ബ്രൂഡിങ്ങ് ഷെഡ് വൃത്തിയാക്കി വെള്ള പൂശി ലിറ്റർ വിരിക്കണം. ഉമി, അറക്കപ്പൊടി, ചിന്തേരുപൊടി എന്നിവ ലിറ്ററായി ഉപയോഗിക്കാം. എമു കുഞ്ഞുങ്ങൾക്ക് 370-450ഗ്രാം ശരീരഭാരം ഉണ്ടായിരിക്കും. ആദ്യകാലത്ത്, കോഴിക്കുഞ്ഞുങ്ങൾക്കു നൽകിവരുന്ന, കൃത്രിമച്ചൂട് നൽകിക്കൊണ്ടുള്ള പരിപാലനം ഇവയ്ക്കും നൽകേണ്ടതാണ്.
നാല് ചതുരശ്ര അടി സ്ഥലം ഒരു കുഞ്ഞിന് ആദ്യ മൂന്നാഴ്ച പ്രായക്കാലത്ത് നൽകണം (25 - 40 കുഞ്ഞുങ്ങൾക്ക് ഒരു ബ്രൂഡർ എന്ന നിരക്കിൽ). ആദ്യ 10 ദിവസം 95 ഡിഗ്രി ഫാരൻ ഹീറ്റ് ചൂടും, പിന്നീട് 3-4 ആഴ്ച പ്രായം വരെ 85 ഡിഗ്രി ഫാരൻ ഹീറ്റ് എന്ന തോതിലും നൽകേണ്ടതാണ്. ബ്രൂഡറിനടിയിൽ ആവശ്യത്തിന് (5) വെള്ളപ്പാത്രവും (ഒരു ലിറ്റർ കൊള്ളുന്ന) അത്രതന്നെ തീറ്റപ്പാത്രവും ഉണ്ടായിരിക്കണം. കുഞ്ഞുങ്ങൾ പുറത്തുപോകുന്നതു തടയാനുള്ള ചിക് ഗാർഡിന് 2.5 അടി ഉയരം ഉണ്ടായിരിക്കണം.
ഓരോ 100 ചതുരശ്ര അടി സ്ഥലത്തിനും 40 വാട്ട് ബൾബു ഇട്ടുകൊടുക്കേണ്ടതാണ്. തീറ്റയായി ചെറുകഷണങ്ങളായരിഞ്ഞ കാരറ്റ് നൽകുന്നത് നന്നായിരിക്കും. മൂന്നാഴ്ച പ്രായം കഴിഞ്ഞാൽ ബ്രൂഡർ സ്ഥലം വലുതാക്കാം. ആറാഴ്ച പ്രായമായാൽ ചിക് ഗാർഡ് എടുത്തു മാറ്റാം. സ്റ്റാർട്ടർ തീറ്റ 14 ആഴ്ച പ്രായക്കാലംവരെ നൽകണം. അപ്പോഴേക്കും 10 കി.ഗ്രാം ശരീരഭാരം, വെക്കും. ഓടിനടക്കാനുൾപ്പെടെ നല്ലപോലെ സ്ഥലസൗകര്യം ഈ പ്രായത്തിൽ കൊടുക്കണം.
ഇതിനായി 40 കുഞ്ഞുങ്ങൾക്ക് 40 x30 അടി സ്ഥലസൗകര്യം വേണം.
തറ വൃത്തിയുള്ളതായിരിക്കണം. വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനങ്ങളും ഉണ്ടായിരിക്കണം.