Livestock & Aqua

ഞണ്ടുകളെ 'അമ്മത്തൊട്ടിലില്‍ വളര്‍ത്തണം'

സ്വദേശത്തും വിദേശത്തും ഒരുപോലെ പ്രചാരമേറുന്ന ഭക്ഷ്യവിഭവമാണ് ഞണ്ട്. പോഷകമൂല്യത്തിന്റെയും സ്വാദിന്റെയും കാര്യത്തില്‍ ഞണ്ടുകള്‍ മത്സ്യങ്ങള്‍ക്കൊപ്പമാണ്. എന്നാല്‍ അന്താരാഷ്ട്രതലത്തില്‍ നമ്മുടെ രാജ്യത്തിന്റെ ആകെ ഉല്‍പാദനം 3698 ടണ്ണാണ്. വലിയ തോതില്‍ വിദേശനാണ്യംനേടിത്തരുന്നതിനാല്‍ തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ വ്യാപകമായി ഞണ്ടുകൃഷി ചെയ്യുന്നുണ്ടെങ്കിലും കേരളത്തില്‍ കൂടുതല്‍ പ്രചാരം നേടിയിട്ടില്ല. ഇതിനുളള പ്രധാന കാരണം കൃഷിരീതിയെ സംബന്ധിച്ച് കര്‍ഷകര്‍ക്കുളള അറിവില്ലായ്മയും ഗുണനിലവാരമുളള ഞണ്ടുവിത്തുകളുടെ ലഭ്യതക്കുറവുമാണ്. സംസ്ഥാന ഫിഷറീസ് വകുപ്പു നടപ്പാക്കിയ ''മത്സ്യ സമൃദ്ധി'' പദ്ധതിയിലൂടെയാണ് കേരളത്തിലെ കര്‍ഷകര്‍ ഞണ്ടുകൃഷിയെ അടുത്തറിഞ്ഞത്.

കായല്‍ ഞണ്ടുകള്‍ പ്രധാനമായും ''പോര്‍ട്ടുണിടെ'' കുടുംബത്തിലെ ''സില്ല'' വര്‍ഗ്ഗത്തില്‍പ്പെട്ട ''സില്ല ട്രാന്‍ക്യുബാറിക്ക'', ''സില്ല സെറേറ്റ'' എന്നീ രണ്ടിനങ്ങളാണ്. ഇവ സാധാരണയായി കടലിനോടു ചേര്‍ന്ന് കിടക്കുന്ന ചതുപ്പു നിലങ്ങള്‍, ഓരുജല കായലുകള്‍, നദീമുഖങ്ങള്‍, ആഴം കുറഞ്ഞ തീരക്കടല്‍ എന്നിവിടങ്ങളില്‍ കാണപ്പെടുന്നു. മഡ്ക്രാബുകളില്‍ വലിപ്പം കൂടിയതും, വളര്‍ച്ചാനിരക്ക് കൂടിയതുമായ ഇനമാണ് സില്ല ട്രാന്‍ക്യുബാറിക്ക. ഇവയ്ക്ക് ഏതാണ്ട് 22 സെ. മീ. വീതിയിലുളള പുറന്തോടും, 2 കിലോ വരെ വളര്‍ച്ചയുമുണ്ടാകും. കാലുകളില്‍ ''മൊസൈക്'' പോലുളള പുളളികള്‍ കാണപ്പെടുന്നതിനാല്‍ വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കും. സില്ല സെറേറ്റയ്ക്ക് 12.7 സെ.മീ. വീതിയിലുളള പുറന്തോടും 1.2 കിലോ വളര്‍ച്ചയും ഉണ്ടാകും. 

crab
കൃഷിരീതി
പ്രധാനമായും രണ്ടു രീതിയില്‍ ഞണ്ടുകൃഷി നടത്താം. പ്രകൃത്യായുളള ജലാശയങ്ങളില്‍ നിന്ന് ചെറിയ ഞണ്ടുകളെ ശേഖരിച്ച് പ്രത്യേകം തയ്യാറാക്കിയ കുളങ്ങളില്‍ കുറഞ്ഞത് 6 മാസക്കാലയളവില്‍ വളര്‍ത്തിയെടുക്കുന്ന രീതിയും പഞ്ഞിഞണ്ടുകളെ (വാട്ടര്‍ ക്രാബുകള്‍) ശേഖരിച്ച് 30 ദിവസം വരെ പോഷകമൂല്യമുളള ആഹാരം നല്‍കി കൊഴുപ്പിച്ചെടുക്കുന്ന രീതിയും സാധാരണം. കേരളത്തിലെ ഹാച്ചറികളില്‍ വ്യാവസായികാടിസ്ഥാനത്തില്‍ വിത്തുല്‍പാദനമില്ലാത്തതിനാല്‍ തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ''രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ അക്വാകള്‍ച്ചര്‍'' ഗവേഷണകേന്ദ്രത്തില്‍ നിന്ന് മുന്‍കൂര്‍ ബുക്കിംഗിലൂടെ രോഗാണുമുക്തമായ (ക്രാബ് ഇന്‍സ്റ്റാര്‍) ഞണ്ടുവിത്തുകള്‍ വാങ്ങാം.
crab dish
കൃഷിയ്ക്ക് കുളം തയ്യാറാക്കണം
ഏകദേശം ഒരു മീറ്ററെങ്കിലും ആഴമുളളതും വേലിയേറ്റത്തിനനുസൃതമായി ഓരു ജലം കയറ്റിറക്കാന്‍ കഴിയുന്ന തരത്തിലുമുളള ചതുരാകൃതിയിലുളള കുളങ്ങളാണ് ഞണ്ടുകൃഷിക്ക് അഭികാമ്യം. ഏതാണ്ട് 75 സെന്റ് മുതല്‍ ഒരേക്കര്‍ വരെ വിസ്തീര്‍ണ്ണമുളള ചെമ്മീന്‍കെട്ടുകളില്‍ ഞണ്ടുകൃഷി അനായാസം നടത്താവുന്നതാണ്. പ്രാഥമിക ഘട്ടത്തില്‍ കുളം പൂര്‍ണ്ണമായും വറ്റിക്കേണ്ടതും മറ്റു മത്സ്യങ്ങളെ ഭക്ഷിക്കുന്ന മത്സ്യങ്ങളെയും സസ്യങ്ങളെയും നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതും പിന്നീട് വിണ്ടു കീറുന്നതുവരെ കുളത്തിന്റെ അടിത്തട്ട് ഉണക്കേണ്ടതും അത്യാവശ്യമാണ്. കയറ്റുന്ന ജലത്തിന്റെ പി. എച്ചിന് അനുസൃതമായി കുമ്മായപ്രയോഗം നടത്തി അമ്ല-ക്ഷാരനില ക്രമപ്പെടുത്തണം. ഒപ്പം കുളത്തിന് ചുറ്റുമുളള പ്രധാന ബണ്ട് അരമീറ്റര്‍ ഉയര്‍ത്തി ബലപ്പെടുത്താനും ഞണ്ടുകള്‍ ബണ്ടിനു മുകളിലൂടെ രക്ഷപ്പെടാന്‍ സാദ്ധ്യതയുളളതിനാല്‍ ബണ്ടിനു ചുറ്റും കുളത്തിലേക്ക് ചരിഞ്ഞ് നില്‍ക്കും വിധം വല കെട്ടി (ഫെന്‍സിംഗ്) സുരക്ഷിതമാക്കാനും ശ്രദ്ധിക്കണം. ഞണ്ടുകള്‍ 'പടം പൊഴിക്കല്‍' പ്രക്രിയയിലൂടെ (രണ്ടു മാസത്തിലൊരിക്കല്‍ കട്ടിയുളള തോട് പൊഴിക്കുന്നു) വളര്‍ച്ച ത്വരിതപ്പെടുത്തുന്നു. ഇങ്ങനെ പടം പൊഴിക്കലിന് വിധേയമായവയെ, മറ്റു ഞണ്ടുകള്‍ ആക്രമിക്കുമെന്നതിനാല്‍ കുളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കല്ലും മുളകളും കൊണ്ടുണ്ടാക്കിയ അഭയകേന്ദ്രങ്ങള്‍ അവയ്ക്കായി സ്ഥാപിക്കണം.

ഞണ്ടുകള്‍ 10-12 സെ.മീ. വലിപ്പമാകുമ്പോള്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തുകയും പ്രജനന കാലയളവില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന മുട്ടകള്‍ വിരിഞ്ഞ് ലാര്‍വകള്‍ ഉണ്ടാകുകയും ഇവ പിന്നീട് കുഞ്ഞുങ്ങളായി കായലുകളില്‍ ഞണ്ടുകുഞ്ഞുങ്ങള്‍ സര്‍വ്വസാധാരണയായി കണ്ടു വരുന്നത്. പുറന്തോടിന് 2-3 സെ.മീ. വരെ വീതിയുളള കുഞ്ഞുങ്ങളെ (10-100 ഗ്രാം) ഹാച്ചറികളില്‍ നിന്നോ, കായലുകളില്‍ നിന്നോ സംഭരിക്കേണ്ടതും ചതുരശ്രമീറ്ററിന് 5 എണ്ണം എന്ന തോതില്‍ നിക്ഷേപിക്കാവുന്നതുമാണ്.

കൃഷി ചെയ്യുന്ന കുളത്തിലെ പുതിയ സാഹചര്യവുമായി ഇണങ്ങിച്ചേരുന്നതിനായി 'ഹാപ്പകളില്‍' (അമ്മത്തൊട്ടിലുകള്‍) നിക്ഷേപിച്ച് പൊരുത്തപ്പെടുത്തിയതിനു ശേഷം മാത്രമേ കുളത്തിലേക്ക് ഇറക്കി വിടാവൂ. വളര്‍ച്ചാ കാലയളവില്‍ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങള്‍, കക്കയിറച്ചി, പുഴുങ്ങിയ ചിക്കന്‍ വേസ്റ്റ് എന്നിവ ഇവയ്ക്ക് ശരീരഭാഗത്തിന്റെ 5-8% എന്ന തോതില്‍ നല്‍കാം. ഇതിലൂടെ 5-6 മാസം കൊണ്ട് 1.5-2 കിലോ വരെ ഭാരമുളള ഞണ്ടുകളെ വിളവെടുപ്പ് നടത്താം. ഭാഗികമായ വിളവെടുപ്പാണ് ഞണ്ടുകൃഷിക്ക് അനുയോജ്യം. പരസ്പരം ആക്രമിക്കുമെന്നതിനാല്‍ വിപണനത്തിന് മുമ്പ് ഇവയുടെ കൈ-കാലുകള്‍ കെട്ടി വേണം ഐസ് ബോക്‌സുകളില്‍ നിറയ്ക്കുവാന്‍. 
crab dish

കുളത്തിലെ ജലം ഇങ്ങനെ
കുളത്തിന്റെ അടിത്തട്ടിലെ മണ്ണ് ചെളി നിറഞ്ഞതായിരിക്കണം.
ഊഷ്മാവ്   - 26-30 സെല്‍ഷ്യസ്
അമ്ല-ക്ഷാര നില - 7.8-8.5
പ്രാണവായു  - >3 പി.പി.റ്റി 

പഞ്ഞി ഞണ്ടുകളെ വളര്‍ത്താന്‍ (Crab Fattering)
500 ഗ്രാമോളം തൂക്കം വരുന്ന, പടം പൊഴിച്ച പഞ്ഞിഞണ്ടുകളെ (വാട്ടര്‍ ക്രാബ്) ശേഖരിച്ച് ചെറിയ കുളങ്ങളില്‍ (10-50 സെന്റ്) ഒരു ചതുരശ്ര മീറ്ററില്‍ 2 എന്ന തോതില്‍ 30 ദിവസം വരെ നിക്ഷേപിച്ച് സമ്പുഷ്ടമായ തീറ്റ നല്‍കി പുറന്തോട് കട്ടിയാകുന്നതുവരെ കൊഴുപ്പിക്കുന്ന രീതിയും കര്‍ഷകര്‍ ചെയ്തു വരുന്നു. പുറന്തോട് നല്ലവണ്ണം കട്ടിയായവ മാത്രം തെരഞ്ഞു പിടിച്ച് അടുത്ത പടം പൊഴിക്കലിനു മുമ്പായി വിളവെടുക്കണം. ഒരു കൃഷിക്കുളത്തില്‍ നിന്നും 10 പ്രാവശ്യം വരെ ഞണ്ടുകൊഴുപ്പിക്കല്‍ ലാഭകരമായി ചെയ്യാം. കായലുകളില്‍ ജി.ഐ വലകളുപയോഗിച്ച് പ്രത്യേകം സജ്ജമാക്കിയ തടങ്ങളിലും, പ്രത്യേകം തയ്യാറാക്കിയ ഫൈബര്‍ഗ്ലാസ് ടാങ്കുകളിലും, തുറന്ന ജലാശയങ്ങളിലും, കൂടുകളിലും (3:2:1മീ.) ഞണ്ടുകൃഷി സാധ്യമാണ്. ഇത്തരം കൂടുകളില്‍ കൂടുതല്‍ ഞണ്ടുകളെ നിക്ഷേപിച്ച് വളര്‍ത്തി ലാഭം നേടാവുന്നതാണ്. കൂട്ടുകൃഷിയില്‍ ഒമ്പതു മുറികളുളള ഒരു കൂടില്‍ നിന്ന് വര്‍ഷത്തില്‍ 7000 രൂപ വരെയും 100 ച. മീ തടങ്ങളില്‍നിന്ന് 24,000 രൂപ വരെയും വരുമാനം നേടാം.

ആഗോളതലത്തിലും, പ്രാദേശിക തലത്തിലും വര്‍ദ്ധിച്ചുവരുന്ന ആവശ്യവും, ജീവനുളള ഞണ്ടുകളുടെ കയറ്റുമതിയിലുളള രാജ്യത്തിന്റെ വരുമാനവര്‍ദ്ധനവുമാണ് കര്‍ഷകരെ ഞണ്ടുകൃഷിയിലേക്ക് ആകര്‍ഷിക്കുന്നത്. ചെമ്മീന്‍കൃഷി, മറ്റ് മത്സ്യകൃഷികള്‍ എന്നിവ നടത്തുന്ന കൃഷിയിടങ്ങളില്‍ രണ്ടാമതൊരു കൃഷിയായും, മറ്റ് മത്സ്യകൃഷിയോടൊപ്പവും (സമ്മിശ്രകൃഷി) ഞണ്ടുകൃഷി നടത്താവുന്നതും കൂടുതല്‍ ആദായകരമാക്കാം. 


ഞണ്ട് വിത്തുകള്‍ക്ക്
അരുള്‍രാജ്   
ഫോണ്‍ : 9442529649 

പരിശീലനത്തിന്
മത്സ്യകര്‍ഷക വികസന ഏജന്‍സി (എല്ലാ ജില്ലകളിലും)
CIBA, ചെന്നൈ, ഫോണ്‍: 044 24618817
CMFRI  എറണാകുളം, ഫോണ്‍: 0484 2394357

Share your comments