Updated on: 18 April, 2022 6:05 PM IST
കേരളത്തിൽ ഏറെ സാധ്യതകൾ ഉള്ള സംരഭമാണ് മാംസാവശ്യത്തിനുള്ള പോത്തുവളർത്തൽ

കേരളത്തിൽ ഏറെ സാധ്യതകൾ ഉള്ള സംരഭമാണ് മാംസാവശ്യത്തിനുള്ള പോത്തുവളർത്തൽ. രുചികരവും മൃദുവും ഉയര്‍ന്ന മാംസ്യ തോതുമുള്ള പോത്തിറച്ചിയില്‍ കൊഴുപ്പും കൊളസ്‌ട്രോളും മാട്ടിറച്ചിയേക്കാള്‍ കുറവാണ്. കട്ടിയുള്ള പേശീ തന്തുക്കളാണ് ഇവയുടെ പ്രത്യേകത. ലോക മാംസ്യവിപണിയ്ക്ക്  ഭീഷണിയായ ഭ്രാന്തിപ്പശു രോഗം ഉൾപ്പെടെയുള്ള പല രോഗങ്ങളും എരുമയുടെ ഏഴയലത്തില്ല അതിനാല്‍ വിദേശ വിപണിയിലും സാധ്യതകളുണ്ട്. കേരളത്തിലെ തരിശു കിടക്കുന്ന നെല്‍പ്പാടങ്ങളും, തെങ്ങിന്‍ തോപ്പുകളും ഉപയോഗപ്പെടുത്തുന്നത് പോത്തു വളര്‍ത്താന്‍ അനുയോജ്യമാണ്. തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായി പുല്ല് കൃഷി ചെയ്താല്‍ വരുമാനവും വളരെ വര്‍ദ്ധിക്കും. മാംസാഹാരപ്രിയരായ മലയാളിക്ക് ആവശ്യമായ പോത്തിറച്ചി ഇന്ന് ലഭ്യമല്ല. വെള്ളവും തീറ്റപ്പുല്ലുമുണ്ടെങ്കില്‍ കുറഞ്ഞ ചിലവില്‍ മേന്മയേറിയ പോത്തിറച്ചി ഉത്പാദിപ്പിക്കാം. രോഗങ്ങള്‍ താരതമ്യേന കുറവായതിനാല്‍ ചികിത്സാച്ചിലവും കുറയും. ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകളുടെ ഉപയോഗം കുറയുന്നതിനാല്‍  ജൈവ ഉത്പന്നെന്ന ലേബലും ലഭിയ്ക്കാവുന്നതാണ്.

കേരളത്തിന് സ്വന്തമായി മേന്മയേറിയ ഇനങ്ങളൊന്നുമില്ല. എരുമകളുടെ എണ്ണവും പാലുല്പാദനത്തില്‍ അവ വഹിക്കുന്ന പങ്കും വളരെ കുറവാണ് പണ്ട്  വയലേലകളില്‍ പണിയെടുത്തിരുന്ന  കുട്ടനാടന്‍ എരുമകള്‍ മാത്രമാണ് നമ്മുടെ സ്വന്തമെന്ന് പറയാവുന്ന ഇനം.. ഇവയ്ക്ക് ഉത്പാദനശേഷി നാമമാത്രമാണ്. ഉത്പാദനശേഷി കൂടിയ മുറ ഇനങ്ങളുടെ ബീജം ഉപയോഗിച്ച് നാടൻ എരുമകളുടെ ഉത്പാദനശേഷി കൂട്ടുന്ന നയമാണ് നമ്മുടേത്. ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ എരുമ ജനുസ്സാണ് മുറ. വളര്‍ച്ചാ നിരക്ക് കൂടുതലായതിനാല്‍ മാംസാവശ്യത്തിനായി വളര്‍ത്താന്‍ ഏറ്റവും അനുയോജ്യമായ ജനുസ്സായി കണക്കാക്കുന്നത് മുറ ജനുസ്സിനെയാണ്. ഹരിയാന, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് ഈ ജനുസ്സിന്റെ ഉത്ഭവസ്ഥാനം. പൂര്‍ണ്ണ വളര്‍ച്ചയില്‍ 600-800 കിലോഗ്രാം തൂക്കം വരും.  ഗുജറാത്തില്‍ ലഭ്യമായ ജാഫറബാദി ജനുസ്സാണ് മറ്റൊരുവലിയ എരുമ. ഇവയ്ക്ക് ആയിരത്തോളം കിലോഗ്രാം തൂക്കം വരുമെങ്കിലും വളര്‍ച്ചാ നിരക്ക് കുറവാണ്.   തമിഴ്‌നാട്ടിലെ കാലിചന്തകളെയാണ് പോത്തുകുട്ടികള്‍ക്കായി കേരളീയര്‍ ആശ്രയിക്കുന്നത്. അവിടെയും ലഭ്യമാകുന്നത് അവിടുത്തെ നാടന്‍ പോത്തുകുട്ടികളാണ്. ഇവയ്ക്ക് വളര്‍ച്ചാ നിരക്ക് വളരെ കുറവാണ്. അതുകൊണ്ട് ശുദ്ധമായ മുറ എരുമകളെ ലഭിക്കാന്‍ അതിന്റെ പ്രജനന കേന്ദ്രങ്ങളായ ഹരിയാന പോലുള്ള സംസ്ഥാനങ്ങളാണ് നല്ലത്. ആന്ധ്രപ്രദേശിലും നല്ലയിനം മുറ പോത്തുകുട്ടികള്‍ ലഭ്യമാണ്.

ബന്ധപ്പെട്ട വാർത്തകൾ: പോത്ത് വളർത്തി ലാഭം നേടാൻ അവസരം

പോത്തുകുട്ടികളെ സാധാരണയായി 6 മാസം പ്രായത്തിലാണ് വാങ്ങുന്നത്. വാങ്ങുമ്പോള്‍ ആരോഗ്യം ശരിയായ രീതിയിലാണെന്ന് ഉറപ്പു വരുത്തണം. ഇതിലും പ്രായം കുറഞ്ഞ പോത്തുകുട്ടികളെ വാങ്ങാതിരിക്കുന്നതാണ് നല്ലത്. 50-60  കിലോഗ്രാം തൂക്കമെങ്കിലും ഈ സമയത്ത് പോത്തുകുട്ടികള്‍ക്കുണ്ടായിരിക്കണം.

വാങ്ങുന്ന പോത്തുകുട്ടികള്‍ക്ക് സാധാരണയായി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. വിവിധയിനം വിരകളുടെ ശല്യമാണ് ഇതില്‍ പ്രധാനപ്പെട്ടത്. അതിനാല്‍ വാങ്ങിയ ഉടനെത്തന്നെ ഒരു മൃഗഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആവശ്യമുള്ള നടപടികള്‍, വിരമരുന്നുകള്‍ എന്നിവ നല്‍കണം. ആശ്യത്തിനുള്ള പ്രതിരോധ കുത്തിവെയ്പുകളും ഈ സമയത്ത് എടുക്കാന്‍ ശ്രദ്ധിക്കണം.ലാഭകരമായ പോത്തുവളര്‍ത്തല്‍ സംരംഭങ്ങള്‍   പുല്ലിനേയും, മേയാനുള്ള  സൗകര്യങ്ങളേയും ആശ്രയിച്ചിരിക്കുന്നു.  ഇതിനോടൊപ്പം ചെറിയ അളവില്‍ ഖരാഹാരങ്ങളും നല്‍കാന്‍ ശ്രദ്ധിക്കണം. പശുക്കളെ അപേക്ഷിച്ച് കൂടുതല്‍ പരുഷമായ ആഹാരങ്ങള്‍ ഉപയോഗിക്കാന്‍ പോത്തുകള്‍ക്ക് കഴിയും. അതിനാല്‍ പോഷകമൂല്യം കുറഞ്ഞ പുല്ലുകളും, മറ്റു കാര്‍ഷിക വിളകളുടെ ഉപോത്പന്നങ്ങളും പോത്തുകള്‍ക്ക് കൊടുക്കാം.

പോത്തുകളെയും, അവയുടെ മാംസത്തിന്റേയും വിപണനം കേരളത്തില്‍ എളുപ്പമാണ്. കൂടുതല്‍ വില ലഭിക്കാനായി വിശേഷ  ദിവസങ്ങളുമായി ബന്ധപ്പെട്ട് ഇവയെ വില്‍ക്കുന്നതാണ് നല്ലത്.

ബന്ധപ്പെട്ട വാർത്തകൾ: പോത്തിൻറെയും പശുവിൻറെയും ആടിൻറെയും തൂക്കം മനസ്സിലാക്കാനുള്ള ഫോർമുല

പോത്തു വളര്‍ത്തല്‍ - രീതികള്‍

മൂന്നു രീതിയിലാണ് പോത്തുകുട്ടികളെ വളര്‍ത്തുന്നത്

  1. തൊഴുത്തില്‍ പാര്‍പ്പിച്ച് തീറ്റ നല്‍കുന്ന സമ്പ്രദായം.

പച്ചപ്പുല്ലും, വൈക്കോലും, കാലിത്തീറ്റയും  തൊഴുത്തില്‍ നല്‍കുന്നു.  അതോടൊപ്പം കാര്‍ഷിക ഉല്‍പ്പന്നങ്ങളും അവശിഷ്ടങ്ങളും തീറ്റയില്‍  ഉള്‍പ്പെടുത്തുന്നു.  മേയാന്‍ സ്ഥല ലഭ്യത കുറഞ്ഞ സ്ഥലങ്ങളിലാണ് ഈ രീതി അവലംബിക്കു ന്നത്.  താരതമ്യേന ചിലവ് കൂടിയ ഈ രീതിയില്‍ തീറ്റപ്പുല്‍ കൃഷി വ്യാപിപ്പിച്ചാല്‍ തീറ്റച്ചെലവ്  കുറയ്ക്കാവുന്നതാണ്.

  1. രാത്രികാലങ്ങളില്‍ തൊഴുത്തില്‍ പാര്‍പ്പിക്കുകയും ദിവസേന 8-10 മണിക്കൂര്‍ നേരം മേയാന്‍  വിടുകയും ചെയ്യുന്ന  സമ്പ്രദായം.

തരിശു നെല്‍പ്പാടങ്ങള്‍ വ്യാപകമായതിനാല്‍  കേരളത്തില്‍  ഈ രീതിയിലാണ്  കൂടുതലായും പോത്തുകളെ വളര്‍ത്തുന്നത്. കുറഞ്ഞ അളവില്‍ പിണ്ണാക്ക്,  തവിട്, സമീകൃത കാലിത്തീറ്റ എന്നിവയും തീറ്റയില്‍ നല്‍കുന്നു. ഈ രീതിയില്‍ തീറ്റച്ചെലവ് താര തമ്യേന കുറവായിരിക്കും.

  1. പൂര്‍ണ്ണമായും മേയാന്‍ വിടുന്ന സമ്പ്രദായം

പോത്തുകുട്ടികളെ വളര്‍ത്തുന്നതിന് സ്വന്തമായി  സ്ഥലമില്ലാത്തവര്‍ ഈ രീതിയില്‍ തരിശു ഭൂമിയിലും പുറമ്പോക്കിലും പാതയോരങ്ങളിലുമായി   പോത്തുകളെ വളര്‍ത്തുന്നു. ചിലവ് കുറഞ്ഞ ഈ രീതിയില്‍ പോത്തുകുട്ടികളുടെ വളര്‍ച്ചാ നിരക്ക്  കുറവായിരിക്കും.  പോത്തുകളെ വെള്ളത്തില്‍ മേയാന്‍ വിടുന്നത്  ശരീരത്തിന്റെ താപനില ക്രമീ കരിക്കുന്നതിന്  സഹായകരമാണ്.  ഇത് വലോയിങ്ങ് (wallowing) എന്ന പേരില്‍ അറിയപ്പെടുന്നു.

തൊഴുത്ത് നിര്‍മ്മാണം

പോത്തിന്‍ കുട്ടികളെ വളര്‍ത്തുന്നതിന് കുറഞ്ഞ ചിലവില്‍ തൊഴുത്ത് നിര്‍മ്മിക്കുന്നതാണ്. വീടി നോട് ചേര്‍ന്നോ, പ്രത്യേകമായോ തൊഴുത്ത് നിര്‍മ്മിക്കാവുന്നതാണ്. തൊഴുത്ത് നിര്‍മ്മിക്കുന്ന സ്ഥലം ഭൂനിരപ്പില്‍ നിന്നും ഉയര്‍ന്നതും വെള്ളം കെട്ടി നില്‍ക്കാത്തതുമായിരിക്കണം. മേല്‍ക്കൂരയായി ഓലയോ ഓടോ ഉപയോഗിക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: വേനൽക്കാലങ്ങളിൽ മൃഗങ്ങളെ എങ്ങനെ പരിപാലിക്കാം?

പോത്തിന്‍കുട്ടികളുടെ പരിപാലനവും തീറ്റയും

പോത്തിന്‍കുട്ടികളുടെ മരണ നിരക്ക് കൂടുതലായതിനാല്‍ ജനിച്ച് അരമണിക്കൂറിനകം  രോഗപ്രതിരോധശേഷി നല്‍കുന്ന കന്നിപ്പാല്‍ (കൊളസ്ട്രം) നല്‍കേണ്ടതാണ്.  കന്നിപ്പാലില്‍ ആവശ്യമായ പ്രോട്ടീന്‍, കൊഴുപ്പ്, വൈറ്റമിന്‍ എ, രോഗപ്രതിരോധശേഷി നല്‍കുന്ന  ഇമ്മ്യൂണോ ഗ്ലോബുലിന്‍  എന്നിവ കൂടിയ അളവില്‍ അടങ്ങിയിട്ടുണ്ട്.  ആദ്യത്തെ നാല് ദിവസത്തേക്ക്  മൂന്ന് മുതല്‍ നാലു ലിറ്റര്‍ വരെ കന്നിപ്പാല്‍ പല തവണകളായി നല്‍കേണ്ടതാണ്.   തുടര്‍ന്ന് രണ്ട് മാസം വരെ ശരീര തൂക്കത്തില്‍  1/10 ഭാഗമായ 2.5-3 ലിറ്റര്‍ പാല്‍ നല്‍കാവുന്നതാണ്.  പ്രോട്ടീന്‍ കൂടുതലായി അടങ്ങിയിരിക്കുന്ന കാഫ് സ്റ്റാര്‍ട്ടര്‍ തീറ്റയും പച്ചപ്പുല്ലും കുറേശ്ശെ നല്‍കിത്തുടങ്ങാം. മൂന്നാം മാസം മുതല്‍ പാലിന്റെ അളവ് 1.5 ലിറ്ററായി ചുരുക്കുന്നു.  അതോടൊപ്പം കാഫ് സ്റ്റാര്‍ട്ടര്‍  തീറ്റയും പച്ചപ്പുല്ലും അളവില്‍ ക്രമേണ വര്‍ദ്ധിപ്പിക്കുന്നു. ആറുമാസം പ്രായത്തില്‍  ഒരു കിലോഗ്രാം കാഫ് സ്റ്റാര്‍ട്ടര്‍, 10 കിലോഗ്രാം പച്ചപ്പുല്ലും   നല്‍കാവന്നതാണ്. വൈക്കോലും ആവശ്യാനുസരണം നല്‍കേണ്ടതാണ്.  ആറ് മാസത്തിന് മുകളില്‍ ശരീരഭാരത്തിന്റെ അടിസ്ഥാനത്തില്‍ സമീകൃത കാലിത്തീറ്റ  നല്‍കാവുന്നതാണ്.

100 കി.ഗ്രാം വരെ ശരീരഭാരത്തിന് - 1.5 കി.ഗ്രാം തീറ്റയും 10 കി.ഗ്രാം പച്ചപ്പുല്ലും യഥേഷ്ടം വൈക്കോലും  വെള്ളവും 200 കി.ഗ്രാം തൂക്കത്തിന് - 2.5 കി.ഗ്രാം തീറ്റ + 10 കി.ഗ്രാം പച്ചപ്പുല്ല് + യഥേഷ്ടം വൈക്കോല്‍, വെള്ളം. 200 കി.ഗ്രാമിന്  മുകളിലും - 3 കി.ഗ്രാം തീറ്റ + 10 കി.ഗ്രാം പച്ചപ്പുല്ല് + യഥേഷ്ടം വൈക്കോല്‍, വെള്ളം. 5-6 മാസം പ്രായത്തില്‍ 60-70 കി.ഗ്രാം തൂക്കമുള്ള  പോത്തിന്‍കുട്ടികളെയാണ്  വളര്‍ത്താനായി വാങ്ങുന്നത് ശരിയായ അളവില്‍ സമീകൃത കാലിത്തീറ്റ നല്‍കി  ശാസ്ത്രീയമായി വളര്‍ത്തിയാല്‍ ദിവസേന ശരാശരി 500 ഗ്രാം  വരെ ശരീരതൂക്കം വര്‍ദ്ധിക്കുന്നതായി കാണാം. 22-24 മാസം പ്രായത്തില്‍ 300-350 കി.ഗ്രാം  ശരീരഭാരമുള്ള പോത്തിനെ ഇറച്ചിക്കായി ഉപയോഗിക്കാവുന്നതാണ്. തീറ്റച്ചെലവ് കുറയ്ക്കാന്‍ ലഭ്യമായ  സ്ഥലങ്ങളില്‍ ആവശ്യാനുസരണം  തീറ്റപ്പുല്‍കൃഷി വ്യാപിപ്പിക്കേണ്ടതാണ്. ഒരു കി.ഗ്രാം സമീകൃത കാലിത്തീറ്റയ്ക്ക്  പകരമായി 10 കി.ഗ്രാം. പച്ചപ്പുല്ല് തീറ്റയില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: പോത്ത് കൃഷിയിലെ അനന്ത സാദ്ധ്യതകൾ

