കുറച്ച് ആയുർവേദ പഴഞ്ചൊല്ലുകൾ നിങ്ങൾക്ക് പറഞ്ഞ് തരാം. പഴഞ്ചൊല്ലിൽ പതിരില്ല എന്ന് പഴമക്കാർ പറയുന്നത് വളരെ ശരിയാണ് കാരണം അതിൽ ചില വിലപ്പെട്ട അറിവുകൾ ഒളിച്ചിരിപ്പുണ്ടാവും ഒരുപാട് അനുഭവസമ്പത്ത് കൊണ്ട് ആർജ്ജിച്ചെടുത്ത അറിവുകൾ. ഈ ലേഖനത്തിൽ ഞാൻ പറഞ്ഞിരിക്കുന്ന പഴഞ്ചൊല്ലുകളുടെ അർത്ഥം വിശദമായി അതിന്റെ കൂടെ തന്നെ എഴുതിയിട്ടുണ്ട്.
1) ചോര കൂടാൻ ചീര കൂട്ടുക എന്നുപറഞ്ഞാൽ അനീമിയ പോലുള്ള അസുഖങ്ങളിൽ ചീര ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.
2) നീരു കൂടിയാൽ മോര്. എന്നു പറഞ്ഞാൽ ശരീരത്തിൽ നീര് കൂടിയാൽ അതു കുറയാൻ പുളിയില്ലാത്ത കാച്ചിയ മോര് കൂട്ടുന്നത് നല്ലത്.
3) അരവയർ ഉണ്ടാൽ ആരോഗ്യമുണ്ടാകും. വയറുനിറയെ ഭക്ഷണം കഴിക്കരുത്. അരവയർ എപ്പോഴും കാലിയായി വയ്ക്കാം അപ്പോൾ ആരോഗ്യമുണ്ടാകും.
4) അതിവിടയം അകത്തായാൽ അതിസാരം പുറത്ത്. വയറിളക്കത്തിന് വളരെ നല്ല ഔഷധമാണ് അതിവിടയം. അതുപോലെതന്നെ ചക്കയ്‌ക്ക് ചുക്ക് മാങ്ങായ്‌ക്ക് തേങ്ങ എന്നതും വളരെ പ്രശസ്തമായ പഴഞ്ചൊല്ലാണ് ചക്ക തിന്ന് ഉണ്ടായ ദഹനക്കേടിന് ചുക്ക് കഷായം വെച്ചു കുടിക്കുക. മാങ്ങ കഴിച്ച് ഉണ്ടായ ഉൾപ്പുഴുക്കത്തിനും ദഹനക്കേടിനും തേങ്ങ പാൽ കുടിക്കുക അല്ലെങ്കിൽ തേങ്ങ തിന്നുക.
5) കണ്ണിൽ കുരുവിന് കൈയ്യിൽ ചൂട്. കണ്ണിൽ കുരു വന്നാൽ കൈകൾ തമ്മിൽ കൂട്ടി തിരുമ്മി ആ ചൂട് കൊള്ളിച്ചാൽ ആ കുരു പോകും.
6) രാത്രി കഞ്ഞി രാവണനും ദഹിക്കില്ല. രാത്രിയിൽ കഞ്ഞി പോലും ദഹിക്കാൻ ബുദ്ധിമുട്ടാണ് അതുകൊണ്ട് ലഘുവായ ഭക്ഷണം മാത്രം കഴിക്കുക.
7) തലമറന്ന് എണ്ണ തേക്കരുത്. എന്നുപറഞ്ഞാൽ അർഹത ഇല്ലാത്തത് സ്വന്തമാക്കിയാൽ അർഹിക്കാത്തത വേദന അനുഭവിക്കേണ്ടിവരും. കുറച്ചുകൂടി ചുരുക്കി പറഞ്ഞാൽ നാം എന്താണെന്നുള്ള ബോധത്തോടുകൂടി ആത്മ സംയമനം പാലിച്ചു ജീവിക്കുക.
