താരതമ്യേന ചിലവു കുറഞ്ഞ ഒരു സംരംഭമാണ് പോത്ത് വളർത്തൽ. ''കുറഞ്ഞ അദ്ധ്വാനം, കുറഞ്ഞ മുതൽ മുടക്ക് കൂടുതൽ വരുമാനം " ഇതാണ് പോത്തുവളർത്തലിനെ പറ്റി പറയാവുന്നത്.
വളരെ നല്ല രീതിയിൽ ആസൂത്രിതമായി ആരംഭിക്കുന്നത് വിജയ സാധ്യത പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നു. നമുക്ക് മുന്നിലുള്ള അനുകൂല സാഹചര്യങ്ങൾ പ്രതികൂല സാഹചര്യങ്ങൾ എന്നിവയെപ്പറ്റി ശരിയായ ധാരണയുണ്ടാക്കുകയാണ് ആദ്യം വേണ്ടത്.
പോത്ത് വളർത്തലിൽ മുൻപരിചയം ഉണ്ട് എങ്കിലും ഒരു വാണിജ്യ സംരംഭം എന്ന നിലയിൽ തുടങ്ങുന്നതിന് ഈ മേഖലയിൽ അനുഭവസമ്പത്തുള്ള ഇപ്പോഴും തുടരുന്ന വിദഗ്ധരുടെ അഭിപ്രായം തേടുക. മറ്റു ഫാമുകൾ സന്ദർശിച്ച് അനുകൂല ഘടകങ്ങളും പ്രതികൂല ഘടകങ്ങളും മനസ്സിലാക്കുക. അവ നമുക്ക് എങ്ങനെ പ്രാവർത്തികമാക്കാൻ പറ്റും എന്നത് മനസ്സിലാക്കുക. അതിനു ശേഷം സംരംഭം ആരംഭിക്കുന്നത് പിന്നീടുണ്ടാവുന്ന അനാവശ്യ ചെലവുകളും സമയനഷ്ടവും ഒഴിവാക്കുന്നു.
പോത്ത് വളർത്തലിൽ വലരെ പ്രധാനമാണ് ഏതിനം പോത്തിനെ തിരഞ്ഞെടുക്കുന്നു എന്നത്. കൂടുതൽ പരിചരണം ആവശ്യമില്ലാത്ത രോഗ പ്രതിരോധ ശേഷിയുള്ള നമ്മുടെ സാഹചര്യങ്ങൾക്കിണങ്ങിയ നല്ല ഇനം തെരഞ്ഞെടുക്കുക. വിശ്വസ്തരായ ആളു കളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ പോത്ത് / എരുമയെ വാങ്ങുക അതുപോലെ ഇൻഷുറൻസ് പരിരക്ഷയും ഉറപ്പു വരുത്തുക .
പോത്തുകളുടെ എണ്ണവും സ്ഥലസൗകര്യവും കണക്കിലെടുത്ത് മാത്രം തൊഴുത്തുകൾ നിർമ്മിക്കുക. മുള, ഈറ്റ, പാഴ്ത്തടി എന്നു മാത്രമല്ല ഫ്ലക്സ്, ടാർപോളിൻ എന്നിവ ഉപയോഗിച്ച് ചെറിയ രീതിയിലും തൊഴുത്ത് നിർമ്മിക്കാം. ചാണകക്കുഴി, മൂത്രച്ചാലുകൾ എന്നിവ ഉണ്ടായിരിക്കണം.
പോത്ത് / എരുമ വളർത്തലിൽ ഏറ്റവും അധികം ചിലവ് വരുന്നത്. അവയുടെ തീറ്റയക്ക് വേണ്ടിയാണ്. നമ്മൾ ഒന്ന് ശ്രദ്ധിച്ചാൽ തീറ്റച്ചിലവ് വളരെ അധികം കുറയ്ക്കുവാൻ സാധിക്കും. പ്രാദേശികമായി ലഭിക്കുന്നതും വില കുറവുമുള്ള തീറ്റ ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തുക. ഒരു ചിലവുമില്ലാതെ നമ്മുടെ നാട്ടിൽ ധാരാളമായി ലഭിക്കുന്ന ആഹാരാവശിഷ്ടങ്ങൾ ,പച്ചക്കറിവേസ്റ്റ്, എന്നിവ തീറ്റയിൽ ഉൾപ്പെടുത്തുന്നത് ഭക്ഷണ ചിലവ് നിയന്ത്രിക്കുവാൻ സഹായിക്കുന്നു. വില കൂടുതലുള്ള കാലിത്തിറ്റയ് ക്ക് പകരം വില കുറഞ്ഞ മറ്റ് തീറ്റകൾ കൊടുക്കാവുന്നതാണ് .
കരിമ്പിൻ ജ്യൂസ് വില്പന കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന കരിമ്പിന്റെ വേസ്റ്റ് വിലയൊട്ടും കൊടുക്കാതെ ലഭിക്കുന്ന ഭക്ഷ്യവസ്തുവാണ്. വേനൽക്കാലത്ത് പച്ചപ്പുല്ലിന്റെ അളവ് കുറയ്ക്കാനും എന്നാൽ നാരിന്റെ അംശം കുറയാതെ ഇരിക്കാനും കരിമ്പിൻ വേസ്റ്റ് വളരെ സഹായകമാണ് ബേക്കറികളിൽ നിന്നും ലഭിക്കുന്ന പച്ചക്കായുടെ തൊലിയും ഗുണമേന്മ ഉള്ളതും പോത്ത്കൾക്ക് വളരെ ഇഷ്ടപ്പെട്ട ആഹാരമാണ് . ബിയർ വേസ്റ്റ് , കപ്പ വേസ്റ്റ്, ഗ്ലൂക്കോസ് വേസ്റ്റ് എന്നിവയുടെ മിശ്രിതം നല്കുന്നത് വഴി വിലയേറിയ കാലിത്തീറ്റ ഒഴിവാക്കുകയോ പരമാവധി കുറയ്ക്കാനോ സാധിക്കും.
ചോളപ്പൊടി , ചോളത്തവിട് ,ഉഴുന്നിന്റെ തവിട്എന്നിവയും തീറ്റയായി കൊടുക്കാവുന്നതാണ്. മേച്ചിൽ സ്ഥലങ്ങൾ ഉണ്ടെങ്കിൽ മേയാൻ വിടുന്നതും വളരെ നല്ലതാണ്. co3, CO4 , C05 എന്നീ ഇന ങ്ങളിലുള്ള തീറ്റപ്പല്ല് കൃഷി ചെയ്യുന്നത് തീറ്റച്ചിലവ് ഗണ്യമായി കുറക്കും. പറമ്പുകളുടെ അതിർത്തിയായും മറ്റു കൃഷികളുടെ ഒപ്പവും തീറ്റപ്പുൽ കൃഷി ചെയ്യാം. എല്ലാ സമയത്തും പച്ചപ്പുല്ല് ലഭിക്കും എന്ന മെച്ചവുമുണ്ട് .അസോള കൃഷി ചെയ്ത് പച്ചപ്പുല്ലിന്റെ ക്ഷാമം ഏറെ ക്കുറെ പരിഹരിക്കാം . പ്രോട്ടീൻ സംപുഷ്ടമായഎല്ലാ കാലത്തും ലഭ്യമാകുന്ന ഒരു കാലിത്തീറ്റ കൂടിയാണ് അസോള.
മികച്ച രീതിയിൽ ആസൂത്രണം ചെയ്ത് ഭക്ഷണത്തിനായി പ്രാദേശികമായി സൗജന്വമായോ വിലക്കുറവിലോ ലഭിക്കുന്ന തീറ്റകൾ കൂടുതൽ കൊടുക്കുന്നത് ചിലവ് കുറച്ച് മികച്ച ലാഭം നേടുവാൻ നമ്മളെ സഹായിക്കുന്നു