വ്യാവസായികാടിസ്ഥാനത്തിൽ മാംസോത്പാദനത്തിനായി പന്നി കൃഷി ചെയ്യുന്നത് ഏറെ ആദായകരമായ ബിസിനസ്സാണ്. ഇന്ത്യയിൽ കേരളത്തിലാണ് ഏറ്റവുമധികം പന്നിമാംസം ഭക്ഷിക്കുന്നവരുള്ളത്. ചെറിയ തരം കൃഷി ചെയ്യുന്നവർക്കും, ജോലിയില്ലാത്തതും, വിദ്യാഭ്യാസമുള്ളതുമായ ചെറുപ്പക്കാർക്കും എല്ലാം ചെയ്യാവുന്ന ഒരു മികച്ച വരുമാനമാർഗ്ഗമാണ് പന്നിവളർത്തൽ. പന്നികൃഷി കൊണ്ട് നമുക്ക് ലഭ്യമാക്കാവുന്ന നേട്ടങ്ങളെന്തൊക്കെയെന്ന് നോക്കാം.
- ഈ ബിസിനസ്സ് ചെയ്യാൻ വലിയ മുതൽമുടക്കിൻറെ ആവശ്യമില്ല. വലിയ ചെലവില്ലാതെ തന്നെ ഇവയ്ക്കുള്ള കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും ഉപകരണങ്ങൾ വാങ്ങുന്നതിനും സാധിക്കും.
- തീറ്റ ചെലവും കുറവാണ്, കാരണം ചെടികൾ, പുല്ല്, ധാന്യങ്ങൾ, മില്ലുകളിൽനിന്നുള്ള ഉപോത്പന്നങ്ങൾ, കേടായ ഭക്ഷ്യവസ്തുക്കൾ, ചവറ് എന്നു തുടങ്ങി എന്തും പന്നികൾ ആഹാരമാക്കും.
- എളുപ്പത്തിൽ വളരുന്നവയാണ് പന്നികൾ. ഉയർന്ന തീറ്റപരിവർത്തന ശേഷിയാണ് പന്നികളുടെ ഒരു ഗുണം. തിന്നുന്ന തീറ്റ ശരീരത്തിൽ മാംസമാക്കി മാറ്റുന്നതിനുള്ള കഴിവാണിത്. വളരെയെളുപ്പത്തിൽ വളരുമെന്നതുപോലെ എട്ട് മുതൽ ഒൻപത് മാസത്തിനുള്ളിൽ ഒരു പന്നിയെ ഇണചേർക്കാം. വർഷത്തിൽ രണ്ടുപ്രാവശ്യം ഇവ പ്രസവിക്കും. ഓരോ പ്രസവത്തിലും എട്ടു മുതൽ 12 വരെ കുഞ്ഞുങ്ങളുണ്ടാകും.
ബന്ധപ്പെട്ട വാർത്ത: പന്നികളെ എങ്ങനെ വളർത്താം, വിദഗ്ദ്ധരിൽ നിന്ന് പഠിക്കാം
- ശരീര തൂക്കത്തിന്‍റെ ഭൂരിഭാഗവും ഭക്ഷ്യയോഗ്യമാണ് എന്നതാണ് മറ്റൊരു കാര്യം. 60-80% വരെയുള്ള മാംസവും ഭക്ഷിക്കാനാകും. പന്നിമാംസം പോഷക സമൃദ്ധവും രുചികരവുമായ മാംസമാണ്. ഇതിൽ ഉയർന്ന തോതിൽ കൊഴുപ്പും ഊർജ്ജവും ഉണ്ട്.
- പന്നിയുടെ കാഷ്ഠം ചെടികൾക്ക് വളമായി ഉപയോഗിക്കുന്നുണ്ട്. എല്ലാത്തരം വിളകൾക്കും വളമായും മീനുകൾക്ക് തീറ്റയായും നല്കാം. പന്നികളുടെ കൊഴുപ്പ് പന്നികളുടെ തീറ്റയിലും പെയിന്റുകളിലും സോപ്പിലും രാസവ്യവസായങ്ങളിലും ഉപയോഗിക്കുന്നുണ്ട്.
മറ്റ് മൃഗങ്ങളെ അപേക്ഷിച്ച് വളരെ പെട്ടെന്നുതന്നെ ഇവയെ മാംസത്തിനായി ഉപയോഗിക്കാം. ഏഴു മുതൽ എട്ടു മാസം പ്രായമാകുമ്പോൾത്തന്നെ ഇവയ്ക്ക് 70 മുതൽ 100 കിലോ വരെ ഭാരമുണ്ടായിരിക്കും. ആഭ്യന്തര വിപണിയിൽ പന്നിമാംസത്തിന് മികച്ച ഡിമാൻഡുണ്ട്. ബേക്കൺ, ഹാം, പോർക്ക് സോസേജ് എന്നിങ്ങനെയുള്ള ഉത്പന്നങ്ങൾ വിദേശങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യാനും സാധ്യതകളുണ്ട്.