വാങ്ങുമ്പോൾ തന്നെ നൽകിക്കൊണ്ടിരിക്കുന്ന ആഹാരക്രമവും എന്ത് ആഹാരമാണെന്നും മനസ്സിലാക്കിയിരിക്കണം. ആദ്യത്തെ ആഴ്ച അതേ രീതി തുടരുകയാണ് വേണ്ടത്. എന്തെങ്കിലും മാറ്റം വരുത്തുന്നുണ്ടെങ്കിൽ ക്രമേണ ആയിരിക്കണം. സാധാരണയായി 8 ആഴ്ച പ്രായമായ നായ്ക്കുട്ടികൾ പാത്രത്തിൽ നിന്നും തീറ്റ തിന്നാൻ പഠിച്ചിട്ടുണ്ടാകും.
ചെറുചൂടുള്ള പാലും റൊട്ടിക്കഷണങ്ങളും ഈ പ്രായത്തിൽ നൽകാം (പ്രയാസമില്ലാതെ വിഴുങ്ങാൻ പാകത്തിലുള്ള കഷണങ്ങൾ). ക്രമേണ റൊട്ടിക്കഷണത്തിന്റെ വലിപ്പം കൂട്ടാം. തുടർന്ന് മുട്ടയുടെ മഞ്ഞക്കരുവും കൊടുത്തുതുടങ്ങാം. (റൊട്ടിയുടെ കൂടെ കലർത്തി). അർധദ്രാവക രൂപത്തിലുള്ള ആഹാരമേ ഈ പ്രായത്തിൽ നൽകാവൂ. നല്ല പോഷകപ്രദമായ ആഹാരം വേണ്ട പ്രായമാണിത്. ആമാശയം തീരെ ചെറുതായതിനാൽ നാലുമണിക്കൂർ ഇടവിട്ടുള്ള തീറ്റ ക്രമമാണ് ഉത്തമം. വീട്ടിലെ സൗകര്യമനുസരിച്ച് ഇതു ക്രമപ്പെടുത്താം.
ജീവകം “എ'യും 'ഡി'യും ആഹാരത്തിൽ ചേർത്തു നൽകുകയും വേണം.
ചിലപ്പോൾ നായ്ക്കുട്ടി തീറ്റപ്പാത്രത്തിൽ നിന്നും തല തിരിച്ചുകളയും. തള്ളനായയുടെയും കൂട്ടത്തിൽ ഉള്ളവയുടെയും അഭാവം മൂലമാകാം ഇപ്രകാരം ചെയ്യുന്നത്. അപ്പോൾ പാത്രം മാറ്റുകയും
അടുത്ത തവണ തീറ്റ കൊടുക്കുമ്പോൾ (15 - 20 മിനിട്ടുകൾക്കു ശേഷം) അളവ് അൽപ്പം കൂട്ടി ഈ സ്ഥിതി പരിഹരിക്കാവുന്നതേയുള്ളൂ. പക്ഷേ, മൂന്നുനാലു തവണ അടുപ്പിച്ച് തീറ്റ എടുക്കാതിരുന്നാൽ വെറ്റിനറി ഡോക്ടറുടെ ഉപദേശം തേടണം.
ശരീരഭാരത്തിന് അനുസരിച്ചാവണം തീറ്റ നൽകേണ്ടത്.
ഉടമസ്ഥന്റെ നിരീക്ഷണത്തിലൂടെ എത്ര തീറ്റ വേണമെന്ന് നിശ്ചയിക്കാവുന്നതാണ്, ഒരു തവണ കൊടുത്തു കഴിഞ്ഞശേഷം വയറ് നിറഞ്ഞുതൂങ്ങിയതായി തോന്നിയാൽ അടുത്ത പ്രാവശ്യം കൊടുക്കുന്നതിൽ കുറവുവരുത്തി പരിഹരിക്കാം.