ആട് വളർത്താൻ ഉദ്ദേശിക്കുന്നവർ അറിയേണ്ട കാര്യങ്ങൾ:
1 ആടിനെ വാങ്ങുന്നതിനു മുൻപ് ആവശ്യത്തിന് കഴിക്കുവാനുള്ള തീറ്റപ്പുല്ല് നട്ടു വളർത്തിയിരിക്കണം. തീറ്റപ്പുല്ല് വിളവെടുക്കാറാവുമ്പോളേക്കും(2 മാസം)കൂടു നിർമ്മാണം പൂർത്തിയാക്കുക. അതിനു ശേഷം മാത്രം ആടുകളെ വാങ്ങിക്കുക.
2 ആടുകളെ വാങ്ങിക്കുന്നവർ ഒരിക്കലും കാലിച്ചന്ത യിൽ നിന്നോ അറവുകാരുടെ കയ്യിൽ നിന്നോ ഇടനിലക്കാരിൽ നിന്നോ വാങ്ങിക്കരുത് കാരണം ഈ മേഘലയിലുള്ളവർ പല തരം മൃഗങ്ങളോട് ഇടപഴക്കമുള്ളതിനാൽ അത്തരം ആടുകൾക്ക് പല രോഗങ്ങളും പകരാൻ സാധ്യത കൂടുതലുള്ളവയാണ്. വാങ്ങിക്കുമ്പോൾ നേരിട്ട് വളർത്തുന്നവരുടെ കയ്യിൽ നിന്നും വാങ്ങിക്കുകയും വാങ്ങിക്കുന്ന ആടിനെ പറ്റിയുള്ള എല്ലാ കാര്യങ്ങളും(ക്രോസ് ചെയ്ത മുട്ടൻ, തള്ളയുടെ പാലിന്റെ അളവ്, കുട്ടികൾ, അസുഖങ്ങൾ, കുത്തിവെപ്പുകൾ മുതലായവ)ചോദിച്ചു മനസ്സിലാക്കുകയും ചെയ്യുക.
3 പുതിയതായി വാങ്ങിക്കുന്ന ആടുകൾ തമ്മിൽ കുത്തുകൂടുകയും പരിക്ക് പറ്റുകയും ചെയ്യാവുന്നതിനാൽ വെവ്വേറെ മാറ്റിയിടുന്നതാണ് നല്ലതു അല്ലെങ്കിൽ കുഞ്ഞുങ്ങൾക്ക് പരിക്ക് പറ്റുകയോ ജീവൻ നഷ്ടപ്പെടുകയോ ചെയ്യാം അത് പോലെ ഗർഭിണികളായ ആടുകളുടെ ഗർഭം അലസുകയും ജീവൻ വരെ നഷ്ടമാവുകയും ചെയ്യാറുണ്ട്.
4 മലബാറിയോ നാടനോ മലബാറി-സങ്കര ഇനങ്ങളൊ വാങ്ങി വളർത്തുന്നതാണ് തുടക്കക്കാർക്ക് നല്ലത്. മലബാറി -സങ്കര ഇനങ്ങളെ വാങ്ങിക്കുമ്പോൾ ഒന്നിൽ കൂടുതൽ കുഞ്ഞുങ്ങളുണ്ടാകുന്നവയെ നോക്കി വാങ്ങിക്കുന്നതാണ് നല്ലത്. ജനുസ്സുകളുടെ ശുദ്ധത നില നിർത്തുവാൻ ശ്രമിക്കുന്നതാണ് ഇപ്പോഴും നല്ലത്.
5 കൂടുണ്ടാക്കുമ്പോൾ നമ്മൾ വളർത്താനുദ്ദേശിക്കുന്നവയുടെ എണ്ണത്തിനു നേരിരട്ടി എണ്ണത്തിന് വേണം കൂടുണ്ടാക്കുവാൻ അതായത് പത്തു വലിയ ആടുകളുണ്ടെങ്കിൽ ഏറ്റവും കുറഞ്ഞത് 20-40 ആടുകൾക്കുള്ള കൂടെങ്കിലും ഉണ്ടാക്കാൻ ശ്രമിക്കുക, കാരണം 3 മാസം കഴിഞ്ഞ ആൺ-പെൺ കുട്ടികളെ വേവ്വേറെ മാറ്റിയിടണം അതാണ് നമ്മുടെ ആട് കൃഷിയുടെ വിജയം. അതിലൂടെ അന്തർപ്രജനനം ഒഴിവാക്കി നല്ല തലമുറ ആടുകളെ വളർത്തിയെടുക്കാൻ കഴിയും.
6 ആട് വളർത്താൻ ഏറ്റവും നല്ല രീതി മുഴുവൻ സമയവും കൂട്ടിലിട്ടു വളർത്തുന്നതോ അല്ലെങ്കിൽ എല്ലാ ആടുകൾക്കും കിട്ടുന്ന വിധം പുല്ലും മറ്റു തീറ്റകളും കൂട്ടിലിട്ടു പ്രത്യേകം നൽകി കുറച്ചു സമയം തുറന്നു വിടുന്നതുമാണ്. ഇങ്ങനെയാകുമ്പോൾ എല്ലാ ആടുകൾക്കും തീറ്റ ആവശ്യത്തിന് ലഭിക്കുന്നു എന്ന് ഉറപ്പാക്കാവുന്നതും ആടുകൾക്ക് മികച്ച വളർച്ച ലഭിക്കുന്നതുമാണ്. എല്ലാ ആടുകളെയും ശ്രദ്ധിക്കാൻ കഴിയുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
7 ആടുകൾക്ക് 90-95% ഭക്ഷണവും നാരടങ്ങിയ പുല്ലോ മറ്റു ഇല വര്ഗങ്ങളോ കൊടുക്കൽ നിർബന്ധമാണ് ബാക്കി 5-10% മാത്രം കൈത്തീറ്റ-സമീകൃതാഹാരം നൽകുക, കുടിക്കാൻ ആവശ്യത്തിന് ശുദ്ധജലം എപ്പോഴും കൂട്ടിലും പരിസരത്തും ലഭ്യമാക്കുക.
8 തീറ്റപ്പുല്ലുകൾ തന്നെ പല തരം ഉണ്ട് സി.ഒ-2,3,4,5 എന്നിവക്ക് പുറമെ ആടുകൾക്ക് ഇഷ്ടപ്പെടുന്ന കൂടുതൽ നാരടങ്ങിയ പുല്ലു വര്ഗങ്ങളുമുണ്ട്. സ്റ്റൈലോസാന്ദസ് ഹെമറ്റ,കൗ പീ എന്നയിനം പയർ ചെടി, ശീമക്കൊന്ന, സുബാബുൽ(പീലി വാക),മുരിങ്ങ, അഗത്തി, എന്നിങ്ങനെ ചെറിയ മരങ്ങളും,ഗിനി, കോംഗോസിഗ്നൽ മറ്റു ചെറിയ പുല്ലിനങ്ങൾ, മൾബറി,അൽഫാൾഫാ,ഹെഡ്ജ് ലൂസേൺ എന്നിങ്ങനെ യുള്ള കുറ്റിച്ചെടികളും}. ഇവയുടെയെല്ലാം വിത്തുകൾ പാലക്കാട് ഉള്ള ഗവഃ ധോണി ഫാം-ൽ നിന്നും ലഭിക്കുന്നതാണ്.
9 ആടുകൾക്ക് അസുഖം വന്നു ചികിത്സിക്കുന്നതിനേക്കാൾ നല്ലതു അവക്ക് രോഗങ്ങൾ വരാതെ നോക്കുന്നതാണ്. അസുഖങ്ങൾ കണ്ടാൽ ഉടനടി ചികിത്സ നൽകണം അതിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ല. പ്രതിരോധ കുത്തി വെപ്പുകൾ കൃത്യ സമയത്തു തന്നെ എടുക്കേണ്ടതാണ്. മലബാറി, നാടൻ, മലബാറി -സങ്കര ഇനങ്ങൾക്ക് സാധാരണ മറ്റു കുത്തിവെപ്പുകളൊന്നും തന്നെ നിർബന്ധമില്ല ( 5കിലോമീറ്റർ ചുറ്റളവിനുള്ളിൽ സമീപപ്രദേശത്തൊന്നും തന്നെ ഗുരുതര രോഗങ്ങൾ കാണപ്പെട്ടിട്ടില്ലെങ്കിൽ) പക്ഷേ അഥവാ ടെറ്റനസ് കുത്തിവെപ്പ് എല്ലാ 6 മാസത്തിലും നിർബന്ധമായും എടുത്തിരിക്കണം ഇല്ലെങ്കിൽ കുഞ്ഞുങ്ങളിലെ മരണ നിരക്കും ഏതെങ്കിലും വിധത്തിൽ മുറിവ് പറ്റിയ വലിയ ആടുകൾക്കും ടെറ്റനസ് വന്ന് കിടപ്പിലായി മരണം സംഭവിക്കാം.
10 നമ്മുടെ ഫാമിലെ ആടുകളുടെ അടുത്തേക്കും അവയുടെ കൂട്ടിലേക്കും പുറമെ നിന്നുള്ള ആളുകളെ പ്രത്യേകിച്ച് മൃഗങ്ങളും അവയുടെ ഇറച്ചിയും മറ്റും കൈകാര്യം ചെയ്യുന്നവരെ ഇടപെടുത്താതിരിക്കുക ഇത് മറ്റു രോഗങ്ങൾ വരുന്നത്-പകരുന്നത് തടയും. അത് പോലെ നമ്മൾ മറ്റു ഫാമുകളോ ചന്തകളോ അറവു ശാലകളോ ഇറച്ചിക്കടകളോ സന്ദർശിച്ചു എങ്കിൽ കുളിച്ചു വൃത്തിയായതിനു ശേഷം മാത്രം നമ്മുടെ ഫാമിലെ മൃഗങ്ങളുടെ അടുത്തേക് പോവുക.
11 കുട്ടികളുള്ള ആടുകൾക്ക് കുഞ്ഞുങ്ങൾക്ക് കുടിക്കാനും നല്ല വളർച്ച കിട്ടാനും ആവശ്യത്തിന് പുല്ലും സമീകൃത തീറ്റകളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. കുഞ്ഞുങ്ങൾക്കു ആവശ്യത്തിന് പാൽ കുടിക്കാൻ കിട്ടുന്നുണ്ടെന്നു ഉറപ്പു വരുത്തുക. ഒരു മാസം കഴിഞ്ഞാൽ കുഞ്ഞുങ്ങൾ തീറ്റകളെടുത്തു തുടങ്ങിയാൽ അവക്ക് പ്രത്യേകം തീറ്റ കിട്ടുന്ന രീതിയിൽ വെവ്വേറെ തീറ്റ-വെള്ള പാത്രങ്ങൾ സജ്ജീകരിക്കുക. കുഞ്ഞുങ്ങളുടെ വളർച്ചയാണ് നമ്മുടെ ഫാമിന്റെ വിജയം.3 മാസത്തെ വളർച്ചക്ക് ശേഷം ആൺ-പെൺ കുട്ടികളെ വെവ്വേറെ മാറ്റിയിടുകയും നല്ല തീറ്റകൾ ശീലമാക്കുകയും ആവശ്യത്തിന് നൽകുകയും ചെയ്യുക.
12 കുഞ്ഞുങ്ങൾക്കു പ്രസവിച്ചു അര മണിക്കൂറിനകം തന്നെ പാൽ കൊടുക്കണം. പൊക്കിൾ കൊടിയിൽ ഈച്ച വരാതിരിക്കാൻ ശ്രദ്ധിക്കുക, tincture iodine ഉപയോഗിച്ച് അണു വിമുക്തമാക്കുക. എല്ലാ ദിവസവും കുഞ്ഞുങ്ങളുടെ പൊക്കിൾ കൊടിയും, പ്രസവിച്ച ആടുകളുടെ പിൻഭാഗവും ശ്രദ്ധിക്കുക . ഈച്ചയിരുന്നു മുറിവാകാനും പുഴുക്കൾ വരാനും സാധ്യത വളരെ കൂടുതലാണ് .പ്രസവിച്ചു ഒന്നോ രണ്ടോ ആഴ്ചക്കുള്ളിൽ വിര മരുന്നു നൽകണം, തുടർന്ന് 6 മാസം പ്രായം വരെ എല്ലാ മാസവും 6 മാസം പ്രായം മുതൽ എല്ലാ 3-മാസത്തിൽ ഒരിക്കലും വിര മരുന്ന് കൊടുക്കൽ നിർബന്ധമാണ്. ഇതിനുള്ള വാക്സിനുകളും ലഭ്യമാണ്.
13 കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നത് ആടുകളുടെ വളർച്ചയെ സ്വധീനിക്കുന്ന ഒരു വലിയ ഘടകമാണ്. അതിനാൽ കൂടിനടിയിൽ കാഷ്ഠവും മൂത്രവും കെട്ടിക്കിടക്കാതെ നോക്കുക തീറ്റ അവശിഷ്ടങ്ങൾ സമയത്തിന് മാറ്റിയിടുക തീറ്റ-വെള്ള പാത്രങ്ങൾ ദിവസവും കഴുകി വൃത്തിയാക്കുക മുതലായ കാര്യങ്ങൾ ശ്രദ്ധിക്കുക.
14 വിടാതെ വളർത്തുന്ന ആടുകളാണെങ്കിൽ രാവിലെ 8 മണിയോട് കൂടി കൈത്തീറ്റ നൽകുക(പച്ചവെള്ളം ഓട്ടോമാറ്റിക് ആയി കൂട്ടിൽ ലഭിക്കുന്നുണ്ടെങ്കിൽ) ഇല്ലെങ്കിൽ പിണ്ണാക്ക് വെള്ളമോ പച്ച വെള്ളമോ വെയിൽ ചൂടായ ശേഷം കൊടുക്കുക ശേഷം കൈത്തീറ്റ കൊടുക്കുക. വിട്ടു വളർത്തുന്ന ആടുകൾക്ക് രാവിലെ വെയിൽ ചൂടായിക്കഴിഞ്ഞാൽ വെള്ളം ആവശ്യമായി വരും അതായത് മഴക്കാലമാണെങ്കിൽ രാവിലെ 9-10 മണിക്ക് വെള്ളം കൊടുത്താൽ മതി പക്ഷേ വേനലാണെങ്കിൽ രാവിലെ 8 മണിക്ക് തന്നെ കുടിക്കാൻ വെള്ളം ആവശ്യമുണ്ടാകും(പിണ്ണാക്ക്-മറ്റ് കലക്ക് വെള്ളമാണുദ്ദേശിച്ചതു) ശേഷം കൈത്തീറ്റ കൊടുക്കാം. ഇത് പോലെ വൈകീട്ട് 2-3 മണിക്ക് വീണ്ടും കൊടുക്കണം. കൂട്ടിലാണെങ്കിലും പുറത്താണെങ്കിലും കുടിക്കാൻ യഥേഷ്ടം പച്ചവെള്ളം വച്ചു കൊടുക്കണം.
15 ആടുകൾ തലേന്ന് കഴിച്ച തീറ്റ യഥേഷ്ടം അയവിറക്കാൻ അവക്ക് സമയം കൊടുക്കുക എങ്കിലേ തീറ്റ ശരിക്കു ദഹിച്ചു അവയുടെ ശരീരത്തിൽ പിടിക്കുകയുള്ളു. സാധാരണ ആടുകൾ കാര്യമായി പുല്ല് -ഇല
തീറ്റകളെടുക്കുന്നതു ഉച്ചക്ക് 12 മണി മുതൽ 3 മണി വരെയുള്ള സമയത്താണ്. ഇത് മനസ്സിലാക്കി വേണം ആടുകൾക്ക് തീറ്റ നൽകാൻ. മഴയുള്ളപ്പോൾ ആടുകൾക്ക് സമയത്തു കൊടുക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
16 ബ്രീഡിങ്ങിനു വേണ്ടി മുട്ടന്മാരെ തിരഞ്ഞെടുക്കുമ്പോൾ നല്ല ആരോഗ്യവും വലിപ്പവും ചുറുചുറുക്കുമുള്ള അംഗവൈകല്യമില്ലാത്തവയെ നോക്കി തിരഞ്ഞെടുക്കുക ശരാശരി ഒരു വയസ്സും അതിനൊത്ത വളർച്ചയുമുള്ളവയെ വേണം തിരഞ്ഞെടുക്കാൻ. പെണ്ണാടുകളുമായി രക്തബന്ധം ഇല്ലാത്തതായിരിക്കണം. അന്തർ പ്രജനനം വഴി ഉണ്ടായ മുട്ടന്മാരല്ല എന്ന് ഉറപ്പിച്ചു വാങ്ങുക. തള്ളയുടെ പാലിന്റെ ലഭ്യതയും ഒരു മാനദണ്ഡമാണ്.
17 ആടുകളിൽ ചെള്ളുകൾ പേനുകൾ ഉണ്ണികൾ മുതലായവയുടെ ശല്യം ഉണ്ടാകുന്നത് ഇടയ്ക്കിടയ്ക്ക് ശ്രദ്ധിക്കുകയും അതിനുള്ള പ്രധിവിധി ഉടനടി ചെയ്യുകയും ചെയ്യുക അലെങ്കിൽ അത് ആടുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. രാസ കീട നാശിനികളും(TIXTOX,PORON,ETC…) ജൈവ കീട നാശിനികളും ഇതിനായി ലഭ്യമാണ്. കുടിക്കുന്ന വെള്ളത്തിൽ ഇടയ്ക്കിടയ്ക്ക് കുറേശ്ശേ വിനാഗിരി ചേർത്ത് നൽകുന്നത് ചെള്ള് നശിക്കുന്നതിനു നല്ലതാണ്. വിനാഗിരിയും വെള്ളവും സമാസമം ചേർത്ത് ആടുകളുടെ ശരീരത്തിൽ തളിക്കുന്നതും ചെള്ള് പോകാൻ നല്ലതാണ് ആടുകളുടെ കണ്ണിലും ജനനേദ്രിയങ്ങളിലും ഇത്തരം മരുന്നുകൾ ആവാതെ സൂക്ഷിക്കുക. പുകയിലക്കഷായം തുടങ്ങിയ വേറെ പല നാടൻ രീതികളും ചെയ്യാറുണ്ട്.