രോഗങ്ങള്‍

പകര്‍ച്ചവ്യാധികളായ  കുളമ്പു രോഗം, കുരലടപ്പന്‍ എന്നീ രോഗങ്ങള്‍ക്കെതിരെ ഫലപ്രദമായ രോഗപ്രതിരോധ കുത്തിവെയ്പ് എടുക്കേണ്ടതാണ്. വിരബാധ, ബാഹ്യപരാദ ബാധ എന്നിവ പോത്തുകളില്‍ വ്യാപകമായി കണ്ടുവരുന്നു. ഇവ മൂലം  വളര്‍ച്ചയും പോഷകാഹാര ന്യൂനതയും  തല്‍ഫലമായി വളര്‍ച്ചാ മുരടിപ്പും ഉണ്ടാകാറുണ്ട്. കൃത്യമായ ഇടവേളകളില്‍ വിരമരുന്ന് നല്‍കിയാല്‍ വിരബാധ പൂര്‍ണ്ണമായും  നിയന്ത്രിക്കാവുന്നതാണ്.

ബാഹ്യപരാദങ്ങള്‍ക്കെതിരെ  ഫലപ്രദമായ മരുന്നുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. പോത്തിന്‍കുട്ടികളെ ബാധിക്കുന്ന മറ്റു പ്രധാന രോഗങ്ങളാണ് ദഹന വ്യവസ്ഥയുമായി  ബന്ധപ്പെട്ട ദഹനക്കേട്, വയറുപ്പെരുക്കം എന്നിവ. തീറ്റയിലുണ്ടാകുന്ന മാറ്റം, പഴകിയതും പൂപ്പല്‍ ബാധിച്ചതുമായ തീറ്റ എന്നിവയാണ് ദഹനക്കേടിനും വയറുപ്പെരുക്കത്തിനും കാരണമാകുന്നത്. കൃത്യ സമയത്ത് ചികിത്സ നല്‍കിയാല്‍ ഇത്തരം രോഗങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയും.

താഴെ കൊടുത്തിരിക്കുന്ന  ചേരുവകള്‍ കൂട്ടിച്ചേര്‍ത്ത്  പോത്തിന്‍കുട്ടികള്‍ക്ക് നല്‍കാനുള്ള സമീകൃത കാലിത്തീറ്റ തയ്യാറാക്കാവുന്നതാണ്.

ഉദാഹരണങ്ങൾ

സമീകൃത കാലിത്തീറ്റ മിശ്രിതം

മിശ്രിതം - 1

കടലപ്പിണ്ണാക്ക് - 35%

പുളുങ്കുരുപ്പൊടി - 15%

ഉണക്കകപ്പ - 27%

അരി തവിട് - 20%

ധാതുലവണ മിശ്രിതം - 2%

കറിയുപ്പ് - 1%

മിശ്രിതം - 2

കടലപ്പിണ്ണാക്ക് - 25%

പരുത്തിക്കുരു - 17%

ചോളം/അരി - 22%

പുളുങ്കുരുപ്പൊടി - 15%

അരി തവിട് - 18%

ധാതുലവണ മിശ്രിതം - 2%

കറിയുപ്പ് - 1%

പരമാവധി കാര്‍ഷിക ഉല്‍പ്പന്നങ്ങളും ഭക്ഷണ അവശിഷ്ടങ്ങളും തീറ്റയില്‍ ഉള്‍പ്പെടുത്തി തീറ്റച്ചെലവ്  കുറയ്ക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിലെ കന്നുകാലികളിൽ രക്തക്കുറവ് വ്യാപകമാകുന്നതെന്തുകൊണ്ട്?

English Summary: Cattle breeding for meat: What you need to know
Published on: 18 April 2022, 05:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now