കൈത്താങ്ങായി കേരള മൃഗസംരക്ഷണവകുപ്പ് സംസ്ഥാനത്തൊട്ടാകെയുളള കന്നുകാലികൾക്കും ക്ഷീരകർഷകർക്കും ഗോസമൃദ്ധി പ്ലസ്സ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നു .
ഉരുവിനും ഉടമയ്ക്കും ഇൻഷ്വറൻസ് പരിരക്ഷ എന്ന രീതിയിൽ പുനരാവിഷ്കരിച്ച പദ്ധതി കർഷന്റെ ഇഷ്ടാനുസരണം ഒരു വർഷ പദ്ധതി ആയോ മൂന്ന് വർഷ പദ്ധതി ആയോ തെരഞ്ഞെടുക്കുന്നതിന് കർഷകന് സ്വാതന്ത്ര്യവുമുണ്ട്. സംസ്ഥാനത്ത ലഭ്യമായ കന്നുകാലി ഇൻഷ്വറൻസ് പദ്ധതികളിൽ വച്ച് ഏറ്റവും കുറഞ്ഞ പ്രിമിയം നിരക്കാണ് ഈ ഗോസമൃദ്ധി പസ്സ് പദ്ധതി.
സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുന്ന ഈ ഇൻഷുറൻസ് പദ്ധതിക്ക് വർഷം, 3 വർഷം എന്നിങ്ങനെ രണ്ടു പരിരക്ഷാ കാലയളവുകളാണ് ഉള്ളത് . ഏഴു ലിറ്ററോ അതിൽ കൂടുതലോ പാലുതരുന്ന, 2 മുതൽ 10 വയസ്സ് വരെ പ്രായമുള്ള പശുക്കൾക്കും എരുമകൾക്കുമായാണ് ഈ ഇൻഷുറൻസ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. മൂന്നാമത്തെ ട്രെമസ്റ്റർ ഗർഭാവസ്ഥ അഥവാ 7 മാസത്തിനു മുകളിൽ ചെനയുള്ള കിടാരികൾക്കും ഈ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്. 1 ലക്ഷം രൂപ വരെ മതിപ്പു വിലയുള്ള ഉരുക്കളെ ഈ പദ്ധതി
പ്രകാരം ഇൻഷുർ ചെയ്യുന്നതിന് സാധിക്കും.
പശുവിനെ ഇൻഷ്ഠർ ചെയ്യുമ്പോൾ 65,000 രൂപ വരെയുള്ള മതിപ്പുവിലക്കു മൃഗസംരക്ഷണ വകുപ്പ് 50% സബ്സിഡിയും, SC/ST വിഭാഗത്തിൽ വരുന്ന കർഷകർക്ക് 70% സബ്സിഡിയും പ്രീമിയം തുകയിൽ നൽകുന്നു. സർക്കാർ സേവനത്തിലുള്ള ഒരു വെറ്ററിനേറിയൻ പശുവിനെ പരിശോധിച്ചു, ആരോഗ്യം ഉറപ്പു വരുത്തുകയും ഉരുവിന്റെ ഐഡന്റിറ്റി നമ്പർ ആയ ടാഗ് നമ്പർ രേഖപ്പെടുത്തി ആവശ്യമായ ഫോട്ടോകൾ സഹിതം മതിയായ പ്രീമിയം തുക അടച്ചു കർഷകന്റെ താത്പര്യ പ്രകാരമുള്ള കാലയളവിലേക്ക് ഇൻഷുറൻസിനു അപേക്ഷ സമർപ്പിക്കുകയാണ് വേണ്ടത്.
ഉരുക്കളെ ഇൻഷുർ ചെയ്യുന്നതോടൊപ്പം തുച്ഛമായ പ്രീമിയം തുക അടച്ചാൽ ഉടമയായ കർഷകനു 5 ലക്ഷം രൂപയുടെ അപകട മരണ പരിരക്ഷ കൂടി ഈ പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്. ഇൻഷുർ ചെയ്യപ്പെടുന്ന ഉരുവിന്റെ ഉടമയ്ക്കു ഒരു വർഷത്തേക്ക് അപകട മരണ പരിരക്ഷ ലഭിക്കുന്നതിന് 50 രൂപ പ്രീമിയം അടച്ചാൽ മതിയാകും. 150 രൂപ അടച്ചാൽ കർഷകന് 3 വർഷത്തെ പരിരക്ഷ ഈ പദ്ധതി ഉറപ്പാക്കുന്നു. ആയതിന്റെ പ്രിമിയം തുക മുഴുവനായും കർഷകൻ വഹിക്കേണ്ടതുമാണ്.
സങ്കരയിനം പശുക്കൾക്ക് 65000 രൂപ മതിപ്പുവിലവരെ പ്രീമിയം ഇനത്തിൽ സബ്സിഡി നൽകുന്നതാണ് . 65,000 രൂപയ്ക്കു മുകളിലുളള ഉരുവിന്റെ വിലയുടെ പ്രീമിയം പൂർണമായും ഗുണഭോക്താവ് വഹിക്കേണ്ടതാണ്. 65000 രൂപ മതിപ്പുവില ഉള്ള ഒരു പശുവിനു അല്ലെങ്കിൽ ഒരു എരുമക്ക് പ്രിമിയം നിരക്ക് ഒരു വർഷത്തേക്ക് ഇൻഷൂർ ചെയ്യുന്നതിന് ജനറൽ വിഭാഗത്തിന് 100 രൂപയും എസ്.സി. / എസ്.ടിക്ക് 420 രൂപയും ആണ്.