Livestock & Aqua

അലങ്കാര മത്സ്യ രോഗ ലക്ഷണങ്ങൾ തിരിച്ചറിയാം

aquarium

അലങ്കാര മത്സ്യങ്ങളെ വളർത്തുന്നവരെ സംബന്ധിച്ച് വലിയൊരു തലവേദനയാണ് ഡ്രോപ്‌സി എന്ന രോഗം. വലിയൊരു വിഭാഗം മീനുകളും ഈ രോഗത്തിന്റെ ഇരകളായി മരണപ്പെടുന്നു. ഗപ്പി, ബെറ്റാ, ഗൗരാമി, ഗോൾഡ്‌ഫിഷ്, കാർപ്പ്, മോളി, ടെട്രകൾ, ബാർബുകൾ, സിക്ലിഡ് എന്നുവേണ്ട, 90% മീനുകളും ഈ അസുഖത്തിന് അടിപ്പെടുന്നു. ഈ ചിത്രത്തിൽ കൊടുത്തിരിക്കുന്ന പ്ലാറ്റിയെ ശ്രദ്ധിക്കുക. ഇതിന്റെ ചെതുമ്പൽ വിടർന്നു വന്ന് വയർ വല്ലാതെ വീർത്തിരിക്കുന്നത് കണ്ടല്ലോ? ഇതാണ് ഈ അസുഖത്തിന്റെ ലക്ഷണങ്ങൾ.

രോഗ ലക്ഷണങ്ങൾ:

1) അമിതമായി വയറുവീർക്കൽ
2) ചെതുമ്പലുകൾ ഉയർന്നു വന്നു പൈനാപ്പിൾ പോലെ തോന്നിക്കുന്നു.
3) കണ്ണുകൾ തുറിച്ചു വരുന്നു
4) ചെകിളകൾ നിറം മങ്ങുന്നു
5) അടിവയറ്റിൽ രക്തം കട്ടപിടിച്ച പോലെ കാണുന്നു വീർത്തിരിക്കുന്നു.
6) വിളറിയ നിറത്തിൽ ചരട് പോലെ കാഷ്ടം കാണപ്പെടുന്നു
7) ശരീരത്തിന്റെ വശങ്ങളിൽ ഉടനീളം കുരുക്കൾ കാണുന്നു
8) നട്ടെല്ല് വളയുന്നു
9) ചിറകുകൾ(fins) ഒട്ടിപ്പിടിച്ച പോലെ തോന്നിക്കുന്നു
10) ചർമ്മത്തിനും ചിറകിനും കടും ചുവപ്പ് നിറം
11) പ്രസരിപ്പ് നഷ്ടപ്പെട്ട് അവശനായി തീരുന്നു
12) ഭക്ഷണം കഴിക്കാൻ മടി കാണിക്കുന്നു
13) ഉപരിതലത്തിൽ മാത്രം നീന്തുന്നു

ഈ ലക്ഷണങ്ങൾ അസുഖം മൂർഛിക്കുന്നതിനനുസരിച്ച് കൂടിക്കൂടി വരും. വൃക്ക, കരൾ മുതലായവ നീര് കെട്ടി വീർത്ത് ശരീരത്തിന്റെ ആകൃതി തന്നെ നഷ്ടമാകും.

രോഗ കാരണങ്ങൾ

എയ്റോമോണസ് എന്ന് പേരുള്ള ബാക്ടീരിയ ആണ് ഇവിടുത്തെ പ്രധാന വില്ലൻ. മീനിന്റെ പ്രതിരോധ ശേഷി നഷ്ടപ്പെട്ടു തുടങ്ങിയ നിമിഷം മുതൽ ഇവൻ പ്രവർത്തിച്ചു തുടങ്ങുന്നു. മീനിന്റെ പ്രതിരോധശേഷി നശിപ്പിക്കുന്ന പ്രധാന കാരണം മാനസിക സമ്മർദമാണ് (Stress). അതിലേക്ക് നയിക്കുന്ന മുഖ്യഘടകങ്ങൾ ഇവയാണ്.

1) മോശമായ നിലവാരമുള്ള വെള്ളം
2) അമോണിയ, ക്ലോറിൻ, നൈട്രൈറ്റ് മുതലായ വിഷവാതകങ്ങൾ
3) താപനിലയിൽ പെട്ടെന്നുള്ള വ്യതിയാനം
4) മീനുകളെ കയറ്റി അയക്കുമ്പോൾ കണ്ടെയ്നർ കുത്തിക്കുലുങ്ങി ഉണ്ടാവുന്ന സ്ട്രെസ്സ്
5) മീനിന് യോജിക്കാത്ത രീതിയിലുള്ള ഫീഡിങ്
6) അക്രമ സ്വഭാവമുള്ള മീനുകളുമായുള്ള സഹവാസം
7) മറ്റു അസ്വസ്‌ഥതകൾ

പൊതുവെ മേൽപ്പറഞ്ഞ കാര്യങ്ങളിൽ ഏതെങ്കിലും ഒരെണ്ണം ഉണ്ടെങ്കിൽ പോലും മീനിന്റെ പ്രതിരോധ ശക്തിയെ പ്രതികൂലമായി ബാധിക്കാറില്ല. എന്നിരുന്നാലും ശ്രദ്ധ വേണം.

aquarium fish

ചികിത്സ (Treatment)

ഡ്രോപ്‌സി രോഗം എന്നത് മറ്റുള്ളവ പോലെ പെട്ടെന്ന് ചികിത്സിച്ച് മാറ്റാൻ കഴിയില്ല. ചില വിദഗ്ദ്ധർ പറയുന്നത് ഒരു ടാങ്കിൽ അസുഖ ബാധിതരായ മുഴുവൻ മീനുകളെയും മാറ്റിയിട്ടാൽ ആരോഗ്യമുള്ള മറ്റു മീനുകളിലേക്ക് കൂടി ഈ രോഗം പടരുന്നത് തടയാമെന്നാണ്. ഈ രോഗത്തോടൊപ്പം ഫംഗസ്, പോപ്പ് ഐ, വൈറ്റ് സ്പോട്ട് എന്നിവ കൂടി വന്നാൽ ചികിത്സ തീർത്തും അസാധ്യമാണ്. എങ്കിൽ പോലും രോഗത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ് രോഗിയായ മീനിനെ ഒറ്റയ്ക്കിട്ട് പരിചരിച്ചാൽ ആ മീനിനേയും ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരാൻ കഴിയും. അത് എങ്ങനെ എന്ന് താഴെ പറയുന്നു.

a) രോഗലക്ഷണങ്ങൾ പ്രകടമായ മീനിനെ വേറൊരു ടാങ്കിലേക്ക് മാറ്റുന്നു. ഈ ടാങ്കിനെ "ഹോസ്പിറ്റൽ ടാങ്ക്" എന്നു വിളിക്കാം. ഒരു ഗ്യാലൻ വെള്ളത്തിൽ ഒരു ടീസ്പൂൺ ഉപ്പ് എന്ന തോതിൽ ചേർക്കുക. അസുഖ ബാധിതനായ മീൻ കിടക്കുന്ന ടാങ്കിൽ പതിവായി വെള്ളം മാറുക. ഓരോ തവണയും വെള്ളം മാറുമ്പോൾ ഉപ്പ് കലർത്തുക. ഉപ്പ് വെള്ളത്തിൽ കലരുമ്പോൾ ആ ഉപ്പിന്റെ അംശം മീനിന്റെ രക്തത്തിൽ അലിഞ്ഞു ചേരുകയും ബാക്ടീരിയയുടെ വളർച്ച മുരടിപ്പിക്കുകയും മീനിന്റെ ശരീരകലകളിലും അവയവങ്ങളിലും വെള്ളവും നീർക്കെട്ടും ഉണ്ടാവാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. പക്ഷേ ഉപ്പ് അമിതമായാൽ മീനിന് നിർജലീകരണം സംഭവിച്ച് ചത്തുപോയേക്കാം. വെള്ളത്തിൽ കൃത്രിമമായി വായു നൽകുക. പിന്നീട് ഫ്രഷായ നിലവാരമുള്ള തീറ്റ കൊടുക്കണം. രോഗിയായ മീനിന് ലൈവ് ഫുഡാണ് കൂടുതൽ നല്ലത്. മീൻ ഭക്ഷണം കഴിക്കുന്നുണ്ടെങ്കിൽ രോഗലക്ഷണങ്ങൾ കുറയുന്നത് വരെ ഏതാനും ആഴ്ചകളോളം നിരീക്ഷിക്കുകയും ചികിത്സ രീതികൾ തുടരുകയും വേണം. മീൻ തീർത്തും അവശനാണ് എങ്കിൽ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കേണ്ടി വരും. ഗ്രാം നെഗറ്റീവ് ബാക്ടീരിയകളെ തുരത്താനുള്ള കുറേ തരത്തിലുള്ള ആന്റിബയോട്ടിക്കുകൾ ലഭ്യമാണ്. ടെട്രാ സൈക്ലിൻ പലർക്കും സുപരിചിതമാണ് എങ്കിലും ഡ്രോപ്‌സി രോഗത്തിന് കൂടുതൽ നല്ലത് Maracyn-2 ആണ്. ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നതിന് മുമ്പ് കവറിൽ കൊടുത്തിരിക്കുന്ന ഡോസേജ് നോക്കണം.

അസുഖബാധിതനായ മീനിനെ മാറ്റിയിട്ട് ചികിത്സിക്കുന്നതോടൊപ്പം ആരോഗ്യമുള്ള മീനുകളുടെ ടാങ്കിലെ വെള്ളവും പതിവായി മാറേണ്ടതാണ്. അതോടൊപ്പം അവരെയും കൃത്യമായി നിരീക്ഷിക്കണം.

മുൻകരുതൽ

രോഗം വന്നിട്ട് ട്രീറ്റ്‌മെന്റ് അന്വേഷിച്ചു നടക്കുന്നതിനെക്കാൾ നല്ലതാണല്ലോ രോഗം വരാതെ നോക്കുന്നത്. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഡ്രോപ്‌സി രോഗം വരാനുള്ള സാധ്യത ഒഴിവാക്കാം.

1) വെള്ളത്തിന്റെ ഗുണനിലവാരം വളരെ പ്രധാനമാണ്. അതിനാൽ ഇടയ്ക്കിടെ വെള്ളത്തിന്റെ താപനില, pH എന്നിവ പരിശോധിച്ച് നിങ്ങൾ വളർത്തുന്ന മീനിന് അനുയോജ്യമാണ് എന്ന് ഉറപ്പു വരുത്തണം.

2) 3 ദിവസം കൂടുമ്പോഴോ ആഴ്ചയിൽ ഒരിക്കലോ വെള്ളം മാറുക. മാറുമ്പോൾ 30% വരെയേ മാറാൻ പാടുള്ളൂ.

3) ടാങ്ക് വൃത്തിയായി നിലനിർത്തുക. പുറത്ത് വെച്ചിരിക്കുന്ന ടാങ്ക് ആണെങ്കിൽ കരട് വീഴാതിരിക്കാൻ നെറ്റ് കൊണ്ട് മൂടുക.

4) നല്ല ഗ്രേവെൽ വാക്വം ഉപയോഗിച്ച് ടാങ്കിന്റെ അടിത്തട്ട് വൃത്തിയാക്കുക.

5) ടാങ്കിൽ മിതമായ അളവിൽ മാത്രം മീനുകളെ വളർത്തുക. എണ്ണം കൂടുതൽ ആയാൽ ഓക്സിജൻ ലഭ്യത വല്ലാതെ കുറയും.

6) അമിത ഭക്ഷണം ഒഴിവാക്കുക. പെല്ലെറ്റ് ഫുഡ് വെള്ളത്തിലിട്ട് 5-10 മിനിറ്റിനുള്ളിൽ മീൻ കഴിച്ചില്ലെങ്കിൽ ഒരു ട്യൂബ്‌വെച്ച് വലിച്ച് നീക്കം ചെയ്യുക.

7) ഫ്ലേയ്ക്ക് ഫുഡ് ആണെങ്കിൽ പാത്രം തുറന്ന് കഴിഞ്ഞാൽ ഒരു മാസത്തിനകം ഉപയോഗിച്ച് തീർക്കുക. പെല്ലെറ്റ് ഫുഡിൽ ഈർപ്പം കയറിയിട്ടുണ്ടെങ്കിൽ പിന്നീട് അത് ഫീഡ് ചെയ്യാതിരിക്കുക.

8) മീനിന് വ്യത്യസ്തമായ ഭക്ഷണങ്ങൾ ശീലിപ്പിക്കുക. എന്നും ഒരേ ഫുഡ് മാത്രം നൽകുന്നത് മീനിന്റെ രോഗപ്രതിരോധ ശേഷി നഷ്ടപ്പെടുത്തും.

മേൽപ്പറഞ്ഞ കാര്യങ്ങൾ ശരിയായ രീതിയിൽ പാലിച്ചാൽ ഡ്രോപ്‌സി എന്ന മാരകരോഗം വരാതെ നിങ്ങളുടെ പ്രിയപ്പെട്ട മീനുകളെ സംരക്ഷിക്കാൻ കഴിയും. 

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മത്സ്യകര്‍ഷക ദിനാചരണവും ബയോഫ്‌ലോക്ക് പരിശീലനവും;  ഉദ്ഘാടനം ഇന്ന്(ജൂലൈ 10)


English Summary: aquarium fish farming

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine