കേരളത്തിലാകെ 'കോഴിവളർത്തൽ' തരംഗം അലയടിക്കുകയാണ്. നാം ഒരു രോഗി ആയി തീരും എന്ന മുൻവിധിയോടെ ജീവിക്കാതെ പലരും മണ്ണിന്റെ മനസ്സറിയാനും മിണ്ടാപ്രാണികളോട് ചങ്ങാത്തം കൂടാനും തീരുമാനിച്ചു. ജീവിതത്തിന്റെ ഭൂരിഭാഗവും വിദേശരാജ്യങ്ങളിലും അന്യ നാടുകളിലും ചിലവാക്കിയ മലയാളികൾ സ്വന്തം നാട്ടിൽ 'സ്വയം പര്യാപ്തത' എന്ന സ്വപ്‍നം സാക്ഷാത്ക്കരിക്കാൻ പുതു മാർഗങ്ങൾ തേടി. കർഷകർക്കും പുതുസംരംഭകർക്കും കരുത്തേകാൻ സർക്കാരും ഒപ്പം കൂടുന്നു. പുതുസംരംഭങ്ങളിൽ ഏറിയ പങ്കും പിറവി കൊണ്ടത് കോഴിവളർത്തലുമായി ബന്ധപെട്ടാണ്. കോഴി വളർത്തലിന്റെ സ്വീകാര്യത വർധിക്കാൻ ഒട്ടനവധി കാരണമുണ്ട്. മുട്ടയുടെ പ്രാദേശിക വിപണനം ലക്ഷ്യം വെച്ച് ലാഭം കൊയ്യാം എന്നതും, മട്ടുപ്പാവ് പ്രയോജനപ്പെടുത്തി ചെറുസംരംഭം എന്നനിലക്ക് ഇത് ആരംഭിക്കാം എന്നതും കോഴിവളർത്തലിന്റെ പ്രത്യേകതയാണ്. കോഴി വളർത്തലിലേക്ക് തിരിയും മുൻപ് അവയുടെ തീറ്റക്രമത്തെ കുറിച്ചും, രോഗ പ്രതിരോധമാർഗങ്ങളെ കുറിച്ചുമുള്ള അറിവ് അത്യന്താപേക്ഷിതമാണ്. കോഴിവളർത്തൽ ചെറു സംരംഭം എന്ന നിലക്കും വൻകിട സംരംഭം എന്ന നിലക്കും തുടങ്ങാൻ സാധിക്കും. ഏതുരീതിയിൽ തുടങ്ങിയാലും അത്തരക്കാർ കൈവശം വെക്കേണ്ട അത്യാവശ്യ വിറ്റാമിൻ സപ്ലിമെന്റുകളാണ് 'ഗ്രോവിപ്ലെക്സും' 'വിമറാളും'. ഇവയുടെ ശരിയായ ഉപയോഗം തിരിച്ചറിയുക എന്നതാണ് ഏറ്റവും പ്രധാനം.
ഗ്രോവിപ്ലെക്സും വിമറാളും വിറ്റാമിൻ സപ്ലിമെന്റുകളാണ് എന്നുള്ള കാര്യം പലർക്കും അറിയുന്നില്ല. ചില നാട്ടിൻപുറങ്ങളിൽ രോഗപ്രതിരോധ മരുന്ന് എന്ന നിലക്കുള്ള ദിവസേനയുള്ള ഉപയോഗം കൂടിവരുന്നുണ്ട്. ഗ്രോവിപ്ലെക്സും വിമറാളും കുടിവെള്ളത്തിൽ ചേർത്താണ് ഉപയോഗിക്കേണ്ടത്.കോഴിത്തീറ്റയിൽ ചേർത്ത് നൽകിയാൽ ശരിയായ ഫലം ലഭിച്ചില്ലെന്ന് വരാം . എല്ലാ ദിവസവും ഇത് കൊടുക്കുന്നത് മൂലം കോഴികൾക്ക് കാര്യമായ തൂക്കവർദ്ധനവ് ഉണ്ടാവില്ലെന്ന കാര്യം കൂടി ഓർക്കുക. വിമറാളിനു ഗ്രോവിപ്ലക്സിനെക്കാൾ വില കുടുതലാണ് വിപണിയിൽ. വിമറാളിനു ഒരു ml നു ഒരു രൂപ ന്ന രീതിയിലാണ് വിപണിയിലെ മൂല്യം.