18 ആടുകൾക്ക് ശരീരത്തിൽ മുറിവുകളോ മറ്റു അസ്വസ്ഥതകളോ ഉണ്ടോ എന്ന് ഇടയ്ക്കിടയ്ക്ക് ശ്രദ്ധിക്കുക അതിനു വേണ്ട എല്ലാത്തരം മരുന്നുകളും (FIRST AID KIT) നമ്മുടെ കയ്യിൽ സ്റ്റോക്ക് ഉണ്ടായിരിക്കണം. ശരീരത്തിൽ മുറിവുകൾ കണ്ടാൽ ഉടൻ തന്നെ Topicure തുടങ്ങിയ spray കൾ അടിച്ചു കൊടുക്കുക. ദഹനക്കേട് വന്നാൽ ഇഞ്ചി നീരും ശർക്കരയും കൊടുക്കാം. വയർ വീർത്തു വന്നാൽ ഉടൻ അപ്പക്കാരം അഥവാ ബേക്കിംഗ് സോഡാ കലക്കിക്കൊടുക്കുക(ഒരു ടേബിൾ സ്പൂൺ ഒരു വലിയ ആടിന് ശർക്കര ചേർത്ത് കൊടുക്കുക). മുറിവുണ്ടായാൽ അടിക്കാനുള്ള spray, മുറിവിൽ പുഴുക്കൾ ഉണ്ടെങ്കിൽ അവയെ കൊല്ലാനുള്ള യൂക്കാലിപ്സ് തൈലം, പുതിയ കുഞ്ഞുങ്ങൾക്കു കൊടുക്കാനുള്ള വിര മരുന്നുകൾ എന്നിവ എപ്പോളും നമ്മുടെ കയ്യിൽ ഉണ്ടെന്നുറപ്പ് വരുത്തുക.
19 ആടുകൾക് ഇടയ്ക്കിടയ്ക്ക് ചുമ വരാറുണ്ട് ശ്രദ്ധിച്ചില്ലെങ്കിൽ ചില ആടുകളിൽ അത് ന്യൂമോണിയ ആയി മാറുകയും ആട് ചത്ത് പോവുകയും ചെയ്യും. ചുമ പല കാരണങ്ങൾ കൊണ്ടുണ്ടാകാം. മഴയും മഞ്ഞും കൊണ്ടാലുണ്ടാകാം, കുടിക്കാൻ കൊടുക്കുന്ന പിണ്ണാക്ക് വെള്ളത്തിൽ മുങ്ങി കഴിക്കുന്ന ആടുകൾക്ക് വരാറുണ്ട്, കൂടിന്നടിയിൽ കാഷ്ഠവും മൂത്രവും കെട്ടിക്കിടക്കുമ്പോൾ ഉണ്ടാകുന്ന അമോണിയ ശ്വസിക്കുന്നത് മൂലവും ചുമ യുണ്ടാകാം അതിനാൽ കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ആയുർവേദിക് മരുന്ന് കൂട്ട് വെറ്ററിനറി ആശുപത്രിയിൽ നിന്നോ, വൈദ്യ ശാലകളിൽ നിന്നോ കിട്ടും അത് ശർക്കര കൂട്ടിക്കൊടുക്കാം, കുടിക്കുന്ന വെള്ളത്തിൽ കൊടുക്കാം. മനുഷ്യന്മാർ കുടിക്കുന്ന ചുക്ക് കാപ്പി ചേരുവകൾ അരച്ച് ശർക്കരയിൽ കൂട്ടി കൊടുത്താലും മതി. ഇംഗ്ലീഷ് മരുന്നുകളും പല കമ്പനികളുടേതും വാങ്ങിച്ചു കൊടുക്കാം പക്ഷെ, ഇതെല്ലം കൊടുത്തിട്ടും ചുമ കൂടി വരികയും ആട് ക്ഷീണം കാണിക്കുകയും ചെയ്താൽ ഉടനടി ഡോക്ടറുടെ സേവനം നോക്കുന്നതാണ് ബുദ്ധി. പെട്ടെന്ന് ആന്റി ബൈക്കോടിക് ഇൻജെക്ഷൻ കൊടുക്കുന്നതാണ് നല്ലതു. ആടിന് ശ്വസന സമയത്തു ചെറിയ കിർകിർ ശബ്ദം കേള്കുന്നുണ്ടെങ്കിൽ അത് ശ്വാസകോശത്തിലേക്കു വ്യാപിക്കുന്നു എന്നതാണ് അപ്പോൾ ആന്റി ബൈക്കോടിക് ഇൻജെക്ഷൻ കൊടുക്കേണ്ടത് നിർബന്ധമാണ് ഒപ്പം മൂക്കിൽ ഹാവി പിടിപ്പിക്കുകയും ചെയ്യണം.