ശാസ്ത്രീയ പ്രത്യുത്പാദന പരിപാലനമാണ് ലാഭകരമായ പാലുല്പാദനത്തിന്റെ അടിസ്ഥാനം . ഓരോ പശുവിന്റേയും ആദ്യപ്രസവം 30 മാസം പ്രായത്തിനുള്ളിലും, രണ്ട് പ്രസവങ്ങള്‍ തമ്മിലുള്ള ഇടവേള 15 മാസത്തിലും നിലനിര്‍ത്തണം. ഒരു വര്‍ഷത്തില്‍ പശുവിന് ഒരു കിടാവ് എന്നതാവണം അത്യന്തിക ലക്ഷ്യം. കൃത്രിമ ബീജാധാനം അഥവാ ബീജം കുത്തിവെയ്പിനെ അടിസ്ഥാനപ്പെടുത്തിയാണ് ശാസ്ത്രീയ പ്രത്യുത്പാദനം നടത്തുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ഇനി ഒന്നാം മാസത്തിൽ കന്നുകാലികളിൽ ഗർഭനിർണയം നടത്താം
കൃത്രിമ ബീജാധാനം നടത്തുന്ന കന്നുകാലികളില്‍ ഗര്‍ഭധാരണം നടക്കാനുള്ള സാധ്യത 30-35 ശതമാനമാണ്. കേരളത്തില്‍ 90% പശുക്കളിലും ഈ രീതിയാണ് പിന്‍തുടരുന്നത്. അതിനാല്‍ കൃത്രിമ ബീജധാനത്തിലുള്ള ശ്രദ്ധ പശുവളര്‍ത്തലില്‍ പ്രധാനമാണ്. എട്ടും പത്തും തവണ കുത്തിവയ്പിച്ചിട്ടും ചെന പിടിക്കാതെ അറവുശാലകളിലേക്ക് എത്തപ്പെടുന്ന കറവമാടുകളുടെ എണ്ണം കൂടുകയാണ്. പശുക്കളില്‍ പ്രസവത്തിന്‌ശേഷം മൂന്നുമാസത്തിനുള്ളില്‍ അടുത്ത ഗര്‍ഭധാരണം നടന്നിരിക്കണമെന്നാണ് കണക്ക്. ഇതിനുള്ളില്‍ ചെന പിടിക്കാതെ പോകുന്ന ഓരോ മദികാലയളവും (21 ദിവസം) കര്‍ഷകര്‍ക്ക് 5000 രൂപയിലധികം നഷ്ടമുണ്ടാക്കും. സമയം തെറ്റിയുള്ള കുത്തിവെയ്പ് വന്ധ്യതയ്ക്കും കാരണമാകും. പശുക്കളുടെ മദിചക്രത്തെക്കുറിച്ചും, കൃത്രിമ ബീജധാനത്തെ കുറിച്ചുമുള്ള ചില അടിസ്ഥാന വസ്തുതകള്‍ മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍ പ്രത്യുത്പാദനം വിജയകരമാക്കാം. മദി നിര്‍ണ്ണയത്തില്‍ കണിശത പുലര്‍ത്തി, പശുവിന്റെ തീറ്റക്കാര്യത്തില്‍ ശ്രദ്ധിക്കുകകൂടി ചെയ്താല്‍ ഇത് സാധ്യമാകും.
ബന്ധപ്പെട്ട വാർത്തകൾ: പശുക്കൾക്ക് നൽകാം സ്പെഷ്യൽ ധാതു-ജീവക മിശ്രിതം
കിടാരികള്‍ ആദ്യമായി മദി കാണിച്ചു തുടങ്ങുന്നതിന്റെ ആധാരം പ്രായവും ശരീരതൂക്കവുമാണ്. ആദ്യത്തെ ഒന്നോ രണ്ടോ മദികളില്‍ ലക്ഷണങ്ങളുണ്ടാകണമെന്നില്ല. പൂര്‍ണ്ണ വളര്‍ച്ചയെത്തിയാല്‍ ക്രമമായ ഇടവേളകളില്‍ മദിലക്ഷണങ്ങള്‍ കാണിക്കും. നമ്മുടെ നാട്ടിലെ സങ്കരയിനം കിടാരികള്‍ക്ക് 180 കിലോഗ്രാമെങ്കിലും ശരീരഭാരമെത്തുന്ന സമയത്ത്(16-18 മാസം പ്രായം) ആദ്യത്തെ കൃത്രിമ ബീജധാനത്തിനുള്ള ഒരുക്കങ്ങള്‍ നടത്താം. പശുക്കളിലെ മദിചക്രം 21 ദിവസമാണ്. ഇതില്‍ മദിലക്ഷണങ്ങള്‍ പ്രകടമാകുന്നത് 12-24 മണിക്കൂര്‍ മാത്രമാണ്. മദിയുടെ സമയം അസാധാരണമായി കൂടിയാലും കുറഞ്ഞാലും ശ്രദ്ധിക്കണം. മദിലക്ഷണം അവസാനിച്ച് 10-12 മണിക്കൂറിനുശേഷമാണ് പശുക്കളില്‍ അണ്ഡവിസര്‍ജ്ജനം നടക്കുന്നത്. ഈ സമയത്ത് ഗര്‍ഭാശയത്തില്‍ നിശ്ചിത എണ്ണം ബീജാണുക്കള്‍ (Sperm) ഉണ്ടെങ്കില്‍ മാത്രമേ ഗര്‍ഭധാരണം നടക്കുകയുള്ളൂ. മദിലക്ഷണങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കണം. പച്ചമുട്ടയുടെ വെള്ളപോലെ കൊഴുത്തു സുതാര്യമായ മദിജലം ഈറ്റത്തില്‍ നിന്നും പുറത്തു വരുന്നു. നിര്‍ത്താതെയുള്ള കരച്ചില്‍, അസ്വസ്ഥത, ഈറ്റം ചുവന്നു തടിക്കുക, മറ്റു പശുക്കളുടെ പുറത്ത് കയറാന്‍ ശ്രമിക്കുക, ഇടവിട്ട് മൂത്രം ഒഴിക്കുക, വാല്‍ ഉയര്‍ത്തിപ്പിടിക്കുക, മറ്റു പശുക്കളുടെ മേല്‍ താടി അമര്‍ത്തി നില്‍ക്കുക തുടങ്ങിയവ മദിലക്ഷണങ്ങളാണ്. കൂട്ടത്തിലുള്ള മറ്റു പശുക്കള്‍ പുറത്ത് കയറാന്‍ ശ്രമിക്കുമ്പോള്‍ അനങ്ങാതെ നിന്നുകൊടുക്കുന്നതാണ് പ്രധാന മദിലക്ഷണം. മദിയുടെ അവസാന മണിക്കൂറുകളില്‍ കുത്തിവെയ്പ്പിക്കുന്നതാണ് നല്ലത്. രാവിലെ മദികാണിച്ചു തുടങ്ങുന്ന പശുക്കളില്‍ അന്നു വൈകീട്ടും വൈകീട്ടു കാണിക്കുന്ന പശുക്കളെ പിറ്റേന്നു രാവിലെയും കുത്തിവയ്പ്പിക്കുന്നതാണ് നല്ലത്. മദിയുടെ കൃത്യത ഉറപ്പു വരുത്താതെ അസമയത്തുള്ള കുത്തിവെയ്പ് ഗര്‍ഭാശയ അണുബാധയ്ക്കും അതുവഴി വന്ധ്യതയ്ക്കും കാരണമായേക്കാം. വര്‍ഗമേന്മ ഉറപ്പു വരുത്താന്‍ സാധ്യമല്ലാത്തതിനാലും ജനനേന്ദ്രിയ അണുബാധയുണ്ടാകാ മെന്നതിനാലും മദിയുള്ള പശുക്കളെ മൂരിയുമായി ഇണ ചേര്‍ക്കരുത്.
ബന്ധപ്പെട്ട വാർത്തകൾ: ക്ഷീര കര്‍ഷകര്‍ ജാഗ്രത! ജന്തുജന്യ രോഗവ്യാപനത്തിൽ പ്രത്യേക കരുതല്‍ നല്‍കണം
മൃഗാശുപത്രിയില്‍ കൊണ്ടു പോയാണ് കുത്തിവയ്ക്കുന്നതെങ്കില്‍ കുറേദൂരം നടത്തി വരുന്ന പശുവിന് ബീജധാനത്തിനു മുന്‍പും പിന്‍പും 15 മിനിറ്റ് വിശ്രമം നല്‍കണം. കുത്തിവയ്പിന് മുന്‍പെ ധാരാളം തീറ്റ നല്‍കുന്നത് ബീജാധാനപ്രക്രിയയില്‍ ബുദ്ധിമുട്ടുണ്ടാക്കും. എന്നാല്‍ ഇതിനര്‍ത്ഥം അവയെ പട്ടിണിക്കിടണമെന്നല്ല. വിദഗ്ദരായ ഡോക്ടര്‍മാരേയും, ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരേയും മാത്രം കുത്തിവെയ്പിനായി ആശ്രയിക്കുക.
ഡോക്ടറെ വീട്ടില്‍ വരുത്തിയാണ് കുത്തിവെയ്പിക്കുന്നതെങ്കില്‍ പത്തുമിനിറ്റിലധികം യാത്രദൂരമുണ്ടെങ്കില്‍ ബീജം നിറച്ച കണ്ടെയ്‌നര്‍ കൂടെയെടുപ്പിക്കാനുള്ള സൗകര്യമുണ്ടാകണം. ബീജമാത്രകളുടെ തണുപ്പ് മാറ്റാന്‍ ഇളം ചൂടുവെള്ളം തയ്യാറാക്കി വെയ്ക്കുക. കുത്തിവെയ്പിന് മുമ്പ് ഈറ്റഭാഗം നന്നായി കഴുകി തുടച്ചു കൊടുക്കുക. മദിജലത്തില്‍ പഴുപ്പോ നിറം മാറ്റമോ കണ്ടിരുന്നെങ്കില്‍ ആ വിവരം ഡോക്ടറെ അറിയിക്കുക. കുത്തിവയ്പിന് മുമ്പോ പശുവിനെ വെകിളി പിടിപ്പിക്കരുത്. സഹായത്തിന് രണ്ടുപേരുള്ളത് നല്ലതാണ്. കുത്തിവെയ്പിച്ചദിവസവും വിവരങ്ങളും ഒരു നോട്ട്ബുക്കില്‍ എഴുതി വയ്ക്കുക. കുത്തിവെയ്പിനായി ഉപയോഗിച്ച ചെറിയ പോളിത്തിന്‍ കുഴലിന്റെ പുറമേ നോക്കി വിത്തുകാളയുടെ വിവരങ്ങള്‍ കുറിച്ചു വയ്ക്കാം.
ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിലെ കന്നുകാലികളിൽ രക്തക്കുറവ് വ്യാപകമാകുന്നതെന്തുകൊണ്ട്?
കുത്തിവെയ്പിനുശേഷം പശു ഉടന്‍തന്നെ മൂത്രമൊഴിച്ചതുകൊണ്ടോ വെള്ളം കുടിച്ചതുകൊണ്ടോ പ്രശ്‌നങ്ങളൊന്നുമില്ല. കുത്തിവെയ്പിനുശേഷം ഒന്നോ രണ്ടോ ദിവസങ്ങള്‍ കഴിഞ്ഞ് ഒരല്‍പം രക്തം പോകുന്നത് സാധാരണമാണ്. അമിത രക്തസ്രാവം സൂക്ഷിക്കണം. ഒരു ദിവസത്തില്‍ കൂടുതല്‍ മദി നീണ്ടു നില്‍ക്കുകയാണെങ്കില്‍ 24 മണിക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം ഉരുവിനെ കുത്തിവെയ്പിക്കണം. മൂന്ന് പ്രാവശ്യം ബീജാധാനം നടത്തിയിട്ടും ഗര്‍ഭം ധരിക്കാത്ത ഉരുക്കളെ വിദഗ്ദ പരിശോധനയ്ക്ക് വിധേയമാക്കണം.
കുത്തിവെയ്പിനുശേഷമുള്ള 18-23 ദിവസംവരെ പശുവിനെ നിരീക്ഷിക്കുക. വീണ്ടും മദിലക്ഷണങ്ങള്‍ കണ്ടാല്‍ വീണ്ടും കുത്തിവെയ്പ്പിക്കണം. രണ്ടുമാസത്തിനുശേഷവും മദിലക്ഷണമില്ലെങ്കില്‍ ഗര്‍ഭപരിശോധന നടത്തി ഉറപ്പുവരുത്തുക. നല്ല ആരോഗ്യമുള്ള പശുക്കള്‍ മാത്രമേ ശരിയായ രീതിയില്‍ മദിലക്ഷണം കാണിക്കുകയുള്ളൂ. അതിനാല്‍ ശാസ്ത്രീയ തീറ്റക്രമം ഏറെ പ്രധാനമാണ്. ബാഹ്യലക്ഷണങ്ങള്‍ നോക്കി ഗര്‍ഭാവസ്ഥ നിര്‍ണ്ണയിക്കുന്നത് അഭികാമ്യമല്ല.
ബന്ധപ്പെട്ട വാർത്തകൾ: കന്നുകാലികളിലെ ബ്രൂസല്ല രോഗത്തെ അറിയുക
ഗര്‍ഭിണിയായ പശുവിന് പ്രത്യേകിച്ച് യാതൊരു ബുദ്ധിമുട്ടുമില്ലെങ്കില്‍ ഗര്‍ഭകാലം 295-300 ദിവസംവരെ നീളുന്നതുകൊണ്ട് കുഴപ്പമില്ല. ഗര്‍ഭകാലത്തിന്റെ അവസാനത്തെ രണ്ടുമാസം (60 ദിവസം) കറവ നിര്‍ത്തി വറ്റുകാലം നല്‍കണം. പ്രസവ സമയത്ത് ബുദ്ധിമുട്ടുകളുണ്ടായാല്‍ വിദഗ്ദ സേവനം തേടണം. പ്രസവശേഷം 6-12 മണിക്കൂറിനുള്ളില്‍ മറുപിള്ള പുറത്തുപോയില്ലെങ്കില്‍ സഹായം തേടണം. പ്രസവശേഷം അരമണിക്കൂറിനുള്ളില്‍ കിടാവിന് കന്നിപ്പാല്‍ നല്‍കിയിരിക്കണം. പ്രസവശേഷം മൂന്നു മാസത്തിനുള്ളില്‍ ഉരുവിനെ ബീജാധാനത്തിന് വിധേയമാക്കണം.
കര്‍ഷകര്‍ മദിചക്രത്തേയും, ലക്ഷണങ്ങളേയും കുറിച്ച് പഠിച്ച് നിരീക്ഷണങ്ങള്‍ നടത്തി കുത്തിവയ്പ് നടത്തിയാല്‍ പശുക്കളില്‍ ആദ്യപ്രസവം നേരത്തെയാകുകയും പ്രസവങ്ങള്‍ തമ്മിലുള്ള ഇടവേള കുറയുകയും ചെയ്യുന്നു.
ബന്ധപ്പെട്ട വാർത്തകൾ: പശുവളർത്തൽ ഒരു സംരഭമാക്കാൻ ആഗ്രഹിക്കുന്നുണ്ടോ? ആദ്യം ഇക്കാര്യങ്ങൾ ചെയ്യുക
വളർത്തു മൃഗങ്ങളും ജല കൃഷിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Livestock & Aqua'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.