കോഴികൾക്ക് ഉണ്ടാവുന്ന ക്ഷീണം ഇല്ലാതാക്കുവാൻ വേണ്ടിയാണ് പ്രധാനമായും ഇത് ഉപയോഗിക്കുന്നത്. അതായത് കാലാവസ്ഥയിൽ പെട്ടെന്ന് ഉണ്ടാവുന്ന മാറ്റങ്ങൾ മൂലമോ ,അധിക ദൂരയാത്രകൾ മൂലമോ കോഴിക്കൾക്കു പലതരം അസ്വസ്ഥതകൾ ഉണ്ടാവാറുണ്ട്. ഇതിനൊരു പരിഹാരമാർഗം എന്ന നിലയിലാണ് വിമറാൾ ഉപയോഗിക്കുന്നത്.കോഴികൾക്ക് ഉണ്ടാവുന്ന രോഗങ്ങളിൽ നിന്ന് പെട്ടെന്ന് മുക്തമാവാൻ വിമറാളിന്റെ ഉപയോഗം ഏറെ സഹായകരമാണ്. ഗ്രോവിപ്ലെക്സ് കോഴികളുടെ ആരോഗ്യവർദ്ധനവിന് ഏറെ ഗുണകരമാണ്. വിറ്റാമിൻ ബി കോംപ്ലക്സാൽ സമ്പന്നമാണ് ഗ്രോവിപ്ലക്സ്. 500 എം ലിനു 63 രൂപ എന്ന വിലക്കാണ് വിപണിയിൽ ഇത് ലഭ്യമാവുന്നത്. കോഴികൾ പരസ്‌പരം കൊത്തു കൂടാതിരിക്കാനും, കോഴികളുടെ മുഖങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വെളുപ്പ് നിറം മാറികിട്ടുവാനും, മുട്ട കൊത്തികുടിക്കാതിരിക്കാനും, കോഴികളുടെ കാലുകൾ കുഴഞ്ഞ് പോവുന്ന അസുഖത്തിനുള്ള പ്രതിവിധി ആയിട്ടുമെല്ലാം ഗ്രോവിപ്ലെക്സ് ഉപയോഗിക്കാറുണ്ട്. ഒരു ദിവസം ഒരു നേരം എന്ന കണക്കിലാണ് ഇതിന്റെ ഉപയോഗം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഗ്രോവിപ്ലെക്സ് കൊടുക്കാം.കാലാവസ്ഥയിൽ വരുന്ന പെട്ടെന്നുള്ള മാറ്റങ്ങൾ അതായത് അധികം ചൂട് അനുഭവപ്പെടുകയോ തണുപ്പ് അനുഭവപ്പെടുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ കോഴികുഞ്ഞുങ്ങൾ പെട്ടെന്ന് തന്നെ ചത്തുപോവുന്ന സഹാചര്യങ്ങൾ ഉണ്ടാവാറുണ്ട്. ഇത്തരം അവസരങ്ങളിൽ കോഴികുഞ്ഞുകളുടെ ആരോഗ്യവർദ്ധനവിനു ഗ്രോവിപ്ലക്സിന്റെ ഉപയോഗം മുൻപേ ശീലം ആക്കേണ്ടതുണ്ട്. കോഴികുഞ്ഞുങ്ങൾ വിരിഞ്ഞു പുറത്തിറങ്ങിയതിന് ശേഷമുള്ള രണ്ടാമത്തെ ദിവസം തൊട്ട് അവർ കുടിക്കുന്ന വെള്ളത്തിൽ ഗ്രോവിപ്ലെക്സ് കലർത്തി നൽകാം. 100 എം.എ ൽ തിളപ്പിച്ച് ആറ്റിയ വെള്ളത്തിൽ പത്തു തുള്ളി ഗ്രോവിപ്ലെക്സ് എന്നാണ് കണക്ക്. ഒരിക്കലും ഗ്രോവിപ്ലെക്സ് വെള്ളത്തിൽ കലർത്തി അധികനേരം പുറത്തുവെക്കരുത്. ഏകദേശം നാല് മണിക്കൂറിനുള്ളിൽ തന്നെ അത് കോഴികൾക്ക് നൽകണം. അധികം നേരം പുറത്തിരുന്നാൽ അതിന്റെ ഗുണമേന്മ നഷ്ടപ്പെടും. ആറു മാസം താഴെ പ്രായം ആയ കോഴികളുടെ കണക്ക് എടുത്താൽ ഒരു ലിറ്റർ വെള്ളത്തിൽ 30-35 തുള്ളി ഗ്രോവിപ്ലെക്സ് എടുക്കുക. ആദ്യം തന്നെ കോഴികൾ ഒരു ദിവസം കുടിക്കുന്ന വെള്ളത്തിന്റെ കണക്ക് നിശ്‌ചയപെടുത്തണം. ആറു മാസം പ്രായമായ കോഴികൾക്ക് നൽകേണ്ട ഗ്രോവിപ്ലക്സിന്റെ കണക്ക് എടുത്താൽ 6 തുള്ളി വീതം കാലത്തും വൈകുന്നേരവും കൊടുക്കുന്നതാണ് പ്രയോഗ്യകരം. ഗ്രോവിപ്ലെക്സ്, പൗഡർ രൂപത്തിൽ ആണെങ്കിൽ 100 മില്ലി തിളപ്പിച്ച് ആറ്റിയ വെള്ളത്തിൽ ഒരു ടേബിൾസ്പൂൺ പൗഡർ കലർത്തി രണ്ടു നേരവും കൊടുത്താൽ മതിയാകും.
വിമറാളിന് വിപണിയിൽ വില കൂടുതലായതിനാൽ തങ്ങളുടെ കോഴികൾക്ക് അത് നൽകാൻ പറ്റാത്ത ഒരു അവസ്ഥ പലർക്കും സംജാതമാവുന്നുണ്ട്. തുറന്നുവിട്ടു വളർത്തുന്ന കോഴികൾക്ക് വിമറാൾ നൽകിയില്ലെങ്കിലും കുഴപ്പം ഇല്ല. കാരണം തുറന്നു വിട്ട് വളർത്തുന്ന കോഴികൾ തങ്ങൾക്കു ആവശ്യമുള്ളത് അത്രയും പ്രകൃതിയിൽ നിന്ന് കണ്ടെത്തുന്നു. പോഷകമൂല്യം ഉള്ള പപ്പായയുടെ ഇലയും പേരക്കയുടെ തളിരിലയും പനികൂർക്കയിലയും, തുളസിയും എല്ലാം കൊത്തിതിന്നുന്ന കോഴികൾക്ക് പ്രത്യേകിച്ചൊന്നും കൊടുക്കേണ്ട കാര്യമില്ല. മട്ടുപ്പാവിലും കൂടുകളിലും ഇട്ടു വളർത്തുന്ന കോഴികൾക്കെ വിമറാൾ നൽകേണ്ട കാര്യമൊള്ളൂ. 100 കോഴികൾക്ക് 5 എംഎൽ എന്ന രീതിലാണ് സാധാരണ നൽകാറുള്ളത്. ഇത് ഒന്നര മാസം പ്രായമായ കോഴികളുടെ അളവാണ്. ഒന്നര മാസം തൊട്ട് അഞ്ചു മാസം പ്രായമായ കോഴികൾക്ക് അഞ്ചു എം.എലിനു പകരം 7 എം എൽ എന്ന രീതി ആക്കാം. അഞ്ചു മാസത്തിനു മുകളിൽ പ്രായമുള്ള കോഴികൾക്ക് പത്ത് എം.എൽ നൽകാം. അട ഇരിക്കുന്ന കോഴികൾക്കും വിമറാൾ നൽകാവുന്നതാണ്. മാസത്തിൽ മൂന്നോ നാലോ തവണ വിമറാൾ കൊടുത്താൽ മതിയാകും. ഗ്രോവിപ്ലെക്സ് ആയാലും വിമറാൾ ആയാലും കോഴികളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തിയാൽ കോഴികൾക്ക് ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഗുണകരമാവും.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കോഴിവളർത്തൽ വിജയകരമാക്കാൻ - തുടക്കം മുതൽ വിപണനം വരെ അറിയാം