Livestock & Aqua

ഇറച്ചിക്കോഴി പരിപാലനം

poultry farming


ദ്രുതവളര്‍ച്ച ലക്ഷ്യമാക്കി വര്‍ഷങ്ങളുടെ ഗവേഷണഫലമായി ഉല്‍പാദിപ്പിച്ചവയാണ് ബ്രോയ്‌ലര്‍ എന്നറിയപ്പെടുന്ന ഇറച്ചിക്കോഴി. ശരാശരി 1.6 കിലോ തീറ്റകൊണ്ട് ഒരു കിലോ ശരീരഭാരം വയ്ക്കുന്ന ഇന്നത്തെ ബ്രോയ്‌ലര്‍ കോഴി വെറും ആറാഴ്ചകൊണ്ട് വില്പനയ്ക്ക് തയാറാകും.ഗുണമേന്മയുള്ള ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ വാങ്ങി, നല്ല തീറ്റയും ശാസ്ത്രീയ പരിചരണവും നല്‍കി വളര്‍ത്തിയാല്‍ ആറാഴ്ചകൊണ്ട് ഇറച്ചിക്കോഴികള്‍ക്ക് രണ്ട്-രണ്ടര കിലോ തൂക്കം വയ്ക്കാന്‍.വെന്‍കോബ് 400, കോബ് 100, റോസ് 308k ഹബാര്‍ഡ് എന്നിവ കേരളത്തില്‍ പ്രചാരമുള്ള ബ്രോയ്‌ലര്‍ ഇനങ്ങളാണ്.

ബ്രോയ്‌ലര്‍ കോഴിക്കുഞ്ഞുങ്ങളെ വിരിപ്പ് അഥവാ ഡീപ്പ് ലിറ്റര്‍ രീതിയില്‍ വളര്‍ത്താം. ഒരു കോഴിക്ക് ഒരു ചതുരശ്ര അടി എന്ന കണക്കില്‍ തറസ്ഥലം ലഭ്യമാക്കണം. കുഞ്ഞുങ്ങളെ ഇടും മുമ്പ് തറയും ഭിത്തികളും വൃത്തിയാക്കി കുമ്മായം പൂശി അണുനശീകരണം നടത്തണം. സന്ദര്‍ശകരെ പരമാവധി നിയന്ത്രിക്കണം. പ്രവേശന കവാടത്തില്‍ അണുനാശിനികൊണ്ട് കാല്‍ കഴുകാന്‍ സംവിധാനം വേണം. അറക്കപ്പൊടി, ചിന്തേര്, ചകിരിച്ചോറ് എന്നിവയിലേതെങ്കിലും രണ്ടിഞ്ചു കനത്തില്‍ വിരിപ്പായി ഉപയോഗിക്കാം. നനഞ്ഞ വിരിപ്പ് പൂപ്പല്‍ബാധയ്ക്കും ശ്വാസകോശ രോഗങ്ങള്‍ക്കും കാരണമാകും. അതിനാല്‍ വിരിപ്പ് ഒരു പരിധിയിലേറെ നനഞ്ഞ് കട്ടപിടിക്കരുത്.

കോഴിക്കുഞ്ഞുങ്ങള്‍ക്ക് തൂവലുകള്‍ വരുന്നതുവരെ കൃത്രിമമായി ചൂടു നല്‍കി സംരക്ഷിക്കണം. ഈ ശാസ്ത്രീയ പരിചരണത്തിന് ബ്രൂഡിങ് എന്നു പറയും. ഈ കൃത്രിമ ചൂടുനല്‍കല്‍ കാലാവസ്ഥ അനുസരിച്ചിരിക്കും. ഉഷ്ണകാലത്ത് ഒന്നോ രണ്ടോ ആഴ്ച മാത്രം ബ്രൂഡിങ് നല്‍കിയാല്‍ മതി. എന്നാല്‍ തണുത്ത കാലാവസ്ഥയില്‍ ഇത് മൂന്നു മുതല്‍ നാല് ആഴ്ചവരെ നീളാം.കൃത്രിമ ചൂടുനല്‍കാന്‍ സാധാരണ ബള്‍ബോ, ഇന്‍ഫ്രാറെഡ് ബള്‍ബോ ഉപയോഗിക്കും. സാധാരണ ബള്‍ബാണെങ്കില്‍ ഒരു കുഞ്ഞിന് രണ്ടു വാള്‍ട്ടെന്ന നിരക്കില്‍ ചൂടു കൊടുക്കണം.

നൂറു കുഞ്ഞുങ്ങളുള്ള ഒരു കൂട്ടില്‍ 40 വാള്‍ട്ടിന്റെ അഞ്ചു ബള്‍ബെങ്കിലും വേണ്ടിവരും. ബള്‍ബുകള്‍ ഏകദേശം ഒന്നരയടി പൊക്കത്തില്‍ 'ഹോവറ'നകത്ത് സ്ഥാപിക്കാം. മുളയോ തകരമോ കൊണ്ടുണ്ടാക്കിയതായ ഹോവറുകള്‍ ഉപയോഗിക്കാം. ഒരു മീറ്റര്‍ അര്‍ധവ്യാസമുള്ള ഒരു ഹോവറിനു കീഴിലായി ഏകദേശം 200 കുഞ്ഞുങ്ങളെ വളര്‍ത്താം. ഹോവറിനു ചുറ്റും നിശ്ചിത അകലത്തില്‍ ചിക്ക് ഗാര്‍ഡുകള്‍ വച്ചാല്‍ കുഞ്ഞുങ്ങള്‍ക്ക് ചൂടു കൃത്യമായി ലഭിക്കും. ഒരാഴ്ചയ്ക്കു ശേഷം ഇവ മാറ്റാം.

ഇന്‍ഫ്രാറെഡ് ബാള്‍ബാണ് ബ്രൂഡിങ്ങിന് ഉപയോഗിക്കുന്നതെങ്കില്‍ ഹോവര്‍ വേണ്ട. ഒരു കുഞ്ഞിന് ഒരു വാള്‍ട്ടെന്ന നിരക്കില്‍ 250 വാള്‍ട്ടിന്റെ ഒരു ഇന്‍ഫ്രാറെഡ് ബള്‍ബുപയോഗിച്ച് 250 കുഞ്ഞുങ്ങള്‍ക്ക് ബ്രൂഡിങ് നല്‍കാം. ഇന്‍ഫ്രാറെഡ് ബള്‍ബിന് ചൂടു നല്‍കാന്‍ശക്തി കൂടുതലായതിനാല്‍ ഏതാണ്ട് രണ്ടടി പൊക്കത്തില്‍ മാത്രം സ്ഥാപിക്കണം. കൂടാതെ അന്തരീക്ഷത്തിലെ അണുക്കളെ നശിപ്പിക്കാനുള്ള കഴിവും, ദീര്‍ഘായുസും ഇന്‍ഫ്രാറെഡ് ബള്‍ബിനുണ്ട്. ഹോവര്‍ ആവശ്യമില്ലാത്തതിനാല്‍ കുഞ്ഞുങ്ങളുടെ ചലനം പുറത്തുനിന്നു നിരീക്ഷിക്കാനും ലിറ്റര്‍ മുഴുവന്‍ സമയവും ഉണങ്ങിയിരിക്കാനും ഈ ബള്‍ബുകള്‍ സഹായിക്കും.

ആദ്യ ആഴ്ച 35 ഡിഗ്രി സെല്‍ഷ്യസ് ചൂടു കിട്ടണം. വിരിപ്പിന് 5 സെന്റീമീറ്റര്‍ മുകളിലായി ഉഷ്ണമാപിനി ഉപയോഗിച്ച് ചൂടു തിട്ടപ്പെടുത്താം. ബ്രൂഡറിനു താഴെ കോഴിക്കുഞ്ഞുങ്ങള്‍ എങ്ങനെ പെരുമാറുന്നു എന്ന് നോക്കിയും ചൂടു ക്രമീകരിക്കാം. ചൂട് അധികമായാല്‍ കുഞ്ഞുങ്ങള്‍ ബ്രൂഡറില്‍ നിന്ന് അകന്നു മാറും. കുറഞ്ഞാല്‍ ബ്രുഡറിനടിയില്‍ മേല്‍ക്കുമേല്‍ കൂടിക്കിടക്കും. ബ്രൂഡിങ് സമയത്ത് ചൂട് അധികമായാലും കുറഞ്ഞാലും കുഞ്ഞുങ്ങളുടെ മരണനിരക്കു കൂടും. അതിനാല്‍ കൃത്യ അളവില്‍ ചൂടു ലഭ്യമാകും. എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ബള്‍ബിനു താഴെ അങ്ങിങ്ങ് ഓടിനടന്ന് തീറ്റ തിന്നുന്ന കുഞ്ഞുങ്ങള്‍ ശരിയായി ചൂടുകിട്ടുന്നതിന്റെ സൂചനയാണ്.

പ്രീ സ്റ്റാര്‍ട്ടര്‍, സ്റ്റാര്‍ട്ടര്‍, ഫിനിഷര്‍ തീറ്റകള്‍
ബ്രൂഡിങ്ങിനുശേഷവും ഒരു ബള്‍ബ് രാത്രിയില്‍ ഇടാം. ഇത് രാത്രിയിലും തീറ്റ തിന്നാന്‍ ഇവയെ സഹായിക്കും. കൂടുതല്‍ വളര്‍ച്ചയ്ക്ക് കൂടുതല്‍ തീറ്റ നല്‍കണം. ഇറച്ചിക്കോഴികള്‍ക്ക് തീറ്റപ്പാത്രത്തില്‍ എപ്പോഴും തീറ്റ ഉണ്ടായിരിക്കണം. ആദ്യ ആഴ്ച പ്രീസ്റ്റാര്‍ട്ടര്‍, പിന്നീടുള്ള രണ്ടാഴ്ച സ്റ്റാര്‍ട്ടര്‍, ഒടുവിലത്തെ മൂന്നാഴ്ച ഫിനിഷര്‍ എന്നീ തീറ്റകളാണ് നല്‍കേണ്ടത്. തീറ്റപ്പാത്രങ്ങള്‍ രണ്ടു തരത്തിലുണ്ട്. നീളത്തിലുള്ളതും കുഴല്‍ രൂപത്തിലുള്ളതും.

കുഞ്ഞുങ്ങള്‍ തീറ്റ അധികം പാഴാക്കിക്കളയാതിരിക്കാന്‍ മുകളില്‍ ഗ്രില്‍ വച്ച തീറ്റപ്പാത്രങ്ങള്‍ വയ്ക്കാം. ഒരു കുഞ്ഞിന് രണ്ടാഴ്ചവരെ 2.5 സെ. മീറ്ററും മുതിര്‍ന്നവയ്ക്ക് അഞ്ചു സെ. മീറ്ററും തീറ്റ സ്ഥലം ലഭ്യമാക്കണം. നീളമുള്ള തീറ്റപ്പാത്രത്തിന്റെ രണ്ടു വശങ്ങളിലായി നിന്ന് തീറ്റ തിന്നാ.ം ട്യൂബ് ഫീഡറില്‍ ഒരിക്കല്‍ തീറ്റ നിറച്ചാല്‍ കൂടുതല്‍ ദിവസം എത്തുമെന്നുള്ള ഗുണുണ്ട്. 100 കോഴിക്കുഞ്ഞുങ്ങള്‍ക്ക് 12 കിലോ കൊള്ളുന്ന മൂന്നു ട്യൂബ് ഫിഡറുകള്‍ മത.

വെള്ളപ്പാത്രം ചെലവ് കുറഞ്ഞതും വൃത്തിയാക്കല്‍ എളുപ്പമുള്ളതും കോഴികള്‍ക്ക് അകത്തു കയറി വെള്ളം ചീത്തയാക്കാന്‍ പറ്റാത്തതുമായിരിക്കണം. ബേസിനിലും വെള്ളം നല്‍കാം. കോഴി ബേസിനിലുള്ളിലേക്ക് കയറാതിരിക്കാന്‍ ഗ്രില്‍ വെച്ച് മറയ്ക്കാം. വെള്ളപ്പാത്രങ്ങള്‍ തീറ്റപ്പാത്രങ്ങള്‍ എന്നിവ വൃത്തിയാക്കി അണുനാശിനി ഉപയോഗിച്ച് കഴുകി വെയിലത്തുണക്കി സൂക്ഷിക്കണം. തണുത്ത വൃത്തിയുള്ള വെള്ളം മുഴുവന്‍ സമയവും കൂടുകളില്‍ ലഭ്യമാക്കണം. ചൂടുള്ള കാലാവസ്ഥയില്‍ ചൂടിന്റെ കാഠിന്യം കുറയ്ക്കാന്‍ ഐസ് ചേര്‍ത്ത് തണുപ്പിച്ച വെള്ളം നല്‍കാം. എന്നാല്‍ വെള്ളം ഒരിക്കലും കമിഴ്ന്ന്് ലിറ്റര്‍ നനയാന്‍ പാടില്ല.

ആദ്യത്തെ രണ്ടോ മൂന്നോ ദിവസം ബ്രൂഡറിനടിയിലായി വിരിപ്പിനു മേല്‍ പേപ്പര്‍ വിരിച്ച് അതിനു മീതെ തീറ്റ വിതറി നല്‍കണം. കുഞ്ഞുങ്ങള്‍ ലിറ്റര്‍ കൊത്തിത്തിന്ന് അപകടത്തില്‍പ്പെടാനാണിത്.

വാക്‌സിന്‍ ഷെഡ്യൂള്‍
തീറ്റപ്പാത്രം വെളിച്ചത്തിനു താഴെയും വെള്ളപ്പാത്രം ചൂടാകാതെ അകലെയും വയ്ക്കണം. ആദ്യ മൂന്നു ദിവസം കുടിവെള്ളത്തില്‍ ഗ്രൂക്കോസ്, വിറ്റാമിനുകള്‍, ആന്റിബയോട്ടിക് എന്നിവ ചേര്‍ത്ത് ക്ഷീണമകറ്റാം. മരണനിരക്കും കുറയ്ക്കാം. ക്ലോറിനോ അണുനാശിനിയോ കലര്‍ത്തിയ വെള്ളം മാത്രം കുടിക്കാന്‍ നല്‍കാം. ഒരു പ്രാവശ്യം കൂടൊഴിഞ്ഞാല്‍ ഉടന്‍ തന്നെ പൊടിയെല്ലാം നീക്കി, കുമ്മായവും അണുനാശിനിയും പ്രയോഗിച്ച് രണ്ടാഴ്ച അടച്ചിട്ടശേഷം മാത്രമേ അടുത്ത ബാച്ച് കോഴിക്കുഞ്ഞുങ്ങളെ കൂട്ടിലേക്ക് പ്രവേശിപ്പിക്കാവൂ. ഇത് അസുഖങ്ങള്‍ തടയും. പലപ്രായത്തിലുള്ള കോഴികളെ ഒരുമിച്ചിട്ട് വളര്‍ത്തരുത്.

രോഗപ്രതിരോധത്തിന് കൃത്യമായ ഇടവേളകളില്‍ ശാസ്ത്രീയ പ്രതിരോധമരുന്നുകള്‍ നല്‍കണം. സാധാരണ വെള്ളത്തില്‍ കലര്‍ത്തി നല്‍കുന്ന വാക്‌സിനുകളാണ് ഉപയോഗിക്കുന്നത്. എങ്കിലും ഏഴാം ദിവസം നല്‍കുന്ന മരുന്ന കണ്ണിലോ മൂക്കിലോ തുള്ളിയായി ഇറ്റിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാം. ബ്രോയ്‌ലര്‍ കോഴികള്‍ക്ക് വാക്‌സിനുകള്‍ ഇങ്ങനെ നല്‍കാം.

ഏഴാംദിവസം ആര്‍.ഡി.എഫ്/ലസോട്ട ഒരോ തുള്ളി കണ്ണിലോ മൂക്കിലോ
14 ാം ദിവസം ഐ.ബി.ഡി കുടിവെള്ളത്തില്‍
21 ാം ദിവസം ആര്‍ഡി ലസോട്ട കുടിവെള്ളത്തില്‍
28 ാം ദിവസം ഐ.ബി.ഡി കുടിവെള്ളത്തില്‍

ഒന്നാം ദിവസം നല്‍കുന്ന മാരക്‌സ് പ്രതിരോധ കുത്തിവയ്പ്പ് ബ്രോയ്‌ലര്‍ കോഴികള്‍ക്ക് ആവശ്യമില്ല. സാധാരണയായി 100 കുഞ്ഞുങ്ങള്‍ക്കുള്ള ഡോസിന്റെ ആംപ്യൂള്‍ ആയിട്ടാണ് വാക്‌സിന്‍ ലഭ്യമാവുക. ഇവ ശീതീകരിച്ച് സൂക്ഷിക്കണം. ഒരിക്കല്‍ പൊട്ടിച്ചാല്‍ രണ്ടു മണിക്കൂറിനുള്ളില്‍ വാക്‌സിന്‍ തീര്‍ക്കണം. മിച്ചം വരുന്നത് ഒരു കാരണവശാലും ശീതീകരിച്ച് ഉപയോഗിക്കരുത്. വാക്‌സിന്‍ നല്‍കുമ്പോള്‍ ക്ലോറിനോ അണുനാശിനിയോ കലരാത്ത ശുദ്ധമായ കിണര്‍ വെള്ളം ഉപയോഗിക്കണം. വാക്‌സിന്‍ നല്‍കുന്നതിന് ഏതാനും മണിക്കൂറുകള്‍ വെള്ളം നല്‍കാതിരുന്നാല്‍ വാക്‌സിന്‍ നല്‍കിയ ഉടന്‍ തന്നെ കുഞ്ഞുങ്ങള്‍ കുടിച്ചു തീര്‍ക്കും. ഒരിക്കലും നേര്‍പ്പിച്ച വാക്‌സിന്‍ രണ്ടു മണിക്കൂര്‍ പുറത്തുവച്ചശേഷം ഉപയോഗിക്കരുത്. ഒരു ലിറ്റര്‍ വെള്ളത്തില്‍ 5 ഗ്രാം എന്ന അനുപാതത്തില്‍ പാല്‍പ്പൊടി കലക്കിയതിനുശേഷം അതിലേക്ക് വാക്‌സിന്‍ കലര്‍ത്തി നല്‍കണം. ഇത് വാക്‌സിനുകളുടെ ശക്തി ക്ഷയിക്കാതിരിക്കാന്‍ സഹായിക്കും.


English Summary: Poultry farming

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine