1. News

കാര്‍ഷിക മേഖലയുടെ വികസനത്തിനായി 2365 കോടി രൂപ ചെലവഴിക്കും: കൃഷി മന്ത്രി പി. പ്രസാദ്

കാര്‍ഷിക മേഖലയില്‍ എല്ലായിനങ്ങളിലും സ്വയം പര്യാപ്തത കൈവരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു

Saranya Sasidharan
2365 crores will be spent for the development of agriculture sector: Agriculture Minister P. Prasad
2365 crores will be spent for the development of agriculture sector: Agriculture Minister P. Prasad

കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ വികസനത്തിനായി 2365 കോടി രൂപ വിനിയോഗിക്കുമെന്നും അതില്‍ ആദ്യ ഗഡു ഈ വര്‍ഷം തന്നെ ലഭിക്കുമെന്നും കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. കൊടുമണ്‍ റൈസ് മില്ലിന്റെ പ്രവര്‍ത്തനോദ്ഘാടനം കൊടുമണ്‍ ഒറ്റത്തേക്ക് മൈതാനത്ത് നിര്‍വഹിച്ചു സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായുള്ള പ്രവര്‍ത്തനത്തിന്റെ അടുത്ത ഘട്ടമെന്ന നിലയിലാണ് വേള്‍ഡ് ബാങ്കില്‍ നിന്നും ഈ തുക ലഭിക്കുന്നത്. ആദ്യമായാണ് കേരളത്തില്‍ ഇത്രയും വലിയ തുക ചെലവഴിച്ച് കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നത്. മൂല്യവര്‍ധിത കൃഷി, ഉത്പന്നം എന്നിവയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുവാന്‍ സാധിക്കും. അതിനായി കാപ്‌കോ എന്ന പേരില്‍ കമ്പനി രൂപീകരിച്ചു. കമ്പനിക്ക് ലൈസന്‍സും ലഭിച്ചു.

ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം കേരളത്തില്‍ ആദ്യമായാണ് അരി ഉത്പാദന മില്‍ നടത്തുന്നത്. അടുക്കളയുടെ പ്രാധാന്യം കുറയുമ്പോള്‍ ആശുപത്രിയുടെ പ്രാധാന്യം കൂടുകയാണ്. ഒരു ലക്ഷത്തി ഏഴായിരത്തി അഞ്ഞൂറു കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനു നല്‍കാനുള്ളതെന്നും മന്ത്രി പറഞ്ഞു.

കാര്‍ഷിക മേഖലയില്‍ എല്ലായിനങ്ങളിലും സ്വയം പര്യാപ്തത കൈവരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ വലിയ മുന്നേറ്റമാണ് സര്‍ക്കാര്‍ നടത്തുന്നത്. നല്ല ആഹാരമാണ് നല്ല ആരോഗ്യം നല്‍കുന്നത്. കേരളത്തിന്റെ എല്ലാ മേഖലകളിലും കൊടുമണ്‍ റൈസ് എത്തിക്കഴിഞ്ഞു. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി നിറപൊലിവ് വിഷന്‍ 2026 പദ്ധതി മണ്ഡലത്തില്‍ വിജയകരമായി നടന്നു വരുന്നുവെന്നും ഡപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

ജില്ലാ പഞ്ചായത്തില്‍ നിന്നും ഒന്നരകോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ ആധുനിക റൈസ് മില്‍ സ്ഥാപിക്കുന്നത്. ജില്ലാ പഞ്ചായത്തില്‍ നിന്നും ഒന്നരകോടി രൂപ ചിലവില്‍ ആരംഭിച്ച റൈസ് മില്ലില്‍ ആദ്യഘട്ടത്തില്‍ പ്രതിദിനം രണ്ട് ടണ്‍ നെല്ല് സംസ്‌കരിച്ച് അരിയാക്കി മാറ്റാന്‍ കഴിയും. ജില്ലാ പഞ്ചായത്തും കൊടുമണ്‍ ഗ്രാമപഞ്ചായത്തും ചേര്‍ന്നു കൊടുമണ്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ സഹകരണത്തോടെയാണ് മില്ല് പ്രവര്‍ത്തിപ്പിക്കുക. ജില്ലയിലെ നെല്‍കൃഷി മേഖലയില്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കാന്‍ പദ്ധതി സഹായകരമാകും. കൃഷി വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ചുമതലയിലാണ് പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം നടത്തിയത്. പദ്ധതിയുടെ സ്വിച്ച് ഓണ്‍ കര്‍മവുംഉല്്പന്നങ്ങളുടെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ അനില്‍കുമാര്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീനാ പ്രഭ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖാ സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം അജോമോന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.ബി രാജീവ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കുഞ്ഞന്നാമ്മക്കുഞ്ഞ്, ത്രിതല പഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട വാർത്തകൾ: കാലാവസ്ഥാ മാറിയതോടെ പ്രതിസന്ധിയിലായി കർഷകർ

English Summary: 2365 crores will be spent for the development of agriculture sector: Agriculture Minister P. Prasad

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds