കന്നുകാലികളെ ബാധിക്കുന്ന അസുഖങ്ങൾ സാധാരണയായി ക്ഷീര കർഷകരെ ദുരിതത്തിലാക്കുന്നു. രോഗം വന്നു പാൽ ഉത്പാദനം കുറയുന്നതും മൃഗങ്ങൾ ചത്തുപോകുകയും ചെയ്യുന്നത് സാമ്പത്തികമായി അവർക്കു വലിയ നഷ്ടമുണ്ടാക്കുന്നു. ഇതിനാൽ പലരും പശുവളർത്തൽ ഉപേക്ഷിക്കുകയും ചെയ്യുന്നു. ഇതിനൊരു പരിഹാരമായി കന്നുകാലികളിൽ സാധാരണയായി കണ്ടുവരുന്ന മൂന്നു രോഗങ്ങൾക്കുള്ള നാട്ടു ചികിത്സയെക്കുറിച്ചു നോക്കാം.
അകിടു വീക്കo
പലതരത്തിലുള്ള ബാക്റ്റീരിയ കാരണം പശുക്കളിൽ അകിടു വീക്കമുണ്ടാകുന്നു. പ്രധാനമായും അകിടുവീക്കം മൂന്ന് തരത്തിലാണുള്ളത്. സബ് ക്ലിനിക്കൽ, ക്ലിനിക്കൽ, ക്രോണിക് അല്ലെങ്കിൽ പഴക്കം ചെന്നവ.
മരുന്ന് തയ്യാറാക്കുവാൻ ആവശ്യമുള്ളവ :
കറ്റാർവാഴ 250 ഗ്രാം
മഞ്ഞൾ 50 ഗ്രാo
ചുണ്ണാമ്പ് 10 ഗ്രാം
തയ്യാറാക്കുന്ന വിധം :
കറ്റാർവാഴ മുള്ളു കളഞ്ഞു കഴുകി വൃത്തിയാക്കി ചെറുതായി മുറിച്ചു പച്ച മഞ്ഞൾ ചേർത്ത് ചുണ്ണാമ്പും കൂട്ടി അരച്ചെടുക്കുക. അരച്ചെടുത്ത കുഴമ്പിൽ നിന്നും ഏകദേശം പത്തിൽ ഒരു ഭാഗം എടുത്ത് വെള്ളം ചേർത്തു കലക്കി നേർപ്പിച്ച് കയ്യു കൊണ്ട് കോരി എടുക്കാൻ പരുവത്തിലാക്കണം. അകിടിലെ പാൽ നന്നായി കറന്നു കളഞ്ഞ ശേഷം തണുത്ത വെള്ളംകൊണ്ട് കഴുകി, നേർപ്പിച്ച കുഴമ്പ് അകിടു മുഴുവനും പുരട്ടണം. ഒരു മണിക്കൂറിനു ശേഷം കഴുകിക്കളഞ്ഞു വീണ്ടും പാൽ കറന്നു കളഞ്ഞ് ശേഷം വീണ്ടും മരുന്ന് പുരട്ടുക. ദിവസവും പത്താവർത്തി ഇങ്ങനെ ചെയ്താൽ വീക്കം കുറയും. കല്ലിച്ച പോലെയുള്ള അകിടു വീക്കമാണെങ്കിൽ മേല്പറഞ്ഞ മരുന്നുകളോടു കുടി രണ്ടു കഷ്ണം ചങ്ങലംപരണ്ട കൂടി ചേർത്തരച്ച് ഒരു മാസം പ്രയോഗിക്കണം.
കുളമ്പു രോഗം
വൈറസ് മൂലമുണ്ടാകുന്ന ഒരു സാംക്രമിക രോഗമാണ് കുളമ്പുരോഗം. പനിയും വിണ്ടുകീറി പഴുത്ത കുളമ്പും രോഗ ലക്ഷണമായി കാണുന്നു. ഉള്ളിലേക്കു കഴിക്കാനുള്ളതും, കാലിൽ പുരട്ടുന്നതിനുമായി രണ്ടു മരുന്നുകൾ തയ്യാറാക്കേണ്ടതുണ്ട്.
കഴിക്കാൻ കൊടുക്കേണ്ട മരുന്ന് ഉണ്ടാക്കുന്ന വിധം
തേങ്ങ 1
ജീരകം 10 ഗ്രാം
ഉലുവ 10 ഗ്രാം
മഞ്ഞൾ 10 ഗ്രാം
കുരുമുളക് 10 ഗ്രാം
വെളുത്തുള്ളി 4 ചുള
ശർക്കര 100 ഗ്രാം
ഉലുവ, ജീരകം, കുരുമുളക് ഇവ വെള്ളത്തിൽ കുതിർത്ത് മഞ്ഞളും വെള്ളുള്ളിയും ചേർത്തു നന്നായി അരച്ചെടുക്കുക. ശർക്കരയും ഒരു തേങ്ങയും ചുരണ്ടി അതിൽ ചേർത്തു നന്നായി കുഴക്കുക. ഇതു ഒരു നെല്ലിക്കയുടെ വലിപ്പത്തിൽ ഉരുട്ടിയെടുത്തു ഉപ്പിൽ തൊട്ടു പശുവിന്റെ വായിലിട്ട് വായ അടക്കുക. മരുന്ന് തീരുന്നതു വരെ ഇതു പാലിക്കുക. ഓരോ തവണയും പുതിയ മരുന്നുണ്ടാക്കി ഉപയോഗിക്കുക. രണ്ടു ദിവസത്തിനകം പശു തീറ്റയെടുത്തു തുടങ്ങും. അസുഖം മാറുന്നതു വരെ മരുന്ന് കൊടുത്തു കൊണ്ടിരിക്കണം.
കാലിൽ പുരട്ടാനുള്ള മരുന്ന്
കുപ്പമേനി 100 ഗ്രാം
തുളസിയില 100 ഗ്രാം
മൈലാഞ്ചി 100 ഗ്രാം
ആര്യ വേപ്പ് 100 ഗ്രാം
മഞ്ഞൾ 20 ഗ്രാം
വെളുത്തുള്ളി 10 ഗ്രാം
നല്ലെണ്ണ 250 ഗ്രാം
വെളിച്ചെണ്ണ 250 ഗ്രാം
തയ്യാറാക്കുന്ന വിധം :
ആദ്യത്തെ ആറു ചേരുവകകൾ നന്നായി അരക്കുക. അരച്ചെടുത്ത മിശ്രിതം നല്ലെണ്ണയിൽ ചാലിച്ചു ചൂടാക്കി കുളമ്പുകളിലും കാലിലും പുരട്ടുക. കുളമ്പു വിണ്ടുകീറി പഴുത്തിട്ടുണ്ടെങ്കിൽ വൃണത്തിൽ മഞ്ഞൾപൊടിയിട്ട് വെളിച്ചെണ്ണ ഒഴിക്കുക. ഓരോ ദിവസവും പുതിയ മരുന്നുണ്ടാക്കി ഉപയോഗിക്കണം. നീരിന് നല്ലെണ്ണയും, വൃണത്തിൽ വെളിച്ചെണ്ണയുമാണ് നല്ലത്.
പനി
വളർത്തു മൃഗങ്ങൾക്ക് സാധാരണയായി കണ്ടുവരുന്ന രോഗമാണ് പനി.
ചികിത്സാരീതി
ജീരകം 2 സ്പൂൺ
കുരുമുളക് 5 ഗ്രാം
ചുക്ക് 5 ഗ്രാം
ചെറിയ ഉള്ളി 5 ചുള
ശർക്കര 50 ഗ്രാം
കിരിയാത്ത് 20 ഗ്രാം
ഇതെല്ലാം കൂടി നന്നായി അരച്ചെടുത്തതിൽ നിന്ന് കുറച്ചെടുത്തു ഉപ്പിൽ തൊട്ടു കന്നുകാലിയുടെ നാവിൽ പുരട്ടി കൊടുക്കുക. ഒരു ദിവസവും രണ്ടു മൂന്ന് പ്രാവശ്യം മൂന്ന് ദിവസം വരെ കൊടുക്കാം.
അനുബന്ധ വാർത്തകൾ കന്നുകാലി സംരക്ഷണം ; ചില കാര്‍ഷിക നാട്ടറിവുകള്‍
#LivestockDiseases #homemaderemedies #Farmers #krishi #krishijagran