8) നേത്രാമയേ ത്രിഫല. എന്ന് പറഞ്ഞാൽ നേത്രരോഗങ്ങളിൽ ത്രിഫലയാണ് (കടുക്ക നെല്ലിക്ക താന്നിക്ക) ഉത്തമം.
9) സ്ഥൂലന് ചികിത്സയില്ല. അമിതവണ്ണമുള്ള വരെ ചികിത്സിക്കാൻ ബുദ്ധിമുട്ടാണ്.
10) ഉപവാസം ആരോഗ്യത്തിലേക്കുള്ള രാജപാത. ഉപവസിക്കലാണ് ഏറ്റവും നല്ല ഔഷധം
11) ആധി കൂടിയാൽ വ്യാധി. അമിതമായ ആകുലതകൾ ഉള്ളവർക്ക് രോഗങ്ങൾ വന്നു ഭവിക്കും.
12) ചുക്കില്ലാത്ത കഷായമില്ല. ഒട്ടുമിക്ക കഷായങ്ങളും ചുക്കുണ്ട് ചുക്ക് ദഹനശക്തിയെ വർധിപ്പിക്കുന്ന ഒരു ഔഷധമാണ്.
13) വൈദ്യൻ അല്ലല്ലോ ആയുസ്സിൽ പ്രഭു. എന്നുപറഞ്ഞാൽ വൈദ്യന് അവരുടേതായ പരിമിതികളുണ്ട് ആയുസ്സിൻ്റെ പ്രഭു ഈശ്വരനാണ്.
14) അമിതമായാൽ അമൃതും വിഷം. ശരീരത്തിന് ആരോഗ്യം തരുന്ന എന്തു വസ്തുവും അമിതമായി ഭക്ഷിച്ചാൽ അത് വിഷം പോലെ ഭവിക്കും.
15) ഇളനീർ തലയിൽ വീണാൽ ഇളനീർ. എന്നുപറഞ്ഞാൽ തെങ്ങിൻചുവട്ടിൽ നിൽക്കുന്ന സമയത്ത് നാളികേരം തലയിൽ വീണാൽ നാളികേര ജലം കൊണ്ട് തലയിൽ ധാര ചെയ്യുക.
16) അടിയിൽ എണ്ണ തേച്ചാൽ തല വരെ. ഉള്ളം കാലിൽ എണ്ണ തേച്ചാൽ അതിന്റെ ഫലം തലവര കിട്ടും.
17) മച്ചിത്വം മാറാൻ പുത്രജനനി. പുത്രജനനി എന്നുപറഞ്ഞാൽ തിരുതാളി എന്നർത്ഥം. കുട്ടികൾ ഇല്ലാത്തവർ തിരുതാളി പാൽ കഷായം വെച്ചു കുടിച്ചാൽ കുട്ടികൾ ഉണ്ടാകും എന്ന് ഇതിനർത്ഥം.
18) നീർവാളം ശരിയായാൽ ഗുണം അമിതമായാൽ ആനയ്ക്കും മരണം. എന്നുപറഞ്ഞാൽ കൃത്യമായ അളവിൽ നീർവാളം വയറിളക്കാൻ ഉപയോഗിച്ചില്ലെങ്കിൽ ആന പോലും മരിക്കും എന്ന് അർത്ഥം.
19) സഹചരാദി ക്വാഥ സേവന ഓടാം ചാടാം നടക്കാം യഥേഷ്ടം. കരിങ്കുറിഞ്ഞി വേര്, ചുക്കു, ദേവദാരത്തടി ഇവ കൊണ്ടുള്ള സഹചരാദി കഷായം കഴിച്ചാൽ ഓടിച്ചാടി നടക്കാം.
20) കിഴിൽ പിഴച്ചാൽ കുഴി. പിഴിച്ചിൽ പിഴച്ചാൽ വൈകുണ്ഡ യാത്ര സൗജന്യം. എന്നുപറഞ്ഞാൽ കിഴിയും, പിഴിച്ചിലും നോക്കിക്കണ്ടു ചെയ്തില്ലെങ്കിൽ രോഗി മരിക്കും.