കോഴിവളർത്തൽ ലാഭകരം ആകണമെങ്കിൽ നല്ല രീതിയിൽ മുട്ട ഉത്പാദനം സാധ്യമാക്കുന്ന ജനസുകൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. നല്ല ആരോഗ്യവും പ്രത്യുല്പാദനശേഷി ഉള്ളതുമായ കോഴിജനസുകളെ തിരഞ്ഞെടുക്കലാണ് ഈ സംരംഭം വിജയകരമാക്കുന്നതിൽ പരമപ്രധാനം. നല്ല രീതിയിൽ മുട്ട ഇടുന്ന കോഴികളെ തിരഞ്ഞെടുത്താൽ ദൈനംദിന ആവശ്യങ്ങൾക്കുപരി മുട്ടയുടെ പ്രദേശിക വിപണനം വഴി ബിസിനസ്സ് ലാഭകരമാക്കാം. പ്രധാനമായും കോഴികളെ മൂന്നായി. തരം തിരിക്കുന്നു. മുട്ടയിടുന്നവ, ഇറച്ചിക്ക് പറ്റുന്നവ, മുട്ടയ്ക്കും ഇറച്ചിക്കും പറ്റുന്നവ മുട്ടയിടുന്ന വർഗത്തിൽ പെട്ട ഏറ്റവും പ്രചാരത്തിലുള്ള മൂന്ന് ഇനങ്ങൾ ആണ്. ലഗോൺ, മിനോർക്ക, അങ്കോണ. നല്ല വലിപ്പമുള്ള ധാരാളം മുട്ടയിടുന്ന മുട്ടജനസുകൾ ആണിവ. ഇത്തരം ജനസുകൾ തിരഞ്ഞെടുത്താൽ കോഴിവളർത്തൽ പൊടിപൊടിക്കാം.
മിനോർക്ക
കറുപ്പ്,വെളുപ്പ്, ബഫ് എന്നിങ്ങനെ മൂന്നിനങ്ങൾ ആണ് മിനോർക്കയിൽ പ്രധാനം. എന്നാൽ ഇന്ന് കൂടുതൽ പ്രചാരമുള്ളത് കറുപ്പ് നിറത്തിലുള്ള മിനോർക്ക ഇനമാണ്. നല്ല തിളക്കമുള്ള കറുപ്പ് നിറമാണ് ഇവയ്ക്ക്. നീളമുള്ള താടയും, ഉടലും വലിപ്പമേറിയ പൂവുമാണ് ഈ ജനസ്സിന്റെ ശരീരഅടയാളങ്ങൾ. ഇതിന്റെ മുതുകിന് തോൾ മുതൽ വാല് വരെ ഒരു ചെരിവ് ഉണ്ടായിരിക്കും. ഈ അടയാളമാണ് കോഴിതിരഞ്ഞെടുക്കലിൽ പ്രധാനം. ഇതിന്റെ പിടകളുടെ തൂക്കം 2-3 കിലോഗ്രാമും പൂവന്മാരുടെ തൂക്കം 3-4 കിലോഗ്രാമും ആണ്. ചുണ്ട് കാൽവിരലുകൾ എന്നിവയ്‌ക്കെല്ലാം കറുപ്പ് നിറം തന്നെ.
ലഗോൺ
ഇവയിൽ പ്രധാനമായും നാല് ഇനങ്ങളാണ് ഉള്ളത്. വെളുപ്പ്, കറുപ്പ്, മങ്ങിയ മഞ്ഞ നിറം, തവിട്ട് നിറം തുടങ്ങിയ നിറവ്യത്യാസങ്ങളുള്ള ഇനങ്ങളാണിവ. നീളക്കൂടുതൽ ഉള്ള മുതുക് കണങ്കാൽ, മുഴുപ്പുള്ള നെഞ്ച് എന്നിവയാണ് മേനിഅടയാളങ്ങൾ. ഇവയിൽ ആഗോളപ്രചാരത്തിലുള്ളത് വെളുത്ത ലാഗോണുകളാണ്. ഇവയ്ക്ക് ത്വക്കിനും കാൽവിരലുകൾക്കും മഞ്ഞ നിറമാണ്. 5-6 മാസമാവുമ്പോൾ തന്നെ ഈ ഇനങ്ങൾ പ്രായപൂർത്തിയാവുകയും, പിടകൾ മുട്ടയിട്ടു തുടങ്ങുകയും ചെയ്യും. ഈ ഇനത്തിൽ പെട്ട പിടകൾക്ക് ഏകദേശം രണ്ടുകിലോഗ്രാം ഭാരവും പൂവന് മൂന്ന് കിലോഗ്രാം ഭാരവും വരും. വരണ്ട പ്രദേശങ്ങൾ ഇവയെ വളർത്തുന്നതിന് തിരഞ്ഞെടുക്കണം.
അങ്കോണ
ഇവയുടെ ഉടലടയാളങ്ങൾ ലാഗോണിന് സമാനം നല്ല തിളക്കമുള്ള കറുപ്പ് നിറമാണ് ഇവയ്ക്ക്. തൂവലുകളുടെ അഗ്രഭാഗത്തു വെള്ളപ്പുള്ളികൾ ഉള്ളതിനാൽ അങ്കോണയും ലാഗോണും തിരിച്ചറിയാൻ എളുപ്പമാണ്. ഇവയെ ചിത്രിത ലഗോണുകൾ എന്നാണ് പറയുന്നത്, മഞ്ഞ നിറമുള്ള കൊക്കിന്റെ മുകൾഭാഗത്തു നേരിയതോതിൽ കറുപ്പ് നിറമുണ്ട്. ഇതിൽ പൂവന്റെ തൂവലുകൾക്ക് പച്ച കലർന്ന കറുപ്പ് നിറമാണ്.
അങ്കോണ ഇനങ്ങൾക്ക് കണങ്കാൽ കാൽവിരലുകൾ എന്നിവയ്ക്ക് മഞ്ഞയോ മഞ്ഞ കലർന്ന കറുപ്പ് നിറമോ ആയിരിക്കും.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
കമ്മ്യൂണിസ്റ്റ് പച്ചയുടെ അറിയാപ്പുറങ്ങൾ
ആരോഗ്യപരിപാലനം മുതൽ ഗൃഹശുചീകരണം വരെ ഒറ്റക്ക് ചെയ്യും ഈ ഇത്തിരിക്കുഞ്ഞൻ...