Updated on: 11 July, 2022 4:36 PM IST
ബ്രൂസല്ല കുടുംബത്തിലെ വിവിധ സ്പീഷീസില്പ്പെട്ട ബാക്ടീരിയകളാണ് ഓരോ പ്രത്യേക ജനവിഭാഗത്തിലും രോഗമുണ്ടാക്കുന്നത്.

1853-1856 കാലഘട്ടത്തില്‍ നടന്ന ക്രിമിയന്‍ യുദ്ധകാലത്താണ് മാര്‍ട്ടയില്‍ ഈ രോഗം കണ്ടെത്തുന്നത്. അതിനാല്‍ ഈ രോഗത്തിൻ്റെ ആദ്യത്തെ പേര് മാര്‍ട്ടാ പനിയെന്നായി. 1887 - ല്‍ ബാക്ടീരിയയാണ് രോഗകാരണമെന്ന് ബ്രൂസ് കണ്ടു പിടിച്ചതോടെ, ബ്രൂസല്ല എന്ന പേരും കിട്ടി. 1897-ല്‍ ബാങ്ങ് എന്ന ശാസ്ത്രജ്ഞന്‍ ബ്രൂസല്ല അബോര്‍ട്ടസ് ബാക്ടീരിയയെ വേര്‍തിരിച്ചതോടെ ബാങ്ങ്‌സ് രോഗം എന്ന പേര് കിട്ടി. മനുഷ്യനില്‍ വരുന്ന രോഗത്തിന്  മെഡിറ്ററേനിയന്‍ പനി, അണ്‍ഡുലന്റ് ഫീവര്‍, മാര്‍ട്ടാ പനി എന്നിങ്ങനെ നിരവധി പേരുകള്‍. മൃഗങ്ങളില്‍ വരുന്നതിന് കണ്‍ണ്ടേജിയസ് അബോര്‍ഷന്‍, ബാംങ്ങ്‌സ് രോഗം എന്നിങ്ങനെ നാമങ്ങള്‍. പൊതുവില്‍ ബ്രൂസല്ലോസിസ് എന്ന് അസുഖത്തെ നമുക്ക് വിളിക്കാം. 

ബന്ധപ്പെട്ട വാർത്തകൾ: ഫാമുകളിൽ സാംക്രമികരോഗങ്ങളുടെ പ്രതിരോധവും നിയന്ത്രണവും: അറിയേണ്ടത്

കര്‍ഷകര്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന കന്നുകാലികളിലെ പകര്‍ച്ചവ്യാധി എന്ന നിലയിലും മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗമായതിനാല്‍ പൊതുജനാരോഗ്യ പ്രശ്‌നമായും ബ്രൂസല്ലോസിസ് രോഗത്തെ കാണണം. കന്നുകാലി, പന്നി, ചെമ്മരിയാട്, ആട്, ഒട്ടകം, കുതിര, നായ, അയവെട്ടുന്ന നിരവധി മൃഗങ്ങള്‍, സമുദ്ര സസ്തനികള്‍ തുടങ്ങി മനുഷ്യരില്‍ വരെ രോഗബാധ കാണപ്പെടുന്നു. മിഡില്‍ ഈസ്റ്റ്, മെഡിറ്ററേനിയന്‍ പ്രദേശം, സബ്‌സഹാറന്‍, ആഫ്രിക്ക, ചൈന, ഇന്‍ഡ്യ, പെറു, മെക്‌സിക്കോ എന്നിവിടങ്ങളില്‍ ഈ രോഗബാധ കൂടുതലായി കാണപ്പെടുന്നു. മധ്യ തെക്കു പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളിലാണ് കൂടുതല്‍ രോഗബാധകളും കാണപ്പെടുന്നത്.  പശ്ചിമ, ഉത്തര യൂറോപ്പിലെ രാജ്യങ്ങള്‍, കാനഡ, ജപ്പാന്‍, ആസ്‌ട്രേലിയ, ന്യൂസിലന്റ് തുടങ്ങിയ രാജ്യങ്ങള്‍ രോഗവിമുക്തമാണ്.

ബ്രൂസല്ല കുടുംബത്തിലെ വിവിധ സ്പീഷീസില്‍പ്പെട്ട  ബാക്ടീരിയകളാണ് ഓരോ  പ്രത്യേക ജനവിഭാഗത്തിലും രോഗമുണ്ടാക്കുന്നത്. എന്നാലും മിക്ക ബ്രൂസല്ല ബാക്ടീരിയകളും പല ജീവി വര്‍ഗ്ഗങ്ങളിലും രോഗം വരുത്താന്‍ കഴിവുള്ളവയാണ്. ബ്രൂസല്ലോ അബോര്‍ട്ടസ്, ബ്രൂസല്ല മെലിറ്റന്‍സിസ്, ബ്രൂസല്ല സൂയിസ് എന്നിവയാണ് കന്നുകാലി, ആട്, പന്നി എന്നിവയില്‍ രോഗകാരണമാകുന്നത്. ഈ മൂന്നു ജീവികളിലേയും ബ്രൂസല്ല രോഗങ്ങള്‍ ലോക മൃഗാരോഗ്യ സംഘടന (OIE) യുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനാല്‍ രോഗബാധ ഉണ്ടായാല്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടണം. മൃഗങ്ങളില്‍ പ്രത്യുത്പാദനവ്യൂഹത്തെയും  മനുഷ്യനില്‍ റെഡിക്കുലോ എന്‍ഡോത്തീലിയല്‍ (Reticulo endothelial) സിസ്റ്റത്തെയുമാണ് രോഗം പ്രധാനമായും ബാധിക്കുന്നത്. ഗര്‍ഭമലസല്‍, പ്രത്യുത്പാദന പരാജയം എന്നിവയാണ്  ബ്രൂസല്ലയുടെ പ്രത്യകത. ആദ്യത്തെ ഗര്‍ഭമലസലിനുശേഷം കന്നുകാലികളില്‍ വീണ്ടും വിജയകരമായ ഗര്‍ഭധാരണം നടക്കുമെങ്കിലും അതേ മൃഗങ്ങള്‍ ബാക്ടീരിയയുടെ വാഹകരും സ്രോതസ്സുമായി വര്‍ത്തിക്കുന്നു. 

ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിലെ കന്നുകാലികളിൽ രക്തക്കുറവ് വ്യാപകമാകുന്നതെന്തുകൊണ്ട്?

പ്രസവസമയത്തോ, ഗര്‍ഭമലസിയ സമയമോ ആണ് ബ്രൂസല്ല പ്രധാനമായും പടരുന്നത്. രോഗബാധയുള്ള മൃഗത്തിന്റെ ഗര്‍ഭപാത്ര, ജന്മസ്രവങ്ങളില്‍ ധാരാളം ബാക്ടീരിയ അടങ്ങിയിരിക്കും ശരീരത്തിനു വെളിയില്‍ പ്രത്യേകിച്ച് തണുപ്പും, ആര്‍ദ്രതയുമുള്ള പരിസ്ഥിതിയില്‍ മാസങ്ങളോളം ഇവ നിലനില്‍ക്കുന്നു. തീറ്റ, വെള്ളം തുടങ്ങിയവയിലൂടെ  വദന മാര്‍ഗ്ഗം രോഗം പകരുന്നു. ശരീരത്തിനുള്ളില്‍ അകിടിലും താമസമുറപ്പിക്കുന്നതിനാല്‍ പാലിലും കാണപ്പെടും. കൂടാതെ ചര്‍മ്മത്തിലെ മുറിവുകള്‍, ശ്ലേഷ്മസ്തരങ്ങള്‍ എന്നിവ വഴിയും രോഗം  മനുഷ്യനിലും മൃഗങ്ങളിലും എത്താം. കാട്ടുപന്നി, ബൈസണ്‍ തുടങ്ങി നിരവധി വന്യജീവികള്‍ ഈ രോഗത്തിന്റെ റിസര്‍വ്വോയര്‍ ആയും പ്രവര്‍ത്തിക്കുന്നതിനാല്‍ രോഗം തുടച്ചു നീക്കാന്‍ ബുദ്ധിമുട്ടാണ്. രോഗാണു കടന്ന തീറ്റ, വെള്ളം എന്നിവ കൂടാതെ ഇണ ചേരല്‍ വഴിയും കന്നുകാലികളില്‍ രോഗം പടരുന്നു. ഗര്‍ഭകാലത്തിന്റെ  മൂന്നാം ഘട്ടത്തില്‍ (6-9 മാസം) ആണ് ഗര്‍ഭമലസല്‍ കാണപ്പെടുക. സന്ധിവീക്കം, ലസികാഗ്രന്ഥി വീക്കം, മറുപിള്ള വീഴാതിരിക്കല്‍, വന്ധ്യത, പാലുത്പാദനത്തിലെ കുറവ് എന്നിവയുണ്ടാകും.  കന്നുകാലികളില്‍ ഗര്‍ഭമലസല്‍ വരെ അല്ലാതെയുള്ള കാര്യമായ രോഗലക്ഷണങ്ങള്‍ കാണണമെന്നില്ല. 3-24 ആഴ്ച, അല്ലെങ്കില്‍ മാസങ്ങള്‍ സമയമെടുത്താണ്  രോഗലക്ഷണങ്ങള്‍  പ്രത്യക്ഷപ്പെടുക. മൂരികളില്‍ വൃഷണങ്ങള്‍ വലുതാകും. മുട്ടില്‍ സന്ധിവേദന പോലുള്ള  പ്രശ്‌നങ്ങള്‍. കുതിരകളില്‍ പുറത്തോ, തലയുടെ പുറകിലോ മുഴകള്‍ കാണപ്പെടാം. ഗര്‍ഭമലസുകയോ, ദുര്‍ബലരായ, മൃതപ്രായരായ കുതിരക്കുട്ടികള്‍ ജനിക്കുകയോ ചെയ്യാം.

ബന്ധപ്പെട്ട വാർത്തകൾ: ഉരുകുന്ന വേനലിൽ കറവപ്പശുക്കൾക്ക് കരുതൽ

കന്നുകാലികളിലെ ബ്രൂസല്ല രോഗബാധ സാമ്പത്തികമായി ഏറെ പ്രാധാന്യമുള്ളതാണ്. പ്രത്യുത്പാദനശേഷിക്കുറവ്, ഗര്‍ഭമലസല്‍, വന്ധ്യത, മറുപിള്ള വീഴാതിരിക്കല്‍, പ്രായമെത്താതെയുള്ള ജനനം, ദുര്‍ബലരായ കുഞ്ഞുങ്ങള്‍ തുടങ്ങിയവയൊക്കെ കര്‍ഷകന് നഷ്ടം വരുത്തുന്നു. ചികിത്സ പ്രായോഗികമായി ഫലപ്രദമാകില്ല. ഇതിന് നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കണം. ഇത് പലപ്പോഴും നടക്കുകയില്ല. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസമുറപ്പിച്ച് ലക്ഷണങ്ങളില്ലാതെ മറ്റുള്ളവയ്ക്ക് രോഗം പടര്‍ത്താന്‍ വിരുതരാണ് ഇവര്‍.

മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗങ്ങളില്‍ പ്രധാനമാണ് ബ്രൂസല്ലോസിസ്.  വെറ്ററിനറി ഡോക്ടര്‍മാര്‍, ക്ഷീര കര്‍ഷകര്‍ അറവുശാലകളിലെ പണിക്കാര്‍, മൃഗങ്ങളെ കൈകാര്യം ചെയ്യുന്നവര്‍, ലാബറട്ടറികളില്‍ ബ്രൂസല്ലയുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്നവര്‍ തുടങ്ങി തങ്ങളുടെ ജോലിസംബന്ധമായി മേല്‍ പറഞ്ഞ മൃഗങ്ങളുമായി  നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കാണ് രോഗസാധ്യത കൂടുതല്‍. മൃഗങ്ങളുമായോ, ഗര്‍ഭമലസിയ വിസര്‍ജ്ജ്യങ്ങള്‍, മൂത്രം, ശവശരീരം, ചാണകം തുടങ്ങിയവ കൈകാര്യം ചെയ്യുമ്പോള്‍ മുന്‍കരുതല്‍ വേണം. പാസ്ചുറൈസേഷനോ, തിളപ്പിക്കാതെയോ കുടിയ്ക്കുന്ന പാല്‍ ബട്ടര്‍, വെണ്ണ, ചീസ് നല്ലതുപോലെ വേവിക്കാത്ത മാംസവും മാംസോല്‍പ്പന്നങ്ങള്‍ എന്നിവ വഴിയും രോഗബാധയുണ്ടാകാം. കൂടാതെ ലാബറട്ടറിയില്‍ ബ്രൂസല്ല ബാക്ടീരിയ കള്‍ച്ചര്‍ ഉപയോഗിച്ച് ജോലി ചെയ്യുന്നവരും മുന്‍കരുതലെടുക്കണം. 

ബന്ധപ്പെട്ട വാർത്തകൾ: ക്ഷീര കര്‍ഷകര്‍ ജാഗ്രത! ജന്തുജന്യ രോഗവ്യാപനത്തിൽ പ്രത്യേക കരുതല്‍ നല്‍കണം

ഇടയ്ക്കിടെ കൂടുകയും കുറയുകയും പ്രത്യേകിച്ച് രാവിലെയും വൈകുന്നേരവും കാണുന്ന പനി, ക്ഷീണം, തലവേദന, തൊണ്ടവേദന, പ്ലീഹയുടെ വലിപ്പം കൂടുക, ഉറക്കമില്ലായ്മ, തലകറക്കം തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കാം. പുരുഷന്‍മാരില്‍ വൃഷണക്കേട് ഉണ്ടാകുന്നു. സ്ത്രീകളിലെ ഗര്‍ഭമലസല്‍ കൃത്യമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.  പുരഷന്‍മാരില്‍ വന്ധ്യതയും സ്ത്രീകളില്‍ ഗര്‍ഭധാരണ പ്രശ്‌നങ്ങളും ഭീഷണിയാകും.

കന്നുകാലികളില്‍ ഗര്‍ഭമലസല്‍ പ്രത്യേകിച്ച് അവസാന ഘട്ടത്തില്‍ കണ്ടാല്‍ രോഗബാധ സംശയിക്കണം. രക്തം, പാല്‍ എന്നിവയിലൂടെ രോഗം സ്ഥിരീകരിക്കാനുള്ള സംവിധാനം മൃഗസംരക്ഷണ വകുപ്പിനുണ്ട്. രോഗം സ്ഥിരീകരിക്കാനുള്ള മാര്‍ഗ്ഗ രേഖ ലോക മൃഗാരോഗ്യ സംഘടന നല്‍കുന്നു. രക്ത പരിശോധന, പാല്‍ പരിശോധന എന്നിവ വഴി രോഗബാധിതരെ  കണ്ടെത്തുന്ന വിധത്തിലുള്ള  ജാഗ്രതയാണ് ഏറെ പ്രധാനം. പുതുതായി വാങ്ങുന്ന, വില്‍ക്കുന്ന മൃഗങ്ങളില്‍ പരിശോധന നടത്തണം സ്ഥിരമായ രോഗബാധയുള്ള സ്ഥലത്ത് 4,8 മാസം പ്രായങ്ങളില്‍  വാക്‌സിനേഷന്‍ നടത്താറുണ്ട്. രോഗം ഉറപ്പായാല്‍ മനുഷ്യത്വപരമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് കൊല്ലുക എന്നതാണ് രോഗബാധ പടരാനുള്ള പ്രധാന മാര്‍ഗ്ഗം.  അനസ്തീഷ്യ കൊടുത്തു മയക്കിയോ, മറ്റു നിര്‍ദ്ദേശിക്കപ്പെടുന്ന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് (കാപ്റ്റീവ് ബോള്‍ട്ട് പിസ്റ്റള്‍) മയക്കിയോ, വിദഗ്ദരുടെ മേല്‍നോട്ടത്തില്‍ വേദനയറിയാതെ കൊന്ന് ആഴത്തില്‍ കുഴിച്ചു മൂടുകയോ, ഉയര്‍ന്ന മര്‍ദ്ദത്തില്‍ ചൂടാക്കി വേവിച്ചു പൊടിക്കുന്ന റെന്‍ഡറിങ്ങ് പ്രക്രിയ നടത്തുകയോ വേണം. കേന്ദ്ര പരിസ്ഥിതി വനംവകുപ്പിന്റെ കീഴിലുള്ള ജന്തുക്ഷേമ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ ഇക്കാര്യത്തില്‍ പാലിക്കണം. മനുഷ്യരിലെ രോഗബാധ തടയാന്‍ മൃഗങ്ങളിലെ രോഗബാധ നിയന്ത്രിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കന്നുകാലികളില്‍ നിന്നും ലഭിയ്ക്കുന്ന ഭക്ഷണ സാധനങ്ങള്‍ (പാല്‍, മാംസം തുടങ്ങിയവ) പാസ്ചുറൈസേഷന്‍, തിളപ്പിച്ച് അല്ലെങ്കില്‍ നന്നായി വേവിച്ചതിനുശേഷം  മാത്രം ഉപയോഗിക്കണം. പ്രസവ സമയത്തും കന്നുകാലികളുടെ ഗര്‍ഭമലസിയാലും  കൈകൊണ്ട് തൊടരുത്. പരമാവധി കയ്യുറകള്‍ ധരിക്കണം. രോഗബാധയുടെ സാധ്യതകള്‍ കൂടുതലുള്ള ജോലി ചെയ്യുന്നവര്‍ സംരക്ഷണ വസ്ത്രങ്ങള്‍, സാമഗ്രികള്‍ ഉപയോഗിക്കണം. ഗര്‍ഭാവശിഷ്ടങ്ങള്‍, ഗര്‍ഭമലസിയതിന്റെ ബാക്കി ഭാഗങ്ങള്‍, മറുപിള്ള, മറ്റു വിസര്‍ജ്ജ്യങ്ങള്‍ അയഡിന്‍, ക്ലോറിന്‍ എന്നിവ ഉപയോഗിച്ച് അണുനാശനം നടത്തി ആഴത്തില്‍ കുഴിച്ചിടണം. ഫാമും, ചുറ്റുപാടുകളും, കശാപ്പുശാലകളും കൃത്യമായി അണുനശീകരണം നടത്തണം.

ബന്ധപ്പെട്ട വാർത്തകൾ: പശുവിനും ഫാറ്റി ലിവർ? അറിയേണ്ടതെല്ലാം

English Summary: Know more about Brucella disease in cattle
Published on: 11 July 2022, 04:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now