സ്വന്തമായി ഭൂമി ഉള്ളവരും പശുക്കളെ വളർത്തുന്നവരുമായ എല്ലാ ക്ഷീര കർഷകർക്കും കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം. ക്ഷീര സഹകരണ സംഘത്തിൽ പാലളക്കുന്ന കർഷകർക്ക് അവിടെ നിന്നുതന്നെ അപേക്ഷാ ലഭിക്കും. അത് വാങ്ങി പൂരിപ്പിച്ചു നൽകുക. അപേക്ഷാ ഫോ൦ സൗജന്യമായാണ് ലഭിക്കുന്നത്. ആവശ്യമുള്ള രേഖകൾ സഹിതം ഫോ൦ പൂരിപ്പിച്ചു സംഘത്തിൽ തന്നെ നൽകാരം. ക്ഷീര സംഘത്തിന്റെ പ്രാഥമിക പരിശോധനകൾ ഉണ്ട്. എത്ര പാൽ ഒരു മാസത്തിൽ നൽകുന്നുണ്ട്, എത്ര പശു ഉണ്ട് ഇത്തരം കാര്യങ്ങൾ സംഘം തന്നെ ശരി വച്ചാൽ പിന്നെ ബാങ്കുകൾക്ക് ജോലി കുറയും എന്നതിനാലാണ് ഇത്തരം കാര്യങ്ങൾ ക്ഷീര സംഘങ്ങൾക്ക് നൽകാൻ കഴിയുന്നത്. അതിനു ശേഷം സംഘങ്ങൾ തന്നെ ഈ ഫോ൦ ബാങ്കിൽ സമർപ്പിക്കും. എന്നാൽ ക്ഷീര സംഘങ്ങളിൽ പാൽ നൽകാത്ത കർഷകർക്ക് വെറ്ററിനറി സർജൻ അല്ലെങ്കിൽ ഡയറി എക്സ്റ്റൻഷൻ ഓഫീസർ എന്നിവരുടെ ശുപാർശയോടെ ബാങ്കുകളിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്. നിലവിൽ അക്കൗണ്ട് ഉള്ള ബാങ്കിൽ തന്നെ അപേക്ഷിക്കണം.
അപേക്ഷയും അനുബന്ധ രേഖകളും പരിശോധിച്ച് അർഹരായവർക്ക് ഒരു പശുവിനു ഒരു മാസം 8000 രൂപ നിരക്കിൽ മൂന്നു മാസത്തേക്ക് 24000 രൂപയാണ് പ്രവർത്തന മൂലധന വായ്‌പ നൽകുന്നത്. കന്നുകാലികളുടെ എണ്ണത്തിനനുസരിച്ചു പ്രവർത്തന മൂലധനത്തോത് നിജപ്പെടുത്തിയിട്ടുണ്ട്. കിസാൻ ക്രെഡിറ്റ് കാർഡ് ലഭിച്ച കർഷകർക്ക് കുറഞ്ഞ പലിശ നിരക്കിൽ അതിവേഗം വായ്‌പ ലഭ്യമാകും.പശു വളർത്തലിനു മാത്രം പരമാവധി വായ്‌പ പരിധി 2 ലക്ഷം രൂപയായി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ കൃഷിയുമായി യോജിപ്പിച്ചു കുറഞ്ഞ പലിശ നിരക്കിൽ പരമാവധി മൂന്നു ലക്ഷം രൂപ വരെ വായ്‌പ ലഭിക്കും. വായ്‌പ സമയ പരിധിക്കുള്ളിൽ കൃത്യമായി തിരച്ചടച്ചാൽ നിലവിൽ 4 % പലിശ മാത്രം നൽകിയാൽ മതി. വായ്‌പയെടുത്തവർ കൃത്യമായി തിരച്ചടക്കണം എങ്കിൽ മാത്രമേ പലിശയിളവ് ലഭിക്കൂ. മാസം 30 ആണ് തിരിച്ചടവ് തിയതി എങ്കിൽ 20 നു തന്നെ അടച്ചിരിക്കണം. അല്ലെങ്കിൽ കൂട്ട് പലിശയുണ്ടാകും. 4% പലിശ എന്നത് ലഭിക്കുകയുമില്ല. കാര്ഡിന്റെ കാലാവധി 3 വർഷമായിരിക്കും. വായ്‌പാത്തോത് നിശയിക്കുന്നതു ബാങ്കാണ്. പലിശ നിരക്ക് മാറ്റത്തിന് വിധേയവുമാണ്. 1.6 ലക്ഷം രൂപ വരെയുള്ള വായ്‌പയ്ക്കു ഈട് നൽകേണ്ടതില്ല. ഇതിൽ കൂടുതൽ വായ്‌പ ആവശ്യമുണ്ടെങ്കിൽ ആവശ്യമായ ഈട് നൽകേണ്ടതുമാണ്.
ക്ഷീര മേഖലയുമായി ബന്ധപ്പെട്ട എല്ലാ ഹൃസ്വകാല ആവശ്യങ്ങൾക്കും ഈ വായ്‌പ ഉപയോഗിക്കാം. അതായതു തീറ്റപ്പുൽ വാങ്ങുന്നതിന് , കാലിത്തൊഴുത്തു നവീകരണത്തിനു, തീറ്റപ്പുൽ കൃഷിചെയ്യുന്നതിന്, പാൽ കറവ യന്ത്രം പോലുള്ള ചെറുകിട യന്ത്ര വത്കരണത്തിനു , ഇൻഷുറൻസ് പ്രീമിയത്തിനു, പശുക്കളുടെ രോഗ ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കായി ഈ വായ്‌പ ഉപയോഗിക്കാം. കിസാൻ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. സംസ്ഥാന ക്ഷീര വികസന വകുപ്പ് ലീഡ് ബാങ്ക്, മൃഗ സംരക്ഷണ വകുപ്പ്, മിൽമ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ക്ഷീര സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുന്നവരാണ് മിക്ക ക്ഷീര കർഷകരും എന്നതിനാലാണ് ക്ഷീര സംഘങ്ങൾക്കു ഇതിന്റെ പ്രാഥമിക അന്വേഷണ ചുമതല നല്കിയിരിക്കുന്നത്. പിന്നെ ബാങ്കുകൾക്ക് കാര്യങ്ങൾ വേഗത്തിലാക്കാനാകും. മുൻപ് പശുക്കർഷകർക്കു ഈ അവസരം ലഭിച്ചിരുന്നില്ല. ഇപ്പോൾ ലഭിച്ച ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.എല്ലാ ക്ഷീര കർഷകരും പദ്ധതിയിൽ അംഗമാകണം. ഈ മാസം അതായതു സെപ്തംബർ 30 ആണ് അവസാന തിയതി.
അപേക്ഷയോടൊപ്പം 2 പാസ്സ്പോർട് സൈസ് ഫോട്ടോ, വോട്ടർ ഐഡി കാർഡ്, ആധാർ കാർഡ്, കരം അടച്ച രസീത് , എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും കൈവശാവകാശ സർട്ടിഫിക്കറ്റിന്റെ അസ്സലും നൽകണം. 10 പശുക്കളിൽ കൂടുതൽ ഉള്ളവർ പഞ്ചായത്തു ലൈസൻസിന്റെ പകർപ്പ് ഹാജരാക്കണം
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ക്ഷീര കർഷകർക്കും കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം
#Dairy farmer#Agriculture#krishi#Farm#Krishijagran