1. News

ആധാറിലെ വിവരങ്ങൾ മാറ്റാൻ ബന്ധപ്പെട്ട രേഖകൾ വേണ്ട..കൂടുതൽ കൃഷി വാർത്തകൾ

കുടുംബനാഥൻ അല്ലെങ്കിൽ കുടുംബനാഥയുടെ ആധാർ കാർഡ് ഉപയോഗിച്ച് വിവരങ്ങൾ തിരുത്താനും അപ്ഡേറ്റ് ചെയ്യാനും സാധിക്കും

Darsana J

1. ആധാറിലെ വിവരങ്ങൾ മാറ്റാൻ ബന്ധപ്പെട്ട രേഖകൾ അത്യാവശ്യമല്ലെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. കുടുംബനാഥൻ അല്ലെങ്കിൽ കുടുംബനാഥയുടെ Aadhar card ഉപയോഗിച്ച് വിവരങ്ങൾ തിരുത്താനും അപ്ഡേറ്റ് ചെയ്യാനും സാധിക്കുമെന്നാണ് പുതിയ നിർദേശം. ഇതിനായി ഹെഡ് ഓഫ് ഫാമിലി ബേസ്ഡ് ആധാർ അപ്ഡേറ്റ് എന്ന ഓപ്ഷനും കൊണ്ടുവന്നിട്ടുണ്ട്. ഇതിനുമുമ്പ് ആധാറിലെ വിവരങ്ങൾ മാറ്റാൻ ബന്ധപ്പെട്ട രേഖകൾ നേരത്തെ ഹാജരാക്കുന്നത് നിർബന്ധമായിരുന്നു. ഇതിനായി ഉപഭോക്താവ് നേരിടുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനാണ് വ്യവസ്ഥകളിൽ കേന്ദ്രം മാറ്റം വരുത്തിയത്. ഇനിമുതൽ ആധാറിൽ മാറ്റം വരുത്താൻ ബന്ധപ്പെട്ട രേഖകൾ പ്രത്യേകം സമർപ്പിക്കണമെന്നില്ല.

ബന്ധപ്പെട്ട വാർത്തകൾ: വിള ഇൻഷുറൻസ് പരിരക്ഷയിൽ നിന്ന് കർഷകർ പുറത്ത്..കൃഷി വാർത്തകൾ

2. പൊക്കാളി നെല്ലിന് പ്രത്യേക താങ്ങുവില പ്രഖ്യാപിക്കാനുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. പൊക്കാളി നെല്ലിന്റെ ഉൽപാദന ചെലവ് കണക്കാക്കാനായി വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച് സംഭരണവില നിശ്ചയിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. കിലോഗ്രാമിന് 28.20 രൂപ നിരക്കിലാണ് സപ്ലൈകോ പൊക്കാളി നെല്ല് സംഭരിക്കുന്നത്.

3. കാലിത്തീറ്റയിൽ മായം കലർത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. കോട്ടയം ജില്ലാ ക്ഷീരസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കാലിത്തീറ്റകളിൽ പാറപ്പൊടിയും മറ്റും കലർത്തുന്നതായി കർഷകരിൽനിന്നും പരാതി ലഭിക്കുന്നുണ്ടെന്നും കാലിത്തീറ്റ ഗുണനിലവാര പരിശോധനയ്‌ക്കായി കൂടുതൽ ലാബുകൾ സ്ഥാപിക്കുമെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു.

4. സര്‍ഗാലയ അന്താരാഷ്ട്ര കലാ-കരകൗശല മേളയ്ക്ക് കോഴിക്കോട് ജില്ലയിൽ തുടക്കം. മേളയുടെ ഉദ്ഘാടനം ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് നിർവഹിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ ആഭ്യന്തര സഞ്ചാരികൾ എത്തിയത് ഈ വർഷമാണെന്നും കൊവിഡാനന്തര ടൂറിസം പ്രവർത്തനങ്ങളിൽ കേരളത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 10ല്‍ പരം രാജ്യങ്ങളിൽ നിന്നും 26 സംസ്ഥാനങ്ങളില്‍ നിന്നും നിരവധി കരകൗശല വിദഗ്ധര്‍ മേളയുടെ ഭാഗമാകും.

5. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ആലപ്പുഴയിൽ പച്ചക്കറി കൃഷിക്ക് തുടക്കം. സംസ്ഥാന ചരക്കു നികുതി വകുപ്പും കൃഷി വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ജില്ലാ ചരക്കുസേവന നികുതി വകുപ്പ് ഡെപ്യൂട്ടി കമ്മിഷ്ണര്‍ ഫ്രാന്‍സിസ് ഡാമിയനും ചേര്‍ത്തല കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ജി.വി. റജിയും ചേര്‍ന്ന് നിര്‍വഹിച്ചു. വെണ്ട, പച്ചമുളക്, തക്കാളി, പയര്‍, കോവല്‍ തുടങ്ങിയവയാണ് ഇവിടെ കൃഷി ചെയ്യുന്നത്.

6. പട്ടയഭൂമിയില്‍ കര്‍ഷകര്‍ വച്ചുപിടിപ്പിച്ച മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കുന്നത് സംബന്ധിച്ച് വനം-റവന്യൂ വകുപ്പുകളുടെ സംയുക്ത യോഗം ചേര്‍ന്നു. വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്റെയും റവന്യൂമന്ത്രി കെ.രാജന്റെയും സാന്നിധ്യത്തിലാണ് യോഗം ചേർന്നത്. കര്‍ഷകര്‍ ഉന്നയിച്ച വിഷയങ്ങൾ നിയമപ്രശ്‌നങ്ങള്‍ ഇല്ലാത്ത രീതിയില്‍ കൈകാര്യം ചെയ്യണമെന്ന് യോഗം വിലയിരുത്തി. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ തയ്യാറാക്കാൻ യോഗത്തിൽ തീരമാനമായി.

7. കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ അടുക്കളമുറ്റത്തെ കോഴി വളർത്തൽ പദ്ധതിക്ക് തുടക്കം. ഗുണഭോക്താക്കൾക്കുള്ള കോഴി വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. മുൻഗണനാ ലിസ്റ്റിലെ 167പേർക്ക് 5 കോഴി കുഞ്ഞുങ്ങളെ വീതം സൗജന്യമായാണ് ഗ്രാമപഞ്ചായത്ത് വിതരണം ചെയ്തത്.

8. ആഫ്രിക്കൻ പന്നിപ്പനിയെ തുടർന്ന് പ്രതിസന്ധിയിലായ ഇടുക്കിയിലെ കർഷകർക്ക് നഷ്ടപരിഹാരം വിതരണം ചെയ്തു. തുകയുടെ വിതരണവും ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് ബോധവത്കരണ സെമിനാറിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഏകീകൃത കോള്‍ സെന്റര്‍ സംവിധാനത്തിലൂടെ മൃഗ ഡോക്ടറുടെ സേവനം കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്ന പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു.

9. വയനാട്ടിൽ ഫാം ഗേറ്റ് കളക്ഷന്‍ സെന്റര്‍ ആരംഭിച്ചു. സെന്ററിന്റെ ഉദ്ഘാടനം തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജെ ഷിബു നിര്‍വ്വഹിച്ചു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കാന്‍ വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരളയുടെ ആഭിമുഖ്യത്തിലാണ് സെന്റര്‍ ആരംഭിച്ചത്.

10. വേങ്ങേരി അഗ്രി ഫെസ്റ്റിന്റെ ഭാഗമായി ജില്ലാ കലക്ടർ എൻ തേജ് ലോഹിത് റെഡ്ഢി പതാക ഉയർത്തൽ കർമ്മം നിർവഹിച്ചു. സംസ്ഥാന കാര്‍ഷിക വികസന ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ ഈ മാസം 31 വരെയാണ് വേങ്ങേരി കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തില്‍ ഫെസ്റ്റ് നടക്കുക. കാര്‍ഷിക വിപണനം, പ്രദര്‍ശനം, അമ്യൂസ്‌മെന്റ് പാര്‍ക്ക്, നാട്ടുചന്തകള്‍, കാര്‍ഷിക സെമിനാറുകള്‍ തുടങ്ങിയവ വിപണന കേന്ദ്രത്തിലുണ്ടാകും.

11. വയനാട്ടിൽ കന്നുകാലി പ്രദർശനം സംഘടിപ്പിച്ചു. മീനങ്ങാടി ക്ഷീരസംഘത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി.എസ് ജനീവ് ഉദ്ഘാടനം ചെയ്തു. 52 കറവ പശുക്കൾ, 34 കിടാരികൾ, 20 കന്നുകുട്ടികൾ എന്നിവയെ പ്രദര്‍ശിപ്പിച്ചു. പ്രദര്‍ശനത്തിന്റെ ഭാഗമായി മികച്ച കന്നുകാലി പരിപാലനത്തിനുള്ള ക്യാഷ് അവാര്‍ഡ്, കാലിത്തീറ്റ, പ്രോത്സാഹന സമ്മാനങ്ങള്‍ എന്നിവ ഉടമകൾക്ക് വിതരണം ചെയ്തു.

12. എടച്ചേരി ഗ്രാമപഞ്ചായത്തിൽ കോഴി വളര്‍ത്തല്‍ പദ്ധതിക്ക് തുടക്കം. പദ്ധതിയിലൂടെ പഞ്ചായത്തിലെ തിരഞ്ഞെടുത്ത 1700 ഗുണഭോക്താക്കള്‍ക്ക് സൗജന്യമായി അഞ്ചു കോഴിക്കുഞ്ഞുങ്ങളെ വീതമാണ് നൽകുന്നത്. പദ്ധതിയുടെ ഉദ്ഘാടനം എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് പത്മിനി ടീച്ചര്‍ നിര്‍വ്വഹിച്ചു. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് പഞ്ചായത്തില്‍ അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍ പദ്ധതി നടപ്പിലാക്കുന്നത്.

13. ഇന്ന് ഡിസംബർ 23, ദേശീയ കർഷക ദിനം. ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിന്റെ ജന്മവാർഷികത്തിന്റെ സ്മരണയായാണ് ഡിസംബർ 23 രാജ്യത്തുടനീളം കിസാൻ ദിനമായി ആചരിക്കുന്നത്. ഇന്ത്യയിലെ കർഷക സമൂഹത്തിന്റെ സംഭാവനകളെ അനുസ്മരിക്കാനും കാർഷിക മേഖലയുടെ പ്രാധാന്യം ഉയർത്തി കാട്ടുന്നതിനും ഈ ദിനം ആഘോഷിക്കുന്നു.

14. രാജ്യത്തെ പഞ്ചസാര ഉൽപാദനത്തിൽ വീണ്ടും വർധനവ്. ഈ മാസം പകുതി വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിലെ പഞ്ചസാര ഉൽപാദനം 82.1 ലക്ഷം ടണ്ണാണ്. അതായത് ഏകദേശം 5.1 ശതമാനം വർധനവ്. മുൻ വർഷം 77.9 ലക്ഷം ടൺ പഞ്ചസാരയാണ് ഉൽപാദിപ്പിക്കാൻ സാധിച്ചത്. മഹാരാഷ്ട്രയാണ് ഇത്തവണ പഞ്ചസാര ഉൽപാദനത്തിൽ മുന്നിൽ. 33 ലക്ഷം ടൺ പഞ്ചസാരയാണ് സംസ്ഥാനത്ത് ഉൽപാദിപ്പിച്ചത്. പഞ്ചസാര ഫാക്ടറികളുടെ എണ്ണം വർധിച്ചതാണ് ഉൽപാദനം ഉയരാനുള്ള പ്രധാന കാരണം.

15. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ന്യൂനമർദം ശ്രീലങ്ക വഴി കോമോറിൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ഇതിന്റെ ഫലമായി തെക്കൻ കേരളത്തിൽ ഈ മാസം 26 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അതേസമയം കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

English Summary: No related documents required to update aadhaar card more malayalam Agriculture News

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds