ക്ഷീരകർഷകരുടെ ശ്രദ്ധക്ക്
പശുവളർത്തലിൽപലരും പരാജയപ്പെടുന്നു. എന്താണ് കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ.
നമുക്ക് ഒരുപാട് കാരണങ്ങൾ പറയാനുണ്ടാകും ചിലപ്പോൾ സർവ്വതും നഷ്ടപ്പെട്ടു ഒന്നും മനസിലാകാതെ തരിച്ചിരിക്കുന്നവരും ഉണ്ടാകും.KSA(Knowledge,Skill, Attitude )യുടെ കുറവ് ആകാം അല്ലെങ്കിൽ ശാസ്ത്രീയ പരിപാലനമുറകൾ അവലമ്പിക്കുന്നതിലെ പോരായ്മകളാകാം (അതായത് ശാസ്ത്രീയ പുൽകൃഷി, തൊഴുത്തു നിർമ്മാണം, പ്രജനനം - ഉരുക്കളുടെ തെരഞ്ഞെടുപ്പു, മദി, ബീജധാനം, ഗർഭകാല പരിരക്ഷ, കന്നുകുട്ടി പരിപാലനം, തീറ്റ തയ്യാറാക്കൽ, തീറ്റക്രമം, കറവ, രോഗ നിയന്ത്രണ നിവാരണം. തുടങ്ങിയ കാരണങ്ങൾ ആകാം.
എന്നാൽ ഏറ്റവും പ്രധാന കാരണം അല്ലെങ്കിൽ വില്ലൻ തൊഴുത്താണ്. കേരളത്തിലെ 99.99 % തൊഴുത്തുകളും കറവപശുക്കൾക്ക് പറ്റിയവയല്ല. വിദേശ സങ്കര പശുക്കൾക്ക് യോജിച്ച അന്തരീക്ഷം 5-15 C ഇടയിൽ ചൂട് ആയിരിക്കണം. എന്നാൽ ഇന്ത്യൻ വർഗ്ഗങ്ങൾക്ക് 15-27 C ഉം ആകാം. ഇന്ന് നമ്മുടെ തൊഴുത്തിന്റെ മേൽക്കൂര ഭൂരിഭാഗവും tin /അലൂമിനിയം ഷീറ്റ് കൊണ്ട് നിർമ്മിച്ചവയാണ്. ഇത് മൂലം തൊഴുത്തിൽ ചൂട് കൂടുകയും അത് പശുക്കളിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും.
തൊഴുത്തിൽ ചൂട് കൂടിയാൽ പശുക്കളുടെ ശരീരോഷ്മാവും കൂടും. അങ്ങനെ വരുമ്പോൾ ശരീരോ ഷ്മാവും കുറക്കാൻ പശുക്കൾ (എല്ലാ ജീവജാലങ്ങളും ) ശരീരത്തിലുള്ള കൊഴുപ്പിനെ ഉപയോഗിക്കും. നമ്മൾ തീറ്റയിലൂടെ നൽകുന്ന അധിക കാർബോഹൈഡ്രേറ്റ് ഗ്ലൈകോജൻ ആയി മാറി ശരീരത്തിൽ സംഭരിക്കുകയും ചെയ്യും.പശുക്കൾക്ക് തീറ്റയിലൂടെ നൽകുന്നതിലും അധികം ഗ്ലൂക്കോസ് ആവശ്യം വരുമ്പോൾ പ്രത്യേകിച്ച് കറവയുടെ ആദ്യ ഘട്ടത്തിൽ ഇങ്ങനെ സംഭരിച്ചു വെച്ച ഗ്ലൈകോജനെ വീണ്ടും ഗ്ളൂക്കോസ് ആക്കി മാറ്റിയാണ് വർധിച്ച ആവശ്യം നിറവേറ്റുന്നത്.
ഇങ്ങനെ ഉപയോഗപ്പെടുത്തേണ്ട കൊഴുപ്പാണ് അധിക ചൂടിനെ പ്രതിരോധിക്കാൻ ഉപയോഗപ്പെടുത്തുന്നത്.ഗ്ളൂക്കോസ് /കാർബോഹൈഡ്രേറ്റ് വിഘടിച്ചു ഫാറ്റി ആസിഡ് ഉണ്ടാകുകയും ചെയ്യും ഈ ഫാറ്റി ആസിഡ്കൾ ആണ് പല ഉപപചായ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നത്. അത് പോലെ പാലിന്റെ കൊഴുപ്പിൽ ഗണ്യമായ കുറവും ഉണ്ടാകും. ഇതിന്റെ അന്തിമ ഫലം പശു കീറ്റോസിസ് എന്ന രോഗത്തിന് അടിപ്പെടുന്നു എന്നാണ്.
ഇന്ന് കേരളത്തിലെ 90% മുകളിൽ പശുക്കളും കീറ്റോസിസ് ന് അടിപ്പെടുന്നതായി കാണുന്നു. പ്രത്യേകിച്ച് പ്രസവം കഴിഞ്ഞു 4 മാസത്തിനുള്ളിൽ. ഇത് വഴി കനത്ത ഉൽപ്പാദന നഷ്ടം, സമയത്ത് മദി കാണിക്കാതെ വന്ധ്യത, ഉൽപ്പാദന ക്ഷമതയിൽ വൻ ഇടിവ് എന്നിവ ഉണ്ടാകും.കൂടാതെ പരാദ രോഗങ്ങളായ തൈലേറിയ /അനപ്ലാസ്മാ /ബബിസിയോസിസ് /ട്രിപ്പനോസോമിയാസിസ് എന്നിവ പ്രകട സ്വഭാവം കാണിക്കുകയും ചെയ്യും. ഇതെല്ലാം പ്രധാനമായും തൊഴുത്ത് സംഭാവന ചെയ്യുന്നതാണ്.ഇതാണ് കേരളത്തിലെ ക്ഷീര കർഷകൻ നേരിടുന്ന വെല്ലുവിളി.
ഇതിന് പരിഹാരം തൊഴുത്ത് നിർമ്മിക്കുമ്പോൾ പരമാവധി വായു സഞ്ചാരം ഉറപ്പാക്കുക, മേൽക്കൂര ഓല കൊണ്ടുള്ള സാൻവിച് മോഡൽ അല്ലെങ്കിൽ ഷീറ്റിന് മുകളിൽ ഓല /പുല്ല് വിരിക്കുക, അല്ലെങ്കിൽ വള്ളിപ്പടർപ്പുകൾ പടർത്തുക. മേൽക്കൂരയിൽ മൈക്രോ സ്പ്രിംഗ്ളർ സ്ഥാപിക്കുക. മേൽക്കൂരയിൽ എക്കോ എയർ വെന്റിലേറ്റർ സ്ഥാപിക്കാം. തൊഴുത്തിന് ചുറ്റും നല്ല ഉറപ്പുള്ള തണൽ മരങ്ങൾ വെച്ചുപിടിപ്പിക്കാം.
തൊഴുത്തിനകത്ത് മിസ്റ്റ് /ഫോഗ് /കൂളർ സ്ഥാപിക്കാം. ഫാൻ /എക്സ്ഹോസ്റ്റ് സ്ഥാപിക്കാം.
നല്ല ചൂടുള്ളപ്പോൾ തൊഴുത്തിന് ചുറ്റുമുള്ള മണ്ണ് 2 മീറ്റർ അകലത്തിൽ നനച്ചിടാം. പശുവിന്റെ ദേഹത്ത് 10-3 മണിക്കിടയിൽ നനഞ്ഞ ചാക്കിട്ട് കൊടുക്കാം.