽ വിത്തുകൾ അഴുകി പോകുന്നത് തടയാൻ മുളപ്പിച്ച് നടുന്നതാണ് ഉത്തമം.

winged bean

ജൈവവളങ്ങൾ ചേർത്ത് ഒരുക്കിയ മണ്ണിലേക്ക് (ഗ്രോ ബാഗിലേക്ക് ) നാലില പരുവമായ ചെടികൾ മാറ്റിനടാം. ഒരു തടത്തിൽ മൂന്നു നാല് തൈകൾ മതിയാകും. ഗ്രോ ബാഗിൽ രണ്ട് തൈ / വിത്ത് നട്ട് കരുത്തുള്ള ഒരു ചെടി മാത്രം നിർത്തിയാൽ മതി. ആദ്യത്തെ ഒരു മാസം വളരെ പതുക്കെയായിരിക്കും ചെടിയുടെ വളർച്ച. അതിനുശേഷം വേഗത്തിൽ വളരാൻ തുടങ്ങും.


കായകൾക്ക് 15-18 സെ.മി നീളമുള്ള കുറിയയിനങ്ങളും 50 സെ.മി വരെ നീളം വരുന്ന നീളൻ ഇനങ്ങളുമാണ് കൂടുതൽ കൃഷി ചെയ്ത് വരുന്നത്.ഒന്നരയടി ആഴത്തിലും വ്യാസത്തിലും കുഴിയെടുത്ത് കാലിവളം /കോഴിവളം, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്. പച്ചിലകൾ എന്നിവ ചേർത്ത് കുഴി മണ്ണിട്ട് മൂടുക. പത്ത് ദിവസത്തിന് ശേഷം കുഴിനന്നാ കൊത്തിയിളക്കുക. വീണ്ടും അഞ്ചു ദിവസത്തിന് ശേഷം മണ്ണിളക്കി പാകമായ തൈകൾ നടാം. മഴകാലമായതുകൊണ്ട് കുഴികൾ വെള്ളം കെട്ടിനിൽക്കാത്ത വിധം മൂടാൻ ശ്രദ്ധിക്കണം. മഴ കുറയുന്ന മുറക്ക് നനസൗകര്യാർത്ഥം തടം എടുക്കുന്നത് നന്നായിരിക്കും. വളർച്ചക്കനുസരിച്ച് വളം ചെയ്താൽ കുടുതൽ കായലഭിക്കും. പ്രത്യേകിച്ച് പൂക്കുന്ന സമയത്ത് പൊട്ടാസ്യം അടങ്ങിയ വളപ്രയോഗം നല്ലതാണ് .

വള്ളിവീശുന്ന മുറയ്ക്ക് പന്തലിടണം. വേലികളിൽ പടർത്തിയും വളർത്താം.. വള്ളികളുടെ ചുവട്ടില്‍ പച്ചിലകൊണ്ട് പുതയിടാനും ശ്രദ്ധിക്കണം. ചതുരപ്പയറിന്റെ എല്ലാ ഭാഗവും ഭക്ഷ്യയോഗ്യവും പോഷകസമ്പുഷ്ടവുമാണ്. ഇളംകായ്കളും പൂവും ഇലയും എന്തിന് വേരുപോലും (കിഴങ്ങ് ) പച്ചക്കറിയായി ഉപയോഗിക്കാം. . ഇത്രയധികം വിറ്റാമിന്‍ എ അടങ്ങിയ വേറൊരു പച്ചക്കറിയും ഇല്ല. ചതുരത്തില്‍ ചിറകുപോലെ അരികുകളുള്ള കായ മൂപ്പെത്തുന്നതിനുമുമ്പ് പറിച്ചെടുത്ത് ഉപയോഗിക്കണം. ധാരാളം പ്രോട്ടീന്‍ അടങ്ങിയതിനാല്‍ ഇറച്ചിപ്പയര്‍ എന്ന അപരനാമവും ഇതിനുണ്ട്.

കീടരോഗശല്യമൊന്നുമില്ലാത്തതിനാല്‍ ഒരിക്കല്‍ വളര്‍ത്തിയവര്‍ ചതുരപ്പയറിനെ ആരും ഉപേക്ഷിക്കാറില്ല. മണ്ണിൽ നേരിട്ട് നട്ടാൽ രണ്ട് ദിവസത്തിൽ ഒരിക്കൽ നനച്ചാൽ മതി.. കൂടുതൽ വളപ്രയോഗവും ആവശ്യമില്ല, അതുകൊണ്ട് ജൈവകൃഷിക്ക് ഏറ്റവും അനിയോജ്യമായ വിളയാണ് ചതുരപ്പയർ.. മറ്റു പയർ വർഗ്ഗങ്ങളെ പോലെ മനുഷ്യന് മാത്രമല്ല മണ്ണിനും ചതുരപ്പയര്‍ പ്രിയങ്കരിയാണ്. ഇതിന്റെ വേരിലടങ്ങിയിരിക്കുന്ന റൈസോബിയം മണ്ണിലെ നൈട്രജന്‍ ലഭ്യത വര്‍ധിപ്പിക്കുന്നു.

വിത്തിനുള്ള കായ്കൾ ചെടിയിൽ നിന്ന് തന്നെ ഉണങ്ങണം. പറിച്ചു വെയിലതു വച്ചു ഒരിക്കൽ കൂടി ഉണക്കിയ ശേഷം ഉപയോഗിക്കാം.ആദ്യ വർഷ വിളവെടുപ്പിന് ശേഷം കിഴങ്ങ് പറിച്ചെടുക്കാതിരുന്നാൽ മഴക്കാലാരംഭത്തിൽ വീണ്ടും കിളിർത്ത് വരും. മണ്ണിളക്കികൊടുത്ത് വളം ചെയ്താൽ ഒക്ടോബർ പകുതിയോടെ വിളവ് ലഭിച്ച് തുടങ്ങും. രണ്ടാം വർഷം ആദ്യ വർഷത്തേക്കാൾ കരുത്തോടെ ചെടി വളരുകയും കൂടുതൽ വിളവ് ലഭിക്കുകയും ചെയ്യും.

 


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox