ആടുകളെ ബാധിക്കുന്ന ധാരാളം രോഗങ്ങൾ നമുക്ക് പ്രതിരോധ കുത്തിവെപ്പിലൂടെ തടയാൻ കഴിയും. ആടുകളിലെ പ്രധാന രോഗലക്ഷണങ്ങൾ താഴെ പറയുന്നവ ആണ്.
കൂട്ടിൽ ഒറ്റയ്ക്ക് മാറിനിൽക്കുക, ചുമയ്ക്കുക, വിറയൽ അനുഭവപ്പെടുക, സാധാരണ തീറ്റ തിന്നാതിരിക്കുക, അയവെട്ടാതിരിക്കുക, വയർ സ്തംഭിക്കുക, തലകുനിച്ചു നിൽക്കുക, അകിടിന് നീർക്കെട്ട്, കണ്ണുകളുടെ അസ്വാഭാവിക ചലനം, ഉമിനീര് ഒലിക്കുക, താടക്കടിയിൽ നീർക്കെട്ട് , മുടന്ത് /നടക്കാൻ ബുദ്ധിമുട്ട്, രോമം എഴുന്നേറ്റു നിൽക്കുക, വയറിളക്കുക, മൂത്രത്തിന് നിറവ്യത്യാസം, പല്ല് കടിക്കുക എന്നിവയാണ്.
ചില പ്രധാന രോഗങ്ങൾക്ക് വാക്സിനേഷൻ അല്ലെങ്കിൽ പ്രതിരോധകുത്തിവെപ്പ് എടുക്കുന്നതിലൂടെ ആടുകളെ ബാധിക്കുന്ന രോഗലക്ഷണങ്ങൾ പരമാവധി ഒഴിവാക്കാൻ സാധിക്കും.
ആടുകളിലെ രോഗങ്ങളും അതിനായി ചെയ്യേണ്ട വാക്സിനേഷനും / പ്രതിരോധ കുത്തിവെപ്പും
കുളമ്പ് രോഗം
കുളമ്പ് രോഗം വരാതിരിക്കാൻ മൂന്നു മാസം പ്രായത്തിൽ ആദ്യ കുത്തി വെപ്പ് ചെയ്യണം. തുടർന്ന് ആറുമാസത്തിലൊരിക്കൽ പ്രതിരോധ കുത്തിവെപ്പ് എടുക്കണം.
ആട് വസന്ത
ആട് വസന്ത വരാതിരിക്കാൻ സമയാസമയങ്ങളിൽ പ്രതിരോധ കുത്തിവെപ്പ് ചെയ്യേണ്ടതാണ്.
മഴക്കാലത്തിനു മുമ്പായി വർഷത്തിലൊരിക്കൽ ഇത് ചെയ്യണം.
പേവിഷബാധ
പേവിഷബാധയ്ക്കെതിരെ ആടുകളിൽ കുത്തിവെപ്പ് ചെയ്യാം.
അഞ്ച് പ്രതിരോധകുത്തിവെപ്പുകൾ ആണ് ഇതിനായി ചെയ്യേണ്ടത്.
ആദ്യത്തെ കുത്തിവെപ്പിന് ശേഷം മൂന്നാമത്തെ ദിവസം രണ്ടാമത്തെ ഡോസ് കുത്തി വയ്ക്കാം. അതിനുശേഷം ഏഴാമത്തെ ദിവസം മൂന്നാമത്തെ കുത്തിവെപ്പ് എടുക്കാം. നാലാമത്തെ കുത്തിവെപ്പ് പതിനാലാമത്തെ ദിവസമാണ് എടുക്കേണ്ടത്. അവസാനത്തെയും അഞ്ചാമത്തെയും കുത്തിവെപ്പ് ഇരുപത്തിയെട്ടാമത്തെ ദിവസമാണ് എടുക്കേണ്ടത്.
കുരലടപ്പൻ
കുരലടപ്പൻ രോഗത്തിന് വർഷംതോറും മഴക്കാലത്തിനു മുമ്പായി പ്രതിരോധ കുത്തിവെപ്പ് ചെയ്യേണ്ടതാണ്.
എന്ററോടോക്സീമിയ
എന്ററോടോക്സീമിയ രോഗത്തിന് വർഷംതോറും പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടതാണ്.
ടെറ്റനസ് രോഗം
ആടിന്റെ ഗർഭകാലത്ത് അവസാനത്തെ ഒരു മാസം മൂന്നാഴ്ച ഇടവേളയിൽ രണ്ടു പ്രതിരോധ ഇഞ്ചക്ഷൻ കൊടുക്കുന്നത് ആടുകൾക്ക് പ്രസവശേഷം ടെറ്റനസ് രോഗം ഉണ്ടാവാതിരിക്കാനും, ആട്ടിൻ കുട്ടികൾക്ക് മൂന്നു മുതൽ ആറു മാസം കാലം വരെ ഈ രോഗത്തിനുള്ള പ്രതിരോധശേഷി ലഭിക്കാൻ സഹായിക്കും .