മത്സ്യരോഗ നിർണ്ണയവും പ്രതിവിധികളും മത്സ്യ കർഷകർക്ക് ലഭ്യമാക്കുന്ന ആധുനിക സജ്ജീകരണങ്ങളോടു കൂടിയ തിരുവനന്തപുരം ഓടയം അക്വാട്ടിക് അനിമൽ ഹെൽത്ത് സെന്റർ ഫെബ്രുവരി 18 മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചു.
അക്വാട്ടിക് ഹെൽത്ത് സെന്ററിന്റെ ഉദ്ഘാടനം രാവിലെ ഒൻപതിന് ഓടയം ഹാച്ചറിയിൽ മന്ത്രി നിർവ്വഹിക്കും. ചടങ്ങിൽ അഡ്വ. വി. ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എം.പി മുഖ്യ അതിഥിയാകും.
മത്സ്യകൃഷിയിലൂടെയുള്ള മത്സ്യോത്പാദനം 25000 ടണ്ണിൽ നിന്നും 1.5 ലക്ഷം ടൺ ആക്കു ന്നതിനുള്ള പദ്ധതികളാണ് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്നത്. എന്നാൽ മത്സ്യങ്ങളുടെ രോഗങ്ങളും അതിനുള്ള ശക്തമായ പരിഹാര മാർഗ്ഗങ്ങളും നിലവിലില്ലാത്തതിനാൽ മത്സ്യ കർഷകർ നിരവധി പ്രശ്നങ്ങളാണ് നേരിടുന്നത്.
ഇതിന് പരിഹാരമായാണ് അക്വാട്ടിക് അനിമൽ ഹെൽത്ത് സെന്റർ എല്ലാ ജില്ലകളിലും ആരംഭിക്കുവാൻ സർക്കാർ തീരുമാനിച്ചത്. തിരുവനന്തപുരം ജില്ലയിലെ ഓടയം ഹാച്ചറി യിൽ അക്വാട്ടിക് അനിമൽ ഹെൽത്ത് സെന്ററിന് 1.31 കോടി രൂപയാണ് അനുവദിച്ചത്.
മത്സ്യ രോഗ നിർണ്ണയത്തിനും കൃഷി കുളങ്ങളിലെ വെള്ളത്തിന്റെയും മണ്ണിന്റെയും രാസ ഭൗതിക ഗുണങ്ങൾ വിലയിരുത്തുന്നതിനും അപകടകാരികളായ രോഗാണുക്കളെ കണ്ടെത്തുന്നതിനുമുള്ള മൈക്രോ ബയോളജി, പി.സി.ആർ ടെസ്റ്റുകൾ നടത്തുന്നതിനുള്ള ആധുനിക സൗകര്യങ്ങൾ ഹെൽത്ത് സെന്ററിൽ ഏർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാ രിന്റെ നിയന്ത്രണത്തിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ സാങ്കേതിക സഹായത്തോടെയാണ് അഡാക്കിന്റെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുന്നത്.
വർക്കല മുൻസിപ്പൽ ചെയർപേഴ്സൺ കെ.എം. ലാജി, മറ്റ് ജനപ്രതിനിധികൾ, സിഫ്റ്റ് ഡയറക്ടർ ഡോ. സി.എം. രവിശങ്കർ, ഫിഷറീസ് വകുപ്പ് ഡയറക്ടർ സി.എ. ലത, വകുപ്പ്തല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.