കാപ്രിപോക്സ് വിഭാഗത്തിൽപ്പെടുന്ന ലംപിസ്കിൻ ഡീസീസ് വൈറസ് മൂലമുണ്ടാകുന്ന സാംക്രമിക രോഗമാണ് ചർമ്മമുഴ. പശുക്കളിലും എരുമകളിലും കാണുന്ന രോഗം മനുഷ്യരെ ബാധിക്കില്ല.ചെള്ളും ഇൗച്ചകളുമാണ് രോഗം പരത്തുന്നത്. രോഗബാധയുള്ള പശുക്കളുമായുള്ള നേരിട്ടുള്ള സമ്പർക്കം വഴിയും തള്ളപശുവിന്റെ പാൽകുടിക്കുക വഴി കുഞ്ഞുങ്ങളിലേക്കും രോഗം വ്യാപിക്കാം.
രോഗലക്ഷണങ്ങൾ
ശരീരചർമ്മത്തിൽ 1.5 സെ.മീ വ്യാസത്തിൽ വൃത്താകൃതിയിൽ മുഴ തടിപ്പ്, മൂക്കിൽ നിന്നും കണ്ണിൽ നിന്നുമുള്ള നീരൊലിപ്പ്, പനി, കഴലവീക്കം, പാൽ കുറവ് ,വിശപ്പില്ലായ്മ, കൈകാലുകൾ, കീഴ്ത്താടി, വയറിന്റെ കീഴ്ഭാഗം, വൃഷണം എന്നിവിടങ്ങളിൽ നീർക്കെട്ട് , വായിലും മൂക്കിലും വ്രണങ്ങൾ.
കാലികളിലെ ചർമ്മമുഴ രോഗം പാരമ്പര്യ ചികിത്സാ വിധി
വായിലൂടെ നൽകാനുള്ളത് (കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഇടവിട്ട് മാറി മാറി നൽകുക)
ആദ്യത്തെ മരുന്ന് മിശ്രിതം
ചേരുവകൾ : ഒറ്റത്തവണ ഉപയോഗത്തിന് (ഒരു ഡോസ്)
വെറ്റില - 10 എണ്ണം , കുരുമുളക് - 10 ഗ്രാം, ഉപ്പ് - 10 ഗ്രാം, ശർക്കര - ആവശ്യാനുസരണം
തയ്യാറാക്കുന്ന വിധം :
എല്ലാ ചേരുവകളും നന്നായി അരച്ച് ശർക്കരയുമായി യോജിപ്പിക്കുക.
കുറേശ്ശയായി വായിലൂടെ ഉള്ളിലേയ്ക്ക് നൽകുക. ആദ്യത്തെ ദിവസം മൂന്നു മണിക്കൂർ ഇടവിട്ട് ഓരോ ഡോസ് നൽകുക . രണ്ടാമത്തെ ദിവസം മുതൽ രണ്ടാഴ്ചത്തേയ്ക്ക് ദിവസേന മൂന്ന് ഡോസ് വീതം നല്ലുക. ഓരോ തവണ നൽകാനുള്ള മരുന്ന് അപ്പപ്പോൾ തയ്യാറാക്കുക
രണ്ടാമത്തെ മരുന്ന് മിശ്രിതം
ചേരുവകൾ : രണ്ടു തവണത്തെ ഉപയോഗത്തിന് (രണ്ടു ഡോസ്)
വെളുത്തുള്ളി - 2 അല്ലി, മല്ലി - 10 ഗ്രാം, ജീരകം - 10 ഗ്രാം, തുളസി- ഒരു പിടി, ഉണങ്ങിയ എടന / വഴന ഇല - 10 ഗ്രാം, കുരുമുളക് -10 ഗ്രാം, വെറ്റില - 10 എണ്ണം, ചെറിയ ഉള്ളി - 2 എണ്ണം, മഞ്ഞൾപ്പൊടി- 10 ഗ്രാം, കിരിയാത്തില ഉണക്കി പൊടിച്ചത് - 30 ഗ്രാം, കർപ്പൂരത്തുളസി ഇല - ഒരു പിടി, ആര്യവേപ്പില - ഒരു പിടി, കൂവളത്തില - ഒരു പിടി, ശർക്കര - 100 ഗ്രാം
തയ്യാറാക്കുന്ന വിധം :
എല്ലാ ചേരുവകളും നന്നായി അരച്ച് ശർക്കരയുമായി യോജിപ്പിക്കുക. കുറേശ്ശയായി വായിലൂടെ ഉള്ളിലേയ്ക്ക് നൽകുക. ആദ്യത്തെ ദിവസം മൂന്നു മണിക്കൂർ ഇടവിട്ട് ഓരോ ഡോസ് നൽകുക. രണ്ടാമത്തെ ദിവസം മുതൽ അസുഖം ഭേദമാകുന്നതുവരെ ദിവസേന രാവിലെയും വൈകിട്ടും ഓരോ ഡോസു വീതം നൽകുക. ഓരോ ദിവസം നൽകാനുള്ള മരുന്ന് അന്നന്ന് തയ്യാറാക്കുക
പുറമെ പുരട്ടാൻ (മുറിവുണ്ടെങ്കിൽ)
ചേരുവകൾ :
കുപ്പമേനിയില - ഒരു പിടി, വെളുത്തുള്ളി - 10 അല്ലി, ആര്യവേപ്പില - ഒരു പിടി, വെളിച്ചെണ്ണ അല്ലെങ്കിൽ എള്ളണ്ണ - 500 മി.ലി., മഞ്ഞൾപ്പൊടി - 20 ഗ്രാം, മൈലാഞ്ചിയില - ഒരു പിടി, തുളസിയില - ഒരു പിടി.
തയ്യാറാക്കുന്ന വിധം :
(1) എല്ലാ ചേരുവകളും നന്നായി അരച്ചെടുക്കുക.(i) 500 മി.ലി. വെളിച്ചെണ്ണ അല്ലെങ്കിൽ എള്ളണ്ണ ചേർത്ത് തിളപ്പിച്ചാറ്റി എടുക്കുക
ഉപയോഗിക്കേണ്ട വിധം:
മുറിവ് വൃത്തിയാക്കിയതിനു ശേഷം പുരട്ടുക.
മുറിവിൽ പുഴുക്കൾ ഉണ്ടെങ്കിൽ:
മുറിവിൽ പുഴുക്കൾ ഉണ്ടെങ്കിൽ ആദ്യത്തെ ദിവസം മാത്രം ആത്തയില അരച്ചു പുരട്ടുകയോ കർപ്പൂരം ചേർത്ത വെളിച്ചെണ്ണ പുരട്ടുകയോ ചെയ്യുക.