സമുദ്രോത്പന്നങ്ങളുടെ വിപണനത്തിനായി ‘ഇ-സാന്റ’ e-Santa എന്ന പേരിൽ ഓൺലൈൻ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. മത്സ്യ കർഷകരെയും വാങ്ങുന്നവരെയും തമ്മിൽ ബന്ധിപ്പിക്കുന്നതിന് വികസിപ്പിച്ച പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനം കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ ഓൺലൈനായി നിർവഹിച്ചു.
കർഷകർക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കുന്നതിനും കയറ്റുമതിക്കാർക്ക് നിലവാരമുള്ള ഉത്പന്നങ്ങൾ കർഷകരിൽനിന്ന് നേരിട്ട് വാങ്ങുന്നതിനും ഈ പ്ലാറ്റ്‌ഫോം സഹായകരമാകും. വരുമാനം ഉയർത്തുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സ്വാശ്രയത്വം വളർത്തുന്നതിനും അവസരങ്ങൾ കണ്ടെത്തുന്നതിനും കർഷകർക്ക് ഇ-സാന്റ പുതിയ സാധ്യതകൾ നൽകുമെന്ന് പീയുഷ് ഗോയൽ പറഞ്ഞു. പരമ്പരാഗതമായ വ്യാപാര രീതിയിൽ മാറ്റം വരുത്താനും ബ്രാൻഡിങ്ങിനും പ്ലാറ്റ്‌ഫോം വഴിയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇലക്‌ട്രോണിക് സൊല്യൂഷൻ ഫോർ ഓഗ്മെന്റിങ് നാക്‌സ ഫാർമേഴ്‌സ് ട്രേഡ് ഇൻ അക്വാകൾച്ചർ എന്നതിന്റെ ചുരുക്കെഴുത്താണ് ഇ-സാന്റ. സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (എംപെഡ) ഭാഗമാണ് നാക്‌സ.