1. Livestock & Aqua

പ്രതിരോധ കുത്തിവെപ്പ് എടുത്തു മൂന്നാഴ്ചയായ ആടാണ് വളർത്താൻ ഉത്തമം

ഉയർന്ന സന്താന ഉല്പാദനശേഷിയുള്ള ആടുകളെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

Arun T
ആട്
ആട്

ഉയർന്ന സന്താന ഉല്പാദനശേഷിയുള്ള ആടുകളെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. നേരത്തേ പ്രായപൂർത്തിയാകാനുള്ള കഴിവ്, കുറഞ്ഞ ഗർഭകാലം, ഒരു പ്രസവത്തിൽ ഒന്നിലധികം കുട്ടികളെ ഉല്പാദിപ്പിക്കാനുള്ള കഴിവ് എന്നിവയാണ് പെണ്ണാടുകളുടെ പ്രത്യുല്പാദനക്ഷമതയുടെ ഗുണപരമായ ഘടകങ്ങൾ, എങ്കിലും ഉയർന്ന ജനനഭാരവും അതിജീവനശേഷിയുമുള്ള കുഞ്ഞുങ്ങളെ കൂടുതൽ എണ്ണം ഉല്പാദിപ്പിക്കാനുള്ള കഴിവിനെയായിരിക്കണം തിരഞ്ഞെടുപ്പിന് അടിസ്ഥാനമാക്കേണ്ടത്. ആത്യന്തികമായി എത്ര കുട്ടികളെ ജനിപ്പിച്ചു എന്നതല്ല.

ഗുണനിലവാരമുള്ള എത്ര എണ്ണം

ഗുണനിലവാരമുള്ള എത്ര എണ്ണം കുട്ടികളെ അതിജീവിപ്പിച്ചു എന്നതാണ് പ്രത്യുല്പാദനത്തിൽ ഒരു പെണ്ണാടിന്റെ കഴിവായി കണക്കാക്കേണ്ടത്. ഓരോ പ്രസവശേഷവും അതിവേഗം ആരോഗ്യം വീണ്ടെടുത്ത് അടുത്ത ഗർഭധാരണത്തിന് തയാറാകുന്നതു മുതൽ കുട്ടികൾക്ക് ആവശ്യാനുസരണം പാൽ നൽകാൻ കഴിയുക എന്നതുവരെ വിവിധ ഘടകങ്ങളുടെ സമജ്ജസമായ സമ്മേളനമാണ് ഇത്തരമൊരു കഴിവിന് കാരണമാകുന്നത്.

ആടുകളെ തിരഞ്ഞെടുക്കുമ്പോൾ മേല്പറഞ്ഞ ഘടകങ്ങളാണ് ആദ്യം പരിഗണിക്കേണ്ടത്. എങ്കിലും സൂക്ഷ്മതലത്തിൽ ശ്രദ്ധിക്കേണ്ട വ്യക്തിപരമായ കാര്യങ്ങളും ഉണ്ട്. അതിലെ ഏറ്റവും പ്രധാന ഘടകം ആടുകൾക്ക് ലഭിച്ചിട്ടുള്ള പരിചരണമാണ്. ശാസ്ത്രീയപരിചരണ രീതികളിൽ വളർന്നു വന്നവയാണോ നാം തിരഞ്ഞെടുക്കുന്ന ആടുകൾ എന്ന് പരിശോധിക്കണം. അവയെ വളർത്തുന്ന ആൾ പിന്തുടർന്ന് വന്നിട്ടുള്ള പരിചരണരീതികൾ നമ്മുടെ പരിതഃസ്ഥിതിക്കും സാഹചര്യങ്ങൾക്കും അനുസരിച്ചു നമുക്ക് അനുവർത്തിക്കാൻ കഴിയുന്നതാണോ എന്ന് പരിശോധിച്ച് മാത്രമേ ആടിനെ വാങ്ങാവൂ. ഉദാഹരണത്തിന് മേഞ്ഞു നടന്ന ആടുകളെ പൊടുന്നനെ തീവ്രരീതിയിലേക്ക് മാറ്റാൻ ബുദ്ധിമുട്ടാണ്.

സമയാസമയങ്ങളിൽ മരുന്നുകൾ

വിരമരുന്നുകൾ സമയത്തിന് നൽകുക തുടങ്ങിയ പരിചരണങ്ങൾ ചെയ്യാറുണ്ടോ എന്നതും അന്വേഷിക്കണം. വിരബാധയുള്ള മിക്ക ആടുകളും ബാഹ്യമായ ലക്ഷണങ്ങൾ കാര്യമായി പ്രകടിപ്പിക്കാറില്ലെങ്കിലും അവയ്ക്കു പലപ്പോഴും ആന്തരിക ആരോഗ്യം കുറവായി കാണപ്പെടാറുണ്ട്. തന്മൂലം പെട്ടെന്നു തന്നെ മറ്റു രോഗബാധകൾ അവയെ ബാധിക്കുന്നതായി കാണാം. സമയാസമയങ്ങളിൽ പ്രതിരോധ കുത്തിവയ്പുകൾ നൽകി വളർത്തപ്പെട്ടവയാണോ ആടുകൾ എന്ന് ചോദിച്ചറിയണം. അത്തരം കുത്തിവയ്പുകളുടെ രേഖകളും വാങ്ങിയിരിക്കണം.

പ്രതിരോധ കുത്തിവയ്കപ്പുൾക്കു വിധേയരാകാത്ത ആടുകളെ വാങ്ങുന്നത്, പ്രത്യേകിച്ച് അന്യസംസ്ഥാനങ്ങളിൽ നിന്ന് ആത്മഹത്യാപരമാണ്. കുത്തിവയ്പ്പുകൾ നൽകിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയാൽ മാത്രം പോര. അവ നൽകിയതിനുശേഷം പ്രതിരോധശേഷി ആർജിക്കാനുള്ള സമയം ആടിന് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. പ്രതിരോധ കുത്തിവയ്പുകൾ എല്ലാം തന്നെ എടുത്തു കഴിഞ്ഞാൽ അതിന്റെ പ്രതിരോധശേഷി ആർജിക്കാൻ ശരീരത്തിന് രണ്ടു മൂന്നാഴ്ച സമയമെങ്കിലും വേണം. അതായതു ആ സമയത്തിനുള്ളിലാണ് നമ്മൾ ആടിനെ വാങ്ങുന്നതെങ്കിൽ ആടിന് പൂർണമായ തോതിൽ പ്രതിരോധശേഷി ലഭിച്ചു കാണില്ല എന്നർഥം.

അതുകൊണ്ടു കുത്തിവച്ച് മൂന്നാഴ്ചകഴിഞ്ഞ ആടുകളെ മാത്രം വാങ്ങുക. പല പ്രതിരോധ കുത്തിവയ്പുകൾക്കും കാലപരിധിയും ഉണ്ട്. അതായതു ഒരു നിശ്ചിത സമയത്തിനു ശേഷം ആടുകൾക്ക് ആ കുത്തിവയ്പിൽ നിന്നുള്ള പ്രതിരോധശേഷി നഷ്ടപ്പെടും. ആ പ്രതിരോധശേഷി നിലനിർത്താൻ നിശ്ചിത ഇടവേകളിൽ പ്രതിരോധ കുത്തിവയ്പ്പ് ആവർത്തിക്കേണ്ടി വരും. അത്തരത്തിൽ ആവർത്തിച്ചിട്ടില്ലാത്ത ആടുകൾക്ക് പ്രതിരോധശേഷി ഉണ്ടാകില്ല. അതുകൊണ്ടുതന്നെ പ്രതിരോധ കാലയളവിനുള്ളിലാണ് ആടുകൾ എന്ന് ഉറപ്പുവരുത്തി വേണം വാങ്ങാൻ.

ആടുകളുടെ ഗുണനിലവാരപ്രകടത്തിനു കാരണം

ശാസ്ത്രീയമായ ഭക്ഷണരീതി പിന്തുടരുന്നവയാണോ നാം വാങ്ങുന്ന ആടുകൾ എന്ന് പരിശോധിക്കണം. പൊതുവേ ആടുകളുടെ ബാഹ്യമായ ശരീരപുഷ്ടിക്കു മാത്രം മുൻതൂക്കം നൽകുന്ന ഭക്ഷണരീതിയാണ് പിന്തുടർന്നിട്ടുള്ളതെങ്കിൽ ചിലപ്പോഴെങ്കിലും പ്രത്യുല്പാദനവുമായി ബന്ധപ്പെട്ട ആന്തരിക അവയവങ്ങളുടെ വളർച്ചയ്ക്ക് കുറവ് കാണുന്നതാണ്. അത്തരം ആടുകളെ ഉല്പാദന ശേഷിയിലേക്കെത്തിക്കാൻ നാം വീണ്ടും പരിശ്രമിക്കേണ്ടി വരും.

പ്രാദേശികമായ കാലാവസ്ഥയുടെ പ്രത്യേകതയോ, ഭക്ഷണക്രമത്തിലെ സവിശേഷതകളോ മറ്റോ ആണോ നാം തിരഞ്ഞെടുക്കുന്ന ആടുകളുടെ ഗുണനിലവാരപ്രകടത്തിനു കാരണം എന്നതുകൂടി പരിശോധിക്കണം. ഇത്തരം ഗുണനിലവാരങ്ങൾ അടുത്ത തലമുറയിലേക്കു പകർന്നു നൽകാൻ ആ ആടുകൾക്ക് കഴിയില്ല. എന്നു മാത്രമല്ല, പരിസ്ഥിതിയിലും ഭക്ഷണരീതിയിലുമെല്ലാം വരുന്ന മാറ്റങ്ങൾ ആ ഗുണങ്ങൾ നഷ്ടപ്പെടാൻ കാരണമാവുകയും ചെയ്യുന്നു.

പാലുല്പാദനത്തിന്റെ കാര്യത്തിലാണ് ഇത് കൂടുതൽ ഫലപ്രദമായി കാണുന്നത്. അതായത്, ചില പ്രത്യേക സാഹചര്യങ്ങളിൽ ഉയർന്ന പാലുല്പാദനം പ്രകടിപ്പിക്കുന്ന ആടുകൾ മറ്റു സാധാരണ സാഹചര്യങ്ങളിൽ അതു ഉല്പാദനം നൽകണമെന്നില്ല.

English Summary: goat rearing is a very tiresome process

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds